Current Date

Search
Close this search box.
Search
Close this search box.

വിഷാദ രോഗത്തിന് ഡോ.ഇയാന്‍ കുക്ക്  നിര്‍ദ്ദേശിക്കുന്ന പ്രതിവിധികള്‍

ആധുനിക ജീവിത സാഹചര്യത്തില്‍ മനുഷ്യരെ ഏറ്റവും കൂടുതല്‍ അലട്ടികൊണ്ടിരിക്കുന്ന ഒരു മാനസിക രോഗമാണ് വിഷാദം. ഇന്ത്യയില്‍ ആറില്‍ ഒരാള്‍ക്ക് മാനസിക സഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ രോഗം മുര്‍ച്ചിക്കുന്നതിന് മുമ്പെ, ചികില്‍സിക്കുകയാണെങ്കില്‍ ഭേദപ്പെടുത്താവുന്നതുമാണിത്. സ്വഭാവം, ജീവിത രീതി, ചിന്താ ശൈലി എന്നിവയിലെല്ലാം മാറ്റം വരുത്തികൊണ്ട് വിഷാദരോഗത്തിന് ലളിതമായ പ്രതിവിധികള്‍ കണ്ടത്താവുന്നതാണ്.  സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിക്കുന്ന ഹെല്‍ത്  മാസികയില്‍ (Issue 67, May 2018) പ്രസിദ്ധീകരിച്ച വിഷാദ രോഗത്തിന് പരിഹാരം നിര്‍ദ്ദേശിച്ച്കൊണ്ടുള്ള ലേഖനത്തിന്‍റെ  മൊഴിമാറ്റമാണ് ചുവടെ.

1.  ദിനചര്യകള്‍ പതിവാക്കുക:  പ്രശസ്ത മന:ശ്ശാസ്ത്രജ്ഞനും അമേരിക്കയിലെ വിഷാദനിവാരണ കേന്ദ്രത്തിന്‍റെ തലവനുമായ ഡോ.ഇയാന്‍ കുക്ക് പറയുന്നു: വിഷാദരോഗത്തിന് അടിപ്പെട്ട ഒരാള്‍ അതില്‍ നിന്ന് രക്ഷ നേടാന്‍ ദിനേന ചെയ്യേണ്ട ശീലങ്ങള്‍ നിശ്ചയിക്കുന്നത് നല്ലതായിരിക്കും. അങ്ങനെ ദിനേന ചെയ്യാനുള്ള ഒരു കര്‍മ്മപദ്ധതി നിശ്ചയിച്ച് കൊണ്ട് ജീവിതത്തിലേക്ക് തിരിച്ച് വരികയാണ് അത്തരക്കാര്‍ ചെയ്യേണ്ടത്. അലസാനയികഴിയുന്നത് രോഗം വര്‍ധിപ്പിക്കാന്‍ ഇടയാക്കും.

2. ലക്ഷ്യ നിര്‍ണ്ണയം പ്രധാനം: ഒരാള്‍ വിഷാദ രോഗാവസ്ഥയിലാവുമ്പോള്‍ ഒന്നും ചെയ്യാന്‍ താല്‍പര്യമുണ്ടാവുകയില്ല. ഡോ.ഇയാന്‍ കുക്കിന്‍റെ അഭിപ്രായത്തില്‍ ചെറിയ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വിഷാദരോഗത്തെ ഇല്ലാതാക്കാന്‍ കഴിയുന്നതാണ്. അഥവാ ചെയ്യാന്‍ പറ്റുന്ന ചെറിയ കാര്യങ്ങള്‍ ലക്ഷ്യംവെക്കുക. ഉദാഹരണമായി, ഒന്നിടവിട്ട ദിവസങ്ങളില്‍ വീട്ടില്‍ സ്വയം ഭക്ഷണം പാകം ചെയ്യുമെന്ന് തീരുമെടുക്കാം. ചുരുങ്ങിയത് അത്ര സമയമെങ്കിലും വിഷാദമുക്തനായി കഴിയുന്നതാണ്.

3. ശാരീരിക വ്യായാമം:  വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍സ് രാസപദാര്‍ത്ഥം ഉദ്പാതിപ്പിക്കുന്നു. വിഷാദരോഗത്തിന് ശമനം നല്‍കാന്‍ അത് സഹായകമാണ്. സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ മഷ്തിഷ്കത്തെ പോസിറ്റിവ് രൂപത്തില്‍ പുന:ക്രമീകരിക്കാന്‍ കഴിയുമെന്നാണ് ഡോ.കുക്കിന്‍റെ നിരീക്ഷണം. എത്രമാത്രം വ്യായാമമാണ് നമുക്ക് ആവശ്യമുള്ളതെന്ന് പലരും ചോദിക്കാറുണ്ട്.  വ്യായാമത്തിന്‍റെ പ്രയോജനം ലഭിക്കാന്‍ മാരത്തോണ്‍ ഓട്ടമൊന്നും ഓടണമെന്നില്ല. അല്‍പം നടന്നാല്‍ തന്നെ ഫലം ചെയ്യും.

4.  ആരോഗ്യകരമായ ഭക്ഷണ ശീലം:  വിഷാദരോഗം ഇല്ലാതാക്കാന്‍ മാന്ത്രികമായ ഭക്ഷണക്രമമൊന്നുമില്ല. വിഷാദരോഗം ഒരാളെ അമിത തീറ്റക്കാരനാക്കുന്നുവെങ്കില്‍, അതിനെ നിയന്ത്രിക്കേണ്ടതാണ്. കോര,ചൂര പോലുള്ള ചെറു മല്‍സ്യങ്ങള്‍ ഭക്ഷിക്കുന്നത് വിഷാദരോഗത്തിന് ശമനമുണ്ടാക്കാന്‍ നല്ലതാണെന്ന് ഡോ.കുക്ക് നിര്‍ദ്ദേശിക്കുന്നു.

5. മതിയായ ഉറക്കം:  അമിതമായ ഉറക്കും തീരെ ഉറക്കില്ലായ്മയും വിഷാദരോഗം വര്‍ധിപ്പിക്കും.  ഇത്തരക്കാര്‍  എല്ലാദിവസവും കൃത്യമായി  ഉറങ്ങുകയും ഉണരുകയും ചെയ്യുക.  ലഘുവായ ഉറക്കത്തിന്  ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.  ഉറക്കിന് തടസ്സമാവുന്ന കംമ്പ്യൂട്ടര്‍, ടി.വി.ഉള്‍പ്പടെയുള്ള എല്ലാകാര്യങ്ങളും ഒഴിവാക്കുക.  കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ  ഉറക്കില്ലാത്ത അവസ്ഥക്ക് നല്ല മാറ്റം വരും.

6. ഉത്തരവാദിത്വം ഏറ്റെടുക്കുക:   വിഷാദരോഗികള്‍ ജീവിതത്തില്‍ നിന്ന് സ്വയം ഉള്‍വലിയും. കുടുംബത്തിലും ജോലി സ്ഥലത്തുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താല്‍പര്യം കാണിക്കുകയുമില്ല. എന്നാല്‍ എല്ലാ കാര്യങ്ങളിലും ഇടപെടുന്നതും ദിനേന പുതിയ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കുന്നതുമാണ് വിഷാദരോഗം ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. അത് ഒരു പോസിറ്റിവ് ഊര്‍ജ്ജം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

7.നെഗറ്റിവ് ചിന്തകളെ ഇല്ലാതാക്കുക:  വിഷാദരോഗത്തിനെതിരായ  പോരാട്ടം ആരംഭിക്കേണ്ടത് മാനസികമായ നിലപാടുകളില്‍ മാറ്റം വരുത്തികൊണ്ടാണ്. എങ്ങനെ ചിന്തിക്കുന്നു എന്ന് മനസ്സിലാക്കി നെഗറ്റിവ് ചിന്തകളെ ദുരീകരിക്കുക. ഒരാള്‍ വിഷാദരോഗത്തിലാവുമ്പോള്‍ ഏറ്റവും മോശമായ തീരുമാനത്തിലത്തൊനാണ് സാധ്യത.  അത്തരമൊരു തോന്നലാണ് ഉണ്ടാവുന്നതെങ്കില്‍, തെളിഞ്ഞ യുക്തിക്കനുസരിച്ച് തീരുമാനമെടുക്കുക.

8.കുറുക്ക് ചികില്‍സകള്‍ ഒഴിവാക്കുക:  വിഷാദരോഗത്തിന് ചില കുറുക്ക് ചികില്‍സകള്‍ തേടുന്നതിന് മുമ്പ്, ഡോക്ടറുമായി കൂടിയാലോചിക്കുന്നത് നല്ലതാണ്.  ചില മേമ്പൊടികള്‍ വിഷാദരോഗത്തിന് വളരെ ഫലപ്രദമാണ്. മല്‍സ്യ എണ്ണ,ഫോളിക് ആസിഡ്. അത് അതിനുള്ള ചികില്‍സ തന്നെയാണ് എന്ന് ഉറപ്പ് വരുത്താന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ അനിവാര്യമാണ്. എന്തെങ്കിലും മരുന്ന് എടുക്കുന്നുണ്ടെങ്കില്‍, വിശേഷിച്ചും മേമ്പൊടികള്‍ പ്രയോഗിക്കുന്നതിന് മുമ്പായി ഡോക്ടറുടെ അഭിപ്രായം ആരായുക.

9.  പുതുതായി എന്തെങ്കിലും ചെയ്യുക:  വിഷാദത്തിലാവുമ്പോള്‍ ഒരു തരം വിരസതയാണുണ്ടാവുക. അപ്പോള്‍ വിത്യസ്തമായ എന്തെങ്കിലും ചെയ്യുക. ഉദാഹരണമായി മ്യൂസിയം സന്ദര്‍ശിക്കാം. പഴയ പുസ്തകമെടുത്ത് ബീച്ചിലിരുന്ന് വായിക്കാം. പുതിയൊരു ഭാഷാ പഠനത്തിന് ചേരാം. സന്നദ്ധ സേവനം ചെയ്യാം. അങ്ങനെ എന്തെങ്കിലും താല്‍പര്യമുള്ള കാര്യം ചെയ്യാന്‍ സ്വയം നമ്മെ തന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ ഡോപാമൈന്‍ എന്ന മഷ്തിഷ്കത്തിലെ രാസപദാര്‍ത്ഥത്തിന്‍റെ ലെവലില്‍ മാറ്റമുണ്ടാകുമെന്ന് ഡോ.കുക്ക് പറയുന്നു.

10. നര്‍മ്മം നല്ലതാണ്:  ഒരാള്‍ വിഷാദാവസ്ഥയിലാണെങ്കില്‍, അല്‍പ സമയം ആസ്വാദനത്തിന് വേണ്ടി ചിലവഴിക്കുന്നത് നല്ലതാണ്. ഒട്ടും നര്‍മ്മമില്ലാത്ത അവസ്ഥയിലാണ് ഒരാളെങ്കില്‍, അത് തന്നെയാണ് വിഷാദ രോഗത്തിന്‍റെ ഒന്നാമത്തെ ലക്ഷണം. ചരുങ്ങിയത് മുഖത്തെ പുഞ്ചിരിയെങ്കിലും കൈവെടിയാതിരിക്കണമെന്നാണ് ഡോ.കുക്കിന്‍റെ ഉപദേശം.  ഒരു പക്ഷെ അത് അപരിചതമെന്ന് തോന്നിയേക്കാമെങ്കിലും മുഖത്തെ പുഞ്ചിരി നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടതാണ്. വിനോദ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതോടെ ജീവിതത്തില്‍ ആനന്ദകരമായ അവസ്ഥ സംജാതമാവുകയും വിഷാദരോഗാവസ്ഥ ഇല്ലാതാവുകയും ചെയ്യും.

Related Articles