Current Date

Search
Close this search box.
Search
Close this search box.

കൂർമ്മ ബുദ്ധിയുള്ളവരുടെ നിലപാടുകൾ

ജനങ്ങൾക്കിടയിൽ ആധിപത്യം നേടാനുള്ള മാർഗ്ഗം യുദ്ധോപകരണങ്ങളൊ, സമ്പത്തൊ, ശാരീരിക ആയോധന ശക്തിയൊ അല്ല. യഥാർത്ഥ ആധിപത്യം നേടാനുള്ള ശക്തി കൂർമ്മ ബുദ്ധിയാണ്. അത്കൊണ്ട് മിക്കആളുകളും ബുദ്ധിമാന്മാരാവാൻ ആഗ്രഹിക്കുക സ്വാഭാവികമാണ്. 2017 ൽ എഡിൻബർഗ് സർവകലാശാലയിൽ ഒരെ മാതാപിതാക്കളുടെ സന്താനങ്ങൾക്കിടയിലെ ഐക്യു (Intelligence quotient) വിലുള്ള വിത്യാസത്തെ കുറിച്ച് ഗവേഷണം നടന്നിരന്നു. അതനുസരിച്ച് മുതിർന്ന സഹോദരന് ഇളയവനെ അപേക്ഷിച്ച് ബുദ്ധിശേഷി കൂടുതൽ ഉണ്ടെന്ന് കണ്ടത്തെി. ആദ്യ കൺമണി എന്ന നിലയിൽ മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന പരിഗണനയാണ് മുതിർന്നവന് കൂടുതൽ ഐക്യൂ ഉണ്ടാവാൻ കാരണമെന്നാണ് ഗവേഷണ നിഗമനം.

പ്രസ്തുത ഗവേഷണ ഫലം ശരിയായാലും തെറ്റായാലും, സ്വപ്രയത്നത്തിലൂടെ മനുഷ്യന് നേടാൻ കഴിയാത്തതായി ഒന്നുമില്ലെന്ന കാര്യം മറക്കരുത്. കൂർമ്മ ബൂദ്ധിയുള്ളവരുടെ സ്വഭാവ ഗുണങ്ങൾ നിരീക്ഷിക്കുക. അത്തരം ആളുകൾ, പ്രതിഭിന്ന സ്വഭാവമുളളവരായിരിക്കുമെങ്കിലും, അവരിൽ കാണുന്ന ചില പൊതുവായ ഗുണങ്ങളുണ്ട്. അത് നിങ്ങളിലുണ്ടൊ എന്ന് പരിശോധിക്കാം. മുകളിൽ സൂചിപ്പിച്ച പോലെ, ചിലർക്ക് അത് പാരമ്പര്യമായി ലഭിക്കുമെങ്കിലും സ്വന്തം പരിശ്രമത്തിലൂടെ അതിനെ കൂടുതൽ വളർത്താൻ പരിശ്രമിക്കുക. തീർച്ചയായും അതിന് ഫലമുണ്ടാകും.

1. സാഹചര്യത്തിനനുസരിച്ച് സ്വഭാവം മാറ്റം വരുത്താൻ കഴിയുന്നവർ ബുദ്ധിമാന്മാരാണെന്നാണ് പൊതുവെ കണക്കാക്കുന്നത്. അതിനർത്ഥം അവർ കൃത്യമായ നിലപാട് ഇല്ലാത്തവർ എന്നൊ ഓന്തിനെ പോലെ നിറംമാറുന്ന സ്വഭാവക്കാരനാണെന്നൊ അല്ല. താൻ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന് പറയുകയും അത് തെറ്റാണെന്ന് ബോധ്യമായിട്ടും തിരുത്താൻ ശ്രമിക്കാത്തവരുമല്ല അവർ.

2. അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയാൻ ധൈര്യപ്പെടുന്നത് ബുദ്ധിയുള്ളവരുടെ ലക്ഷണമാണ്. എല്ലാ കാര്യങ്ങളെ കുറിച്ചും ഒരാൾക്ക് അറിവുണ്ടാവണമെന്നില്ല. അറിയില്ല എന്ന് അറിയുന്നത് തന്നെ പകുതി അറിവാണ് എന്ന അറബി ഭാഷയിലെ ആപ്തവാക്യം വളരെയധികം അർത്ഥവത്താണ്. അത് കുടുതൽ അറിവിലേക്ക് നമ്മെ നയിക്കുന്നതാണ്.

3. പുതിയ ചിന്തകൾക്ക് നേരെ വാതിലുകൾ കൊട്ടി അടക്കാതിരിക്കുക എന്നതാണ് ബുദ്ധിയുള്ളവരുടെ മറ്റൊരു ലക്ഷണം. പുതിയ ചിന്തകൾക്ക് നേരെ മനസ്സിൻറെ വാതയാനങ്ങൾ കൊട്ടിയടക്കുന്നവർക്ക് നവ ചിന്തകളുടെ ശുദ്ധവായു ശ്വസിക്കാൻ സാധിക്കുകയില്ല. തൊട്ടടുത്ത അയൽക്കാരൻറെ വിശ്വാസം പോലും എന്താണെന്ന് അറിയാനുള്ള ജിജ്ഞാസ ഇല്ലെങ്കിൽ, നമ്മുടെ ബുദ്ധി എങ്ങനെ വികസിക്കും?

4. നർമ്മബോധമാണ് കൂർമ്മ ബുദ്ധിയുള്ളവരുടെ മറ്റൊരു ലക്ഷണം. തമാശ പറയുമ്പോൾ അത് ഉൾകൊള്ളാൻ കഴിയാത്തവരോട് പറഞ്ഞാൽ വെളുക്കാൻ തേച്ചത് പാണ്ഡാവും എന്ന് പറയുന്നത് പോലെയാണ്. പ്രതിഭാശാലികൾക്കെ കോമഡിയുടെ അകമ്പടിയോട് കൂടി പറയുന്ന കാര്യങ്ങൾ ഉൾകൊള്ളാൻ കഴിയൂ. ഇതിനുള്ള മികച്ച ഉദാഹരണമാണ് പ്രശസ്ത ബ്രിട്ടീഷ് സിനിമ നടൻ ചാർലി ചാപ്ളിൻ.

5. അഭിപ്രായ ഭിന്നത അനൈക്യത്തിലേക്ക് നയിക്കുന്നതിന് പകരം, തെരെഞ്ഞെടുക്കാനുള്ള വിശാലതയിലേക്കാണ് നമ്മെ നയിക്കുന്നത്. ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ വർണ്ണവൈവിധ്യങ്ങൾ നമ്മെ ആസ്വാദനത്തിൻറെ പുതിയ തലത്തിലേക്ക് എത്തിക്കുന്നു. അഭിപ്രായ വൈവിധ്യങ്ങളിൽ ഉൾകൊള്ളേണ്ടത് ഉൾകൊള്ളുകയും തള്ളേണ്ടത് തള്ളുകയും ചെയ്യാൻ കഴിയുന്നത് കൂർമ്മ ബുദ്ധിയുള്ളവരുടെ ലക്ഷണമാണ്.

6. സുഹൃത്തുക്കളുമായും സമൂഹവുമായും ഇടകലർന്ന് ജീവിക്കാൻ കഴിയുക എന്നത് ബുദ്ധിയുള്ളവരുടെ മറ്റൊരു ലക്ഷണമാണ്. അവരെ ഉൾകൊള്ളാനും ആദരിക്കാനും സാധിക്കുക എന്നത് വിശാല മനസ്ക്കർക്ക് മാത്രമേ സാധിക്കു. മന്ദബുദ്ധികൾ ക്ഷിപ്രകോപികളും ശുൺഠി മൂക്കത്തുള്ളവരുമായിരിക്കും. അവരുമായി വിയോജിക്കുന്ന നിസ്സാര കാര്യം പറഞ്ഞാൽ പോലും അവർക്ക് സഹിക്കാനാവില്ല.

7. പ്രപഞ്ചത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും ധാരാളം ചിന്തിക്കുന്നത് ബുദ്ധിയുള്ളവരുടെ മറ്റൊരു ലക്ഷണമാണ്. അതൊന്നും ചിന്തിക്കാതെ ജീവിക്കുന്നവരെ കുറിച്ചാണ് ഖുർആൻ മൃഗങ്ങളെക്കാൾ അധ:പതിച്ചവരെന്ന് വിശേഷിപ്പിച്ചത്. ബുദ്ധിയുള്ളവർ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ പിന്നിലെ രഹസ്യങ്ങൾ അനാവരണം ചെയ്യാനും അതിലടങ്ങിയ തത്വങ്ങൾ നിർദ്ധരണം ചെയ്യാനും ശ്രമിക്കുന്നതാണ്.

8. ജീവിതത്തിൽ മിതത്വം പാലിക്കുന്നത് ബുദ്ധിയുള്ളവരുടെ ലക്ഷണമാണ്. പണം ചിലവഴിക്കുന്നത് ഉൾപ്പടെയുള്ള എല്ലാ കാര്യത്തിലും മിതമായ സമീപനമായിരിക്കും അവർ സ്വീകരിക്കുക. പ്രവാചകൻ അരുളി: ജീവിതത്തിൽ മിതത്വം പാലിക്കുക എന്നത് ഒരാൾ ജ്ഞാനിയാണ് എന്നതിൻറെ ലക്ഷണങ്ങളിൽ പെട്ടതത്രെ.

9. പ്രശ്നങ്ങളിൽ പതറാതെ പരിഹാരത്തിന് ശ്രമിക്കുന്നത് ബുദ്ധിമാന്മാരുടെ സ്വഭാവമാണ്. തിരമാലകൾ കണക്കെ തനിക്ക് ചുറ്റും പ്രശ്നങ്ങൾ ആഞ്ഞടിച്ചാൽ പതറുന്നവരല്ല ബുദ്ധിമാന്മാർ. അവർ വിജയിക്കുന്നത് വരെ പരിഹാരങ്ങൾ അന്വേഷിക്കുകയും ബദൽ മാർഗ്ഗങ്ങൾ കണ്ടത്തെുന്നവരാണ്. ലോകം കണ്ട ഏറ്റവും വലിയ പ്രതിഭ ധന്യനായ തോമസ് എഡിസൻ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.

10. തുറന്ന വിശാലതയോടെ ചിന്തിക്കുന്നതും സഹിഷ്ണുതയോടെ പെരുമാറാൻ കഴിയുന്നതും ബുദ്ധിയുള്ളവരൂടെ ലക്ഷണമാണ്. മുൻവിധി, വെറുപ്പ്, അന്യമത, ചിന്താ വിദ്വേശം തുടങ്ങിയവ നമ്മുടെ സമൂഹത്തിൽ കോവിഡ് വൈറസിനെക്കാൾ വേഗത്തിൽ വ്യാപിച്ച്കൊണ്ടിരിക്കുകയാണ്. ഇത് നമ്മെ ബുദ്ധിയില്ലായ്മയിലേക്കും കൂടുതൽ അധ:പതനത്തിലേക്കുമാണ് തളളിവിടക.

വിശുദ്ധ ഖുർആനിൽ നിരവധി സ്ഥലങ്ങളിൽ മനുഷ്യരെ വളരെ ആദരപൂർവ്വം ബുദ്ധിയുള്ളവരെ എന്ന് അഭിസംബോധന ചെയ്ത്കൊണ്ട് ചിന്തിക്കാൻ ആവിശ്യപ്പെടുന്നതുയും ഉദ്ബോധിപ്പിക്കുന്നതായും ഓർമ്മപ്പെടുത്തുന്നതായും കാണാം. ഉദാഹരണത്തിന് അധ്യായം മൂന്ന് സൂക്തം 190 മാത്രം ഇവിടെ ഉദ്ധരിക്കട്ടെ: “ആകാശഭൂമികളുടെ സൃഷ്ടിയിലും രാപ്പകലുകൾ മാറിമാറി വരുന്നതിലും ബുദ്ധിയുള്ളവർക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.”

Related Articles