Current Date

Search
Close this search box.
Search
Close this search box.

പന്നിയും ഹലാല്‍ ഫുഡും

food-halal.jpg

ഫാസ്റ്റ് ഫുഡ്, ഹെല്‍ത്ത് ഫുഡ് എന്നപോലെ അടുത്തകാലത്ത് പ്രചാരത്തില്‍ വന്ന പ്രയോഗമാണ് ഹലാല്‍ ഫുഡ്. അതേപോലെ യൂറോപ്പിലും അമേരിക്കയിലും ഏഷ്യന്‍ കുടിയേറ്റക്കാരുള്ള പട്ടണങ്ങളില്‍ ഇന്ന് പതിവുകാഴ്ചയാണ് ഹലാല്‍ റെസ്റ്റോറന്റുകള്‍. ഇത് സഞ്ചാരികളായെത്തുന്ന മുസ്‌ലിംകളെയാണ് കൂടുതലായും ആകര്‍ഷിക്കുന്നത്. ഏതോ പാക്കിസ്ഥാനിയോ അറബ്‌വംശജനോ സ്ഥാപിച്ച് കാലാന്തരത്തില്‍ പലര്‍ക്കും കൈമാറിയിട്ടും ഇന്നും പ്രവര്‍ത്തിച്ചുവരുന്ന ഭക്ഷണശാലകളായിരിക്കും ഇവ. പുതുതായി ഏറ്റെടുക്കുന്ന അമുസ്‌ലിം ഉടമ പ്രചാരവും പ്രസിദ്ധിയും നഷ്ടപ്പെടാതിരിക്കാന്‍ പഴയപേരില്‍ തന്നെ തുടര്‍ന്നു വരുന്ന ഈ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ഹലാല്‍ തന്നെ ആവണമെന്നില്ല. കഥയറിയാത്ത മുസ്‌ലിം സന്ദര്‍ശകര്‍ ഇവിടെയെത്തി താല്‍പര്യത്തോടെ ഭക്ഷണം കഴിക്കുന്നു. ഇസ്‌ലാമിക രീതിയില്‍ കശാപ്പ് ചെയ്യപ്പെടാത്ത മാംസമാണ് ഇവിടെയൊക്കെ വിളമ്പുന്നതെന്നും പന്നിമാംസവും ഇവിടെ പാകംചെയ്യുന്നുണ്ടെന്നും പിന്നീടാണ് മനസ്സിലാവുക. അന്വേഷിക്കുന്നവര്‍ക്ക് ശുദ്ധിചെയ്ത് തണുപ്പിച്ച് ‘ഹലാല്‍ മീറ്റ് ‘എന്ന ലേബല്‍ സഹിതം വരുന്ന മാംസപ്പെട്ടികളാണ് കാണിക്കുക. ശരിക്കും ഹലാല്‍ ചിട്ടപ്പടി കശാപ്പുചെയ്യപ്പെട്ട മാംസവും സൂക്ഷ്മതയോടെ അത് വിളമ്പുന്ന റസ്റ്റോറന്റുകളും അപൂര്‍വ്വമല്ല.

പൊതു ഭക്ഷണശാലകളില്‍ കയറുന്നവര്‍ക്ക് പറ്റുന്ന അബദ്ധങ്ങളില്‍പെട്ടതാണ് പന്നിമാംസം. ഭക്ഷണത്തില്‍ പോര്‍ക്ക് ഉണ്ടെങ്കില്‍ വേണ്ട എന്ന് വെയിറ്ററോട് പറഞ്ഞാല്‍ നല്ല ‘ബേക്കണ്‍’ കൊണ്ടുവരാം സാര്‍ എന്നുപറഞ്ഞാണ് വിളമ്പുക. ബേക്കണ്‍, ഹാം, ഫില്ലെറ്റ്, സ്റ്റീക്ക് എന്നിങ്ങനെ പന്നിയുടെ ഭാഗങ്ങള്‍ പലവിധത്തില്‍ പാകപ്പെടുത്തിയത് നമുക്ക് അപരിചിതമായ പലപേരുകളിലുമാണ് അറിയപ്പെടുന്നത്. കച്ചവടമനസ്ഥിതിക്കാരായ വെയിറ്റര്‍മാര്‍ അപരിചിതരായ സഞ്ചാരികള്‍ക്ക് പോര്‍ക്കല്ല എന്ന് പറഞ്ഞുകൊണ്ടാണ് ഇത് മുമ്പില്‍ വെക്കുക. യൂറോപ്പില്‍  വിലകുറവും പ്രചാരവുമുള്ള മാംസം പന്നിയാണ്.  മാംസം കഴിക്കേണ്ട എന്ന് തീരുമാനിച്ചാലും ഇവിടെ ഏത് പാചകത്തിനും ഉപയോഗിക്കുന്നത് ‘ലാര്‍ഡ്’ എന്ന പേരില്‍ അറിയപ്പെടുന്ന പന്നിയുടെ നെയ്യാണ്. നമുക്ക് പാംഓയില്‍ പോലെ പ്രചാരവും വിലക്കുറവുമുള്ള എണ്ണയാണിത്. ഉരുളക്കിഴങ്ങ് (ഫ്രഞ്ച്‌ഫ്രൈ) മുതല്‍ മല്‍സ്യവും മുട്ടയും കേക്കുമെല്ലാം ലാര്‍ഡ് ഉപയാഗിച്ചാണ് പാകംചെയ്യുക. ഏറ്റവും പ്രചാരംനേടിയ വിലകുറഞ്ഞ സുലഭമായ ഭക്ഷണ പദാര്‍ഥമാണ് ‘ഫിഷ് ആന്റ് ചിപ്‌സ്’ ഇതില്‍ പോര്‍ക്കില്ല എന്ന ധാരണയില്‍ ടൂറിസ്റ്റുകള്‍ എളുപ്പം വാങ്ങുന്ന പദാര്‍ഥവും ഇതുതന്നെയാണ്. പക്ഷെ ഇത് വറുക്കുന്നത് ലാര്‍ഡിലാണ്.

ദാഹിച്ചാല്‍ പച്ചവെള്ളം എല്ലാസ്ഥലത്തും കിട്ടിയെന്ന് വരില്ല. പക്ഷെ വെള്ളത്തേക്കാള്‍ സുലഭം കുത്തകക്കമ്പനികള്‍ ഉല്‍പാദിപ്പിച്ച് വിതരണംചെയ്യുന്ന ബിയറാണ്. ഇതും പല പേരുകളിലും വിവിധ രൂപത്തിലുമാണ്. വെള്ളത്തിന്റെ രൂപത്തിലുള്ള ലാഗര്‍ മുതല്‍ കടുത്ത കട്ടന്‍കാപ്പിയുടെ നിറമുള്ള ബിറ്റര്‍ എന്നും ഗിന്നസ് എന്നും വിളിക്കുന്ന ബിയര്‍ വാങ്ങാന്‍ ബാറില്‍പോയി ക്യൂ നില്‍ക്കേണ്ട. കുട്ടികള്‍ക്കുപോലും സ്റ്റേഷനറി കടകളില്‍നിന്ന് വാങ്ങാം. ബിയര്‍ ലഹരിപാനീയങ്ങളില്‍ പെടില്ലെന്നാണ് വ്യാഖ്യാനം.

ഇവിടങ്ങളില്‍ ഇസ്‌ലാമിക രീതിയില്‍ നിഷിദ്ധമാംസമോ ലഹരിപാനീയങ്ങളോ ഇല്ലാതെ നടത്തിവരുന്ന അറബ്/മുസ്‌ലിം റെസ്റ്റോറന്റുകളുമുണ്ട്. ജൂതന്മാര്‍ ഈ കശാപ്പുശാലകള്‍ അന്വേഷിച്ചെത്തുന്നുവെന്നത് കൗതുകകരമാണ്. കാരണം അവര്‍ സ്വയം അറുക്കാത്ത പ്രദേശങ്ങളില്‍  മുസ്‌ലിം കശാപ്പുശാലകളെയാണ് ആശ്രയിക്കാറ്. ഇതിന് ‘കൊശര്‍ മീറ്റ് ‘ എന്നാണ് ജൂതര്‍ പറഞ്ഞുവരുന്നത്.

Related Articles