Current Date

Search
Close this search box.
Search
Close this search box.

ആരോഗ്യരംഗത്തെ ഇസ്‌ലാമിക നാഗരിക പാഠങ്ങള്‍

2013-ല്‍ മുസ്‌ലിം രാജ്യങ്ങളിലെ ശരാശരി ആയുസ്സ് 67 വയസ്സായിരുന്നു. ആഗോള ശരാശരിയില്‍ നിന്നും നാലു വയസ്സ് താഴെ. 1900-ത്തില്‍ ശരാശരി ആയുസ്സ് വെറും 31 വയസ്സായിരുന്നു. എന്നാല്‍ ഇസ്‌ലാമിക ഖിലാഫത്ത് കാലത്ത് ശരാശരി ആയുസ്സ് ആക്ഷേപികമായി ഉയര്‍ന്നതായിരുന്നു. 35 വയസ്സിന് മുകളിലായിരുന്നു അന്നത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം. അന്നത്തെ യൂറോപ്യന്‍ ശരാശരിയായ 30 വയസ്സിനേക്കാള്‍ ഇത് മെച്ചമാണ്. ഖിലാഫത്ത് കാലത്ത് മുസ്‌ലിംകളുടെ ജീവിതം എത്ര മെച്ചപ്പെട്ടതായിരുന്നു എന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. ശരാശരി ആയുസ്സും കടന്ന് തങ്ങളുടെ 50-കളിലേക്കും 60-കളിലേക്കും കാലെടുത്തു വെച്ചവരും അന്ന് ധാരാളമായിരുന്നു. ശിശു മരണ നിരക്കും അക്കാലത്ത് വളരെ കുറവായിരുന്നു എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

ആരോഗ്യസംരക്ഷണത്തെ കുറിച്ച് ഇസ്‌ലാം പഠിപ്പിച്ച പാഠങ്ങള്‍ തന്നെയാണ് ഈ ദീര്‍ഘായുസ്സിന് പിന്നിലെ രഹസ്യമായി നിലകൊള്ളുന്നത്. പ്രവാചകന്‍(സ) പഠിപ്പിച്ചു: ”ശുദ്ധി വിശ്വാസത്തിന്റെ പകുതിയാണ്”. ദിവസവും പല്ല് വൃത്തിയായി സൂക്ഷിക്കാനും കുളിക്കാനും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കാനും അദ്ദേഹം പഠിപ്പിച്ചു. ഒരാളുടെ ജീവന്‍ രക്ഷിക്കുക എന്നതും ശരീഅത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങളില്‍ ഒന്നാണ്. പ്രസ്തുത ഖുര്‍ആനിക സൂക്തം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്, ”ഒരാത്മാവിനു പകരമായോ അല്ലെങ്കില്‍ നാശം വിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു.” (അല്‍-മാഇദ:32). ഹദീഥില്‍ കാണാം, ”എല്ലാ രോഗങ്ങള്‍ക്കും ചികിത്സയുണ്ട്, രോഗത്തിന് ശരിയായ ചികിത്സ നല്‍കപ്പെട്ടാല്‍ അല്ലാഹുവിന്റെ അനുമതിയോടെ അതിന് ശമനമുണ്ടാകുന്നു.’ ഇബ്‌നു സീനയേയും റാസിയേയും പോലെ ലോകപ്രശസ്തരായ ഭിഷഗ്വരന്മാര്‍ ഇസ്‌ലാമിക ലോകത്ത് വളര്‍ന്ന വന്നതും ആരോഗ്യമേഖലയ്ക്ക് ഇസ്‌ലാം നല്‍കിയ പ്രാധാന്യം കൊണ്ടാണ്.

അമിത ഉപഭോഗം വെടിഞ്ഞ് മിതത്വം ശീലിക്കണമെന്നും ഉള്ളത് കൊണ്ട് തൃപ്തിപ്പെടണമെന്നും പ്രായമായവരെയും വാര്‍ധക്യം ബാധിച്ചവരെയും പരിചരിക്കണമെന്നുമുള്ള ഇസ്‌ലാമികാധ്യാപനങ്ങള്‍ ആരോഗ്യരംഗത്തെ ജാഗ്രതയാണ് കാണിക്കുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്ക് കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചതും വിദ്യാഭ്യാസത്തിന് മുന്‍ഗണന കൊടുത്തതും (നിരക്ഷരത മൂലം മന്ത്രവാദ ചികിത്സയ്ക്ക് ഇരയായി നിരവധി പേര്‍ ആധുനിക ലോകത്ത് മരിക്കുന്നു) ശുദ്ധവെള്ള വിതരണ സംവിധാനങ്ങള്‍ ഒരുക്കിയതും രോഗികളെയും പ്രായമാവരെയും ശുശ്രൂഷിക്കാന്‍  പ്രത്യേകം ആതുരാലയങ്ങള്‍ സ്ഥാപിച്ചതുമൊക്കെ ഇസ്‌ലാമിക ഖിലാഫത്ത് കാലത്ത് യൂറോപ്പിനെ അപേക്ഷിച്ച് ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം ഉണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. പൊതുസൗകര്യങ്ങളുടെ കാര്യത്തില്‍ അക്കാലത്തെ യൂറോപ്പിനേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ഇസ്‌ലാമിക രാജ്യങ്ങള്‍ എന്ന് കാണാന്‍ സാധിക്കും.

വെള്ളത്തിന് ജീവിതാവശ്യങ്ങളിലുള്‍പ്പെടെ മതകാര്യങ്ങളിലും വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് മുസ്‌ലിംകള്‍. ഉപരിതല ജലം കനാലുകള്‍ വഴിയും തോടുകള്‍ വഴിയുമാണ് ഇസ്‌ലാമിക രാജ്യങ്ങളില്‍ വിതരണം നടന്നിരുന്നത്. ഭൂഗര്‍ഭ ജലമാകട്ടെ കിണറുകളോ ആഴമേറിയ കുഴല്‍ കിണറുകളോ ഉപയോഗിച്ചാണ് ശേഖരിച്ചിരുന്നത്. വലിയ മസ്ജിദുകളില്‍ അംഗശുദ്ധി വരുത്താനുള്ള വലിയ ജലാശയങ്ങളും ടോയ്‌ലറ്റുകളുമുണ്ടായിരുന്നു. വ്യവസ്ഥാപിതമായ ശൗച്യാലയ സൗകര്യങ്ങള്‍ അന്ന് നിലവിലുണ്ടായിരുന്നു. ഈജിപ്തിലെ ഫുസ്ത്വാത് പട്ടണത്തില്‍ രണ്ടോ മൂന്നോ മുറികളുള്ള വീടുകളില്‍ പോലും അറ്റാച്ച്ഡ് ബാത്ത്‌റൂമുകളും ടോയ്‌ലറ്റുകളും ഉണ്ടായിരുന്നു. കുറേ നിലകളുള്ള കെട്ടിടങ്ങളില്‍ ഓരോ നിലകളിലും ബാത്ത്‌റൂം സൗകര്യങ്ങള്‍ സ്ഥാപിക്കുകയും അഴുക്കുജലം മതിലുകളിലൂടെ ഭൂമിക്കടിയിലുള്ള കനാലുകളിലേക്ക് എത്താനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു.

9-ാം നൂറ്റാണ്ടില്‍ തന്നെ ബഗ്ദാദില്‍ ആശുപത്രികള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. 12-ാം നൂറ്റാണ്ടില്‍ ദമസ്‌കസില്‍ ഉണ്ടായിരുന്ന നൂരി ആശുപത്രിയില്‍ ശിശുകാര്യവിദഗ്ദ്ധരും ഫാര്‍മസിസ്റ്റുകളും നേത്രചികിത്സകന്മാരുമൊക്കെ ഉണ്ടായിരുന്നു. ഇസ്‌ലാമിക ലോകത്തിന്റെ മഹത്വം വിളിച്ചോതുന്ന ആദ്യകാല സ്ഥാപനങ്ങള്‍ ആശുപത്രികളാണെന്ന് 12-ാം നൂറ്റാണ്ടിലെ യാത്രികനായ ഇബ്‌നു ജുബൈര്‍ പറയുന്നു. 9-ാം നൂറ്റാണ്ടില്‍ കൈറോയില്‍ ഉണ്ടായിരുന്ന അഹ്മദ് ബിന്‍ തുഫല്‍ ആശുപത്രിയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ബാത്ത്‌റൂം സൗകര്യങ്ങളും ലൈബ്രറിയും മനശ്ശാസ്ത്ര ഡിപ്പാര്‍ട്ട്‌മെന്റുമൊക്കെ പ്രവര്‍ത്തിച്ചിരുന്നു. 13-ാം നൂറ്റാണ്ടില്‍ കൈറോയില്‍ സ്ഥാപിക്കപ്പെട്ട അല്‍-മന്‍സൂരി ആശുപത്രിയുടെ സ്ഥാപക ഭരണഘടനയില്‍ പറയുന്നത്, ”ഈ ആശുപത്രിയുടെ ദൗത്യം എന്നത് രോഗികളും പാവങ്ങളുമായ സ്ത്രീ പുരുഷന്മാര്‍ക്ക് ചികിത്സ നല്‍കുക എന്നതാണ്. അവര്‍ പൂര്‍ണ്ണസുഖം പ്രാപിക്കുന്നത് വരെ അത് തുടരും. ദുര്‍ബലനും ശക്തനും പാവപ്പെട്ടവനും പണക്കാരനും അതിന്റെ സേവനങ്ങള്‍ ലഭിക്കും. അവരില്‍ നിന്ന് ഒരുവിധ തുകയും ഈടാക്കുന്നതല്ല, മറിച്ച് ദൈവപ്രീതി മാത്രം”. ദമസ്‌കസിലെയും കൈറോയിലെയും ആശുപത്രികള്‍ കുരിശുയോദ്ധാക്കളെ പോലും ആകര്‍ഷിച്ചിരുന്നു. കുരിശുയുദ്ധങ്ങള്‍ക്ക് ശേഷമാണ് ലൂയി പതിനാലാമന്‍ യൂറോപിലെ ആദ്യ ആശുപത്രി പാരീസില്‍ സ്ഥാപിച്ചത്.

എന്നാല്‍, വളരെ ആശ്ചര്യകരമായ വസ്തുത എന്നത് ലോകത്ത് കുറഞ്ഞ ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യങ്ങളില്‍ വളരെയധികം മുസ്‌ലിം രാജ്യങ്ങളുണ്ട് എന്നതാണ്. ദിനേനയുള്ള അഞ്ചു നേരത്തെ നമസ്‌കാരങ്ങളും മറ്റ് ഇസ്‌ലാമിക കര്‍മങ്ങളും വളരെ കൃത്യമായി പാലിക്കപ്പെടുന്നുമുണ്ട് ഈ രാജ്യങ്ങളില്‍. എന്നാല്‍ ദീര്‍ഘായുസ്സ് നേടിയെടുക്കാന്‍ ഇസ്‌ലാമിക നാഗരികത മുന്നോട്ടു വെച്ച ജീവിതശൈലികള്‍ ഈ രാജ്യങ്ങള്‍ പിന്തുടരുന്നുമില്ല. ക്ഷേമ ജീവിതത്തിനായി ഇസ്‌ലാമിക മൂല്യങ്ങള്‍ പുനരുജ്ജീവിപ്പിച്ച് അവ പാലിച്ച് ജീവിക്കാന്‍ മുസ്‌ലിംകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വിവ: അനസ് പടന്ന

Related Articles