Current Date

Search
Close this search box.
Search
Close this search box.

ആരോഗ്യത്തിലേക്കുള്ള വഴികള്‍

ജീവിതത്തെ ഊര്‍ജ്വസ്വലവും സക്രിയവുമാക്കുന്നത് നമ്മുടെ ആരോഗ്യമാണ്. രോഗം പലപ്പോഴും മനുഷ്യനെ നിഷ്‌ക്രിയത്വത്തിലേക്കും നിസ്സംഗതയിലേക്കും തള്ളിവിടുന്നു. നല്ല ആരോഗ്യം പരിശീലനങ്ങളിലൂടെ മാത്രം വളര്‍ത്തിയെടുക്കാനും നിലനിര്‍ത്താനും സാധിക്കുന്ന ഒന്നാണ്. നമ്മുടെ സമര്‍പ്പണവും ത്യാഗവും ഇച്ഛാശക്തിയുമെല്ലാം ഈ പരിശീലനത്തെ വലിയ തോതില്‍ സ്വാധീനിക്കും. ഒരു മനുഷ്യന് പ്രധാനമായും മൂന്ന് തരത്തിലുള്ള ആരോഗ്യം അത്യാവശ്യമാണ്. ആത്മീയ ആരോഗ്യം, (Spiritual health) മാനസിക ആരോഗ്യം (Mental health), ശാരീരിക ആരോഗ്യം (Physical health) എന്നിവയാണവ.

1. ആത്മീയാരോഗ്യം (Spiritual health)
ദൈവ വിശ്വാസികളില്ലാത്ത ഒരു സമൂഹവും ചരിത്രത്തില്‍ കഴിഞ്ഞു പോയിട്ടില്ല. ചരിത്രത്തിന്റെ പ്രാരംഭം മുതല്‍ ഇന്നോളം ജനിച്ച് മൃതിയടഞ്ഞ മര്‍ത്ഥ്യരഖിലവും ഏതെങ്കിലുമൊക്കെ തരത്തില്‍ ഇന്ദ്രിയാതീതമായ ഒരു ശക്തിയില്‍ വിശ്വസിച്ചിരുന്നു. ദൈവനിഷേധികള്‍ എന്ന് പറയപ്പെടുന്നവരില്‍ പോലും പല വിധത്തില്‍ ‘ദൈവ ബോധം’ മറ നീക്കി പുറത്ത് വരാറുണ്ട്. ഈയൊരു ബോധം മനുഷ്യാത്മാവിന്റെ അതീന്ദ്രിയ തലവുമായി ബന്ധപ്പെട്ടതാണ്. നടുക്കടലില്‍ കാറ്റിലും കോളിലും ആടിയുലയുന്ന കപ്പലില്‍ വെച്ച് നി സ്സ ഹായനായി അല്ലാഹുവിനെ വിളിക്കുന്നവനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. ഈയൊരു വിശ്വാസത്തെയും ബോധതലത്തെയും ശുദ്ധീകരിച്ചെടുത്ത് നിരന്തര പരിശീലനത്തിലൂടെ ആത്മാവിന് പോഷണം നല്‍കുന്നതിനെയാണ് ആത്മീയാരോഗ്യം എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. ‘ആര്‍ ആത്മാവിനെ ശുദ്ധീകരിച്ചുവോ അവന്‍ വിജയിച്ചു. ആര് അതിനെ അവഗണിച്ചുവോ അവന്‍ പരാജയപ്പെട്ടു’ എന്ന് ഖുര്‍ആന്‍ പറയുന്നു. ‘മനുഷ്യ ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നാക്കിയവന്‍ വിജയിച്ചു, അതാണ് ഹൃദയം’ എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.

2. മാനസികാരോഗ്യം (Mental health)
ശരീരവും മനസ്സും പല കാര്യത്തിലും പരസ്പര പൂരകത്വം നിലനിര്‍ത്തുന്നതു പോലെ തന്നെ ആത്മാവും മനസ്സും തമ്മിലും അത് നിലനില്‍ക്കുന്നുണ്ട്. മനസ്സിന്റെ ആരോഗ്യം എന്നത് കഠിനതരമായ അനുഭവങ്ങളിലൂടെ രൂപപ്പെടുന്ന ഒന്നാണ്. ഏത് തരം പ്രതിബന്ധങ്ങളെയും അചഞ്ചലമായ മനസ്സോടെ നേരിടാനുള്ള കഴിവ് ഒരാളുടെ മാനസികാരോഗ്യത്തിന്റെ അടയാളമാണ്. ഒരാള്‍ ഭീരുവായാണ് വളര്‍ത്തപ്പെടുന്നതങ്കില്‍ അയാളുടെ മനോനില എപ്പോഴും ദുര്‍ബലമായിരിക്കും. സൂറത്തു ലുഖ്മാനില്‍ ലുഖ്മാന്‍(അ) തന്റെ മകനെ ഉപദേശിക്കുന്നത് കാണുക: ‘മകനെ നീ നമസ്‌കാരം നിലനിര്‍ത്തുക. നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചയ്യുക. ഈ മാര്‍ഗത്തില്‍ നിനക്കേല്‍ക്കുന്ന എല്ലാ പ്രയാസങ്ങളെയും നീ ക്ഷമയോടെ നേരിടുക. (അങ്ങിനെ ക്ഷമിക്കാന്‍ സാധിക്കുക എന്നത്) ദൃഢതരമായ കാര്യത്തില്‍ പെട്ടതാണ്’. (ലുഖ്മാന്‍: 17). ഈ ആയത്തില്‍ പ്രയോഗിച്ച ‘അസ്മ’ എന്ന പദം ‘കരുത്തുറ്റതും ഉറച്ചതുമായ മാനസികാവയെയാണ്’ പ്രതിനിധാനം ചയ്യുന്നത്. അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ചും ഭരമേല്‍പ്പിച്ചും ഉറച്ച ബോധ്യത്തോടെ നിലകൊള്ളലാണത്.

3. ശാരീരീക ആരോഗ്യം (Physical health)
ശരീരത്തെ കടന്നാക്രമിക്കുന്ന രോഗങ്ങള്‍ നമ്മുടെ മാനിസികാരോഗ്യത്തെയും സാരമായി ബാധിക്കും. അതിനാല്‍ ശാരീരികാരോഗ്യം സംരക്ഷിക്കുക വളരെ പ്രധാനമാണ്. ‘ദുര്‍ബലനായ (ശാരീരികമായി) വിശ്വാസിയെക്കാള്‍ ഉത്തമന്‍ ശക്തനായ (ആരോഗ്യമുള്ള) വിശ്വാസിയാണ് എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. വ്യായാമം, നീന്തല്‍, സൈക്ലിംഗ്, നടത്തം, മെയ്യനങ്ങിയുള്ള ജോലി, ഇതെല്ലാം വിശ്വാസിയുടെ ജീവിതത്തിന്റെയും ഭാഗമാണ്. ‘വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ ചയ്യുകയും ചെയ്തവര്‍’ എന്ന ഖുര്‍ആന്‍ പ്രയോഗത്തിന്റെ അമല്‍ എന്ന പദം ശരീരത്തിന്റെ കര്‍മ്മോന്മുഖതയെയും സൂചിപ്പിക്കുന്നുണ്ട്. ഉറക്കം, ആലസ്യം, മെയ്യനക്കമില്ലായ്മ ഇവയൊന്നും വിശ്വാസിയുടെ ലക്ഷണമല്ല. പ്രവാചകാനുയായികളെക്കുറിച്ച് ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ട ഒരു വിശേഷണം ‘ഫില്ലയിലീ റുഹ്ബാന, വ ഫിന്നഹാരി ഫുര്‍സാന’ എന്നാണ്. (രാത്രി സന്യാസികളെ പോലെയും പകല്‍ അശ്വാരൂഢന്‍മാരെപ്പോലെയുമാണവര്‍).

തയ്യാറാക്കിയത്: ഷംസീര്‍. എ.പി
അവലംബം : അല്‍ മുജ്തമഅ് വാരിക

Related Articles