Health

ശുചിത്വബോധം സ്വര്‍ഗത്തിലേക്കുള്ള കരുതിവെപ്പാണ്

മനുഷ്യശരീരത്തിന്റെ ശുചിത്വവും ആരോഗ്യപരിരക്ഷണവും ഇസ്‌ലാമിക ശരീഅത്തിന്റെ പ്രധാന പരിഗണനകളിലൊന്നാണ്. ഖുബാ വാസികളുടെ ശുചിത്വബോധത്തെയും ശുദ്ധിയോടുള്ള താല്‍പര്യത്തെയും അല്ലാഹു പ്രകീര്‍ത്തിക്കുന്നതായി കാണാം. ‘ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു(അത്തൗബ 108). മാലിന്യങ്ങളില്‍ നിന്നും മ്ലേഛതകളില്‍ നിന്നും മുക്തമായി ശുചിത്വം കൈവരിക്കുക എന്നത് മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് വളരെ അനിവാര്യമാണ്. നമസ്‌കാരത്തിന്റെ സ്വീകാര്യതക്ക് നിബന്ധനയായി അല്ലാഹു ശുദ്ധിയെ നിശ്ചയിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. ‘ ചെറിയ അശുദ്ധിയുണ്ടായാല്‍ വുളൂ(അംഗശുദ്ധി) എടുക്കുന്നതു വരെ നിങ്ങളിലൊരാളുടെയും നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല’ (മുസ്‌ലിം). ‘ശുദ്ധിയില്ലാതെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല’.

ശുചിത്വബോധമുള്ളവനെ അല്ലാഹു ഇഷ്ടപ്പെടും. അത് ശിര്‍ക്കില്‍ നിന്നും മോശമായ സ്വഭാവത്തില്‍ നിന്നും ധിക്കാരത്തില്‍ നിന്നും വിശുദ്ധി പ്രാപിക്കുന്ന ആന്തരികമായ ശുദ്ധീകരണവും നജസില്‍ നിന്നും മ്ലേഛതകളില്‍ നിന്നും മാലിന്യങ്ങളില്‍ നിന്നും അശുദ്ധികളില്‍ നിന്നും മുക്തമാകുന്ന ബാഹ്യമായ ശുദ്ധീകരണവും ഇതില്‍ ഉള്‍പ്പെടും. മനുഷ്യ സഹജമായ മാലിന്യങ്ങളില്‍ നിന്ന് വരെ മുക്തമാകാന്‍ ഇസ്‌ലാം ഉദ്ദേശിക്കുന്നു. അതിനാല്‍ തന്നെ ആര്‍ത്തവ നാളുകളില്‍ സ്ത്രീ സംസര്‍ഗം അത് വിലക്കി. അല്ലാഹു വിവരിക്കുന്നു: ‘.ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്. അവര്‍ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു. (അല്‍ ബഖറ 222). സംയോഗത്തിനു ശേഷം സ്ത്രീ പുരുഷന്മാര്‍ കുളിച്ച് ശുദ്ധിയാകണമെന്നും ആര്‍ത്തവത്തിന്റെയും പ്രസവരക്തത്തിന്റെയും നാളുകള്‍ കഴിഞ്ഞാല്‍ സ്ത്രീകളും കുളിച്ച് ശുദ്ദിയാകണമെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു.
ഐഛികമായി വെള്ളിയാഴ്ച ദിനം പോലെ നിരവധി സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാം കുളി നിര്‍ബന്ധമാക്കുകയുണ്ടായി. വെള്ളത്തെ ശുദ്ദീകരണത്തിനുള്ള പ്രധാന മാധ്യമമാക്കി. മാലിന്യങ്ങള്‍ നീക്കം ചെയ്യാനും നന്നായി ശുദ്ധീകരിക്കാനുമുള്ള ഏറ്റവും നല്ല മാധ്യമമാണത്. ഇതെല്ലാം മനുഷ്യ ശരീരത്തിന്റെ സുരക്ഷക്കും ആരോഗ്യത്തിനും ഇസ്‌ലാം നല്‍കുന്ന പ്രത്യേക പരിഗണനയാണെന്ന് നമുക്ക് മനസ്സിലാക്കാം.

മൂത്രം പോലുള്ള മാലിന്യങ്ങളില്‍ നിന്ന് മുക്തമാകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രവാചകന്‍(സ) ഗൗരവത്തില്‍ താക്കീത് ചെയ്യുന്നതായി കാണാം. ‘പ്രവാചകന്‍(സ) മദീനയിലെ തോട്ടത്തിനരികിലൂടെ സഞ്ചരിക്കുമ്പോള്‍ ഖബറില്‍ നിന്ന് ശിക്ഷിക്കപ്പെടുന്ന രണ്ടുപേരുടെ ശബ്ദം കേട്ടു. ഇവര്‍ രണ്ടുപേരെയും ശിക്ഷിക്കപ്പെടുന്ന ശബ്ദമാണിതെന്ന് പ്രവാചകന്‍ പറഞ്ഞു. അതില്‍ ഒരാള്‍ മൂത്രമൊഴിക്കാന്‍ മറ സ്വീകരിക്കാത്തവനും രണ്ടാമന്‍ പരദൂഷണവും ഏഷണിയുമായി നടക്കുന്നവനാണ്. പിന്നീട് പ്രവാചകന്‍ പച്ചത്തണ്ട് എടുത്ത് രണ്ട് കീറാക്കി ആ രണ്ട് ഖബറിന്റെയും മുകളില്‍ നാട്ടി. ഇതെന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ പ്രവാചകന്‍ അരുളി. ഇതു ഉണങ്ങാതിരിക്കുവോളം അവര്‍ക്ക് ശിക്ഷയില്‍ ലഘൂകരണം സാധ്യമായേക്കാം’. വസ്ത്രത്തിലും ശരീരത്തിലും മൂത്രമാകുന്നതിനെ കുറിച്ച് ജാഗ്രത നല്‍കുന്ന ഹദീസാണിത്. അതില്‍ നിന്ന് ശുദ്ധിയാകാനും മുക്തമാകാനും ഈ ഹദീസ് നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ നിര്‍ബന്ധമായ ബാധ്യതയാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഇപ്രകാരമാണ്: ‘ നിങ്ങള്‍ മൂത്രത്തില്‍ നിന്നും ശുദ്ധീകരിക്കുക, ഖബറില്‍ കൂടുതല്‍ പേര്‍ ശിക്ഷിക്കപ്പെടുന്നത് അതിന്റെ പേരിലാണ്.’ ഈ കാരണത്താല്‍ മൂത്രം പോലുള്ള മാലിന്യങ്ങള്‍ ശരീരത്തിലും വസ്ത്രത്തിലും ചേരുന്നതിനെ വളരെ ഗൗരവത്തോടെ നാം സമീപിക്കേണ്ടതുണ്ട്.

ശുചിത്വത്തിനും വൃത്തിക്കും പരിഗണന നല്‍കുന്നതിലൂടെ മനുഷ്യന്റെ സംസ്‌കരണമാണ് ഇസ്‌ലാം ഉദ്ദേശിക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ ഓരോ വശത്തെ കുറിച്ചും നാം ചിന്തിക്കുകയാണെങ്കില്‍ ഇസ്‌ലാമിക ശരീഅത്ത് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കി അവനോടൊപ്പം സഞ്ചരിക്കുന്നതായി നമുക്ക് കാണാം. വൃത്തിയുടെയും ശുചിത്വത്തിന്റെയും കാര്യത്തില്‍ പൂര്‍വീകമായ എല്ലാ നാഗരികതകളെയും ഇസ്‌ലാമിക ശരീഅത്ത് മറികടക്കുന്നതായി കാണാം. മുസ്‌ലിം സമൂഹം അതിന്റെ നാഗരികമായ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ ഈ മേഖലയില്‍ ലോകത്തിന് മാതൃകയായി നിലകൊണ്ടതും ഇതേ കാരണത്താലാണ്.

ശുചിത്വവും വൃത്തിയും നാഗരികതയുടെയും സംസ്‌കാരത്തിന്റെയും പ്രതീകങ്ങള്‍ മാത്രമല്ല, മറിച്ച് മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട മതത്തിന്റെ നിയമവും ബാധ്യതയുമാണ്. സര്‍വത്ര വെള്ളമുണ്ടായാലും ദിനേന അഞ്ചുനേരം ശരീരാവയവങ്ങള്‍ കഴുകി ശുദ്ധീകരിക്കുന്ന ഒരു നാഗരികതയെയും ദര്‍ശനത്തേയും നമുക്ക് കാണാന്‍ കഴിയുകയില്ല. ഇസ്‌ലാമിക ദര്‍ശനത്തിലൂടെ മുസ്‌ലിംകള്‍ക്ക് മാത്രമാണ് ഈ ഭാഗ്യവും ശ്രേഷ്ടതയും ഔന്നിത്യവും നല്‍കപ്പെട്ടിട്ടുള്ളത്. ഇസ്‌ലാം ഇതിലൂടെ മനുഷ്യ ജീവിതത്തിന് വ്യവസ്ഥയും ക്രമീകരണവും ആരോഗ്യവും പ്രദാനം ചെയ്യുകയും ശരീരത്തെ രോഗങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും പരിരക്ഷിക്കുകയും ചെയ്യുന്നു.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Facebook Comments
Related Articles
Close
Close