Health

മുസ്‌ലിം വൈദ്യശാസ്ത്രജ്ഞരുടെ സംഭാവനകള്‍

ജീവിതത്തിന്റെ അടിസ്ഥാന വിജ്ഞാനീയങ്ങളിലൊന്നായി വൈദ്യശാസ്ത്രം എണ്ണപ്പെടുന്നു. ഇസ്‌ലാമിക നാഗരികതയുടെ പ്രശോഭിത കാലഘട്ടങ്ങളില്‍ മുസ്‌ലിങ്ങള്‍ ഇതിന് വലിയ സംഭാവനകളര്‍പ്പിച്ചിരുന്നു. ഫഖ്‌റുദ്ദീന്‍ റാസി, ഇബ്‌നു സീന, സഹ്‌റാവി, ഇബ്‌നു ഈസ അല്‍ കഹാല്‍ തുടങ്ങിയ പ്രഗല്‍ഭരായ പണ്ഡിതവര്യന്മാര്‍ ഇക്കാലത്ത് ഉടലെടുക്കുകയുണ്ടായി. ലോകം അവരുടെ സംഭാവനകള്‍ വളരെ ആവേശത്തോടെ സ്വീകരിക്കുകയും അവരെ ആദരവോടെ കണക്കാക്കുകയും ചെയ്തു.

ജീവശാസ്ത്രം അല്ലെങ്കില്‍ പ്രാപഞ്ചികശാസ്ത്രം
പ്രാപഞ്ചിക ശാസ്ത്രം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പ്രായോഗിക ശാസ്ത്രം തുടങ്ങിയ പേരുകളില്‍ ജീവശാസ്ത്രം അറിയപ്പെടുന്നുണ്ട്. ശറഈ വിജ്ഞാനങ്ങളുമായി നേരിട്ട് ബന്ധമുള്ളതുകൊണ്ടാണ് ജീവശാസ്ത്രം എന്ന പേരിന് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. കാരണമത് ഭൂമുഖത്തെ ജീവിതസംസ്‌കരണവുമായി ബന്ധപ്പെട്ടതാണ്. ഉപകാരപ്രദമായ വിജ്ഞാനങ്ങള്‍ കരഗതമാക്കുന്നതോടെ ഭൂമിയുടെ പരിപാലനത്തിനും അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും കഴിയുന്നു. ഇസ്‌ലാമിന്റെ തണലില്‍ ജീവശാസ്ത്രങ്ങള്‍ക്ക് വലിയ വളര്‍ച്ചയുണ്ടായിരുന്നു. ലോകത്തിന്റെ കടിഞ്ഞാണ്‍ അധീനപ്പെടുത്തിയത് പോലെ ഈ വിജ്ഞാനീയങ്ങളുടെ കടിഞ്ഞാണും മുസ്‌ലിങ്ങള്‍ക്കായിരുന്നു. പ്രസ്തുത വിജ്ഞാന സമ്പാദനാര്‍ത്ഥം എത്തിയ യൂറോപ്യന്‍ വിദ്യാര്‍ഥികള്‍ക്ക് മുസ്‌ലിം യൂണിവേഴ്‌സിറ്റികള്‍ തുറന്നു കൊടുത്തു. യൂറോപ്യന്‍ രാജാക്കന്മാരും ഭരണാധികാരികളും ചികില്‍സാവശ്യാര്‍ഥം മുസ്‌ലിം രാഷ്ട്രങ്ങളില്‍ എത്തുകയുണ്ടായി. ഫ്രഞ്ചുകാരനായ ഗുസ്താവ് ലീബോന്‍ പറയുകയുണ്ടായി. ‘മുസ്‌ലിങ്ങള്‍ ഫ്രാന്‍സ് അധീനപ്പെടുത്തിയിരുന്നെങ്കില്‍ മുസ്‌ലിം സ്‌പെയ്‌നിലെ കൊര്‍ദോവ പോലെ ഫ്രാന്‍സും ആകുമായിരുന്നു. അപ്രകാരം നാഗരികാടിസ്ഥാനത്തില്‍ യൂറോപ്പ് മുസ്‌ലിങ്ങളോട് കടപ്പെട്ടിരിക്കുന്നു’. ജീവശാസ്ത്രത്തിന് മുസ്‌ലിം ശാസ്ത്രഞ്ജന്മാര്‍ നല്‍കിയ മഹത്തായ സംഭാവനകളും മനുഷ്യ സഞ്ചാരപദത്തില്‍ അവയുണ്ടാക്കിയ പരിവര്‍ത്തനങ്ങളും നാം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്.

നിലവിലെ ശാസ്ത്രസംഭാവനകളുടെ വികാസം
മുസ്‌ലിങ്ങളുടെ നവോത്ഥാനത്തിന് മുമ്പുള്ള നാഗരികതകള്‍ സംഭാവന ചെയ്ത ധാരാളം ശാസ്ത്ര കണ്ടെത്തലുകളുണ്ട്. മുസ്‌ലിങ്ങള്‍ അവരുടെ നാഗരികതയുടെ ഉയര്‍ത്തെഴുന്നേല്‍പിന്റെ സമയത്ത് ഇത്തരം സംഭാവനകളെ പ്രയോജനപ്പെടുത്തുകയും അവ അഭിമാനപൂര്‍വ്വം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ സംഭാവനകള്‍ പകര്‍ത്തുക മാത്രമല്ല ചെയ്തത്. മറിച്ച് അവ വികസിപ്പിക്കുകയും അതിലേക്ക് നൂതനമായ പല ആവിഷ്‌കാരങ്ങളും കണ്ടുപിടുത്തങ്ങളും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. തദനുസൃതമായി അത്തരം സംഭാവനകളുടെ ആധിപത്യവും മുസ്‌ലിങ്ങളുടെ കൈകളിലൊതുങ്ങുകയുണ്ടായി.

വൈദ്യശാസ്ത്ര വികാസം: മുസ്‌ലിം ശാസ്ത്രജ്ഞരുടെ കരങ്ങളാല്‍
മുസ്‌ലിം നാഗരികതകളുടെ പ്രശോഭിത കാലഘട്ടത്തില്‍ ജീവശാസ്ത്രത്തിന്റെ പ്രധാന ഘടകമായ വൈദ്യശാസ്ത്രത്തില്‍ നിര്‍ണായകമായ സംഭാവനകളര്‍പ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. അതിന്റെ സമഗ്രതയിലും സവിശേഷതയിലും മുന്‍മാതൃകയില്ലാത്തവയായിരുന്നു അവ. ഈ ശാശ്വതമായ കണ്ടുപിടുത്തങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ മുസ്‌ലിം നാഗരികതക്കു മുമ്പ് വൈദ്യശാസ്ത്രം ഉണ്ടായിരുന്നില്ലേ എന്ന് സംശയിപ്പിക്കുന്ന വിധത്തിലായിരുന്നു. രോഗികളെ ചികില്‍സിക്കുന്നതില്‍ മാത്രം ഈ പുതുമ പരിമിതമായിരുന്നില്ല. വൈദ്യശാസ്ത്ര പരിശീലനത്തിനും രോഗപ്രതിരോധ ശേഷിക്കും അത്യാവശ്യമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും പോലുള്ള മുഴുവന്‍ മേഖലകളിലും അതിന്റെ സ്വാധീനം പ്രതിഫലിക്കുകയുണ്ടായി.

അപൂര്‍വ്വ പ്രതിഭാശാലികളായ ഒരു വൈദ്യശാസ്ത്ര സംഘത്തെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നത് വൈദ്യശാസ്ത്ര രംഗത്തെ ഇസ്‌ലാമിന്റെ മഹത്തായ സംഭാവനയാണ്. വൈദ്യശാസ്ത്രത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്കു വഹിച്ചതിനാല്‍ ഇതുവരെയുളള ഡോക്ടര്‍മാരുടെ തലമുറകള്‍ അവരുടെ സരണിയെയാണ് അനുധാവനം ചെയ്യുന്നത്.
മനുഷ്യന്റെ ഭൂമുഖവാസം മുതല്‍ അവരുടെ ബൗദ്ധിക നിലവാരവും വളര്‍ച്ചയുമനുസരിച്ചുള്ള വൈദ്യചികിത്സകള്‍ മനുഷ്യനുപയോഗിച്ചിട്ടുണ്ട്. അത്തരം വൈദ്യശാസ്ത്ര ഇനങ്ങള്‍ പ്രാഥമിക വൈദ്യം എന്ന പേരില്‍ അറിയപ്പെടുന്നു. ഇബ്‌നു ഖല്‍ദൂന്‍ പറയുന്നു ‘എല്ലാ കാലത്തും ജനങ്ങള്‍ അവരുടെ അനുഭവ പരിചയമനുസരിച്ചുള്ള വൈദ്യം ഉപയോഗിച്ചിരുന്നു. അത് അവരുടെ ഗുരുക്കളില്‍ നിന്ന് അനന്തരമായെടുത്തതാണ്. അതില്‍ പലതും ശരിയാകും. പക്ഷെ, പ്രത്യേകമായ നിയമസംഹിതകളൊന്നുമുണ്ടായിരുന്നില്ല. ഇസ്‌ലാമിന്റെ ആഗമന സമയത്ത് ജാഹിലിയ്യ അറബികളുടെയരികില്‍ ചില ചികിത്സാ രീതികളുണ്ടായിരുന്നു. പ്രവാചകന്‍(സ) അതിനെ പ്രോല്‍സാഹിപ്പിച്ചു. ഉസാമതു ബിന്‍ ശുറൈഹിനോട് നബി (സ) പറഞ്ഞു. ‘നിങ്ങള്‍ ചികിത്സിക്കുക: വാര്‍ദ്ധക്യത്തിനൊഴികെ മറ്റെല്ലാ രോഗത്തിനും അല്ലാഹു ചികിത്സ നിര്‍ണയിച്ചിട്ടുണ്ട്’. തേന്‍, കാരക്ക, ഔഷധ സസ്യങ്ങള്‍ തുടങ്ങിയവ കൊണ്ടുള്ള പ്രവാചക ചികിത്സകള്‍ പ്രസിദ്ധമാണ്. മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ പ്രവാചക ചികിത്സക്ക് പ്രത്യേക പരിധിയൊന്നും നിര്‍ണയിച്ചിട്ടില്ല. ഇത്തരം വിജ്ഞാനങ്ങള്‍ നിരന്തര അന്വേഷണത്തിനും പഠനത്തിനും അവര്‍ വിധേയമാക്കുകയുണ്ടായി. വിജ്ഞാനം എവിടെ നിന്ന് ലഭിച്ചാലും കരഗതമാക്കുക, ഉപകാരപ്രദമായ വിജ്ഞാനീയങ്ങളെല്ലാം ആര്‍ജ്ജിക്കുക എന്ന ഇസ്‌ലാമിക പാഠങ്ങളാണ് അവരെ അതിന് പ്രേരിപ്പിച്ചത്. ഇസ്‌ലാമിക രാഷ്ട്രത്തില്‍ യൂനാനി ചികിത്സ പരിചയപ്പെടുത്തിയത് മുസ്‌ലിം വൈദ്യന്മാരായിരുന്നു. ഭരണാധികാരികള്‍ റോമിലെ ഡോക്ടര്‍മാരെ തങ്ങളുടെ രാഷ്ട്രത്തേക്ക് കൊണ്ടുവരികയും മുസ്‌ലിം ഡോക്ടര്‍മാര്‍ അവരില്‍ നിന്ന് വിജ്ഞാനം സ്വീകരിക്കുകയും അവരുടെ മൂല്യവത്തായ രചനകള്‍ തര്‍ജമ ചെയ്യുകയും ചെയ്തു. അമവി കാലഘട്ടത്തിലാണ് ഇതിന് മുന്തിയ പരിഗണന ലഭിച്ചത്.

അനശ്വരരായ മുസ്‌ലിം വൈദ്യശാസ്ത്രജ്ഞന്മാര്‍

അബൂബക്കര്‍ റാസി

ആദ്യമായി വൈദ്യശാസ്ത്ര രംഗത്തെ വിവിധ വിഷയങ്ങളാക്കി വര്‍ഗീകരണം നടത്തി എന്നത് മുസ്‌ലിം ശാസ്ത്രജ്ഞന്മാരുടെ സവിശേഷതയാണ്. അവരില്‍ നേത്ര വിദഗ്ദ്ധര്‍, സര്‍ജറി വിദഗ്ദ്ധന്‍, കൊമ്പുവെക്കുന്നവര്‍, സത്രീരോഗ വിദഗ്ദ്ധര്‍ എന്നിവരെല്ലാം ഉണ്ടായിരുന്നു. അക്കാലത്തെ പ്രതിഭാശാലികളില്‍ പ്രമുഖനായിരുന്നു ചരിത്രത്തില്‍ വൈദ്യശാസ്ത്ര സംഭാവനകളാല്‍ സമ്പന്നമായ അബൂബക്കര്‍ റാസി. അബ്ബാസി കാലഘട്ടത്തില്‍ വൈദ്യശാസ്ത്രത്തിന്റെ സര്‍വ്വ മേഖലകളിലും മുസ്‌ലിങ്ങള്‍ കഴിവ് തെളിയിക്കുകയുണ്ടായി. തര്‍ജുമയിലും മറ്റുള്ളവരുടെ സംഭാവനകള്‍ പകര്‍ത്തിയെഴുതുന്നതിലും ഒതുങ്ങിക്കൂടാതെ പൂര്‍വ്വീകരുടെ തെറ്റുകള്‍ തിരുത്താനും പുതിയ കണ്ടെത്തലുകള്‍ നടത്താനും അവര്‍ മുന്നോട്ട് വന്നു.

അലി ബിന്‍ ഈസ അല്‍ കഹാല്‍
ഓഫ്താല്‍മോളജി മുസ്‌ലിം നാഗരികതയില്‍ പുരോഗതി പ്രാപിക്കുകയുണ്ടായി. ഗ്രീക്കുകാര്‍ക്കോ, ലാറ്റിന്‍കാര്‍ക്കോ, അവരുടെ പിന്മുറക്കാര്‍ക്കോ എത്തിച്ചേരാന്‍ കഴിയാത്ത മേഖലയായാണിത്. വര്‍ഷങ്ങളോളം മുസ്‌ലിങ്ങളുടെ രചനകളായിരുന്നു വൈദ്യശാസ്ത്രത്തില്‍ ആധികാരിക തെളിവ്. ഓഫ്താല്‍മോളജിയെ ഒരു അറബി വൈദ്യശാസ്ത്രമായിക്കൊണ്ടാണ് മിക്ക ചരിത്രകാരന്മാരും പരിഗണിച്ചിരുന്നത്. മധ്യകാലഘട്ടത്തിലെ പ്രമുഖ ഓഫ്താല്‍മോളജിസ്റ്റായിരുന്നു അലിയ്യുബിന്‍ ഈസ അല്‍കഹാല്‍. അദ്ദേഹത്തിന്റെ മഹത്തായ സംഭാവനയാണ് അത്തദ്കിറ എന്ന ഗ്രന്ഥം.

അബുല്‍ ഖാസിം അസ്സഹ്‌റാവി

ഇസ്‌ലാമിക ചരിത്രത്തിലെ പ്രശസ്തനായ സര്‍ജറി വിദഗ്ദ്ധനായിരുന്നു അബുല്‍ ഖാസിം അസ്സഹ്‌റാവി. സര്‍ജറിക്കുള്ള നിയമങ്ങളും അടിസ്ഥാനങ്ങളും രൂപകല്‍പന നടത്തിയത് പോലെ ഓപറേഷനു ഉപയോഗിക്കുന്ന കത്രികയും കത്തിയും മറ്റു ഉപകരണങ്ങളെല്ലാം അദ്ദേഹമാണ് കണ്ടുപിടിച്ചത്. രക്തമൊഴുക്ക് തടയാനുള്ള സംവിധാനവും തുന്നലും രക്തം കട്ടപിടിപ്പിക്കലുമെല്ലാം അദ്ദേഹമാണ് കണ്ടുപിടിച്ചത്. അദ്ദേഹത്തിന്റെ ഗ്രന്ഥമായ ‘അത്തസ്വ്‌രീഫ്’ ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ ജെറാഡോ ലാറ്റിനിലേക്ക് തര്‍ജുമ ചെയ്യുകയുണ്ടായി. യൂറോപ്പിലെ മെഡിക്കല്‍ സയന്‍സ് സര്‍ജറി വിജ്ഞാനകോശത്തിന്റെ ഉപജ്ഞാതാവ് ഈ ഗ്രന്ഥത്തിലെ അഭിപ്രായങ്ങള് അംഗീകരിച്ചിട്ടുണ്ട്. സുഹ്‌റാവിയെ സര്‍ജറി വിഭാഗത്തിലെ ക്ലാസിക്കില്‍ ഗ്രന്ഥമായാണ് പരിഗണിക്കുന്നത്. ആറാം നൂറ്റാണ്ട് വരെ, ഏകദേശം അഞ്ചു നൂറ്റാണ്ടോളം സര്‍ജറിയില്‍ പ്രധാന അവലംഭമായിരുന്നു ഈ ഗ്രന്ഥം. അനവധി സര്‍ജറി മെഷീനുകളുടെ രൂപരേഖ ഇത് ഉള്‍ക്കൊള്ളുന്നുണ്ട്. പില്‍ക്കാലത്ത് വന്ന പശ്ചാത്യന്‍ സര്‍ജേറിയന്‍സിന് ഇത് പ്രധാന അവലംഭമായി ഈ ഗ്രന്ഥം മാറി. പതിനാലാം നൂറ്റാണ്ടിന് ശേഷം പ്രത്യക്ഷപ്പെട്ട എല്ലാ യൂറോപ്യന്‍ സര്‍ജേറിയന്‍മാരും ഈ സരണിയില്‍ നിന്ന് വേണ്ടുവോളം പാനം ചെയ്തവരാണ്.

 ഇബ്‌നു സീന

തന്റെ തനതായ കണ്ടുപിടുത്തങ്ങളിലൂടെ മനുഷ്യകുലത്തിന് മഹത്തായ സംഭാവനകളര്‍പിച്ച വൈദ്യശാസ്ത്രമേഖലയില്‍ വിളങ്ങി നില്‍ക്കുന്ന വ്യക്തിത്വമാണ് ഇബ്‌നുസീന. മാറാവ്യാധിയായ നിരവധി രോഗങ്ങള്‍ക്ക് ഔഷധങ്ങള്‍ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ശരീരശാസ്ത്രത്തിന്റെ പഠനത്തിന് സഹായകമായ ശാസ്ത്രീയ പരീക്ഷണങ്ങള്‍, പരീക്ഷണങ്ങള്‍ തുടങ്ങിയവയുടെ വിവരണം, സാംക്രമിക രോഗങ്ങളുടെയും ലൈംഗികവേഴ്ചയിലൂടെയും പകരുന്ന രോഗങ്ങളുടെ കണ്ടുപിടുത്തം, നാഢീ മനോരോഗ ശാസ്ത്രം തുടങ്ങിയവയെപ്പറ്റി സവിസ്തരം അദ്ദേഹം തന്റെ ഗ്രന്ഥങ്ങളിലൂടെ പ്രതിപാദിക്കുന്നുണ്ട്. മനുഷ്യ നേത്രത്തിന്റെ ഘടന ആദ്യമായി ശരിയായ വിവരണം നല്‍കിയത് ഇബ്‌നു സീനയാണ്. പ്രമേഹത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും അതിന്റെ വ്യത്യസ്ത ലക്ഷണങ്ങളെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. മുഖത്തുണ്ടാകുന്ന രണ്ട് രീതിയിലുള്ള തളര്‍വാതത്തെയും ഹൃദയം ശരീരത്തില്‍ ഒരു വാല്‍വായി ഹൃദയം പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. വര്‍ത്തമാന കാലത്തെ ചികിത്സാലയങ്ങളിലെ ഔഷധ സേവയുടെയും, ആധുനിക ചികിത്സ രീതികളുടെയും അടിസ്ഥാനമായി ഇപ്പോഴും ഇവ ഉപയോഗിക്കപ്പെടുന്നു. ഇസ്‌ലാമിക നാഗരികതയെ സമ്പന്നമാക്കിയ നൂറുകണക്കിന് പ്രതിഭാശാലികള്‍ ഇതു പോലെ ചരിത്രത്തില്‍ നമുക്ക് ഇനിയും കണ്ടെത്താന്‍ കഴിയുന്നതാണ്.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്


 

Facebook Comments
Related Articles

3 Comments

Leave a Reply

Your email address will not be published.

Close
Close