Health

പകര്‍ച്ചവ്യാധികളും ഇസ്‌ലാമും

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സാംക്രമിക രോഗങ്ങളുടെ നിര്‍മ്മാര്‍ജനത്തെ കുറിച്ചാണ് വൈദ്യശാസ്ത്രം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. പന്നിപ്പനിയും പക്ഷിപ്പനിയും എബോളയുമൊക്കെ സമീപകാലത്ത് ലോകത്തെ ആശങ്കയിലാഴ്ത്തിയ രോഗങ്ങളാണ്. ഇക്കാലത്ത് അടിസ്ഥാനസൗകര്യ വികസനങ്ങളിലും രാഷ്ട്രങ്ങളുടെ നയരൂപീകരണത്തിലും സാംക്രമിക രോഗനിര്‍മ്മാര്‍ജനം എന്ന ലക്ഷ്യം കൂടി കടന്നുവരുന്നു. ആഗോളവല്‍ക്കരണം സാംക്രമിക രോഗങ്ങള്‍ സര്‍വ്വവ്യാപിയാകാന്‍ കാരണമായിത്തീര്‍ന്നിട്ടുണ്ട്. വിമാനയാത്രകള്‍ അതിവേഗം രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് സാംക്രമിക രോഗങ്ങള്‍ പടരാന്‍ കാരണമാകുന്നു. ആഗോളതാപനം, യുദ്ധങ്ങള്‍, ഭക്ഷ്യക്ഷാമം, ജനസംഖ്യാ പെരുപ്പം, വനനശീകരണം, ജൈവ തീവ്രവാദം എന്നീ ആധുനിക പ്രശ്‌നങ്ങളൊക്കെ സാംക്രമിക രോഗങ്ങളുടെ നിര്‍മാര്‍ജനത്തിന് വെല്ലുവിളികളാണ്.

വാര്‍ത്താമാധ്യമങ്ങളിലൂടെ പന്നിപ്പനി, പക്ഷിപ്പനി പോലുള്ള രോഗങ്ങളുടെ ഭീകരതയെ കുറിച്ച് നാം അറിയാറുണ്ട്. 2003-2004 കാലഘട്ടത്തില്‍ SARS (സാര്‍സ്) എന്ന ശ്വാസകോശ രോഗം 8098 പേരെയാണ് കൊന്നത്. എബോള എന്ന എയ്ഡ്‌സിനേക്കാള്‍ വിനാശകാരിയായ പകര്‍ച്ചവ്യാധി ആഫ്രിക്കയില്‍ സംഹാരതാണ്ഡവമാടിയത് ഈ അടുത്താണ്. ലോകത്തെ ഏറ്റവും വലിയ സാംക്രമികരോഗ വിവരങ്ങളുടെ ഡാറ്റാബേസായ ജിഡിയോണ്‍ ഇന്‍ഫര്‍മാറ്റിക്‌സിന്റെ കണക്കുപ്രകാരം 1972-നു ശേഷം 20-ലധികം പുതിയ സാംക്രമിക രോഗങ്ങള്‍ ഉണ്ടായിരിക്കുന്നു.

സാംക്രമിക രോഗങ്ങള്‍ തടയുന്നതിനായി ചില അടിസ്ഥാന ശീലങ്ങളൊക്കെ നാം പിന്തുടരേണ്ടതുണ്ട്. കൈ വൃത്തിയായി സൂക്ഷിക്കുക, തുമ്മുമ്പോഴോ ചുമക്കുമ്പോഴോ വായ പൊത്തുക, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, പൊതുസ്ഥലങ്ങളിലുള്ള വിഹാരം നിയന്ത്രിക്കുക എന്നിങ്ങനെ. ആരോഗ്യമുള്ള വിശ്വാസികളുടെ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന ഒരു ആദര്‍ശമെന്ന നിലയില്‍ ഇസ്‌ലാം രോഗങ്ങളെ ഗൗരവപൂര്‍വം കാണുന്നു. ഒരു സമ്പൂര്‍ണ്ണ വിശ്വാസസംഹിതയായ ഇസ്‌ലാം ജനങ്ങളുടെയും സമൂഹത്തിന്റെയും ശാരീരികവും ആത്മീയവുമായ ആരോഗ്യസംരക്ഷണം ലക്ഷ്യം വെക്കുന്നു. പ്രവാചകന്‍(സ) 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ അനുചരന്മാര്‍ക്ക് പകര്‍ന്നു നല്‍കിയ വൃത്തിയുടെയും ശുദ്ധിയുടെയും സംസ്‌കാരം ഈ 21-ാം നൂറ്റാണ്ടിലും സ്വീകാര്യമാണ്. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ പൊത്തണമെന്ന പാഠം പ്രവാചക വചനങ്ങളില്‍ നമുക്ക് കാണാം. വായ പൊത്താതെ തുമ്മുന്നതും ചുമക്കുന്നതും ബാക്ടീരിയകളും വൈറസുകളും പടരാന്‍ കാരണമാകും. അതുപോലെ കണ്ണുകള്‍ക്ക് ദൃശ്യമാകാത്ത വെള്ളതുള്ളികള്‍ മറ്റുള്ളവരുടെ ശരീരത്തില്‍ പതിക്കാനും അത് കാരണമാകും. തുമ്മലിലൂടെയും ചുമയിലൂടെയുമാണ് SARS പകരുന്നതെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നു. നമ്മുടെ അടുത്തുള്ള ആളുകളിലേക്ക് കൂടി രോഗാണുക്കള്‍ പകരാന്‍ അത് കാരണമാകും. വൈറസ് പകരുന്നതും സമാനമായി തന്നെയാണ്. വൈറസ് ബാധിതമായ പ്രതലമോ വസ്തുവോ കൈ കൊണ്ട് തൊടുകയും അത് കണ്ണിലേക്കോ വായിലേക്കോ നയിക്കുകയും ചെയ്യുമ്പോള്‍ നമ്മളും വൈറസ് ബാധിതരായിത്തീരുന്നു.

ഇസ്‌ലാമിന്റെ ശുദ്ധിയുടെയും വൃത്തിയുടെയും മതമായാണ് അറിയപ്പെടുന്നത്. ഖുര്‍ആന്‍ പറയുന്നു: ”തിന്മയില്‍ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവരെയും ശുദ്ധിയുള്ളവരെയുമാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്'(അല്‍-ബഖറ:222). ശുദ്ധി വിശ്വാസത്തിന്റെ പകുതി ആണെന്നാണ് പ്രവാചകന്‍(സ) നമുക്ക് പഠിപ്പിച്ചു തന്നത്. ശരീരം ശുദ്ധമായി സൂക്ഷിക്കുക എന്നത് ഇസ്‌ലാമിലെ ആരാധനാകര്‍മ്മങ്ങളുടെ തന്നെ ഭാഗമാണ്. മലമൂത്രവിസര്‍ജ്ജനം നടത്തിയാല്‍ ഗുഹ്യഭാഗങ്ങള്‍ കഴുകി വൃത്തിയാക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ദിനേനയുള്ള അഞ്ചു നേരത്തെ പ്രാര്‍ത്ഥനകള്‍ക്ക് മുമ്പ് ഇരു കൈകാലുകളും മുഖവും മുസ്‌ലിം കഴുകേണ്ടതുണ്ട്. ഭക്ഷണം കഴിക്കുന്നതിന് മുമ്പും പിമ്പും അതുപോലെ ഉറങ്ങി എഴുന്നേറ്റു കഴിഞ്ഞാലും കൈകള്‍ കഴുകണമെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചു.

പന്നിപ്പനി, പക്ഷിപ്പനി പോലുള്ള രോഗങ്ങള്‍ തടയുന്നതിനുള്ള ആദ്യപടി എന്നത് കൈകള്‍ വൃത്തിയാക്കി സൂക്ഷിക്കുക എന്നത് തന്നെയാണ്. തുമ്മുകയോ ചുമക്കുകയോ ചെയ്തു കഴിഞ്ഞാല്‍ കൈകളും വായും മൂക്കും കഴുകി വൃത്തിയാക്കണം. അസുഖബാധിതനായി കഴിഞ്ഞാല്‍ വീട്ടില്‍ തന്നെ കഴിയുന്നതാണ് ഉത്തമം. ആളുകളുമായിട്ടുള്ള സമ്പര്‍ക്കം പരമാവധി കുറക്കുന്നും രോഗങ്ങള്‍ പകരുന്നത് തടയാന്‍ സഹായിക്കും. പകര്‍ച്ചവ്യാധികള്‍ തടയാന്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മാര്‍ഗങ്ങള്‍ ദീര്‍ഘവീക്ഷണത്തോടു കൂടിയതാണ്. പ്രവാചകന്‍(സ) പഠിപ്പിച്ചു: ”ഒരു നാട്ടില്‍ പ്ലേഗ് ബാധിച്ചിട്ടുണ്ടെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ആ നാട്ടിലേക്ക്  പ്രവേശിക്കരുത്. ഇനി നിങ്ങള്‍ താമസിക്കുന്ന നാട്ടില്‍ പ്ലേഗ് ബാധിച്ചാല്‍ നിങ്ങള്‍ ആ നാടുവിട്ടു പോവുകയും ചെയ്യരുത്’. രോഗമുള്ളവര്‍ ആരോഗ്യവാന്മാരെ സന്ദര്‍ശിക്കരുതെന്നും പ്രവാചകന്‍(സ) പഠിപ്പിച്ചു.

രോഗങ്ങള്‍ പടരാതിരിക്കാന്‍ രോഗികളെ ഏകാന്തവാസത്തിലാക്കുക അല്ലെങ്കില്‍ രോഗികളെ മാത്രമായി താമസിപ്പിക്കുക എന്ന രീതി ഇന്ന് ആരോഗ്യസംഘടനകളും മറ്റും പിന്തുടരുന്നതാണ്. രോഗികളുടെ വാഹനസഞ്ചാരം നിയന്ത്രിക്കുക എന്നതും ഇക്കാലത്ത് സ്വീകരിച്ചു വരുന്നു. ഇസ്‌ലാമിന്റെ അധ്യാപനങ്ങളും തത്വങ്ങളും മുഴുവന്‍ മനുഷ്യരുടെയും ക്ഷേമം മുന്‍നിര്‍ത്തി കൊണ്ടുള്ളതാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കല്‍പിക്കുന്നതിലൂടെ വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മയാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കുക എന്നത് ഇസ്‌ലാമിന്റെ തന്നെ ആരോഗ്യ പരിപാലന മാര്‍ഗങ്ങളില്‍ ഒന്നുമാണ്. 21-ാം നൂറ്റാണ്ടിലും മനുഷ്യര്‍ സ്വീകരിക്കുന്ന ആരോഗ്യ പരിപാലന മാര്‍ഗങ്ങള്‍ പ്രവാചകന്‍(സ) നൂറ്റാണ്ടുകള്‍ക്കു മുമ്പ് പഠിപ്പിച്ച മാര്‍ഗങ്ങള്‍ തന്നെയാണ്.

വിവ: അനസ് പടന്ന

Facebook Comments
Related Articles
Close
Close