Current Date

Search
Close this search box.
Search
Close this search box.

നാമാണ് നമ്മുടെ സന്തോഷത്തിന്റെ കാരണം കണ്ടത്തേണ്ടത്!

നാം നമ്മുടെ ജീവതത്തില്‍ പ്രശ്‌നങ്ങളും, പ്രതിസന്ധികളും, പരീക്ഷണങ്ങളും അഭിമുഖീകരിക്കുന്നുവെങ്കിലും, ഒരു നിമിഷമെങ്കിലും സന്തോഷിക്കാനാണ് ശ്രമിക്കാറുള്ളത്. അത് നമ്മുടെ സങ്കടങ്ങളും വേദനകളും മായ്ച്ചുകളയുന്നതിന് വേണ്ടിയാണ്. എന്നാല്‍, ചിലര്‍ തങ്ങളുടെ വേദനകളും ദു:ഖങ്ങളും അതിജയിക്കാന്‍ തെല്ലും  പരിശ്രമിക്കാതെ അതിന് കീഴൊതുങ്ങുന്നു. നമ്മുടെ സന്തോഷം നമ്മുടെ തീരുമാനമാണ്, നമ്മുടെ സങ്കടങ്ങള്‍ നമ്മള്‍ തെരഞ്ഞെടുക്കുന്നതാണ്- എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഒന്നുകില്‍ നമുക്ക് സന്തോഷത്തിനായി പോരാടാനും, അല്ലെങ്കില്‍ ദു:ഖങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും കീഴടങ്ങാനും കഴിയുന്നു. സന്തോഷം നമ്മില്‍നിന്ന് തന്നെയാണ്! മറ്റാരെയും കാത്തുനില്‍ക്കാതെ നമ്മുടെ സന്തോഷത്തിന് കാരണമാകേണ്ടത് നാം തന്നെയാണ്! ജിവിതത്തിന് പിന്നാലെ സഞ്ചിരിക്കുന്നവര്‍ക്കല്ലാതെ ജീവിതമൊന്നും നല്‍കുന്നില്ല. അപ്രകാരം ജീവിതത്തെ കാണുന്നില്ലെങ്കില്‍ നാം അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ നമ്മുടെ സന്തോഷത്തെ കെടുത്തികളയുന്നതാണ്. പിന്നീട് ആര്‍ക്കും നമ്മെ ഒരിക്കലും സന്തോഷിപ്പിക്കാന്‍ കഴിയുകയില്ല.

നാം സന്തോഷത്തെ കുറിച്ച് സംസാരിക്കുമ്പോള്‍, ‘ഞാന്‍’ ‘തീരുമാനം’ എന്നീ രണ്ട് പദങ്ങള്‍ പരസ്പരം ചേര്‍ത്ത് മനസ്സിലാക്കേണ്ടതുണ്ട്. നാം തീരുമാനിക്കുന്നില്ല എങ്കില്‍ ഒരു ദിവസം പോലും നമുക്ക് സന്തോഷിക്കാന്‍ കഴിയുകയില്ല. സങ്കട കടലില്‍ മുങ്ങി നമ്മെ രക്ഷപ്പെടുത്താന്‍ ആരെങ്കിലും വരുമെന്ന് കാത്തിരുന്ന് നമ്മുടെ മണിക്കൂറുകളും, ദിവസങ്ങളും, മാസങ്ങളുമെന്തിനാണ് നാം പാഴാക്കുന്നത്! നം തീരുമാനിക്കുന്നില്ല എങ്കില്‍ നമ്മെ സങ്കടത്തിന്റെ പടിവാതില്‍ക്കല്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആര്‍ക്കും സാധ്യമല്ല. നമ്മുടെ സന്തോഷകരമായ സുന്ദര നിമിഷങ്ങളെ സങ്കടത്തിന്റെ കടലില്‍ മുങ്ങി കരഞ്ഞുതീര്‍ക്കുകയാണോ വേണ്ടതെന്ന് നാം സ്വന്തത്തോട് ചോദിക്കേണ്ടതുണ്ട്. സങ്കടത്തിന് കീഴൊതുങ്ങികൊണ്ടാണോ നാം ജീവിക്കേണ്ടത്? ഇവയെല്ലാം നാം പരിഹരിക്കേണ്ടതില്ലേ?

Also read: നാഗരിക വളര്‍ച്ചയും പ്രകൃതി ദുരന്തങ്ങളും; ഇബ്നു ഖല്‍ദൂന്‍റെ വീക്ഷണം

തീര്‍ച്ചയായും, സങ്കടത്തിന്റെ കയത്തില്‍ മുങ്ങികൊണ്ടല്ല നാം മുന്നോട്ടുപോകേണ്ടത്. നമ്മുടെ സങ്കടങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കാന്‍ കഴിയുന്നത് നമുക്ക് മാത്രമാണ്. ഒന്നുകില്‍ ആ കടലിലേക്ക് ഊളിയിട്ട് മുങ്ങി മുങ്ങി സ്വയം ഇല്ലാതാവാം. അതല്ലെങ്കില്‍, മഴത്തുള്ളികള്‍ മുഖത്തേക്ക് തെറിക്കുമ്പോള്‍ കൈകൊണ്ട് തുടക്കുന്നതുപോലെ മായ്ച്ചുകളയാവുന്നതുമാണ്. അതെ, സങ്കടങ്ങളെ ചെറിയ മഴത്തുള്ളികളെ പോലെ കാണാന്‍ തീരുമാനിക്കുകനും, അല്ലെങ്കില്‍ ആഴമേറിയ കടലായി കാണാനും നമുക്ക് കഴിയുന്നു. സങ്കടത്തിന്റെ പരപ്പും ആഴവും തീരുമാനിക്കുന്നത് നാം അല്ലാതെ മറ്റാരുമല്ല. മരിച്ചുപോയവരുടെ ശവകുടീരങ്ങള്‍ക്കടുത്ത് നിന്ന് കരയുന്നത് പ്രയോജനകരമായിരുന്നെങ്കില്‍ അവര്‍ക്ക് നഷ്ടപ്പെട്ടവരെ തിരിച്ചുകിട്ടുകയും, അവരുടെ പ്രയാസങ്ങള്‍ ഇല്ലാതാവുകയും ചെയ്യുമായിരുന്നു. അങ്ങനെയാണെങ്കില്‍ ഇത് വളരെ എളുപ്പമുള്ള കാര്യമാണല്ലോ? ഒരു ദരിദ്രനും കരഞ്ഞുകൊണ്ട് സമ്പന്നനായിട്ടില്ല, ഒരു അനാഥക്കും സങ്കടപ്പെട്ടിതുകൊണ്ട് രക്ഷിതാക്കള്‍ തിരിച്ചുവന്നിട്ടുമില്ല!

ജീവിതം അതര്‍ഹിക്കുന്നില്ലെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. നമ്മള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ദു:ഖവും സങ്കടങ്ങളും അല്ലാഹുവില്‍ നന്നുള്ള പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല. അല്ലാഹുവിന് തന്റെ അടിമയെ ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ പരീക്ഷിക്കുമെന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതിന് അല്ലാഹുവിന് അവകാശമുണ്ട്. അല്ലാഹുവില്‍ നിന്നല്ലാതെ നമുക്ക് സഹായത്തിനായി മറ്റൊരു മാര്‍ഗവുമില്ല. ജീവിതത്തില്‍ ഒരു പ്രയാസവും നേരിടാതെ ഒരു ദാസന് എങ്ങനെയാണ് ശാശ്വതമായ സന്തോഷം ആഗ്രഹിക്കാന്‍ കഴുയക?

നമുക്ക് സ്വയം സന്തോഷിക്കാന്‍ ധാരാളം വഴികള്‍ അല്ലാഹു പ്രത്യേകമായി നല്‍കിയിരിക്കുന്നു. ഒന്നാമത്തേത് നമസ്‌കാരം അതിന്റെ സമയത്ത് നിര്‍വഹിക്കുക എന്നതുതന്നെയാണ്. അതാണ് സന്തോഷത്തിന്റെ അടിസ്ഥാനം. നമസ്‌കാരത്തെ അലസമായി സമീപിക്കുകയും, ഉപേക്ഷിക്കുകയും ചെയ്ത് ഒരുപാട് നമസ്‌കരിക്കാനുണ്ടായിരിക്കെ നമുക്കെങ്ങനയാണ് സന്തോഷിക്കാന്‍ കഴിയുന്നത്! നമ്മുടെ നമസ്‌കാരം നാം വൈകിപ്പിക്കുകയാണെങ്കില്‍ അല്ലാഹു നമ്മുടെ സന്തോഷത്തെയും വൈകിപ്പിക്കുന്നതായിരിക്കും. തീര്‍ച്ചയായും, എന്നെ സംബന്ധിച്ചിടത്തോളം നമസ്‌കാരം ഉപേക്ഷിക്കുകയും തുടര്‍ന്ന് തങ്ങളുടെ പ്രയാസങ്ങളും സങ്കടങ്ങളും അല്ലാഹുവിനോട് പരാതിപറയുകയും ചെയ്യുകയുന്നവരുടെ കാര്യം എന്നില്‍ ആശ്ചര്യമുളവാക്കുന്നതാണ്. അല്ലാഹുവിന് സുജൂദും റുകൂഉം ചെയ്യാതെ അവന്റെ വാതില്‍ മുട്ടുന്നു! നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ ആദ്യം നമസ്‌കരിക്കുക. ശേഷം നിങ്ങളുടെ പരാതികള്‍ അവനോട് പറയുക. നിങ്ങള്‍ക്ക് സന്തോഷം ലഭിക്കുന്നില്ലയെങ്കില്‍ അല്ലാഹുവുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ കുറവ് വരുത്തിയിരിക്കുന്നു എന്നതാണ്. അപ്പോള്‍, നിങ്ങളും നിഷേധികളും തമ്മില്‍ വ്യത്യാസമില്ലാതായി തീരുന്നു.

Also read: മസ്ജിദുകളുടെ അദൃശ്യമാകുന്ന ഉത്തരവാദിത്തങ്ങള്‍

മറ്റുള്ളവര്‍ക്ക് ധാനം നല്‍കുക എന്നത് മനസ്സിന് സന്തോഷം നല്‍കുന്ന കാര്യമാണ്. നമ്മിലെ ഓരോരുത്തരും ദരിദ്രരെ സന്തോഷിപ്പിക്കാനും, പ്രയാസമനുഭവിക്കുന്നവരുടെ മഖുത്ത് പുഞ്ചിരി വിടര്‍ത്താനും പരിശ്രമിക്കുകയാണെങ്കില്‍ നമ്മില്‍നിന്ന് ആ ദിവസം പുഞ്ചിരി മാഞ്ഞുപോവുകയില്ല. മറ്റുള്ളവരുടെ മുഖത്തെ പുഞ്ചിരി നമ്മെയും സന്തോഷിപ്പിക്കുന്നതാണ്. മറ്റുള്ളവരെ സന്തോഷിപ്പിക്കുകയെന്നത് നമ്മുടെ സന്തോഷം വര്‍ധിപ്പിക്കുന്നതാണ്. ധാരാളമായി പുഞ്ചിരിക്കുന്നത് മനസ്സിന് ഗുണാത്മകമായ സമീപനവും പ്രതീക്ഷയും രൂപപ്പെടുത്താന്‍ സഹായകമാണ്. ഈ പുഞ്ചിരി പെട്ടെന്ന് ഇല്ലാതാവുകയില്ല. പിന്നീട് നാം പുഞ്ചിരിക്കുന്നതിനുള്ള കാരണമന്വോഷിച്ചോ, വ്യക്തിയെ അന്വേഷിച്ചോ പോകേണ്ടതില്ല. കണ്ണാടിയില്‍ നീ സ്വയം പുഞ്ചിരിക്കുന്നത് കണ്ടാല്‍ മാത്രം മതി. ആ പുഞ്ചിരി നിന്റെ സൗന്ദര്യത്തെ വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല. ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ നീ പുഞ്ചിരിക്കുക. പ്രയാസമേറിയ ദിവസമാണെങ്കിലും നീ പുഞ്ചിരിക്കാന്‍ വേണ്ടി ശ്രമിക്കുക. നിന്റെ കൈയിലാണ് നീ സന്തോഷിക്കാനുള്ള തീരുമാനമുള്ളത്. അതിനാല്‍ നിന്റെ ജീവിതം മുഴുവന്‍ പുഞ്ചിരിയോടയായിരിക്കാന്‍ ശ്രദ്ധിക്കുക. അത് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതാണ്. അതിനെല്ലാം മുമ്പ് നിന്നെയും അത് സന്തോഷിപ്പിക്കുന്നു.

Also read: ശഹീന്‍ ബാഗ് സമരമുഖം ഇന്ത്യയെ ഏകോപിപ്പിക്കുന്ന വിധം

പ്രയാസങ്ങളെല്ലാം നേരിട്ടതിനുശേഷം വിജയം കൈവരിക്കുമ്പോള്‍ അതിന് പ്രത്യേകമായ ഒരു അനുഭൂതിയാണ് ഉണ്ടാവുക. പ്രയാസങ്ങളിലൂടെ കൈവരുന്ന വിജയത്തിന് സവിശേഷമായ മാധുര്യമാണ് അനുഭവിക്കാന്‍ കഴിയുന്നു. ശാശ്വതമായ സന്തോഷത്തിന് വേണ്ടിയുള്ള വഴിയില്‍ സഞ്ചരിക്കുമ്പോള്‍, ഈ ലോകത്തെ ചെറിയ പ്രയാസങ്ങളെ എന്തുകൊണ്ട് നമുക്ക് അഭിമുഖീകരിക്കാന്‍ കഴിയുന്നില്ല. ദു:ഖവും പ്രയാസവുമില്ലാത്ത ഇടമെന്നത് സ്വര്‍ഗമാണ്. സ്വര്‍ഗവുമായി ഈ കാണുന്ന നശ്വരമായ ദുനിയാവിനെ താരതമ്യം ചെയ്യുമ്പോള്‍, അതിന് വേണ്ടി കരഞ്ഞ് ഒരു തുള്ളി കണ്ണുനീര്‍ പോലും ഒഴിക്കേതില്ലെന്ന് നമുക്ക് ബോധ്യപ്പെടുന്നതാണ്. ഇത് കേവലമായ വര്‍ത്തമാനമല്ല. മറിച്ച്, ഇത് ഇസ്‌ലാം മുന്നോട്ടുവെക്കുന്നതും പ്രവാചകന്‍ അവതരിപ്പിച്ചതുമായ യാഥാര്‍ഥ്യങ്ങളും വസ്തുതകളുമാണ്.

വിവ: അര്‍ശദ് കാരക്കാട്‌

Related Articles