Current Date

Search
Close this search box.
Search
Close this search box.

ഹിതകരമാവുന്ന അവിഹിതങ്ങള്‍

mobile.jpg

ഞാന്‍ അവനോട് ചോദിച്ചു : നിനക്ക് എത്ര മൊബൈല്‍ ഫോണാണുള്ളത്? അവന്‍ പറഞ്ഞു : രണ്ടെണ്ണം, ഒന്ന് അടുത്ത ആളുകള്‍ക്കും ഭാര്യക്കും മക്കള്‍ക്കും വിളിക്കാനുള്ളതും രണ്ടാമത്തേത് കൂട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും വിളിക്കാനുള്ളതുമാണെന്ന് പറഞ്ഞ് മൗനിയായി. രണ്ട് ഫോണ്‍ മാത്രമേ നിന്റെ അടുത്തുള്ളൂ? എന്ന് ഞാന്‍ ചോദിച്ചു. അയാള്‍ പറഞ്ഞു : സത്യം പറഞ്ഞാല്‍ മൂന്നാമത് ഒരെണ്ണം കൂടിയുണ്ട്. പലപ്പോഴും ഞാനത് ഓഫീസിലും കാറിലും വെച്ച് പോകുകയാണ് ചെയ്യാറുള്ളത്. ആര്‍ക്ക് വിളിക്കാനുള്ളതാണത്, ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കാണോ? എന്ന് ഞാന്‍ ചോദിച്ചു. അല്ല, അതൊരു കൂട്ടുകാരിക്ക് വേണ്ടി ഉപയോഗിക്കുന്നതാണെന്ന് പറഞ്ഞപ്പോള്‍ ഒന്നു കൂടി വിശദമായി പറയാന്‍ ഞാന്‍ പറഞ്ഞു.

അയാള്‍ വിശദീകരിക്കാന്‍ തുടങ്ങി : സൗഹൃദം പലതരത്തിലുണ്ടല്ലോ, സ്ത്രീ സൗഹൃദമുണ്ട് പുരുഷ സൗഹൃദമുണ്ട്. ഈ ഫോണ്‍ ഉപയോഗിക്കുന്നത് സ്ത്രീ സൗഹൃദത്തിന് വേണ്ടിയാണ്. ഞാന്‍ ചോദിച്ചു : താങ്കള്‍ ഉദ്ദേശിക്കുന്നത് അവിഹിത ബന്ധമാണോ? പുഞ്ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു : അല്ല, ഏത് നൂറ്റാണ്ടിലാണ് താന്‍ ജീവിക്കുന്നത്? എന്താ അങ്ങനെ ചോദിക്കാന്‍ എന്ന ചോദ്യത്തിന് വിശദീകരണമായി അയാള്‍ പറഞ്ഞു : നിങ്ങളിപ്പോ പറഞ്ഞില്ലേ ‘അവിഹിത ബന്ധം’ അതൊക്കെ പഴഞ്ചന്‍ വാക്കല്ലേ, നാം ജീവിക്കുന്ന ഇക്കാലത്ത് സന്തോഷിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യന്ന സ്ത്രീ സുഹൃത്തുക്കളില്ലാത്ത ഏത് പുരുഷനാണുള്ളത്! ഞാന്‍ പറഞ്ഞു : പക്ഷേ ഇത് നിഷിദ്ധമാണ്, പ്രത്യേകിച്ചും താങ്കള്‍ക്ക് ഒരു ഭാര്യയും കുട്ടികളും ഉണ്ടായിരിക്കെ. ഞാന്‍ പറഞ്ഞു : ഹറാമും ഹലാലുമെല്ലാം കച്ചവടത്തിലല്ലേ, ഞാന്‍ ആരെയും പറ്റിക്കുകയോ എന്തെങ്കിലും മോഷ്ടിക്കുകയോ ചെയ്തിട്ടില്ല. ജനങ്ങളുമായുള്ള ഇടപാടുകളില്ലെല്ലാം ഞാന്‍ വിജയിയാണ്. എന്നാല്‍ അവളുമായുള്ള എന്റെ ഈ സൗഹൃദത്തിന് ചില പ്രത്യേകതകളുണ്ട്. ഞാന്‍ ചോദിച്ചു : എന്ത് പ്രത്യേകതകളാണുള്ളത്? ഞങ്ങള്‍ രണ്ടു പേര്‍ക്കും അതിന്റെ ഗുണമുണ്ട്. എന്നെ സംബന്ധിച്ചടത്തോളം ജീവിതത്തിലെ പ്രയാസങ്ങളും സമ്മര്‍ദങ്ങളും ലഘുകരിച്ചു കിട്ടുന്നു. അവളോടൊപ്പമുള്ള സമയം എനിക്ക് ആശ്വാസമാണ്. അതേസമയം അവളെ സംബന്ധിച്ചടത്തോളം അവളെ പരിഗണിക്കുകയും പ്രശംസിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന, അവളോടൊപ്പം യാത്ര ചെയ്യുകയും ചെയ്യുകയും ചെയ്യുന്ന ഒരാളെയാണ് അവള്‍ ആഗ്രഹിക്കുന്നത്. അതെല്ലാമാണ് അവള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍.

പിന്നീട് വിവിധ തരക്കാരായ സ്ത്രീകളെ കുറിച്ചും അവര്‍ സൗഹൃദം ഉണ്ടാക്കുന്നതിന്റെ ലക്ഷ്യങ്ങളെ കുറിച്ചും ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. അവന്‍ പറഞ്ഞു : മിക്ക പുരുഷന്‍മാരും ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത് തങ്ങളുടെ വൈകാരിക ആവശ്യം പൂര്‍ത്തീകരിക്കാനും കിടപ്പറ ബന്ധവുമാണ്. ഈ രീതിയാണ് പൊതുവെ ഇത്തരം ബന്ധങ്ങളില്‍ കാണുന്നത്. ഞാന്‍ ചോദിച്ചു : ഇതാണ് ഈ ബന്ധത്തിന്റെ താല്‍പര്യമെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്കൊരു രണ്ടാം വിവാഹം കഴിച്ചു കൂടാ? നിങ്ങള്‍ക്ക് അതിലൂടെ സ്വന്തത്തെ തൃപ്തിപ്പെടുത്തുന്നത് പോലെ തന്നെ നാഥന്റെ തൃപ്തിയും നേടാമല്ലോ, അതിനെ കുറിച്ച് എന്താ നിങ്ങളുടെ അഭിപ്രായം? അപ്പാള്‍ അയാള്‍ പറഞ്ഞു : എന്നാല്‍ രണ്ടാം വിവാഹം ചെയ്താല്‍ എന്റെ ഭാര്യയുടെയും ഉമ്മയുടെയും ചിലപ്പോള്‍ മക്കളുടെ വരെ തൃപ്തി എനിക്ക് നഷ്ടമായേക്കും. അപ്രകാരം സമൂഹത്തില്‍ എനിക്കുള്ള സ്ഥാനവും ജോലിയും അതില്‍ നിന്ന് എന്നെ തടയുന്നു. എന്റെ സുരക്ഷിതത്തിന് വേണ്ടിയാണിത് ചെയ്യുന്നത്. ഞാന്‍ പറഞ്ഞു : ഈ ലോകത്ത് നിനക്കിത് രക്ഷ നല്‍കിയേക്കും, എന്നാല്‍ പരലോകം നിനക്ക് നഷ്ടപ്പെടുകയാണ്. അയാള്‍ പറഞ്ഞു : ഇത് സ്ഥിരമായ ഒരു ബന്ധമല്ല, താല്‍ക്കാലികം മാത്രം. അത് ഞങ്ങള്‍ രണ്ട് പേര്‍ക്കു അറിയാവുന്നതുമാണ്. ഞാന്‍ ചോദിച്ചു : നിങ്ങളുടെ ഭാര്യ ഈ സൗഹൃദത്തെ കുറിച്ച് അറിഞ്ഞാല്‍.. ? അയാള്‍ പറഞ്ഞു : പലതവണ അവളത് അറിഞ്ഞിട്ടുണ്ട്, അപ്പോഴെല്ലാം വളരെ തന്ത്രപൂര്‍വം വിഷയം മാറ്റി അതിന് മറയിടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.

ഈയടുത്ത കാലത്ത് ഞാന്‍ നടത്തിയ സംസാരത്തില്‍ ആവര്‍ത്തിച്ചു വന്ന ചില കാര്യങ്ങളാണ് നിങ്ങളോട് പങ്കുവെക്കുന്നത്. നമ്മുടെ സമൂഹത്തില്‍ ഈയൊരു പ്രതിഭാസം കാണാന്‍ തുടങ്ങിയത് ഈയടുത്താണ്. മറ്റു സമൂഹങ്ങളില്‍ ഓപണ്‍ റിലേഷന്‍ഷിപ്, സ്‌പെഷ്യല്‍ ഫ്രണ്ട് തുടങ്ങിയ പേരുകളിലൊക്കെ ഇത് കണ്ടിരുന്നു. എന്നാല്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ക്കും അടിസ്ഥാനങ്ങള്‍ക്കും ഒട്ടും നിരക്കാത്ത ഒരു ബന്ധമാണിത്. ആ ബന്ധം കിടപ്പറയില്‍ എത്തുന്നുവെങ്കില്‍ നാം അതിനെ വിളിക്കുക വ്യഭിചാരം എന്നാണ്. ഈ പ്രതിഭാസം വ്യാപിച്ചതില്‍ ഇന്റര്‍നെറ്റിനും മൊബൈല്‍ ഫോണുകള്‍ക്കും കാര്യമായ പങ്കുണ്ട്. ഇത്തരം ബന്ധങ്ങള്‍ തുടരാനുള്ള ഒരു അന്തരീക്ഷം അവ തുറന്നു കൊടുക്കുന്നു. ഏതെങ്കിലും ഒറ്റപ്പെട്ട ഒരു സംഭവത്തെ കുറിച്ചല്ല ഞാന്‍ പറയുന്നത്. ഈ അടിസ്ഥാനത്തിലുള്ള ബന്ധങ്ങളുമായി മുന്നോട്ടു പോകുന്ന യുവാക്കളുടെയും യുവതികളുടെയും ഒരു നിരതന്നെയുണ്ടെന്ന് കുറിച്ച് അറിഞ്ഞാണ് ഞാനിത് പറയുന്നത്. അതിനെ കുറിച്ച് അവരെന്നോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ ബന്ധം വൈകാരികമായും ഭൗതികമായും ഉപകാരപ്പെടുന്നുണ്ടെന്ന് പറഞ്ഞ ഒന്നിലേറെ സ്ത്രീകളെ എനിക്കറിയാം. അവരുമായി സൗഹൃദം പുലര്‍ത്തുന്ന പുരുഷന്‍ അവള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും അവരോടൊപ്പം യാത്രകളും ടൂറുകളും നടത്തുകയും ചെയ്യുന്നു. അവര്‍ക്ക് ആവശ്യമുള്ളത് അവരില്‍ നിന്ന് എടുക്കുന്നു. എന്നാല് പ്രത്യേക കടപ്പാടുകളോ ബാധ്യതകളോ അവര്‍ക്കിയിലില്ല. ഒഴിവുസമയങ്ങളോ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് പരസ്പരം സാന്നിദ്ധ്യം ആവശ്യമായി വരികയോ ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഒരുമിച്ച് സമയം ചിലവഴിക്കുന്നു, തങ്ങളുദ്ദേശിക്കുന്ന കാര്യങ്ങള്‍ നേടുന്നു എന്നാല്‍ ഞങ്ങള്‍ക്കതില്‍ പൂര്‍ണ സ്വാതന്ത്ര്യവുമുണ്ടെന്നാണ് അവര്‍ പറയുന്നത്.

ജീവിതത്തിന്റെ എല്ലാ ആസ്വാദനങ്ങളിലോ ജീവിതത്തിലെ ഭൗതികവും ലൈംഗികവുമായ കാര്യങ്ങളിലോ എത്ര തന്നെ തൃപ്തനായാലും ഒരു നാള്‍ അവന്‍ തിരിച്ചറിയും താന്‍ ഇത്രയും കാലം കഴിഞ്ഞത് ഒരു ഭാവനാ ലോകത്തായിരുന്നുവെന്ന്. യഥാര്‍ത്ഥ സന്തോഷം കിടക്കുന്നത് മൂന്ന് കാര്യങ്ങളിലാണ്. (ശാരീരിക മാനസിക വൈകാരിക സംന്തുലിതത്വം പാലിക്കുക, ആത്മസംതൃപ്തി നേടുക, വിശ്വാസം വര്‍ധിപ്പിക്കുക) ദീന്‍ എന്ന് പറഞ്ഞാല്‍ നമസ്‌കാരത്തിലും നോമ്പിലും സകാത്തിലും പരിമിതമാണെന്ന് മനസ്സിലാക്കുന്ന ആളുകളുണ്ട്. അതിന്റെ പ്രകടമായ രൂപങ്ങള്‍ അവര്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. എന്നാല്‍ അവയുടെ ആത്മാവിനെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. വിശ്വാസം പേറി നടക്കുന്നവനും വിശ്വാസത്തിന്റെ മധുരം ആസ്വദിക്കുന്നവനും തമ്മില്‍ വലിയ അന്തരമുണ്ട്. അല്ലാഹുവും അവന്റെ ദൂതനും മറ്റെന്തിനേക്കാളും തനിക്ക് പ്രിയപ്പെട്ടതാവുക എന്നതാണ് വിശ്വാസത്തിന്റെ മാധുര്യം നുണയുന്നതിന്റെ ഒന്നാമത്തെ അടയാളം. അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും അതൃപ്തിക്ക് കാരണമാകുന്ന ഒന്നും അവര്‍ ചെയ്യില്ല എന്നര്‍ഥം. അതിന് വേണ്ടി സ്വന്തത്തോട് ജിഹാദ് ചെയ്യുന്നവരായിരിക്കും അവര്‍. ‘സ്‌പെഷ്യല്‍ കൂട്ടുകാരുടെ’ കാര്യത്തിലും അത് സാധ്യമാകണം.

വിശ്വാസത്തിന്റെ മാധുര്യം നുകര്‍ന്ന ശേഷം ഇത്തരം ‘സവിശേഷ കൂട്ടുകാരു’മായുള്ള ബന്ധം ഉപേക്ഷിച്ച എത്രയോ സ്ത്രീ പുരുഷന്‍മാരെ എനിക്കറിയാം. ജീവിതത്തിന് ലക്ഷ്യങ്ങള്‍ നിര്‍ണയിച്ച് അത് നേടിയെടുത്തവരാണവര്‍. അതിലൂടെ അവര്‍ക്ക് ആത്മ സംതൃപ്തിയും നേടാന്‍ സാധിച്ചു. തങ്ങളുടെ നാഥനുമായി ബന്ധം ശക്തിപ്പെടുത്തിയ അവര്‍ക്ക് ജീവിതത്തിലെ യഥാര്‍ത്ഥ സന്തോഷം ആസ്വദിക്കാനും കഴിഞ്ഞു. കുടുംബത്തോടും മക്കളോടും ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരായി മാറാനും അതിലൂടെ അവര്‍ക്ക് സാധിച്ചു.

വിവ : നസീഫ്‌

Related Articles