Current Date

Search
Close this search box.
Search
Close this search box.

സ്വസ്ഥ ജീവിതത്തിനായ് അസ്വസ്ഥനാകുമ്പോള്‍

medicine.jpg

മുഖസ്തുതി പറയുന്നതില് അതിവിദഗ്ദനായിരുന്ന കൊട്ടാര ഉദ്യോഗസ്ഥനായ ഡെമോക്ലീസിനെ പരീക്ഷിക്കുവാന്‍ സുറേക്കൂസിലെ രാജാവ് തീരുമാനിച്ചു. വിഭവസമൃദ്ധമായ ഒരു രാജകീയ വിരുന്ന് സജ്ജമാക്കി. ഡെമോക്ലീസിനെ അദ്ദേഹം അതിന്റെ മുമ്പില്‍ ഇരുത്തി. മൂര്‍ച്ചയേറിയ ഒരു വാള്‍ അദ്ദേഹത്തിന്റെ തലക്കു മീതെ തൂക്കിയിട്ടിരുന്നു. നേര്‍ത്ത നൂല് പൊട്ടി ആ വാള് ഏതു നിമിഷത്തിലും തന്റെ തലയില്‍ പതിക്കുമെന്ന ചിന്ത അയാളെ അസ്വസ്ഥനാക്കി. മുമ്പില് വെച്ചിരുന്ന ഭക്ഷണം ഒന്ന് രുചിച്ചു നോക്കുവാന്‍ പോലും അയാള്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല. ഭയം ഡെമോക്ലീസിനെ നിശ്ചേതനനാക്കി. ഡെമോക്ലീസുമാരാണ് ഇന്ന് നമ്മില്‍ പലരും. തലക്കുമീതെ തൂങ്ങുന്ന വാള്‍ ബിസിനസ് രംഗത്തെ കിടമത്സരമാകാം, അടിക്കടിയുണ്ടാകുന്ന സാമ്പത്തികതകര്‍ച്ചയാകാം, സഹപ്രവര്‍ത്തകരില്‍ നിന്നുള്ള തിക്താനുഭവങ്ങളാകാം, കുടുംബ ബന്ധങ്ങളിലെ വിള്ളലുകളും പൊരുത്തക്കേടുമാകാം, ക്ഷയിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതിയാകാം.
    
‘സാക്ഷര കേരളം, സുന്ദര കേരളം’ എന്നൊക്കെ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തില് പ്രതിവര്ഷം 9,000 പേര് ആത്മഹത്യ ചെയ്യുന്നതായും ഇതിന്റെ പത്തിരട്ടിയിലേറെ പേര് ആത്മഹത്യക്ക് ശ്രമിക്കുന്നതായും NCRB (National Crime Record Bureau) റിപ്പോര്ട്ട് ചെയ്യുന്നു. ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ് കേരളത്തിലെ ആത്മഹത്യ.
    
ആധുനിക മനുഷ്യന്‍ നിസാര വിഷയങ്ങളുടെ പേരില്‍ പോലും മാനസിക പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്നു. ഇസ്‌ലാമിക ജീവിതത്തിലൂടെ ഓരോ മനുഷ്യനും മാനസിക സുഖം അനുഭവിക്കാന്‍ സാധിക്കുന്നതാണ്. സമാധാനം എന്നര്‍ത്ഥം വരുന്ന ഇസ്‌ലാം എന്ന പദവും, നിര്‍ഭയത്വം എന്നര്‍ത്ഥം വരുന്ന ഈമാന്‍ എന്ന പദവും ഇസ്‌ലാമിക ജീവിതത്തിലെ സമാധാനാന്തരീക്ഷത്തെയാണ് സൂചിപ്പിക്കുന്നത്.

ആധുനികമനുഷ്യന്‍ നേരിടുന്ന മാനസിക സംഘട്ടനങ്ങളുടെ അടിസ്ഥാനം മനുഷ്യന്റെ അത്യാഗ്രഹമാണ്. ‘ആദം സന്തതിക്ക് ഒരു താഴ്‌വര നിറയെ സ്വര്‍ണ്ണം ലഭിച്ചാലും രണ്ടാമതൊരു താഴ്‌വര അവന് ആഗ്രഹിക്കും. പക്ഷേ മണ്ണല്ലാതെ അവന്റെ വയര്‍  നിറക്കുകയില്ല’ എന്ന പ്രവാചകവചനം മനുഷ്യന്റെ അനിയന്ത്രിതമായ ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്. ഉള്ളത് കൊണ്ട് തൃപ്തിപ്പെടലാണ് നശിക്കാത്ത നിധി എന്ന് സൂചിപ്പിക്കുന്ന ഒരു കഥ ഇവിടെ പരാമര്‍ശിക്കാം.

സ്വപ്രജകളുടെ അവസ്ഥ അന്വേഷിച്ചു നാട്ടിലേക്കിറങ്ങിയ രാജാവ് ഒരു പലചരക്ക് കച്ചവടക്കാരനെ കണ്ടു. അവന്റെ അവസ്ഥകള്‍ അന്വേഷിച്ചറിഞ്ഞു. അഞ്ഞൂറ് ദീനാറാണ് അവന്റെ വരുമാനം. അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ ആ സംഖ്യകൊണ്ട് പൂര്‍ത്തിയാകുന്നില്ല. അതിനാല്‍ രാജാവിനോട് സഹായവും അഭ്യര്‍ത്ഥിച്ചു. രണ്ടാമതായി രാജാവ് ഒരു മത്സ്യക്കച്ചവടക്കാരനെ കണ്ടു. അവന്റെ അവസ്ഥകള്‍ അന്വേഷിച്ചറിഞ്ഞു. അവന്റെ വരുമാനം അമ്പത് ദീനാറാണ്. ആ തുച്ഛമായ വരുമാനം കോണ്ടും അവനും പൂരണ സംതൃപ്തനും സന്തോഷവാനുമാണ്. ഈ തുച്ഛ വരുമാനം കൊണ്ടും നീ സന്തോഷവാനാണോ എന്ന് രാജാവ് സംശയിച്ചപ്പോള്‍ ആ മത്സ്യക്കച്ചവടക്കാരന്‍ പറഞ്ഞു : അമ്പതു ദീനാറില് 20 ദീനാറ് എന്റെ വീട്ടാവശ്യങ്ങള്‍ക്കും, 10 ദീനാര്‍ എന്റെ കടം വീട്ടുവാനും, 10 ദീനാര്‍് കടം നല്‍കാനും, 10 ദീനാര്‍ സ്വദഖ നല്‍കാനും ഞാന്‍ ഉപയോഗിക്കുന്നു. അതിനാല്‍ ഞാന്‍ ഈ വരുമാനം കൊണ്ട് സംതൃപ്തനാണ്.

ദരിദ്രനും, ധനികനും കറുത്തവനും വെളുത്തവനും പുരുഷനും സ്ത്രീയും എല്ലാം സ്വസ്ഥ ജീവിതത്തെയാണ് ഇന്ന് സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നത്. ഈ സ്വപ്നസാക്ഷാത്കാര പാതയില്‍ അവനനുഭവിക്കുന്ന ഓരോ ചെറിയ പ്രയാസങ്ങളും അവന്റെ മനസിനെ പിടിച്ചു കുലുക്കുന്നു. ചെറിയ ചെറിയ കുറവുകള്‍ പോലും അവന്റെ ജീവിതം നശിപ്പിക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ ഇസ്‌ലാം പഠിപ്പിക്കുന്ന ജീവിത പാത പ്രതിസന്ധികളെ വകവെക്കാറില്ല. ‘ദുര്‍ബലഹൃദയരാവാതിരിക്കുവിന്‍. ദുഃഖിക്കാതിരിക്കുവിന്‍. നിങ്ങള്‍ തന്നെയാണ് ജോതാക്കള്‍നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍.’ (ആലുഇംറാന്‍ : 139) മനോദൗര്‍ബല്യം എന്നതിന് ‘വഹ്ന്‍’ എന്ന പദമാണ് ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത്. ഭൗതികലോകത്തോട് അമിതമായ സ്‌നേഹവും മരണത്തോട് വെറുപ്പുമുണ്ടാക്കുന്ന അവസ്ഥ എന്നാണ് ആ അവസ്ഥയെ പ്രവാചകന്‍(സ) വിശേഷിപ്പിച്ചിരിക്കുന്നത്.

സത്യവിശ്വാസികള്‍ ലക്ഷ്യം വെക്കേണ്ടത് ഭൗതികലോകത്തെ നശ്വര സുഖങ്ങളല്ല, പരലോകത്തെ അനശ്വര സുഖജീവിതത്തെയാണ്. ഒരിക്കല്‍ പ്രവാചകന്(സ) അരുളി : ‘ആരുടെ മുഖ്യപരിഗണന പരലോകത്തിനാകുന്നുവോ അല്ലാഹു അവന്റെ ഹൃദയത്തില്‍ ഐശ്വര്യം നിറക്കും. അവന് ശക്തിയും കരുത്തും അല്ലാഹു ശേഖരിച്ച് നല്‍കും. അവന്ന് അനുഗ്രഹമായി ഐഹിക സൗഭാഗ്യങ്ങളും നല്‍കപ്പെടും. ആരുടെ മുഖ്യപരിഗണന ഇഹലോകത്തിനാകുന്നുവോ അവന്റെ കണ്‍മുമ്പില്‍ അല്ലാഹു ദാരിദ്ര്യം നിറക്കും. അവന്റെ ശക്തി അല്ലാഹു ചോര്‍ത്തിക്കളയും. വളരെ പരിമിതമായ ഐഹിക വിഭവങ്ങള്‍ മാത്രമേ അവന് നല്‍കപ്പെടുകയുള്ളൂ.’ മാനസികമായ സംതൃപ്തി നേടാനുള്ള വഴി ഭൗതികലോകത്തെ കീഴടക്കാനുളള ആഗ്രഹത്തെ വെടിയുകയും പരലോക സുഖത്തിനുവേണ്ടി ഭൗതികലോകത്തെ ഉപയോഗിക്കുകയും ചെയ്യുകയെന്നതാണ്.

Related Articles