Current Date

Search
Close this search box.
Search
Close this search box.

സ്വഭാവം മാറ്റല്‍ അത്ര എളുപ്പമല്ല

change.jpg

‘അവനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല’ എത്രയോ തവണ എന്റെ മുന്നില്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള വാചകമാണിത്. ശേഷമാണ് അവന്റെ പ്രകൃതം മാറ്റുന്നതിലെ പ്രയാസങ്ങള്‍ അവന്‍ വിശദീകരിക്കുന്നത്. കൂട്ടുകാര്‍ക്കും ദമ്പതികള്‍ക്കും മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഇടയിലുമെല്ലാം നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന ഒരു രംഗമാണിത്. ഒരാളുടെ സ്വഭാവം മാറ്റുന്നതിന് ശക്തിയും സമ്മര്‍ദവും ഉപയോഗിക്കല്‍ ശരിയായ ബന്ധത്തിന്റെ അടയാളമല്ല. ഇണയുടെയോ കൂട്ടുകാരന്റെയോ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവരെ അകറ്റി നിര്‍ത്തുന്നതിന് പകരം അവരുമായി കൂടുതല്‍ അടുക്കുകയാണ് വേണ്ടത്.

മാറ്റത്തോടുള്ള ഇഷ്ടം, മാറ്റം ആവശ്യമാണെന്ന് അംഗീകരിക്കല്‍, മാറാനുള്ള താല്‍പര്യം ഇവയെല്ലാം തമ്മില്‍ വ്യത്യാസമുണ്ട്. മൂന്ന് ഘട്ടങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ഇഷ്ടം, അംഗീകരിക്കല്‍, താല്‍പര്യം എന്നിവയാണവ. മാറ്റത്തെ ഇഷ്ടപ്പെടുന്ന എല്ലാവരും മാറ്റത്തെ അംഗീകരിച്ചു കൊള്ളണമെന്നില്ല. മാറ്റത്തെ അംഗീകരിക്കുന്ന എല്ലാവരും മാറാന്‍ താല്‍പര്യം കാണിച്ചു കൊള്ളണമെന്നുമില്ല. അതുകൊണ്ട് തന്നെ ഒരാളുടെ പ്രകൃതത്തിലോ സ്വഭാവത്തിലോ മാറ്റം വരുത്തല്‍ അത്ര എളുപ്പമുള്ള പണിയല്ല. ഒരാളുടെ പ്രകൃതമോ ശീലമോ മാറ്റാന്‍ സാധിക്കാത്തിന്റെ എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ടാവും. എന്നാല്‍ അല്‍പം പ്രയാസമാണെങ്കിലും ആ പ്രകൃതത്തിനുടമ തീരുമാനിച്ചാല്‍ അത് മാറ്റാന്‍ സാധിക്കും.

താന്‍ ചെയ്യുന്നത് തെറ്റാണെന്ന് അറിയുന്ന എത്രയോ ആളുകളുണ്ട്. അവരുമായി സംസാരിച്ചാല്‍ ഒരു മാറ്റം ഇഷ്ടപ്പെടുന്നുണ്ടെന്നും അതിന് ആഗ്രഹമുണ്ടെന്നും അവര്‍ പറയും. എന്നാല്‍ മാറ്റത്തെ അംഗീകരിക്കാന്‍ അവര്‍ തയ്യാറാവുകയില്ല. ഈ അവസ്ഥ മാറ്റുന്നതില്‍ നാം വിജയിക്കേണ്ടതുണ്ട്. മാറ്റത്തെ അംഗീകരിക്കുന്ന തലത്തിലേക്ക് എത്തിക്കുന്നതിന് രണ്ട് മാര്‍ഗങ്ങള്‍ നമുക്ക് സ്വീകരിക്കാവുന്നതാണ്. ഒന്നുകില്‍ പരസ്പര സംഭാഷണത്തിലൂടെ അത് ചെയ്യാം. അല്ലെങ്കില്‍ മാറ്റത്തിലൂടെ സന്തോഷം നേടിയതിന്റെ മാതൃകകളും മാറ്റമുണ്ടാക്കിയിട്ടുള്ള ഫലങ്ങളും കാണിച്ചു കൊടുക്കാം.

മാറ്റം ഇഷ്ടപ്പെടുകയും അതംഗീകരിക്കുകയും ചെയ്യുന്ന ആളുകളും ഉണ്ടാവും, എന്നാല്‍ മാറാനുള്ള താല്‍പര്യം അവരില്‍ ഉണ്ടായിരിക്കുകയില്ല. മാറ്റത്തിന്റെ മധുരം അനുഭവിച്ചവരുടെ ഉദാഹരണങ്ങളിലൂടെ അവരെ മാറ്റത്തിന്‍ പ്രോത്സാഹിപ്പിക്കുകയും പ്രചോദനം നല്‍കുകയുമാണ് നാം ചെയ്യേണ്ടത്. അങ്ങേയറ്റത്തെ സഹനവും താല്‍പര്യവും എടുത്ത് ചെയ്യേണ്ട ഒന്നാണിത്.

മാറാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന, എന്നാല്‍ അതിന് ഇപ്പോള്‍ സമയമായില്ലെന്ന് പറയുന്നവരുമുണ്ട്. തങ്ങള്‍ ചെയ്യുന്ന തെറ്റായ ശീലത്തില്‍ ആസ്വാദനം കണ്ടെത്തുന്ന അവര്‍ മാറ്റത്തെ മറ്റൊരു സമയത്തേക്ക് നീട്ടിവെക്കുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥയില്‍ നമുക്കവരെ മാറ്റാന്‍ സാധിക്കുകയില്ല. കാരണം അതിന്റെ മൂന്ന് ഘട്ടങ്ങളും അവര്‍ പിന്നിട്ടിരിക്കുന്നു. അവശേഷിക്കുന്നത് തീരുമാനിക്കല്‍ മാത്രമാണ്. അവന്റെ കാര്യത്തില്‍ നമുക്ക് തീരുമാനമെടുക്കാനാവില്ല, അവന്‍ തന്നെയാണത് എടുക്കേണ്ടത്. എത്രയും വേഗത്തില്‍ അവനെ കൊണ്ട് ആ തീരുമാനം എടുപ്പിക്കുന്നതിന് സാധ്യമാകുന്ന കാര്യങ്ങള്‍ ചെയ്യാന്‍ മാത്രമേ നമുക്ക് സാധിക്കൂ.

സ്വഭാവത്തിലെയും പ്രകൃതത്തിലെയും വൈകൃതങ്ങളെ ചികിത്സിക്കാന്‍ മാത്രമേ നാം കല്‍പിക്കപ്പെട്ടിട്ടുള്ളൂ. അതിന്റെ ഫലം എന്തായിരിക്കണമെന്നത് നമ്മോട് കല്‍പിക്കപ്പെട്ട കാര്യമല്ല. സന്‍മാര്‍ഗം എത്തിച്ചു കൊടുക്കല്‍ മാത്രമാണ് പ്രവാചകന്റെ ദൗത്യം എന്നാണ് അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നത്. മറ്റുള്ളവരുടെ ഭാരം നാം പേറേണ്ടതില്ലെന്നത് അടിമകളോടുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഭാഗമാണ്.

മാറ്റത്തിനായി സമ്മര്‍ദം ചെലുത്തല്‍ അനാരോഗ്യകരമായ ബന്ധത്തിന്റെ ഒന്നാമത്തെ ലക്ഷണമാണ്. മറുകക്ഷിയില്‍ നിര്‍ഭയത്വം നഷ്ടപ്പെടലാണ് രണ്ടാമത്തെ ലക്ഷണം. ബന്ധത്തിനും സൗഹൃദത്തിനും ഇടയില്‍ വെല്ലുവിളിയോ വിശ്വാസമില്ലായ്മയോ വളരുമ്പോള്‍ ഇരുപക്ഷത്തിനും നിര്‍ഭയത്വമില്ലായ്മ അനുഭവപ്പെടുകയും ബന്ധം അനാരോഗ്യകരമായി മാറുകയും ചെയ്യുന്നു. വിയോജിപ്പുകള്‍ ഉത്കണ്ഠക്ക് കാരണമാകലാണ് മൂന്നാമത്തെ ലക്ഷണം. വിയോജിപ്പുകളുണ്ടാകുമ്പോള്‍ ബഹിഷ്‌കരിക്കുകയോ അകറ്റിനിര്‍ത്തുകയോ അല്ലെങ്കില്‍ മോശമായ രീതിയില്‍ സംസാരിക്കുകയോ ചെയ്യുന്നത് പലരുടെയും ശീലമാണ്. ബന്ധത്തിന്റെ ആരോഗ്യത്തെയാണത് തകര്‍ക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്.

തെറ്റുകളെ നിരന്തരം ന്യായീകരിക്കലാണ് നാലാമത്തെ ലക്ഷണം. നിരന്തരം തെറ്റുകളെ ന്യായീകരിക്കുമ്പോള്‍ മറുകക്ഷി യാതൊരു വിലയും വെക്കാത്ത അവസ്ഥയിലെത്തുകയും ബന്ധത്തെ അത് ദുര്‍ബലപ്പെടുത്തുകയും ചെയ്യു. അതിന്റെ അവസാനത്തെ ലക്ഷണമാണ് ശാരീരികമായോ വാക്കുകളാലോ ഉള്ള മോശമായ പെരുമാറ്റം. ശാരീരികമോ വാചികമോ ആയ കയ്യേറ്റം തുടര്‍ന്നാല്‍ ബന്ധം നിലനില്‍ക്കുക വളരെ പ്രയാസമാണ്. താന്‍ നിന്ദിക്കപ്പെട്ടുവെന്നും ആദരിക്കപ്പെടുന്നില്ലെന്നും മനസ്സിലാക്കുന്ന വ്യക്തി ആ ബന്ധം തുടരാന്‍ സ്വഭാവികമായും താല്‍പര്യപ്പെടില്ല. സാമൂഹ്യ ബന്ധങ്ങളില്‍ പൊതുവെ കാണുന്ന അഞ്ച് അനാരോഗ്യകരമായ ലക്ഷണങ്ങളാണത്.

അപ്രകാരം ആരോഗ്യകരമായ അഞ്ച് ലക്ഷണങ്ങളുമുണ്ട്. നല്ലേ കേള്‍വിക്കാരനാവുക, മുറിവേല്‍പ്പിക്കുന്ന വിമര്‍ശനം ഒഴിവാക്കുക, പരിധികള്‍ മാനിക്കുകയും ഇരുപക്ഷത്തിനുമിടയിലെ അകലം പാലിക്കുകയും ചെയ്യുക, നേട്ടങ്ങളും വിജയങ്ങളുമുണ്ടാകുമ്പോള്‍ അവരോടൊപ്പം ആഘോഷിക്കുക, ഷോപ്പിങ്, കളികള്‍, നടത്തം തുടങ്ങിയവയില്‍ അവര്‍ക്കൊപ്പം പങ്കാളിയാവുക എന്നിവയാണവ. സാമൂഹ്യ ജീവതത്തില്‍ പാലക്കേണ്ട പത്ത് കാര്യങ്ങളാണ് ഇവ.

Related Articles