Current Date

Search
Close this search box.
Search
Close this search box.

സ്ത്രീയെ പോലെയല്ല പുരുഷന്‍

male-female.jpg

ഒരു സ്ത്രീ പ്രയാസം നേരിടുമ്പോള്‍ അവള്‍ക്കാവശ്യം ഉള്ളുതുറന്നുള്ള സംസാരമാണ്. പങ്കാളി തന്റെ വാക്കുള്‍ ശ്രദ്ധിച്ച് കേള്‍ക്കുന്നുണ്ടെന്ന തോന്നല്‍ അവള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുക. തന്റെ പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കല്‍ സ്ത്രീ പ്രകൃതത്തിന്റെ ഭാഗമാണ്. അവള്‍ക്ക് അതിലൂടെ ആശ്വാസം ലഭിക്കുന്നുണ്ട്. ഭാര്യ തന്റെ മുന്നില്‍ വെക്കുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കുന്ന പുരുഷന്‍ അതിനെല്ലാം പരിഹാരമാണ് അവള്‍ ആവശ്യപ്പെടുന്നതെന്ന് കരുതുന്നു. യഥാര്‍ഥത്തില്‍ അവളെ ശ്രവിക്കലും അവളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കലും അവളോട് അനുതാപം പുലര്‍ത്തലും മാത്രമാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ പുരുഷന്‍ സഹായം ആവശ്യമുണ്ടെങ്കില്‍ മാത്രമേ തന്റെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുകയുള്ളൂ. അക്കാരണത്താലാണ് അവള്‍ തന്റെ പ്രശ്‌നങ്ങളെയും പ്രയാസങ്ങളെയും കുറിച്ച് ഉള്ളു തുറക്കുമ്പോള്‍ പരിഹാരം സമര്‍പിക്കാനും ഉപദേശം നല്‍കാനും അവന്‍ പ്രേരിതനാവുന്നത്. അവള്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാതെ അതിന് മുതിരുമ്പോള്‍ തന്നെ ശ്രവിക്കുന്നില്ലെന്ന് അവള്‍ ആവലാതിപ്പെടും. പ്രയാസങ്ങള്‍ അനുഭവിക്കുമ്പോഴുള്ള അവളുടെ വികാരത്തെ മാറ്റാന്‍ തനിക്ക് സാധിക്കുമെന്നാണ് പുരുഷന്‍ കരുതുന്നത്. ഒരു ‘വിദഗ്ദനായി’ അവന്‍ അവളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ സമര്‍പിക്കുകയും ചെയ്യും.

അവന്‍ നിര്‍ദേശിക്കുന്ന പരിഹാരങ്ങളെ അവള്‍ എതിര്‍ക്കുമ്പോള്‍ തന്നിലുള്ള വിശ്വാസ കുറവായിട്ടാണ് പലപ്പോഴും പുരുഷന്‍ അതിനെ വായിക്കുന്നത്. അതിന്റെ ഫലമായി അവളെ കേള്‍ക്കാനുള്ള അവന്റെ താല്‍പര്യവും കുറയുന്നു. എന്നാല്‍ ആ എതിര്‍പ്പിനെ ആ സമയത്തിന്റെ മാത്രം പ്രശ്‌നമായി കാണാന്‍ അവന് സാധിച്ചാല്‍ ഏറ്റവും നല്ല രൂപത്തില്‍ ആ വിയോജിപ്പിനെ ഇല്ലാതാക്കാനാവും. അത്തരം സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോള്‍ പുരുഷന്‍ സ്വീകരിക്കേണ്ട ഒന്നാമത്തെ കാല്‍വെപ്പ് ഉടനടിയുള്ള പ്രതികരണങ്ങളും ഉപദേശങ്ങളും ഒഴിവാക്കലാണ്. രണ്ടാമതായി അവന്‍ സശ്രദ്ധം അവളെ കേള്‍ക്കണം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സമര്‍പ്പിക്കാന്‍ പറ്റിയ സമയവും സന്ദര്‍ഭവും കണ്ടെത്തലാണ് മൂന്നാമത്തെ നടപടി.

ഇണയെ സ്‌നേഹിക്കുമ്പോള്‍ അയാളുടെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നാണ് സ്ത്രീ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ അയാള്‍ ചെയ്യുന്ന ഓരോ കാര്യവും മെച്ചപ്പെടുത്താന്‍ അവള്‍ ശ്രമിക്കും. ഭാര്യ തന്നെ മാറ്റാന്‍ ശ്രമിക്കുന്നു എന്ന പരാതിയായിരിക്കും അപ്പോള്‍ അയാളില്‍ നിന്നുണ്ടാവുക. അയാള്‍ക്ക് എന്തെങ്കിലും തെറ്റുകള്‍ സംഭവിക്കുമ്പോള്‍ തനിക്ക് അയാളുടെ സ്വഭാവം മാറ്റാന്‍ സാധിക്കുമെന്ന് കരുതുന്ന സ്ത്രീ ഭര്‍ത്താവിനെ മെച്ചപ്പെടുത്തിയെടുക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപദേശങ്ങള്‍ ചൊരിയുന്നു. അദ്ദേഹത്തെ സംബന്ധിച്ചടത്തോളം അത് എത്രത്തോളം കുറ്റപ്പെടുത്തലും സ്‌നേഹക്കുറവുമായി അനുഭവപ്പെടുന്നുണ്ടെന്ന് അവള്‍ അറിയുന്നില്ല. അതുകൊണ്ടു തന്നെ തന്റെ ഉപദേശങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍ തന്നെ പരിഗണിക്കുന്നില്ലെന്ന തോന്നലിലേക്ക് അവളെ നയിക്കും.

പ്രശ്‌നങ്ങള്‍ നേരിടുന്ന പുരുഷന്‍ അവയിലെ ഏതെങ്കിലും ഒന്നില്‍ കേന്ദ്രീകരിച്ച് മറ്റ് പ്രശ്‌നങ്ങളെ മറക്കുകയാണ് ചെയ്യുന്നതെങ്കില്‍ സ്ത്രീ തന്റെ മുഴുവന്‍ പ്രശ്‌നങ്ങളിലും മുങ്ങിക്കിടക്കുകയാണ് ചെയ്യുന്നത്. വ്യത്യസ്ത ശൈലികളിലും രീതികളിലും അവള്‍ തന്റെ വികാരങ്ങള്‍ പങ്കുവെക്കുമ്പോള്‍ പുരുഷന്‍ വിവരം അറിയിക്കലിനുള്ള ഒരു മാര്‍ഗം മാത്രമായിട്ടാണ് ഭാഷയെ കാണുന്നതെന്നതും ഇരു പ്രകൃതങ്ങള്‍ക്കുമിടയിലുള്ള വ്യത്യാസമാണ്.

Related Articles