Current Date

Search
Close this search box.
Search
Close this search box.

സന്തോഷത്തിന്റെ നീരുറവകള്‍

happy.jpg

‘ഞാന്‍ നിന്നെ അനുഭവിപ്പിക്കുക തന്നെ ചെയ്യും’ ഭാര്യയോടുള്ള കടുത്ത ദേഷ്യത്തില്‍ അയാള്‍ പറഞ്ഞു. വളരെ ശാന്തയായി അവള്‍ പ്രതികരിച്ചു: ‘എന്നെ വേദനയനുഭവിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല.’ അതിന് കാരണമെന്താണെന്നയാള്‍ അന്വേഷിച്ചു. എന്റെ സന്തോഷം എന്റെ സമ്പത്തിലായിരുന്നെങ്കില്‍ നിങ്ങള്‍ക്കത് തടഞ്ഞ് വെക്കാമായിരുന്നു. അപ്രകാരം തന്നെ അതെന്റെ വസ്ത്രത്തിലോ ആഭരണത്തിലോ മറ്റ് വിഭവങ്ങളിലോ ആയിരുന്നെങ്കില്‍ നിങ്ങള്‍ക്കത് മുടക്കാമായിരുന്നു. എന്നാല്‍ സന്തോഷം നിങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഉടമപ്പെടുത്താന്‍ കഴിയാത്തതിലാണ്. എന്റെ വിശ്വാസത്തിലാണ് ഞാന്‍ സന്തോഷം കണ്ടെത്തുന്നത്. അതെന്റെ ഹൃദയത്തിലാണ്. എന്റെ നാഥനല്ലാതെ എന്റെ ഹൃദയത്തില്‍ മറ്റാര്‍ക്കും യാതൊരധികാരവുമില്ല.
ഉന്നതമായ കൊട്ടാരങ്ങളിലും സേവകരുടെ എണ്ണത്തിലും സമ്പത്തിലും അധികാരത്തിലും മറ്റ് ഐഹിക വിഭവങ്ങളിലുമാണ് സന്തോഷമെന്ന് മിക്ക ആളുകളും ധരിച്ചിരിക്കുന്നത്. എന്നാല്‍ അല്ലാഹു വ്യക്തമാക്കി തരുന്നത് ഐഹിക വിഭവങ്ങള്‍ നീങ്ങിപോകുന്ന അവശിഷ്ടങ്ങളാണെന്നാണ്. ‘ഭാര്യമാര്‍, മക്കള്‍, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങള്‍, മേത്തരം കുതിരകള്‍, കന്നുകാലികള്‍, കൃഷിയിടങ്ങള്‍ എന്നീ ഇഷ്ടവസ്തുക്കളോടുള്ള മോഹം മനുഷ്യര്‍ക്ക് ചേതോഹരമാക്കിയിരിക്കുന്നു. അതൊക്കെയും ഐഹികജീവിതത്തിലെ സുഖഭോഗ വിഭവങ്ങളാണ്. എന്നാല്‍ ഏറ്റവും ഉത്തമമായ സങ്കേതം അല്ലാഹുവിങ്കലാകുന്നു.’ (ആലുഇംറാന്‍: 14)

ഡോ. യൂസുഫുല്‍ ഖറദാവി സന്തോഷത്തെ നിര്‍വചിക്കുന്നത് കാണുക: മനുഷ്യന്റെ ഉള്ളില്‍ നിന്ന് പ്രവഹിക്കുന്ന ഒന്നാണത്, പുറത്ത് നിന്ന് അത് കൊണ്ട് വരാന്‍ സാധിക്കുകയില്ല. സന്തോഷം ഒരു മരമാണെങ്കില്‍ അതിന്റെ തൈ മനുഷ്യ മനസ്സും ഹൃദയവുമാണ്. അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള വിശ്വാസമാണ് അതിനുള്ള വെള്ളവും വളവും. വിശ്വാസികള്‍ക്ക് സര്‍വവിധ ആശ്വാസവും നല്‍കുന്ന മരുപ്പച്ചയാണ് വിശ്വാസം. വിഭവങ്ങളുടെ കമ്മിയോ ആധിക്യമോ അതിനെ ഇല്ലാതാക്കുകയില്ല. തന്റെ നാഥനിലുള്ള വിശ്വാസം അധികരിപ്പിക്കുക മാത്രമാണത് ചെയ്യുക. അല്ലാഹു തനിക്ക് നല്‍കിയതില്‍ അവന്‍ തൃപ്തനാകുന്നു. തന്റെ അന്നവും അവധിയും തന്റെ നാഥന്റെ കരങ്ങളിലാണെന്നതില്‍ അവന് ഉറച്ച് വിശ്വസിക്കുന്നു. കാര്യങ്ങളെല്ലാം നടക്കുന്നത് അല്ലാഹുവിന്റെ വിധിയും കഴിവും കൊണ്ടാണ്. പിന്നെ എന്തിന്റെ പേരിലാണ് വ്യഥയും ദുഖവും?
ദുഖിതനായ ഒരാളെ കണ്ടപ്പോള്‍ ഇബ്‌റാഹീം ബിന്‍ അദ്ഹം  ചോദിച്ചു: ഹേ മനുഷ്യാ, ഈ പ്രപഞ്ചത്തില്‍ അല്ലാഹു ഉദ്ദേശിക്കാതെ വല്ലതും നടക്കുമോ? അയാള്‍ പറഞ്ഞു: ഇല്ല. പിന്നെ ചോദിച്ചു: അല്ലാഹു നിശ്ചയിച്ച നിന്റെ ആയുസില്‍ ഒരു നിമിഷം കുറയുമോ? അയാള്‍ പറഞ്ഞു: ഇല്ല. ഇബ്‌റാഹീം ചോദിച്ചു: അപ്പോള്‍ എന്തിനാണിങ്ങനെ ദുഖിക്കുന്നത്? ക്ഷമയുടെയും സന്തോഷത്തിന്റെയും വാഹനത്തില്‍ കയറി ഇബ്‌റാഹീം ബിന്‍ അദ്ഹം കാല്‍നടയായി ഹജ്ജിന് പുറപ്പെട്ടു. അപ്പോള്‍ ഒട്ടകപുറത്ത് പോവുകായിരുന്ന ഒരാള്‍ ചോദിച്ചു: എവിടേക്കാണ് നിങ്ങള്‍ പോകുന്നത്? ഹജ്ജു ചെയ്യാനുദ്ദേശിച്ചാണ് പോകുന്നതെന്ന് അദ്ദേഹം മറുപടി നല്‍കി. അയാള്‍ വീണ്ടും ചോദിച്ചു: ദീര്‍ഘമായ ദുര്‍ഘട പാതയാണത്, നിങ്ങള്‍ക്കെവിടെ ആശ്വാസം ലഭിക്കും? അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കാണാത്ത ധാരാളം വാഹനങ്ങളെനിക്കുണ്ട്. അതെന്താണന്നയാള്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം മറുപടി കൊടുത്തു: വല്ല വിപത്തും എനിക്ക് ബാധിച്ചാല്‍ ഞാന്‍ ക്ഷമയുടെ വാഹനത്തില്‍ കയറും, അനുഗ്രഹം ലഭിച്ചാല്‍ നന്ദിയുടെ വാഹനത്തിലായിരിക്കും യാത്ര ചെയ്യുക, അല്ലാഹുവിന്റ വിധിയില്‍ വല്ലതും സംഭവിച്ചാല്‍ തൃപ്തിയുടെ വാഹനത്തില്‍ യാത്ര ചെയ്യും. ഇത് കേട്ട അയാള്‍ പറഞ്ഞു: അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിങ്ങള്‍ യാത്ര ചെയ്യുക, യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ വാഹനപ്പുറത്തും ഞാന്‍ കാല്‍നടയായിട്ടുമാണ് പോകുന്നത്.

മനുഷ്യന്‍ അവന്റെ വാരിയെല്ലുകള്‍ക്കിടയില്‍ അനുഭവിക്കുന്ന അനുഭവമാണ് സന്തോഷമെന്നത്. ശാന്തവും തെളിഞ്ഞതുമായ മനസാണത്. വിശാലവും ആശ്വാസദായകവുമായ മനസ്സുമാണത്. അല്ലാഹുവോടൊപ്പമാകുന്നതിലെ സമാധാനമാണത്. മനശ്ശാന്തിയാണ് സന്തോഷത്തിന്റെ ഒന്നാമത്തെ അരുവി. അതിനെ കുറിച്ച് ഡോ. ഖറദാവി ‘അല്‍-ഈമാനു വസ്സആദഃ’  എന്ന പുസ്തകത്തില്‍ പറയുന്നു: അല്ലാഹുവിന്റെ ആത്മാവില്‍ നിന്നുള്ള ഭാഗമാണത്. ഭയപ്പെടുന്നവന്‍ ശാന്തികണ്ടെത്തുന്ന പ്രകാശമാണത്. അസ്വസ്ഥതപ്പെടുമ്പോള്‍ അവനില്‍ ശാന്തത കണ്ടെത്തുന്നു. ദുഖിതന്‍ അതിലാണ് ആശ്വാസം തേടുന്നത്. വിശ്വാസിയല്ലാത്തവനെ ലോകത്ത് ധാരാളം ദുഖങ്ങളും പ്രയാസങ്ങളും വേട്ടയാടിക്കൊണ്ടിരിക്കുന്നു. വ്യത്യസ്തങ്ങളായ ലക്ഷ്യങ്ങള്‍ അവനെ പിടിച്ച് വലിച്ചുകൊണ്ടിരിക്കുന്നു. തന്റെ ഇച്ഛകളെയും ജീവിക്കുന്ന സമൂഹത്തെയും തൃപ്തിപ്പെടുത്തുന്നതില്‍ അവന്‍ പരിഭ്രാന്തനാകുന്നു. വിശ്വാസി ഇതിലെല്ലാം ആശ്വാസം കൊള്ളുന്നവനാണ്. തന്റെ ലക്ഷ്യങ്ങളെയെല്ലാം ഒരൊറ്റ ശക്തിയിലവന്‍ പരിമിതപ്പെടുത്തുന്നു. അവന്റെ എല്ലാ താല്‍പര്യവും പരിശ്രമവും അതിനായിരിക്കും. അല്ലാഹുവിന്റെ പ്രീതിയാണ് പ്രസ്തുത ലക്ഷ്യം. അല്ലാഹു പറയുന്നു: ‘അല്ലാഹു ആജ്ഞാപിച്ചു: നിങ്ങളിരുകൂട്ടരും ഒന്നിച്ച് ഇവിടെ നിന്നിറങ്ങിപ്പോകണം. നിങ്ങള്‍ പരസ്പരം ശത്രുക്കളായിരിക്കും. എന്നാല്‍ എന്നില്‍നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ ആരത് പിന്‍പറ്റുന്നുവോ അവന്‍ വഴിപിഴക്കുകയില്ല. ഭാഗ്യംകെട്ടവനാവുകയില്ല. എന്റെ ഉദ്‌ബോധനത്തെ അവഗണിക്കുന്നവന്ന് ഈ ലോകത്ത് ഇടുങ്ങിയ ജീവിതമാണുണ്ടാവുക. പുനരുത്ഥാനനാളില്‍ നാമവനെ കണ്ണുപൊട്ടനായാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കുക.’ (ത്വാഹാ: 123,124)

യഥാര്‍ത്ഥ സന്തോഷം ഐഹികമായ വിഭവങ്ങളിലല്ല. മറിച്ച് നിന്റെ അടുത്തുള്ളതില്‍ തൃപ്തിപ്പെടുന്നതിലാണ്. ഒരാള്‍ക്ക് എത്രതന്നെ ഐഹികമായ അനുഗ്രഹം ലഭിച്ചാലും സംതൃപ്തി നല്‍കപ്പെട്ടിട്ടില്ലെങ്കില്‍ അവന്റെ മനസ് ശാന്തമാവുകയില്ല. അവന്റെ ജീവിതകാലം മുഴുവന്‍ അസ്വസ്ഥതകളും നിരാശകളും അവനെ വേട്ടയാടിക്കൊണ്ടിരിക്കും. അവന്റെ സന്തോഷത്തിനിടക്ക് ഒരു തടസ്സമായി അത് നിലനില്‍ക്കും. സഅദ് ബിന്‍ അബീവഖാസ് തന്റെ മകനോട് പറഞ്ഞു: ‘പ്രിയ മോനേ, നീ ഐശ്വര്യത്തെ തേടുന്നുവെങ്കില്‍ തൃപ്തിയില്‍ അത് അന്വേഷിക്കുക. നിനക്ക് തൃപ്തിയില്ലെങ്കില്‍ സമ്പത്ത് നിന്നെ ഐശ്വര്യവാനാക്കുകയില്ല.’ ഇമാം ത്വബ്‌രി തന്റെ പ്രസിദ്ധമായ ചരിത്ര ഗ്രന്ഥത്തില്‍ വിവരിക്കുന്നു: ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ഖലീഫയായിരിക്കെ എട്ട് ദിര്‍ഹം നല്‍കി തനിക്ക് ഒരു വസ്ത്രം വാങ്ങുന്നതിനായി ഒരാളെ അയച്ചു. അയാള്‍ അതുമായി വന്നപ്പോള്‍ ആ വസ്ത്രം കയ്യില്‍ വെച്ച് അദ്ദേഹം പറഞ്ഞു: എന്ത് നൈര്‍മ്മല്യം, എത്ര മനോഹരം! അപ്പോള്‍ അയാള്‍ ചിരിച്ചു. ഉമര്‍ അതിന്റെ കാരണമന്വേഷിച്ചു. അയാള്‍ മറുപടി കൊടുത്തു: അമീറുല്‍ മുഅ്മിനീന്‍, നിങ്ങള്‍ ഖിലാഫത്ത് ഏറ്റെടുക്കുന്നതിന് മുമ്പ് ഒരു പട്ടുവസ്ത്രം വാങ്ങിത്തരാന്‍ നിങ്ങള്‍ കല്‍പ്പിച്ചിരുന്നു. ആയിരം ദിര്‍ഹമിന്റെ വസ്ത്രം നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ വാങ്ങി. അത് കയ്യില്‍ വെച്ചിട്ട് നിങ്ങള്‍ പറഞ്ഞത് ‘എന്തു പരുക്കാനാണിത്’ എന്നായിരുന്നു. എന്നാല്‍ ഇന്ന് എട്ട് ദിര്‍ഹമിന്റെ വസ്ത്രമാണ് നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടത്. അപ്പോള്‍ ഉമര്‍ പറഞ്ഞു: ഉന്നതങ്ങളിലേക്ക് ആഗ്രഹിക്കുന്ന ഒരു മനസ് എനിക്കുണ്ടായിരുന്നു. ഓരോ സ്ഥാനങ്ങള്‍ ലഭിച്ചപ്പോഴും അതിനേക്കാള്‍ ഉയര്‍ന്നത് ഞാന്‍ തേടി. നേതൃത്വം കിട്ടിയപ്പോള്‍ ഖിലാഫത്തിനായി ഞാന്‍ ആഗ്രഹിച്ചു. ഖിലാഫത് കിട്ടിയപ്പോള്‍ അതിനേക്കാള്‍ വലുതിന് ആഗ്രഹിച്ചു, സ്വര്‍ഗമായിരുന്നു അത്. തൃപ്തിയിലാണ് സന്തോഷം. തൃപ്തിയെന്നത് ക്ഷമയുടെ ഏറ്റവും ഉന്നതമായ സ്ഥാനമാണ്. അല്ലാഹു ശക്തമായ വിശ്വാസവും സഹനവും നല്‍കിയവര്‍ക്ക് മാത്രമേ അത് സാധിക്കുകയുള്ളൂ. അവരെ സന്തുഷ്ടരും തൃപ്തരുമായി നിങ്ങള്‍ക്ക് കാണാം. അവര്‍ക്ക് എന്ത് പരീക്ഷണം വന്നുഭവിച്ചാലും അത് നന്മായിട്ടേ അവര്‍ കാണുകയുള്ളൂ. കാരണം അല്ലാഹുവിന്റെ വിധിയും തീരുമാനവുമാണത്. അല്ലാഹു അതിലൂടെ നിങ്ങള്‍ നന്മയാണുദ്ദേശിക്കുന്നതെന്ന് ഉറച്ച വിശ്വാസം അവനുണ്ടായിരിക്കും. നീരസം പൂണ്ടിരിക്കുന്നവര്‍ സന്തോഷം അനുഭവിക്കുകയില്ല. അവരുടെ ജീവിതം ദുഖത്തിലും പ്രയാസത്തിലുമായിരിക്കും. എന്നാല്‍ വിശ്വാസി തന്റെ നാഥന്റെ വിധിയില്‍ തൃപ്തിപ്പെടുന്നവരാണ്. തന്റെ തീരുമാനത്തേക്കാള്‍ ഉത്തമമായിരിക്കുക തന്റെ നാഥന്റെ തീരുമാനമായിരിക്കുമെന്നവര്‍ ഉറച്ച് വിശ്വസിക്കും. അവന്റെ നാവ് തന്റെ സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവോട് സംസാരിച്ചു കൊണ്ടിരിക്കും. ‘സമസ്ത സൗഭാഗ്യങ്ങളും നിന്റെ കൈയിലാണ്. തീര്‍ച്ചയായും നീ എല്ലാകാര്യത്തിനും കഴിവുറ്റവന്‍ തന്നെ.’ (ആലുഇംറാന്‍: 26)

അല്ലാഹുവിന്റെ വിധിയില്‍ സംതൃപ്തി കാണിക്കുന്നതില്‍ ഏറ്റവും ഉന്നതമായ മാതൃകയാണ് പ്രവാചകനും സഹാബികളും കാണിച്ച് തന്നിട്ടുള്ളത്. പരീക്ഷണങ്ങളിലെല്ലാം സന്തുഷ്ടരായിട്ടാണവര്‍ ജീവിച്ചത്. അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നത് സന്തോഷത്തിന്റെ പ്രധാന ഘടകമാണ്. അല്ലാഹു പറയുന്നു: ‘അല്ലാഹുവോട് ഭക്തി കാണിക്കുന്നവന്ന് അല്ലാഹു രക്ഷാമാര്‍ഗമൊരുക്കിക്കൊടുക്കും. അവന്‍ വിചാരിക്കാത്ത വിധം അവന് ആഹാരം നല്‍കും.’ (അത്തലാഖ്: 2,3) ഹാതിം അല്‍-അസം ഹജ്ജ് ചെയ്യാനുദ്ദേശിച്ചപ്പോള്‍ മക്കളോടിത് പറഞ്ഞു. മക്കള്‍ ചോദിച്ചു: ‘ഞങ്ങളെ ആരെയാണ് ഏല്‍പിക്കുന്നത്? അപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ അവരോട് പറഞ്ഞു: അദ്ദേഹം പോകട്ടെ, അദ്ദേഹമല്ല അന്നം തരുന്നത്. അദ്ദേഹം പോവുകയും തുടര്‍ന്ന് അവര്‍ പട്ടിണിയാവുകയും ചെയ്തപ്പോള്‍ അവരെല്ലാവരും ആ പെണ്‍കുട്ടിയെ ആക്ഷേപിക്കാന്‍ തുടങ്ങി. അവള്‍ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, എന്നെ അവര്‍ക്കിടയില്‍ നാണംകെടുത്തരുതേ.. അപ്പോള്‍ നാട്ടിലെ ഗവര്‍ണര്‍ അതിലൂടെ കടന്ന് പോയി. അദ്ദേഹം വെള്ളം ആവശ്യപ്പെട്ടു. അവരദ്ദേഹത്തിന് തണുത്ത വെള്ളം നല്‍കി. അതുകുടിച്ച് കൊണ്ട് അദ്ദേഹം ചോദിച്ചു: ആരുടെ വീടാണിത്? അവര്‍ പറഞ്ഞു ഹാതിം അസമിന്റെ വീടാണിത്. എന്നിട്ട് ഒരു സ്വര്‍ണാഭരണം അങ്ങോട്ട് എറിഞ്ഞ ശേഷം പറഞ്ഞു: എന്നെ ഇഷ്ടപ്പെടുന്നവര്‍ ഞാന്‍ ചെയ്ത പോലെ ചെയ്യട്ടെ, അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവരും അപ്രകാരം ചെയ്തു. ഇത് കണ്ട അദ്ദേഹത്തിന്റെ മകള്‍ കരഞ്ഞ് കൊണ്ട് പുറത്തേക്ക് വന്നു. അപ്പോള്‍ അവരുടെ ഉമ്മ  എന്തിനാണ് കരയുന്നതെന്ന് ചോദിച്ചു. അവള്‍ പറഞ്ഞു: അല്ലാഹു വിഭവം വിശാലമാക്കി തന്നിരിക്കുന്നു. ഒരു സൃഷ്ടി ഞങ്ങളിലേക്ക് നോക്കിയപ്പോള്‍ തന്നെ ഞങ്ങളെ ഐശ്വര്യവാന്‍മാരാക്കിയിരിക്കുന്നു. അപ്പോള്‍ സ്രഷ്ടാവ് തന്നെ നോക്കിയിരുന്നെങ്കില്‍ എന്താകുമായിരുന്നു? നന്നായി ഭരമേല്‍പ്പിക്കുന്നതിന്റെ ഭാഗമാണ് പ്രവര്‍ത്തനങ്ങള്‍ നന്നാക്കുകയെന്നത്. അപ്രകാരം നല്ല രീതിയില്‍ സന്താനപരിപാലനം നടത്തുക. നിങ്ങളുടെ മക്കളെ അല്ലാഹു സംരക്ഷിക്കുമെന്ന ഉത്തമ ബോധ്യമുണ്ടായിരിക്കുകയും വേണം. അല്ലാഹു പറയുന്നു: ‘തങ്ങള്‍ക്കു പിറകെ ദുര്‍ബലരായ മക്കളെ വിട്ടേച്ചുപോകുന്നവര്‍ അവരെയോര്‍ത്ത് ആശങ്കിക്കുന്നതുപോലെ മറ്റുള്ളവരുടെ കാര്യത്തിലും അവര്‍ ആശങ്കയുള്ളവരാകട്ടെ. അങ്ങനെ അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും നല്ല വാക്ക് പറയുകയും ചെയ്യട്ടെ.’ (അന്നിസാഅ്: 9)

അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നതില്‍ ഏറ്റവും ഉത്തമമായ മാതൃകയാണ് അബൂബക്ര്‍(റ) കാണിച്ചത്. ദൈവമാര്‍ഗത്തില്‍ ധനം ചെലവഴിക്കാന്‍ നബി(സ) കല്‍പ്പിച്ചപ്പോള്‍ തന്റെ മുഴുവന്‍ സമ്പത്തും അദ്ദേഹം സമര്‍പ്പിച്ചു. വീട്ടില്‍ എന്താണ് ബാക്കിയുള്ളത് എന്ന ചോദ്യത്തിന് ‘അല്ലാഹുവും അവന്റെ ദൂതനും’ എന്നാണദ്ദേഹം മറുപടി നല്‍കിയത്. ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് മരണപ്പെടുമ്പോള്‍ എട്ട് മക്കളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. എന്താണ് മക്കള്‍ക്കായി വിട്ടുപോകുന്നത് എന്നു മരണക്കിടക്കയില്‍ കിടക്കുന്ന അദ്ദേഹത്തോട് ആളുകള്‍ ചോദിച്ചു. ദൈവഭക്തിയാണ് അവര്‍ക്കായി വിട്ടേച്ചു പോകുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അവര്‍ സദ്‌വൃത്തരാണെങ്കില്‍ അല്ലാഹു അവരുടെ കാര്യം ഏറ്റെടുത്തു കൊള്ളും. അവര്‍ അപ്രകാരം അല്ലെങ്കില്‍ അല്ലാഹുവെ ധിക്കരിക്കുന്നതിന് സഹായകമാകുന്ന ഒന്നും ഞാന്‍ വിട്ടേച്ച് പോകുന്നില്ല. അദ്ദേഹത്തിന്റെ മക്കള്‍ക്ക് ഓരോരുത്തര്‍ക്കും എട്ട് ദിര്‍ഹം വീതമാണ് അദ്ദേഹം അവശേഷിപ്പിച്ചിരുന്നത്. അതേ സമയം ഹിശാം ബിന്‍ അബ്ദുല്‍ മലിക് തന്റെ മക്കള്‍ ഓരോരുത്തര്‍ക്കും ആയിരം ദീനാറായിരുന്നു അവശേഷിപ്പിച്ചിരുന്നതെന്ന് നാം പ്രത്യേകം ഓര്‍ക്കണം. ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ മക്കള്‍ ഇരുപത് വര്‍ഷത്തിന് ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധാരാളം സമ്പത്ത് ചെലവഴിക്കുന്നവരായി മാറി. എന്നാല്‍ ഹിശാമിന്റെ മക്കള്‍ അബൂജഅ്ഫറിന്റെ കാലത്ത് ആളുകളോട് ദാനം സ്വീകരിക്കുന്നവരായി മാറി.

അനുഗ്രഹങ്ങളെ തിരിച്ചറിയലും അതിന് നന്ദി കാണിക്കലും സന്തോഷം നല്‍കുന്ന കാര്യമാണ്. മിക്ക ആളുകളും അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ തിരിച്ചറിയാത്തവരാണ്. നന്ദി കാണിക്കുന്നവര്‍ വളരെ കുറവാണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. ‘എന്റെ ദാസന്മാരില്‍ നന്ദിയുള്ളവര്‍ വളരെ വിരളമാണ്.’ (സബഅ്: 13) എന്നാല്‍ അത്തരക്കാര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ ഏതെങ്കിലും നഷ്ടപ്പെട്ടാല്‍ അവര്‍ക്ക് മനപ്രയാസം ഉണ്ടാകും. തനിക്ക് ലഭിച്ചിരിക്കുന്ന മറ്റെല്ലാ അനുഗ്രഹങ്ങളെയും അവര്‍ വിസ്മരിക്കുന്നു. ഇത്തരം പ്രയാസത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനും സന്തോഷത്തിന്റെ മരുപ്പച്ചയില്‍ എത്തുന്നതിനും മനുഷ്യന്‍ തനിക്ക് ലഭിച്ച അനുഗ്രങ്ങള്‍ ലഭിക്കാത്തവരിലേക്ക് നോക്കേണ്ടതുണ്ട്. ഡോ. മുസ്തഫസ്സിബാഇയുടെ വാക്കുകള്‍ വളരെ ശ്രദ്ധേയമാണ്. ‘സല്‍സ്വഭാവത്തിന്റെ കാര്യത്തില്‍ അല്ലാഹു നിങ്ങളോട് കാണിച്ച ഔദാര്യം തിരിച്ചറിയുന്നതിനായി വര്‍ഷത്തിലൊരിക്കല്‍ നിങ്ങള്‍ കോടതി സന്ദര്‍ശിക്കുക. ആരോഗ്യത്തിലും രോഗത്തിലും അല്ലാഹു നിങ്ങളോട് കാണിച്ച് ഔദാര്യം തിരിച്ചറിയാന്‍ മാസത്തിലൊരിക്കല്‍ ആശുപത്രി സന്ദര്‍ശിക്കുക. പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തില്‍ അല്ലാഹു കാണിച്ച അനുഗ്രഹം തിരിച്ചറിയുന്നതിനായി ആഴ്ചയിലൊരിക്കല്‍ പൂന്തോട്ടം സന്ദര്‍ശിക്കുക. ബുദ്ധിയുടെ കാര്യത്തില്‍ നിങ്ങളോട് അല്ലാഹു കാണിച്ച ഔദാര്യം തിരിച്ചറിയുന്നതിനായി ദിവസത്തിലൊരിക്കല്‍ ലൈബ്രറി സന്ദര്‍ശിക്കുക. ജീവിതത്തില്‍ നിങ്ങള്‍ക്ക് ലഭിച്ച അനുഗ്രങ്ങള്‍ തിരിച്ചറിയാന്‍ ഓരോ നിമിഷവും നിന്റെ നാഥനെ സന്ദര്‍ശിക്കുക.’

വിവ. അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles