Current Date

Search
Close this search box.
Search
Close this search box.

വിഷാദരോഗവും ആത്മഹത്യയും: ലോകം നേരിടുന്ന വെല്ലുവിളി

suiside.jpg

ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍ വിഷാദ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്നതാണ്. 350 ദശലക്ഷം ആളുകള്‍ വിഷാദരോഗം അനുഭവിക്കുന്നവരാണ്. വിഷാദരോഗികളുടെ എണ്ണത്തില്‍ അഞ്ച് ശതമാനം വര്‍ദ്ധനവാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നത്. സ്ത്രീകളിലാണിത് കൂടുതലെന്നും ശ്രദ്ധേയമാണ്. ഇത് അധികരിക്കുന്ന അവസ്ഥ ആത്മഹത്യക്ക് കാരണമാകുമെന്നുവെന്നും പഠനം സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ലോകത്ത് നടന്ന പത്ത് ലക്ഷം ആത്മഹത്യകളില്‍ മിക്കതിന്റെയും കാരണം വിഷാദരോഗമായിരുന്നു. പ്രസ്തുക കണക്കുകളും അതിനുള്ള പരിഹാരങ്ങളുമാണ് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥയായ ഇസ്‌ലാം ലോകത്തിലെ ഏതു സങ്കീര്‍ണ്ണ പ്രശ്‌നത്തിനും പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. മനശാന്തിയും സ്വസ്ഥതയും തൃപ്തിയും സൃഷ്ടിക്കാനുള്ള ദര്‍ശനമെന്ന നിലയില്‍ ഏറ്റവും ആദ്യത്തെയും വിജയകരവുമായ പരിഹാരം അതുതന്നെ. എക്കാലത്തും ഇസ്‌ലാം സ്വീകരിച്ചവര്‍ അതിന്റെ സാക്ഷികളുമാണ്. ഈമാന്‍ (വിശ്വാസം) നഷ്ടപ്പെടുന്നതിലൂടെ ലോകത്തിന് എന്താണ് സംഭവിക്കുന്നത്? എന്തുകൊണ്ട് ആളുകള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടുന്നു? ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ വിശ്വാസവും ക്ഷമയും കൊണ്ടെന്തുകൊണ്ടവര്‍ക്കതിനെ നേരിടാന്‍ സാധിക്കുന്നില്ല? അല്ലെങ്കില്‍ വിശ്വാസം തന്നെ നഷ്ടപ്പെടുകയാണോ?
ശരിയായ ദൈവിക സന്മാര്‍ഗം ലഭിക്കാത്ത ദുര്‍ബലരാണ് ആത്മഹത്യയില്‍ ചെന്നെത്തുന്നത്. ഖുര്‍ആന്‍ പറയുന്നത് : ‘നീ ക്ഷമിക്കുക. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ടു മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. അവരെപ്പറ്റി നീ ദുഃഖിക്കരുത്. അവരുടെ കുതന്ത്രങ്ങളെപ്പറ്റി വിഷമിക്കുകയും വേണ്ട’ എന്നാണ്. (അന്നഹ്ല്‍: 127)

പരീക്ഷണങ്ങളുണ്ടാകുമെന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുള്ളതാണ്. ‘ഭയം, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക. ഏതൊരു വിപത്തു വരുമ്പോഴും അവര്‍ പറയും: ‘ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്കുതന്നെ തിരിച്ചുചെല്ലേണ്ടവരും. അവര്‍ക്ക് അവരുടെ നാഥനില്‍ നിന്നുള്ള അതിരറ്റ അനുഗ്രഹങ്ങളും കാരുണ്യവുമുണ്ട്. അവര്‍ തന്നെയാണ് നേര്‍വഴി പ്രാപിച്ചവര്‍.’ (അല്‍ബഖറ: 155-157) ഓരോ വര്‍ഷവും പത്ത്‌ലക്ഷം ആളുകളാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വളരെ ദുഖകരമായ വസ്തുതയാണ്. (ഏകദേശം മൂവായിരത്തോളം ആളുകള്‍ ഓരോ ദിവസവും ആത്മഹത്യ ചെയ്യുന്നു) അതേസമയം തന്നെ പ്രതിദിനം 60000 ആത്മഹത്യാ ശ്രമങ്ങളും നടക്കുന്നു. ഏതൊക്കെ രാജ്യങ്ങളിലാണ് ആത്മഹത്യാ നിരക്കില്‍ മുന്നിട്ട് നില്‍ക്കുന്നതെന്ന് ലോകാരോഗ്യ സംഘനടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ധനിക രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ എന്ന വേര്‍തിരിവ് ഇക്കാര്യത്തിലില്ല. മറിച്ച് അതിന്റെ കാരണം വിശ്വാസം നഷ്ടപ്പെട്ടതാണ്. വിഷാദരോഗമെന്നത് മാനസികമായ തകിടം മറിച്ചിലാണ്. തന്റെ ഉത്തരവാദിത്വം യഥാവിധി നിര്‍വഹിക്കുന്നതിനത് തടസ്സമാകുന്നു. ലോകാരോഗ്യ സംഘടനയുടെ മാനസികാരോഗ്യ വിഭാഗം തലവന്‍ ശേഖര്‍ സാക്‌സെന പറയുന്നു: വിഷാദ രോഗം മനുഷ്യ ചരിത്രത്തിന്റെ അത്ര തന്നെ പഴക്കമുള്ള പ്രതിഭാസമാണെങ്കിലും അവരില്‍ പകുതിയോളം പേര്‍ക്കും ശരിയായ ആരോഗ്യ പരിചരണം ലഭിക്കുന്നില്ല. അത് പുറത്ത് പറഞ്ഞാലുണ്ടാകുന്ന പ്രയാസങ്ങളെ ഭയന്ന് മറച്ചു വെക്കുന്നതാണ് അതിന്റെ കാരണം. വിവിധ പ്രകൃതക്കാരില്‍ വിഷാദരോഗവും വ്യത്യസ്ത തരത്തിലാണ് ബാധിക്കുന്നത്. രണ്ടാഴ്ചയോ അതിലധികമോ നീണ്ടു നില്‍ക്കുന്ന ദുഖമായിട്ടത് മാറാം. വീട്ടിലും ജോലിസ്ഥലത്തും വ്യക്തിയുടെ പ്രവര്‍ത്തക്ഷമത അത് നശിപ്പിക്കുന്നു. മാനസികവും സാമൂഹികവും മരുന്നുകളും ഉപയോഗിച്ചുള്ള ചികിത്സകള്‍ അതിനുണ്ട്. രോഗചികിത്സയുടെ ആദ്യ ഘട്ടം രോഗത്തെ തിരിച്ചറിയുകയും ചികിത്സക്ക് അവരുടെ പിന്തുണ നേടുകയും വേണം. ചികിത്സ എത്ര നേരത്തെ തുടങ്ങുന്നുവോ അത്രത്തോളം അതിന് വിജയസാധ്യതയും കൂടുന്നു. സാമൂഹികവും മാനസികവും ശാരീരികവുമായ സങ്കീര്‍ണ്ണമായ പ്രേരകങ്ങളാണ് വിഷാദത്തിന് കാരണമാകുന്നത്.

മാനസിക രോഗികളില്‍ 80 ശതമാനവും ജീവിക്കുന്നത് വികസിത രാഷ്ട്രങ്ങളിലാണെങ്കിലും അവര്‍ക്ക് യാതൊരു തരത്തിലുള്ള ചികിത്സയും ലഭിക്കുന്നില്ലെന്നും നാം വിസ്മരിക്കരുത്. രണ്ട് ലക്ഷം ആളുകള്‍ക്ക് ഒരു മനോരോഗവിദഗ്ദന്‍ എന്ന അനുപാതത്തിലുള്ള രാജ്യങ്ങളില്‍ താമസിക്കുന്നവരാണ് ലോകജനസംഖ്യയില്‍ പകുതിയും വസിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ഈ അനുപാതം അതിലും എത്രയോ താഴെയാണ്. ലോകാരോഗ്യസംഘനയുടെ പഠനത്തില്‍ ഉദാഹരണായി അഫ്ഗാനെ ഉദ്ധരിക്കുന്നുണ്ട്. മുപ്പത് വര്‍ഷങ്ങളായി നടക്കുന്ന യുദ്ധത്തില്‍ ഏതെങ്കിലും ഒരംഗത്തെ നഷ്ടപ്പെട്ടവരാണ് അവിടത്തെ മിക്കകുടുംബങ്ങളും. അവിടെ വളരെയധികം ആളുകളാണ് വിഷാദം അനുഭവിക്കുന്നവര്‍. അതുപോലെ നൈജീരിയയിലും വിഷാദ രോഗികളുടെ തോത് വളരെയധികമാണ്. തങ്ങള്‍ക്ക് ചുറ്റിലും നടക്കുന്ന അതിക്രമങ്ങളും സാമ്പത്തിക പ്രയാസങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും മാനസികാരോഗ്യത്തെ ശക്തമായി തന്നെ ബാധിക്കുന്നവയാണ്. രോഗം ബാധിക്കുന്നവരില്‍ മിക്കവരും സമൂഹത്തില്‍ നിന്ന് എടുത്തെറിയപ്പെടുകയാണ് ചെയ്യുന്നത്. അവര്‍ക്കാവശ്യമായ പരിചരണം അതില്‍ നിന്ന് കിട്ടുന്നില്ല.

വിഷാദരോഗികളെ തെരുവിലേക്ക് തള്ളുന്ന നിലപാട് സ്വീകരിക്കുന്ന നാടുകളുമുണ്ട്. ഭക്ഷണവും വസ്ത്രവും പോലും കിട്ടാതെ അവര്‍ പ്രയാസപ്പെടുകായാണ് ചെയ്യുന്നത്. മോശപ്പെട്ട പെരുമാറ്റമാണ് അവര്‍ക്ക് സമൂഹത്തില്‍ നിന്ന് കിട്ടുന്നത്. കടുത്തവിവേചനമാണ് അവരോട് സമൂഹം കാണിക്കുന്നത്. 2010-ല്‍ ഹെയ്തിയിലുണ്ടായ ഭൂകമ്പത്തില്‍ മൂന്ന് ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു. അത്രത്തോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 16 ലക്ഷം ആളുകള്‍ ഭവനരഹിതരാവുകയും ചെയ്ത ദുരന്തം അവിടത്തെ മുഴുവന്‍ ആളുകളെയും സ്വാധീനിച്ചിട്ടുണ്ട്. തുടര്‍ന്ന് അവിടെ കോളറ പടര്‍ന്ന് പിടിക്കുകയും ചെയ്തു. എന്നാല്‍ ഹെയ്തിയില്‍ ഇസ്‌ലാം വ്യാപിക്കുന്നതാണ് നാം കണ്ടത്, പ്രത്യേകിച്ചും ഭൂകമ്പം പിടിച്ച് കുലുക്കിയ തലസ്ഥാനമായ പോര്‍ട്ട് ഒ പ്രിന്‍സിലത് ശ്രദ്ധേയമായിരുന്നു. തങ്ങള്‍ക്ക് പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെട്ട ഹെയിതി നിവാസികള്‍ അഭയവും ആശ്വാസവും കണ്ടെത്തിയത് ഇസ്‌ലാമിലായിരുന്നു. ഹെയ്തി ഭരണകൂടം ഔദ്യോഗികമായി ഇസ്‌ലാമിനെ അംഗീകരിക്കാത്ത അവസ്ഥയിലാണിതെന്ന് നാം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഇസ്‌ലാമികമായ വിവാഹ രീതിയെയും അവര്‍ അംഗീകരിക്കുന്നില്ല. അവിടത്തെ മുസ്‌ലിംകളുടെ ആത്മീയ നേതാവിന്റെ വാക്കുകള്‍ ബി.ബി.സി, ഗാര്‍ഡിയന്‍, വാഷിംഗ്ടണ്‍ പോസ്റ്റ് പോലുള്ള പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ‘ഭൂകമ്പത്തിന് ശേഷം ദുരന്തബാധിതരായ അനേകമാളുകള്‍ ഇവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ സംഘടിതരും ആളുകളെ സ്വീകരിക്കുന്നതിനും ഭക്ഷണം നല്‍കുന്നതിനും വിശാലമായ സൗകര്യമുള്ള പള്ളികളും നമുക്കുണ്ടായിരുന്നു.’

ഭൂകമ്പത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട അധ്യാപികയായ ഡാര്‍ലൈന്‍ ഇസ്‌ലാമിലേക്ക് ആകൃഷ്ടയാകുകയായിരുന്നു. ഇസ്‌ലാമിന്റെ ആത്മനിയന്ത്രണവും വിദ്യാഭ്യാസത്തിനും വൃത്തിപാലിക്കുന്നതില്‍ കാണിക്കുന്ന പ്രാധാന്യവുമാണ് അവരെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത്. അവിടെ പടര്‍ന്ന് പിടിച്ച കോളറയില്‍ നിന്ന് രക്ഷപെടാന്‍ മുസ്‌ലിംകളെ സഹായിച്ചത് നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരുന്ന വുദൂഅ് (അംഗശുദ്ധി) ആയിരുന്നു എന്നവര്‍ മനസിലാക്കി. സമാധാനവും സുരക്ഷയും ഇസ്‌ലാമില്‍ കണ്ടെത്തിയ അവര്‍ സന്മാര്‍ഗം സ്വീകരിക്കുകയും ചെയ്തു.
മുമ്പ് ഇസ്‌ലാമിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത അനേകമാളുകളാണ് ഭൂകമ്പത്തിന് ശേഷം അവിടെ ഇസ്‌ലാം സ്വീകരിച്ചത്. തങ്ങള്‍ ചരിക്കുവാനുള്ള ഒരു മാര്‍ഗം അന്വേഷിച്ച അവര്‍ ഇസ്‌ലാമിനെ കണ്ടെത്തുകയായിരുന്നു. ജനങ്ങളെ ശരിയായ വഴിയില്‍ നടത്താന്‍ ഇസ്‌ലാമിന് സാധിക്കുമെന്നവര്‍ മനസിലാക്കി. മഹാനായ അല്ലാഹു ആരാണെന്ന് അവര്‍ മനസിലാക്കുകയും ചെയ്തു.

മാനസിക പ്രശ്‌നങ്ങളെ ചികിത്സിക്കുന്നതിനായി ആദ്യമായി ആശുപത്രി തുടങ്ങിയ ചരിത്രം നമുക്ക് അവകാശപ്പെട്ടതാണ്. ഖലീഫ അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്റെ കാലത്ത് എ.ഡി. 707-ല്‍ ദമസ്‌കസില്‍ ആയിരുന്നു അത്. പിന്നീട് എ.ഡി. 800-ല്‍ ഈജിപ്തിലും അത്തരത്തിലൊന്ന് സ്ഥാപിച്ചു. ദുര്‍ബലരെയും രോഗികളെയും പരിചരിക്കുന്നതിനായി മുസ്‌ലിം സ്‌പെയിനില്‍ ഒട്ടേറെ ആശുപത്രികളുണ്ടായിരുന്നു. അത്തരം ആശുപത്രികളുടെ സേവനം എല്ലാവര്‍ക്കും സൗജന്യമായിരുന്നു എന്നതായിരുന്നു അതിന്റെ പ്രധാന സവിശേഷത. അവിടെ ആളുകള്‍ക്കിടയില്‍ യാതൊരു വിധ വേര്‍തിരിവുകളും നിലനിന്നിരുന്നില്ല. അവക്ക് പുറത്തുള്ള ഹാളില്‍ വെച്ചായിരുന്നു ഒന്നാം ഘട്ട പരിശോധനകള്‍ നടത്തിയിരുന്നത്. എത്ര നിസ്സാരമായ രോഗമാണെങ്കിലും അവര്‍ക്കും ചികിത്സ നല്‍കിയിരുന്നു. ആശുപത്രിയിലെ  തന്നെ ഫാര്‍മസിയുടെ സേവനവും രോഗികള്‍ക്ക് ലഭ്യമായിരുന്നു. രോഗാവസ്ഥയില്‍ ഒരാളെ പ്രവേശിപ്പിക്കുമ്പോള്‍ കുളിച്ച് പ്രത്യേകമായ വസ്ത്രങ്ങള്‍ നല്‍കിയായിരുന്നു അകത്തേക്ക് മാറ്റിയിരുന്നത്. അവര്‍ക്ക് നല്ല കട്ടിലും വിരിപ്പും ആശുപത്രി തന്നെ നല്‍കിയിരുന്നു. മരുന്നുകള്‍ മാത്രമല്ല ആരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണവും രോഗികള്‍ക്ക് നല്‍കിയിരുന്നു. രോഗശമനം കിട്ടിയവരെ മറ്റൊരു ഹാളിലേക്ക് മാറ്റുകയും പോകുമ്പോള്‍ പുതിയ വസ്ത്രങ്ങളും ജോലി ചെയ്യാന്‍ സാധിക്കുന്നത് വരെ കഴിയുന്നതിന് ആവശ്യമായ പണവും നല്‍കിയായിരുന്നവരെ തിരിച്ചയച്ചിരുന്നത്. ഏറ്റവും ഭംഗിയിയും വൃത്തിയിലും ഒരുക്കിയതായിരുന്നു അന്നത്തെ ആശുപത്രികള്‍. അത് പരിശോധിക്കുന്നതിനായി പ്രത്യേകം വ്യക്തികളെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഖലീഫ തന്നെ നേരിട്ട് രോഗികളുടെ വിവരങ്ങള്‍ തിരക്കുന്ന രീതിയും അവിടെ നിലനിന്നിരുന്നു. മാനസികരോഗികള്‍ക്കായി പ്രത്യേക വിഭാഗം തന്നെ അവിടങ്ങളില്‍ ഉണ്ടായിരുന്നു. രോഗികള്‍ അക്രമാസക്തരാകുമ്പോള്‍ അവരെ ഒറ്റക്ക് പാര്‍പ്പിക്കുന്നതിനുള്ള സംവിധാനങ്ങളുള്ളവയായിരുന്നു അവ.

ഇന്ന് മിക്ക സമൂഹങ്ങളിലും വിഷാദ രോഗികള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ആത്മവിശ്വാസ കുറവും വിവാഹമോചനങ്ങളുടെ വര്‍ദ്ധനവും കുടുംബപരമായ മറ്റു പ്രശ്‌നങ്ങളുമെല്ലാം അതിന്റെ കാരണങ്ങളായിരിക്കാം. നിലനില്‍ക്കുന്ന സാമൂഹ്യഘടനയാണ് അതിന്റെ മറ്റൊരു പ്രധാന കാരണമായി മനോരോഗ രംഗത്തെ വിദഗ്ദര്‍ കാണുന്നത്. ശരിയായ സന്താനപരിപാലനത്തിന്റെയും വിദ്യാഭ്യാസത്തിന്റെ അഭാവം അതിന് കാരണമാകുന്നുണ്ട്. സാമ്പത്തികവും സാമൂഹികവുമായ ചുറ്റുപാടുകളും വിഷാദത്തിന് കാരണമായി മാറാറുണ്ട്. അറബ് വസന്തങ്ങള്‍ മനുഷ്യര്‍ക്ക് അവന്റെ ആദരവ് വീണ്ടെടുത്ത് നല്‍കുകയും മാന്യമായ ജീവിതത്തിന്റെ വഴികള്‍ കാണിക്കുകയും ചെയ്തു. അല്ലാഹുവിലേക്കും ഇസ്‌ലാമിലേക്കും ഒരു മടക്കം അവര്‍ക്ക് സാധിച്ചു. അത് നിന്നെ വിളിക്കുന്നത് നിന്റെ തന്നെ വിജയത്തിലേക്കും നന്മയിലേക്കുമാണ്. നിന്റെ സമര്‍പ്പണങ്ങളില്‍ നിനക്കത് ആത്മവിശ്വാസം നല്‍കുന്നു. നിന്നിലെ ജന്മവാസനകളെയത് വളര്‍ത്തുകയും ചെയ്യുന്നു. ജീവിതത്തിലെ പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും മറക്കുന്നതിന് നിനക്കത് പ്രേരണയേകുന്നു. ‘പറയുക: അല്ലാഹുവാണ് അവയില്‍ നിന്നും മറ്റെല്ലാ വിപത്തുകളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നത്.’ (അല്‍അന്‍ആം: 64)

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles