Current Date

Search
Close this search box.
Search
Close this search box.

വിവാഹമോചനത്തിന്റെ നടപടിക്രമം

divorce1.jpg

അനുവദനീയമാണെങ്കിലും അല്ലാഹുവിന് ഏറെ വെറുപ്പുള്ള ഒന്നാണ് വിവാഹമോചനം. വളരെ അനിവാര്യമായ സന്ദര്‍ഭത്തില്‍ മാത്രമേ അത് അനുവദനീയമാവുകയുള്ളൂ. വിയോജിപ്പുകളില്‍ പൊരുത്തപ്പെടാന്‍ ദമ്പതികള്‍ തങ്ങളുടെ പരമാവധി ശ്രമിക്കുന്നു, എന്നാല്‍ രഞ്ജിപ്പിലെത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. പരസ്പരം ഒത്തൊരുമിച്ചുള്ള ഒരു ജീവിതം ഒരുനിലക്കും സാധ്യമല്ലെന്ന് അവരിരുവരും മനസ്സിലാക്കുന്നു. അപ്പോള്‍ മാത്രമാണ് വിവാഹ മോചനത്തിന് അനുവാദം നല്‍കപ്പെട്ടിരിക്കുന്നത്. ഇങ്ങനെ വേര്‍പിരിയുന്നതിനും മാന്യമായ ഒരു രീതി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവിനോ ഭാര്യക്കോ വിവാഹ മോചനത്തിന് മുന്‍കയ്യെടുക്കാം. എന്നാല്‍ വിവാഹ മോചനം ചെയ്തിരിക്കുന്നു (ത്വലാഖ്) എന്ന വാക്ക് പറയാനുള്ള അവകാശം ഭര്‍ത്താവിനാണ്. രേഖാമൂലം എഴുതിയും ഭാര്യയെ അക്കാര്യം അറിയിക്കാം. എന്നാല്‍ ഭാര്യക്ക് ഭര്‍ത്താവില്‍ നിന്ന് മോചനം നേടാനുള്ള മാര്‍ഗമാണ് ‘ഖുര്‍അ്’. ഭര്‍ത്താവ് അതിന് വിസമ്മതിക്കുന്നില്ലെങ്കില്‍ അവള്‍ക്ക് കോടതിയെ സമീപിച്ച് വിവാഹമോചനം നേടാവുന്നതാണ്. ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യാനുള്ള അവകാശം ശരീഅത്ത് ഭാര്യക്ക് നല്‍കുന്നില്ല. കുടുംബത്തിന്റെ സാമ്പത്തിക മേധാവിത്വം പുരുഷനാണെന്നതാണ് അതിന് കാരണം. വിവാഹമോചനം ചെയ്താല്‍ ഇദ്ദാകാലത്ത് ഭാര്യക്ക് ചെലവിന് കൊടുക്കേണ്ടത്ത് പുരുഷന്റെ ബാധ്യതയാണ്. കുട്ടികളുണ്ടെങ്കില്‍ അവരുടെ ചെലവും വഹിക്കേണ്ടത് അയാള്‍ തന്നെയാണ്. കുടുംബത്തിന്റെ സാമ്പത്തിക യാതൊരുവിധ സാമ്പത്തിക ഉത്തരവാദിത്വവുമില്ലാത്ത സ്ത്രീക്ക് പുരുഷന് നല്‍കുന്ന തുല്ല്യമായ അവകാശം നല്‍കുന്നത് അനുചിതമാണ്. വിവാഹ സമയത്തോ ശേഷമോ ഭര്‍ത്താവ് വിവാഹമോചനത്തിനുള്ള അവകാശം അവള്‍ക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ അവള്‍ക്കത് ഉപയോഗപ്പെടുത്താം.

തന്റെ ഇണയെ മോചനം ചെയ്യാനുദ്ദേശിക്കുന്ന പുരുഷന്‍ വളരെ സൂക്ഷ്മതയോടെയും തികഞ്ഞ ബോധ്യത്തോടെയും ആയിരിക്കണം അത് ചെയ്യേണ്ടത്. ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോള്‍ വിവാഹമോചനത്തിന്റെ വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയല്ല. ഇണ ഗര്‍ഭിണിയോ ആര്‍ത്തവക്കാരിയോ അല്ലാത്ത സന്ദര്‍ഭത്തിലാണ് വിവാഹ മോചനം നടത്തുന്നതിന്റെ ശരിയായ രീതി. ‘ഞാന്‍ നിന്നെ വിവാഹമോചനം ചെയ്തിരിക്കുന്നു’ (ത്വല്ലഖ്തുഖി) എന്നോ ‘നീ വിവാഹമോചിതയായിരിക്കുന്നു’ (അന്‍തി ത്വാലിഖ്) എന്ന് ഒരു തവണ പറയുകയാണ് അതിന്റെ രീതി. ശേഷം സ്ത്രീ ഇദ്ദ ആചരിക്കുകയാണ് വേണ്ടത്. ഇദ്ദാകാലയളവില്‍ ഭര്‍ത്താവിന് വിവാഹമോചനം പിന്‍വലിച്ച് ദാമ്പത്യം പുനരാരംഭിക്കാവുന്നതാണ്. അത് നടക്കാതെ ഇദ്ദാകാലം പൂര്‍ത്തിയാകുന്നതോടെയാണ് വിവാഹബന്ധം വേര്‍പിരിയുന്നത്. വിവാഹമോചനത്തിന്റെ വാക്കുകള്‍ ആവര്‍ത്തിക്കേണ്ട ഒരാവശ്യവും ഇല്ല. ബന്ധം വേര്‍പ്പെടുത്തുന്നതിന് ഒറ്റത്തവണ പറയുന്നത് മതിയാവുന്നതാണ്.

ഒരു തവണ വിവാഹമോചനം ചൊല്ലി പിന്നീട് ഇദ്ദാകാലത്ത് തിരിച്ചെടുക്കുകയും ചെയ്ത ഭര്‍ത്താവിന് മാത്രമേ രണ്ടാമത്തെ ത്വലാഖിനുള്ള അവകാശമുള്ളൂ. ഇപ്രകാരം തിരിച്ചെടുത്ത് രണ്ടാമതും ത്വലാഖ് ചൊല്ലുകയും ഇദ്ദാകാലത്ത് തിരിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് മൂന്നാമത്തെ ത്വലാഖിനുള്ള അവകാശം പുരുഷന് ലഭിക്കുന്നത്. അതിന് ശേഷവും അവളെ ത്വലാഖ് ചൊല്ലുകയാണെങ്കില്‍ ആ ബന്ധം അവസാനിച്ചിരിക്കുന്നു എന്നാണ് ശരീഅത്ത് പറയുന്നത്. വിവാഹം വളരെ ഗൗരവമുള്ള ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ ഒരാള്‍ വിവാഹമോചനം ചെയ്യലും തിരിച്ചെടുക്കലും ഒരു നിരന്തര പ്രവര്‍ത്തനമായി നടക്കുന്നത് ശരിയല്ല. മൂന്നാമത്തെ ത്വലാഖ് തിരിച്ചെടുക്കാനാവത്ത ത്വലാഖായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മൂന്നുതവണ വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീയെ വീണ്ടും അയാള്‍ക്ക് തന്നെ വിവാഹം ചെയ്യണമെങ്കില്‍ അവളെ മറ്റൊരാള്‍ വിവാഹം ചെയ്യുകയും പിന്നീട് വിവാഹമോചനം ചെയ്ത് ഇദ്ദാകാലം പൂര്‍ത്തിയാക്കുകയും വേണം. നിരന്തരം ത്വലാഖു ചൊല്ലുന്നതിന് നിയന്ത്രം വരുത്തി സ്ത്രീയുടെ ആദരവ് കാത്തുസൂക്ഷിക്കുകയാണ് ശരീഅത്ത് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

അജ്ഞതയോ അല്ലെങ്കില്‍ സ്വതാല്‍പര്യങ്ങളോ കാരണം പലരും ദുരുപയോഗം ചെയ്യുന്ന ഒന്നാണ് ത്വലാഖ്. മൂന്നുതവണ ചൊല്ലിയാല്‍ മാത്രമേ വിവാഹമോചനം നടക്കൂ എന്ന് തെറ്റിധരിച്ചിരിക്കുന്ന ചിലരുണ്ട്. അതിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ വിവാഹമോചനത്തിന്റെ വാക്കുകള്‍ ആവര്‍ത്തിക്കുന്നവരുമുണ്ട്. നൂറ്റാണ്ടുകളായി കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. മൂന്ന് ത്വലാഖുകളും ഒരാള്‍ ഒരുമിച്ചോ അല്ലാതെയോ ചൊല്ലിയാല്‍ അത് മൂന്ന് ത്വലാഖുകളായി പരിഗണിക്കുമെന്ന് കര്‍ക്കശ നിലപാടു സ്വീകരിച്ച ചില പണ്ഡിതന്‍മാരുമുണ്ട്. തിരിച്ചെടുക്കാന്‍ അവകാശമില്ലാത്ത ത്വലാഖായിട്ടാണ് അത് പരിഗണിക്കുക എന്ന് അവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വിവാഹത്തിലും വിവാഹമോചനത്തിലും ഉദ്ദേശ്യത്തിനാണ് ഊന്നല്‍ കൊടുക്കേണ്ടതെന്ന് അഭിപ്രായപ്പെട്ട ചില പണ്ഡിതന്മാരുമുണ്ട്. നല്ല ബോധ്യത്തോട് കൂടിയാണ് ഭര്‍ത്താവ് മൂന്ന് ത്വലാഖുകളും ചൊല്ലുന്നത് എങ്കില്‍ അത് മൂന്നായിട്ട് തന്നെ പരിഗണിക്കും. എന്നാല്‍ ഒരാള്‍ പെട്ടന്നുള്ള ദേഷ്യം കാരണം മൂന്ന് തവണ ത്വലാഖ് ആവര്‍ത്തിക്കുന്നുവെങ്കില്‍ അത് ഒന്നായിട്ടേ കണക്കാകുകയുള്ളൂ, അയാള്‍ക്ക് അവളെ ഇദ്ദാകാലത്ത് തിരിച്ചെടുക്കാമെന്നുമാണ് അവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. രണ്ടാമത്തെ അഭിപ്രായമാണ് ശരീഅത്തിന്റെ ആത്മാവിനോട് ഏറ്റവും അടുത്ത നിലപാടായി എനിക്ക് തോന്നുന്നത്. ചില ഹനഫീ പണ്ഡിതന്‍മാരും ഈ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ദുയൂബന്ദിലെയും സഊദിയിലെയും പണ്ഡിതന്‍മാര്‍ ഫത്‌വകളും നല്‍കിയിട്ടുണ്ട്.

പെട്ടന്നുള്ള ദേഷ്യം കാരണം നടത്തുന്ന വിവാഹമോചന വാക്കുകള്‍ സൂക്ഷിക്കേണ്ടതാണ്. യാതൊരുവിധ സമ്മര്‍ദവുമില്ലാതെ പൂര്‍ണ ബോധത്തോടെ ഉച്ചരിക്കേണ്ട ഒന്നാണത്. അത്തരത്തില്‍ ദേഷ്യം കാരണം ഒരാള്‍ പറയുന്ന വിവാഹമോചന വാക്കുകള്‍ അസാധുവായിട്ടാണ് പരിഗണിക്കുക. മുസ്‌ലിംകള്‍ അവരുടെ കുടുംബ ജീവിതം കാത്തുസൂക്ഷിക്കണമെന്നും വിവാഹമോചനം കഴിവിന്റെ പരമാവധി ഒഴിവാക്കണമെന്നുമാണ് അവസാനമായി പറയാനുള്ളത്. വല്ല കാരണത്താലും അത് അനിവാര്യമാകുന്നുവെങ്കില്‍ ഇസ്‌ലാം നിഷ്‌കര്‍ശിച്ച് എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കണമത്.

വിവ : അഹ്മദ് നസീഫ്‌

Related Articles