Current Date

Search
Close this search box.
Search
Close this search box.

വിയോജിപ്പുകള്‍ ദാമ്പത്യത്തെ തകര്‍ക്കാതിരിക്കാന്‍

couple.jpg

‘എനിക്കും ഭാര്യക്കും ഇടയില്‍ ഒട്ടേറെ വിയോജിപ്പുകളുണ്ട്. എന്റെ ദാമ്പത്യ ജീവിതം പരാജയപ്പെടുമെന്ന് ഞാന്‍ ഭയക്കുന്നു. എങ്ങനെ ഞാന്‍ ഈ ജീവിതം മുന്നോട്ട് നയിക്കും?  എന്നാല്‍ ഞാന്‍ അവളെ വളരെയേറെ ഇഷ്ടപ്പെടുന്നു, അവളെ വേര്‍പിരിയാന്‍ എനിക്ക് സാധ്യവുമല്ല. അവളെ കൂടെ നിര്‍ത്തി വിവാഹ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ വല്ല മാന്ത്രികവിദ്യയുമുണ്ടോ?’ വിവാഹം കഴിഞ്ഞ് കുടുംബ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച ഒരു യുവാവിന്റെ വാക്കുകളാണിത്.

ഞാനൊരു മാന്ത്രികനൊന്നുമല്ലെന്ന് പുഞ്ചിരിച്ചു കൊണ്ട് അവനോട് പറഞ്ഞു. ഇത് കേട്ട് അവന്‍ ചിരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: ‘ചില കഴിവുകളും മൂല്യങ്ങളും നിന്റെ ജീവിതത്തിന്റെ ഭാഗമാക്കുകയാണെങ്കില്‍ വിവാഹ ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടു പോകാന്‍ നിനക്ക് സാധിക്കും.’ അപ്പോള്‍ പോക്കറ്റില്‍ നിന്നും തന്റെ മൊബൈലെടുത്തു കൊണ്ട് അവന്‍ പറഞ്ഞു, നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി ഭാര്യയുമായി അത് പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പിന്നെ ഞങ്ങള്‍ക്ക് സഹകരിച്ച് തുടരാമല്ലോ എന്നു കൂടി യുവാവ് കൂട്ടിചേര്‍ത്തു.

ഞാന്‍ അവനോട് പറഞ്ഞു: ഒന്നാമതായി ഇണയോടുള്ള നിന്റെ പെരുമാറ്റത്തിലും സ്വഭാവത്തിലും നീ ഉദാരനാവണം. ഉദാരത ഇഹത്തിലെയും പരത്തിലെയും ന്യൂനതകളെ മറച്ചു വെക്കുന്നുവെന്ന് പറയപ്പെടാറുണ്ട്. താങ്കള്‍ ഉദാരനാകുമ്പോള്‍ നിങ്ങളുടെ ഉദാരത ന്യൂനതകളെ മറച്ചു വെക്കുന്നു. വിവാഹ ജീവിതത്തിന്റെ വിജയത്തിലും അത് വലിയ സ്വാധീനമുണ്ടാക്കും.

രണ്ട്, പുതിയ പുതിയ പരീക്ഷണങ്ങള്‍ ജീവിതത്തിന് വ്യത്യസ്ത രുചികള്‍ പകര്‍ന്ന് നല്‍കുന്നു. അതുകൊണ്ട് ഇണയോടൊപ്പം വിവിധയിനം ഭക്ഷണങ്ങളും വസ്ത്രങ്ങളും വിനോദങ്ങളും പരീക്ഷിച്ച് നോക്കുക. അപരിചിതമായ പ്രദേശങ്ങളിലേക്ക് യാത്രകള്‍ നടത്തുകയും വ്യത്യസ്ത സാഹചര്യങ്ങളില്‍ കഴിയുകയും ചെയ്യുക. ഇത്തരം പരീക്ഷണങ്ങള്‍ ബന്ധത്തെ ശക്തിപ്പെടുത്തുകയും ജീവിതത്തിന്റെ വ്യത്യസ്തമായ പുതുരുചി പകര്‍ന്ന് നല്‍കുകയും ചെയ്യും. നബി(സ) ആഇശ(റ)നോടൊപ്പം ഓട്ടപന്തയം നടത്തിയതിനെ കുറിച്ച് റിപോര്‍ട്ടുകള്‍ പലപ്പോഴും നാം കേള്‍ക്കാറുള്ളതാണ്.

മൂന്ന്, അഭിരുചികളെ കാത്തുസൂക്ഷിക്കുക. ഓരോരുത്തര്‍ക്കും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ വ്യക്തിത്വവും പ്രകൃതവുമാണുള്ളത്. ആ വ്യക്തിത്വം മായ്ച്ച് കളയാന്‍ ശ്രമിക്കുന്നത് ഇണ അംഗീകരിക്കുകയില്ല. പ്രകൃതത്തിലും അഭിരുചികളിലും രൂപത്തിലും സ്വഭാവത്തിലുമെല്ലാമുള്ള മനുഷ്യരിലെ വൈവിധ്യങ്ങളാണ് ജീവിതത്തെ സുന്ദരമാക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ താല്‍പര്യപ്പെടുന്ന ഒരു വ്യക്തിത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഉള്‍ക്കൊള്ളാന്‍ അവള്‍ക്ക് സാധിക്കില്ല.

സ്വകാര്യ സമയങ്ങളെ മാനിക്കുകയെന്നതാണ് നാലാമത്തെ കാര്യം. പങ്കാളികളിരുവരും പാലിക്കേണ്ട ഒന്നാണ് സ്വകാര്യസമയത്തിന് സ്വാതന്ത്ര്യം അനുവദിക്കുകയെന്നത്. ഹോബികളില്‍ ഏര്‍പ്പെടുക, വിനോദങ്ങള്‍, കൂട്ടുകാരോടൊപ്പം പുറത്ത് പോവുക തുടങ്ങിയവ അതിന് ഉദാഹരണങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കേണ്ടതുണ്ട്. ഇത്തരത്തില്‍ പരസ്പരം സ്വാതന്ത്ര്യം അനുവദിച്ചാല്‍ എത്രകാലവും സന്തോഷത്തോടെ വിവാഹ ജീവിതം നയിക്കാന്‍ സാധിക്കും.

അഞ്ച്, അധികമായി അകറ്റി നിര്‍ത്തരുത്. അകറ്റി നിര്‍ത്തുകയോ ബഹിഷ്‌കരിക്കുകയോ ചെയ്യാതെ ബന്ധം കാത്തുസൂക്ഷിച്ചു കൊണ്ട് എങ്ങനെ വൈവാഹിക ജീവിതത്തിലെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാമെന്നാണ് പഠിക്കേണ്ടത്. ബഹിഷ്‌കരണവും അകറ്റിനിര്‍ത്തലും ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ്. എന്നാല്‍ അത് അമിതമാകുന്നത് ബന്ധത്തെ തകര്‍ക്കുകുയം ദാമ്പത്യത്തിന്റെ ആയുസ്സ് ചുരുക്കുകയുമാണ് ചെയ്യുക. ആഹാരത്തില്‍ ഉപ്പ് ചേര്‍ക്കുന്നത് പോലെ ആവശ്യത്തിന് മാത്രം ഉപയോഗിക്കാനുള്ള ഒന്നാണത്. പ്രവാചകന്‍(സ) ഒറ്റത്തവണ മാത്രമാണ് ഭാര്യമാരെ ബഹിഷ്‌കരിച്ച് മാറ്റി നിര്‍ത്തിയിട്ടുള്ളൂ. ചെലവിന് നല്‍കുന്നതില്‍ വര്‍ധനവ് വേണമെന്ന് അവര്‍ ആവശ്യമുന്നയിച്ച സന്ദര്‍ഭത്തിലായിരുന്നു അത്. ഭാര്യയുടെ ഭാഗത്ത് നിന്ന് അനുസരണക്കേടുണ്ടാകുമ്പോള്‍ മര്യാദ പഠിപ്പിക്കാനുള്ള ഒരു രീതിയായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ കിടപ്പറയില്‍ അവളെ അകറ്റി നിര്‍ത്തണമെന്ന് പറയുന്നത്. അപൂര്‍വമായി മാത്രം ഉണ്ടാകുന്ന ഒരവസ്ഥയാണത്.

യുക്തിയോടെയുള്ള സമര്‍പ്പണവും വിട്ടുവീഴ്ച്ചയുമാണ് ആറാമത്തേത്. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള ബുദ്ധപരമായ തന്ത്രങ്ങളാണ് വിട്ടുവീഴ്ച്ചയും ത്യാഗവും. പ്രത്യേകിച്ചും അതിന്റെ പേരില്‍ നമുക്ക് നഷ്ടങ്ങളൊന്നും ഇല്ലാതിരിക്കുകയും ജീവിതത്തിന്റെ മുന്‍ഗണനാ ക്രമത്തില്‍ അത്ര പ്രാധാന്യമൊന്നുമില്ലാത്ത കാര്യങ്ങളിലും അതിന് തയ്യാറാവണം.

കുടുംബവുമായുള്ള ബന്ധം ശക്തിപ്പെടുത്തലാണ് ഏഴാമത്തെ കാര്യം. ഭാര്യ ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങളുണ്ടെങ്കിലും പല വിവാഹ ബന്ധങ്ങളെയും മുന്നോട്ട് കൊണ്ടു പോകുന്നത് ഭാര്യയുടെ/ ഭര്‍ത്താവിന്റെ കുടുംബവുമായുള്ള നല്ല ബന്ധമാണ്. വിവാഹ ജീവിതത്തിലുടനീളം വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്.

എട്ട്, ഉല്ലാസവാനായിരിക്കുക. ഉല്ലാസം ജീവിത സമ്മര്‍ദങ്ങളെ ലഘുകരിച്ച് സന്തോഷം കൊണ്ടുവരുന്നു. വിഷാദത്തെ അകറ്റി സ്‌നേഹം അധികരിപ്പിക്കുകയും ചെയ്യുന്നു. ഇണകള്‍ ഉല്ലാസത്തോടെ സമയം ചെലവഴിക്കുകയാണെങ്കില്‍ ജീവിത വിജയത്തില്‍ വലിയ പങ്കുവഹിക്കാനതിന് സാധിക്കുമെന്നതില്‍ സംശയം വേണ്ട.

ഇണയോടുള്ള സ്‌നേഹവും താല്‍പര്യവും പ്രകടിപ്പിക്കുകയെന്നതാണ് ഒമ്പതാമത്തെ കാര്യമായി. മെസ്സേജുകളായോ വാക്കുകളിലൂടെയോ സമ്മാനത്തിലൂടെയോ അത് പ്രകടിപ്പിക്കാം. അതില്‍ ഏറ്റവും സ്വാധീനമുള്ളത് വാക്കുകള്‍ക്കാണ്. മുഖത്തോട് മുഖം നോക്കി നീയെന്റെ കരളാണ്, നീയെന്റെ എല്ലാമെല്ലാമാണെന്നൊക്കെ പറയുന്നത് പരസ്പര ബന്ധത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല.

ഇതെല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ യുവാവ് എഴുത്ത് നിര്‍ത്ത് തലയുയര്‍ത്തി ചോദിച്ചു: വളരെ പ്രധാനപ്പെട്ട ഈ തത്വങ്ങള്‍ ഇന്ന് തന്നെ ഭാര്യയോട് ഞാന്‍ പറയും. പത്താമതായി വല്ലതും പറയാനുണ്ടോ? ഞാനവനോട് പറഞ്ഞു : സദ്‌വിചാരം വെച്ച് പുലര്‍ത്തലും ഊഹങ്ങള്‍ ഉപേക്ഷിക്കലുമാണ് പത്താമത്തെ കാര്യം. ഒരിക്കല്‍ ഒരു ഭാര്യ ഭര്‍ത്താവിന്റെ സഹോദരന്‍മാരെ കുറ്റപ്പെടുത്തി കൊണ്ട് പറഞ്ഞു : നിങ്ങള്‍ പണക്കാരനായിരുന്നപ്പോള്‍ നിങ്ങളോട് അവര്‍ പണം ചോദിച്ചിരുന്നു. ഇപ്പോള്‍ നിങ്ങള്‍ ദരിദ്രനായി മാറിയപ്പോള്‍ അവര്‍ തിരിഞ്ഞു നോക്കുന്നില്ലല്ലോ, അവര്‍ നിങ്ങളുടെ സന്‍മനസ്സിനെ ചൂഷണം ചെയ്യുകയായിരുന്നു. ഇത് കേട്ട ഭര്‍ത്താവ് നല്‍കിയ മറുപടി : അതവരുടെ സല്‍സ്വഭാവത്തെയാണ് കുറിക്കുന്നത്. എനിക്ക് അവരെ സഹായിക്കാന്‍ ശേഷിയുണ്ടായിരുന്നപ്പോള്‍ അവര്‍ എന്നോട് ചോദിച്ചിരുന്നു. ഇപ്പോള്‍ എന്നെ പ്രയാസപ്പെടുത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. ഈ ക്രിയാത്മകമായ സമീപനം ഭാര്യയെ ആശ്ചര്യപ്പെടുത്തുകയാണ്. ഇതിനെയാണ് നാം സദ്‌വിചാരം എന്നു വിളിക്കുന്നത്. ഹൃദയ വിശാലതയില്‍ നിന്ന് മാത്രമേ അതുണ്ടാവുകയുള്ളൂ. ഇഹലോകത്തെന്ന പോലെ പരലോകത്തും മനുഷ്യന് ആശ്വാസമാകുന്ന ഒന്നാണിത്. അല്ലാഹു പറയുന്നു : ‘അവരുടെ ഹൃദയങ്ങളിലുണ്ടായേക്കാവുന്ന വിദ്വേഷം നാം നീക്കിക്കളയും. പരസ്പരം സഹോദരങ്ങളായി ചാരുകട്ടിലുകളിലവര്‍ അഭിമുഖമായി ഇരിക്കും.’ സ്വര്‍ഗീയാനുഗ്രഹമായി പരിചയപ്പെടുത്തുന്ന ഹൃദയ വിശാലത ഈ ലോകത്തും, പ്രത്യേകിച്ചും ദാമ്പത്യ ജീവിതത്തില്‍ വലിയ ഫലമുണ്ടാക്കുന്നു.

പോകാനൊരുങ്ങി യാത്ര ചോദിച്ചപ്പോള്‍ ഞാന്‍ യുവാവിനോട് പറഞ്ഞു. വിവാഹ ജീവിതത്തിന്റെ തുടക്കം പോലെയല്ല അതിന്റെ മധ്യഘട്ടവും അവസാനവും. ഓരോ ഘട്ടത്തിനും അതിന്റേതായ പ്രയാസങ്ങളും പ്രശ്‌നങ്ങളും വെല്ലുവിളികളുമുണ്ടാവും. മുകളില്‍ പറഞ്ഞ കാര്യങ്ങളുടെ സഹായത്തോടെ സഹനത്തോടെ കൈകാര്യം ചെയ്യുകയാണ് വേണ്ടത്. അല്ലാഹുവിന്റെ അനുഗ്രഹമുണ്ടെങ്കില്‍ പരലോകത്തും തുടരുന്ന ഒരു ബന്ധമാണിത്.

വിവ : നസീഫ്‌

Related Articles