Current Date

Search
Close this search box.
Search
Close this search box.

മക്കളെ സംശയത്തിന്റെ തടവിലാക്കുന്നവര്‍

blade.jpg

പ്ലസ്ടുവിന് പഠിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഞാന്‍. മൂത്ത മകളായ എനിക്ക് രണ്ട് സഹോദരന്‍മാരുമുണ്ട്. ഒരാള്‍ ഒമ്പതാം ക്ലാസിലും താഴെയുള്ളവന്‍ ഏഴിലുമാണ്. ദൈവാനുഗ്രഹത്താല്‍ നല്ല ഒരു കമ്പനിയിലെ എഞ്ചിനീയറാണ് പിതാവ്. ഞാന്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെ അധ്യാപികയാണ് ഉമ്മ. ഭൗതികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുടുംബം തന്നെയാണ് ഞങ്ങളുടേത്. മക്കളെ സന്തോഷിപ്പിക്കുന്നതിനായി ആവശ്യമുള്ളതെല്ലാം നല്‍കുന്നതില്‍ അങ്ങേയറ്റം താല്‍പര്യം കാണിക്കുന്നയാളാണ് ഞങ്ങളുടെ ഉപ്പ. അപ്രകാരം തന്നെ മതനിഷ്ഠ പുലര്‍ത്തുന്ന ഒരു കുടുംബം കൂടിയാണ് ഞങ്ങളുടേത്. മാതാപിതാക്കളുമായി വളരെ നല്ല ബന്ധം തന്നെയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഞങ്ങളനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ഞങ്ങളുടെ എല്ലാ കാര്യങ്ങളെയും സംശയത്തോടെ നോക്കിയാണ് ഞങ്ങളെ വളര്‍ത്തുന്നത് എന്നതാണ്.
ഒരു പെണ്‍കുട്ടി ആയതുകൊണ്ട് ഇതിന്റെ പ്രയാസം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നതും ഞാന്‍ തന്നെയാണ്. എത്രത്തോളമെന്നാല്‍ എന്റെ ഉമ്മയോടും ഉപ്പയോടുമുള്ള സംസാരം പോലും എനിക്ക് മടുപ്പുളവാക്കുന്നതായി മാറിയിരിക്കുകയാണ്. കാരണം ഞാന്‍ അവരില്‍ നിന്ന് മറച്ച് വെക്കുന്ന രഹസ്യം കണ്ടെത്തുക എന്നതായിരിക്കും അവരുടെ സംസാരത്തിന്റെ ഏക ലക്ഷ്യം. ഞാന്‍ ഒന്നും തന്നെ മറച്ചുവെക്കുന്നില്ലെങ്കില്‍ ഞാന്‍ വീണുപോയേക്കാവുന്ന തെറ്റിനെ കുറിച്ചായിരിക്കും അവരുടെ സംസാരം. ഞാന്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങുമ്പോഴായായിരിക്കും വാതിലിന് പിന്നില്‍ നിന്നും ഉമ്മ എന്നെ ഒളിഞ്ഞ് നോക്കുന്നതായിട്ട് എനിക്കനുഭവപ്പെടുക. പെട്ടന്ന് തന്നെ മുറിയില്‍ കയറുകയും ഞാന്‍ പഠിക്കുക തന്നെയാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുകയാണ് അടുത്ത നടപടി. വീടിന്റെ ഓരോ മുറിയിലും ഫോണ്‍ വെച്ചിട്ടുണ്ട്. എന്നെ എന്റെ കൂട്ടുകാരികളാരെങ്കിലും വിളിക്കുകയാണെങ്കില്‍ അവര്‍ക്ക് കൂടി ഞങ്ങള്‍ പറയുന്നതെന്താണെന്ന് കേള്‍ക്കുന്നതിന് വേണ്ടിയാണത.് എന്റെ കൂട്ടുകാരികളെ പോലെ എനിക്ക് മൊബൈല്‍ ഫോണുമില്ല. അപ്രകാരം ഇന്റര്‍നെറ്റിന്റെ ഉപയോഗവും എനിക്ക വിലക്കപ്പെട്ടതാണ്. അതില്‍ എനിക്ക് ഒരു ഇളവനുവദിക്കപ്പെട്ടിരിക്കുന്ന എന്റെ പഠന സംബന്ധമായ കാര്യങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാം എന്നുള്ളത് മാത്രമാണ്. എന്നാല്‍ മഉമ്മയുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ അതിനനുവാദമുള്ളൂ എന്ന നിബന്ധന പാലിക്കല്‍ നിര്‍ബന്ധവുമാണ്.
അധ്യാപികയായ എന്റെ ഉമ്മ എങ്ങനെ ഇത്തരത്തിലായി എന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. അപ്രകാരം തന്നെ എന്റെ ഉപ്പ ഒരു എഞ്ചിനീയറുമാണ്. ഉമ്മയുടെ അധ്യാപക ജീവിതത്തില്‍ മറ്റു പെണ്‍കുട്ടികളുടെ ജീവിതത്തില്‍ നിന്നും മനസിലാക്കിയ വഴികേടുകളും തെറ്റുകളും എന്നില്‍ നിന്നും സംഭവിക്കുമോ എന്ന് അവര്‍ക്ക് തോന്നിപോവുകയാണ്. അപ്രകാരം കൂട്ടുകാരോ ബന്ധുക്കളോ തങ്ങളുടെ മക്കളുടെ തെറ്റായ സ്വഭാവങ്ങള്‍ ഉമ്മയോട് പറഞ്ഞാല്‍ ഞങ്ങളിലും അതുണ്ടാകുമോ എന്നവര്‍ സംശയിക്കുന്നു.  അതുകൊണ്ട് തന്നെ എന്റെ ഓരോ പ്രവര്‍ത്തനവും കളങ്കമറ്റതാണെന്ന് തെളിയിക്കാന്‍ എന്നോടാവശ്യപ്പെടും. അതിനുള്ള തെളിവുകള്‍ ഞാന്‍ കാണിക്കണം. ഇതുതന്നെയാണ് എന്റെ സഹോദരന്‍മാരുടെയും അവസ്ഥ.
എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം നേര്‍വിപരീത ഫലമാണ് എന്നിലുണ്ടാക്കിയത് ദുഖത്തോടെ നിങ്ങളെ അറിയിക്കട്ടെ. എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. ഞാന്‍ എന്റെ കൂട്ടുകാരികളെയും അവര്‍ക്കെന്നോടുള്ള ബന്ധത്തെയും സംശയത്തോടെ കാണാന്‍ തുടങ്ങി. അതുകൊണ്ട് തന്നെ എനിക്കിന്ന് അധികം സൗഹൃദങ്ങളില്ല. അതിലെല്ലാം ഉപരിയായി ഈ സ്വഭാവം സഹോദരന്‍മാരുമായുള്ള ബന്ധത്തെയും മോശമായി ബാധിച്ചു. ഞങ്ങള്‍ ഓരോരുത്തരും മറ്റുള്ളവരെ കുറിച്ച് റിപോര്‍ട്ട് ഉമ്മക്കോ ഉപ്പക്കോ നല്‍കേണ്ടിയിരുന്നു. അതായിരുന്നു ഞങ്ങള്‍ക്കിടയിലെ ബന്ധത്തെ ബാധിച്ചത്.
ഞങ്ങളുടെ മാതാപിതാക്കള്‍ ഞങ്ങളോട് സ്വീകരിക്കുന്ന നിലപാടിന്റെ ന്യായീകരണങ്ങള്‍ എനിക്ക് മടുത്തു. ഞങ്ങളോടുള്ള അഗാദമായ സ്‌നേഹത്തിന്റെയും ഞങ്ങള്‍ വഴിതെറ്റാതിരിക്കാനുള്ള താല്‍പര്യത്തിന്റെയും ഫലമായിരിക്കാം അത്. വായനാ ശീലമുള്ളവരാണ് എന്റെ മാതാപിതാക്കള്‍. അവര്‍ നിങ്ങള്‍ തരുന്ന മറുപടി വായിക്കുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതിലൂടെ എനിക്ക് ഒരു സാധാരണ ജീവിതത്തിലെത്താമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. വേണ്ടത്ര പ്രാധാന്യം നല്‍കി ഒരു മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു…

ജീവിതത്തില്‍ നേരിടുന്ന സംഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനുള്ള ശേഷി ഉണ്ടാവുന്നത് ശരിയായ വ്യക്തിത്വ രൂപീകരണത്തിലൂടെയും അതിന്റെ പോഷണത്തിലൂടെയുമാണ്. വിജയകരമായ സന്താന പരിപാലനത്തിന്റെ ഫലമായിട്ട് മാത്രമേ അതുണ്ടാവുകയുള്ളൂ. മാതാപിതാക്കള്‍ മക്കളുടെ കാര്യങ്ങല്‍ അന്വേഷിച്ചറിയുന്നതും അവരുടെ പ്രവര്‍ത്തനങ്ങളെ സംശയത്തോടെ കാണുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. ഒന്നാമത്തേത് അവരുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കലും വ്യക്തിത്വത്തെ പോഷിപ്പിക്കലുമാണ്. എന്നാല്‍ രണ്ടാമത്തേത് വ്യക്തിത്വത്തിന്റെ സ്വാഭാവിക വളര്‍ച്ചയെ അത് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഒന്നാമത്തേത് നല്ലതാണെന്ന് മാത്രമല്ല, മാതാപിതാക്കള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുമായ കാര്യമാണ്. മക്കളുടെ സ്വഭാവരീതികള്‍ വീക്ഷിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ രണ്ടാമത്തേത് മക്കളിലുള്ള നമ്മുടെ വിശ്വാസമില്ലായ്മയാണ് അതിന്റെ അടിസ്ഥാനം. മാതാപിതാക്കള്‍ക്ക് സന്താനങ്ങളെ പരിപാലിക്കാനുള്ള തങ്ങളുടെ കഴിവിനെ കുറിച്ച് സംശയം ഉണ്ടാകുന്നതും ഇതിന് കാരണമാകും.
സന്താനങ്ങളുടെ വളര്‍ച്ച അന്വേഷിക്കുന്നത് അവരുടെ സ്വഭാവത്തിന്റെ പുരോഗതിയില്‍ മുഖ്യപങ്ക് വഹിക്കുന്ന കാര്യമാണ്. എന്നാല്‍ സംശയത്തോടെ കാണുന്നത് മനസുകളില്‍ അസ്വസ്ഥതയും തെറ്റിധാരണകളും ഉണ്ടാക്കും. അപ്രതീക്ഷിതമായ തിരിച്ചടികള്‍ അവരില്‍ നിന്നുണ്ടായേക്കാം. ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനും ന്യായീകരിക്കാനുമുള്ള രീതികളെ കുറിച്ചായിരിക്കും പിന്നീട് അവരുടെ അന്വേഷണം. ആത്മസംതൃപ്തിയുണ്ടാക്കാത്ത ആജ്ഞകളുടെയും വിരോധങ്ങളുടെയും ശൈലി സ്വീകരിക്കുന്നത് മക്കളുടെ സ്വഭാവത്തില്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തുകയാണ് ചെയ്യുന്നത്. മക്കളോട് സംവദിക്കുന്നതിലൂടെ അവരില്‍ സംതൃപ്തിയുണ്ടാക്കുകയാണ് മാതാപിതാക്കളുടെ വിജയം. മക്കളുമായുള്ള ആത്മബന്ധവും പരസ്പര വിശ്വാസവുമാണ് ഉപയോഗപ്പെടുത്തേണ്ടത്. മക്കളുടെ വ്യക്തിത്വ വികാസത്തിനും കഴിവുകള്‍ പോഷിപ്പിക്കുന്നതിനുമുള്ള ഏകമാര്‍ഗവും അത് തന്നെയാണ്. ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന സംഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനുള്ള ശേഷി കൈവരുന്നത് അതില്‍ നിന്നാണ്.
മാതാപിതാക്കള്‍ മക്കളുമായുള്ള ബന്ധം വളര്‍ത്തേണ്ടത് സ്‌നേഹത്തെയും പരസ്പര വിശ്വാസത്തെയും അവലംബിച്ചായിരിക്കണം. തങ്ങളുടെ കഴിവുകള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാതാപിതാക്കളോട് കൂടിയാലോചിക്കാനുള്ള താല്‍പര്യം അവരിലുണ്ടാക്കുന്നു. തങ്ങള്‍ക്ക് സംഭവിച്ച വീഴ്ചകള്‍ തുറന്ന് പറയുന്നതിന് പോലും അപ്പോള്‍ അവര്‍ക്ക് പ്രയാസം ഉണ്ടാകുകയില്ല. അവയെ മറികടക്കാനുള്ള സഹായവും അവര്‍ മാതാപിതാക്കളോട് ആവശ്യപ്പെടും.
കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന പ്രധാന പ്രേരകം അവരുടെ മനസില്‍ അവരെ കുറിച്ചുള്ള ചിത്രമാണ്. അവര്‍ എങ്ങനെയാണോ സ്വന്തത്തെ കാണുന്നത് അതിനനുസരിച്ചായിരിക്കും അവരുടെ പെരുമാറ്റവും സ്വഭാവവും. ഒരാളുടെ ആത്മവിശ്വാസമാണ് അയാളില്‍ ക്രിയാത്മകമായ മാനസികാവസ്ഥ സൃഷ്ടിക്കുന്നത്. ഒരു കുട്ടിക്ക് ആത്മവിശ്വാസം പകര്‍ന്ന് നല്‍കുന്ന പ്രധാന ഘടകം അവര്‍ക്ക് മാതാപിതാക്കളില്‍ നിന്ന് ലഭിക്കുന്ന പരിപാലനമാണ്. മാതാപിതാക്കള്‍ ഒരു കുട്ടിയുടെ എല്ലാ ചലനങ്ങളെയും സംശയത്തോടെ കാണുമ്പോള്‍ അവരുടെ ആത്മവിശ്വാസം നശിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. അവന്റെ മനസിലത് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനത് കാരണമാകും. മോശമായ പെരുമാറ്റത്തിനുടമായി അവനെ മാറ്റുന്നതിനത് കാരണമാകും. അവസാനം ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ കഴിയാത്ത ദുര്‍ബല വ്യക്തിയായി അവന്‍ മാറുന്നതിനത് കാരണവുമാകും. അവന്റെ ആഗ്രഹങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമനസരിച്ച് അവന്റെ മനസും ദുര്‍ബലമാകും.
കടുത്ത സംശയത്തിന്റെ വലയം തീര്‍ത്ത് അതില്‍ മക്കളെ വളര്‍ത്തുമ്പോള്‍ അതിനെ എതിര്‍ക്കാനുള്ള താല്‍പര്യം അവരില്‍ ഉണ്ടാകുമെന്നതും അതിന്റെ ഫലമായി ഉണ്ടാവുന്നതാണ്. സ്വന്തം അസ്ഥിത്വം സ്ഥാപിക്കുന്നതിനായിരിക്കും അവരുടെ ശ്രമം. പ്രസ്തുത വലയത്തെ ഭേദിക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്യും. പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് വരെ അവരെയത് എത്തിക്കും. നമ്മുടെ ചിന്തയില്‍ പോലും വരാത്ത കാര്യത്തിലേക്കായിരിക്കും അവര്‍ ചെന്നെത്തുക.
മക്കളെ വളര്‍ത്തുമ്പോള്‍ ഓരോ മാതാപിതാക്കളും ശ്രദ്ധിക്കേണ്ട ഒന്നാണ് അവരില്‍ ക്രിയാത്മകമായ പ്രചോദനം ഉണ്ടാക്കിയെടുക്കുകയെന്നത്. മക്കള്‍ ആത്മവിശ്വാസം നേടിക്കഴിഞ്ഞാല്‍ അവരുടെ ജീവിതത്തില്‍ അനുയോജ്യമായ തീരുമാനങ്ങളെടുക്കുന്നതിനുള്ള സ്വാതന്ത്ര്യവും അനുവദിച്ച് കൊടുത്ത് പരിശീലിപ്പിക്കേണ്ടതുണ്ട്. അതിലൂടെയായണ് അവരുടെ കഴിവുകള്‍ വളര്‍ത്താനും ജീവിതമാര്‍ഗം മെച്ചപ്പെടുത്താനും സാധിക്കുകയുള്ളൂ. യഥാര്‍ത്ഥത്തില്‍ അവരില്‍ ഉത്തരവാദിത്വ ബോധം വളര്‍ത്തുകയാണ് അതിലൂടെ ചെയ്യുന്നത്. അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നവരായി മാതാപിതാക്കള്‍ മാറുകയും അവരുമായി കൂടിയാലോചനകള്‍ നടത്തുകയുമാണ് വേണ്ടത്.
അപ്രകാരം ശ്രദ്ധിക്കേണ്ട കാര്യമാണ് താരതമ്യം ഒഴിവാക്കുക എന്നുള്ളത്. ഓരോ വ്യക്തികള്‍ക്കും അവരുടേതായ സവിശേഷതകളും മാനദണ്ഡങ്ങളുമുണ്ട്. മക്കള്‍ക്ക് സ്വന്തത്തെ കുറിച്ചുള്ള ബോധം നന്നാക്കുന്നതിന് വേണ്ടി സഹായിക്കുകയെന്നതും വളരെ പ്രധാനമാണ്. എടുത്തുപറയാന്‍ തക്ക മാതൃകകളായി അവരെ വളര്‍ത്തി കൊണ്ടുവരണം. അതിലൂടെ അവര്‍ സത്യസന്ധതക്കും, വിശ്വസ്തതക്കും, പ്രവര്‍ത്തനങ്ങളിലെ നൈപുണ്യത്തിലും മാതൃകകളായി മാറണം. ഇത്തരത്തില്‍ അവരെ വളര്‍ത്തി കൊണ്ടു വരുമ്പോള്‍ ചില പിഴവുകള്‍ അവര്‍ക്ക് സംഭവിച്ചേക്കാം. അതിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന് പകരം വിട്ടുവീഴ്ചാ സമീപനത്തോടെയാണ് അതിനെ കാണേണ്ടത്. എന്നാല്‍ മൂല്യങ്ങളും അടിസ്ഥാനങ്ങളും മുറുകെ പിടിക്കുക തന്നെ വേണം. താന്‍ അശ്രദ്ധക്കാരനാണെന്ന് ഒരു കുട്ടിതന്നെ പറയുമ്പോള്‍  പ്രസ്തുത അശ്രദ്ധ ഒരു വേളയിലുണ്ടായ പ്രവര്‍ത്തനത്തില്‍ മാത്രമാണെന്നും താന്‍ അശ്രദ്ധനല്ലെന്നും കാര്യങ്ങളെ ഗൗരവത്തിലെടുക്കുന്ന ആളാണെന്നും ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. മക്കളെ സംശയത്തിന്റെ നിഴലില്‍ വളര്‍ത്തുന്നവര്‍ അതില്‍ നിന്ന് മടങ്ങേണ്ടതുണ്ട്. മാതാപിതാക്കള്‍ തങ്ങളെ കുറിച്ചുള്ള മോശമായ ധാരണ കൊണ്ടല്ല, തങ്ങളോടുള്ള സ്‌നേഹവും തങ്ങള്‍ പിഴച്ച് പോകുമെന്ന് ഭയവും കാരണമാണത് ചെയ്യുന്നതെന്ന് മക്കള്‍ തിരിച്ചറിയണം.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles