Current Date

Search
Close this search box.
Search
Close this search box.

ഭാര്യയെ കുറിച്ച സംശയം

mobile.jpg

ഏകദേശം രണ്ട് വര്‍ഷം മുമ്പ് ഭാര്യയെ കുറിച്ച് ചില സംശയങ്ങള്‍ എനിക്കുണ്ടായിരുന്നു. മൊബൈലില്‍ സംശയകരമായ ചില കാര്യങ്ങളുണ്ടെന്ന് ഞാന്‍ അവളോട് തുറന്നു പറയുകയും ചെയ്തു. അങ്ങനെ ഒരു ബന്ധവും ഇല്ലെന്ന് അവള്‍ സത്യം ചെയ്തു പറഞ്ഞു. അതോടെ ആ വിഷയം അവിടെ അവസാനിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ പെരുന്നാള്‍ ദിവസം ആശംസ നേര്‍ന്നു കൊണ്ടുള്ള ഒരു മെസ്സേജും ഒപ്പം ശൃംഖാരസ്വഭാവമുള്ള മറ്റൊരു മെസ്സേജും അവളുടെ മൊബൈലില്‍ ഞാന്‍ കണ്ടു. ആ നമ്പറില്‍ ഞാന്‍ വിളിച്ചു. അബദ്ധത്തില്‍ നമ്പര്‍ മാറി പോയതാണെന്ന് രണ്ട് വര്‍ഷം മുമ്പ് എന്നോട് അതേ ശബ്ദമാണ് എനിക്ക് കേള്‍ക്കാനായത്. ഞാന്‍ മെസ്സേജ് വായിച്ച കാര്യം അറിയിക്കാതെ അവളുടെ കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ടെന്ന് ഞാന്‍ അവളോട് പറഞ്ഞു. അങ്ങനെയൊരു ബന്ധവും ഇല്ലെന്നാണ് അവള്‍ പറയുന്നത്. അവള്‍ പറയുന്നത് സത്യമാണെന്നും അതുകൊണ്ട് മസ്ജിദുല്‍ ഹറാമില്‍ ചെന്ന് സത്യം ചെയ്യാനും തയ്യാറാണെന്നാണ് അവള്‍ പറയുന്നത്. എനിക്ക് ഒരുപദേശം തന്ന് സഹായിക്കണം.

മറുപടി: വിശ്വാസികളെ വേദനിപ്പിക്കല്‍ പിശാചിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്. അവര്‍ക്ക് ദുഖങ്ങളും വേദനകളും സംശയങ്ങളും ഉണ്ടാക്കാന്‍ പിശാച് ശ്രമിച്ചു കൊണ്ടേയിരിക്കും. ദമ്പതികള്‍ക്കിടയില്‍ കുഴപ്പങ്ങളുണ്ടാക്കുന്നതിനാണ് പിശാച് ഏറ്റവും കൂടുതല്‍ ശ്രമങ്ങള്‍ നടത്തുന്നത്. ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: ”ഇബ്‌ലീസ് അവന്റെ സിംഹാസനം വെള്ളത്തിന് മീതെ വെച്ചിരിക്കുന്നു. ശേഷം അവന്‍ തന്റെ സൈന്യത്തെ നിയോഗിക്കുന്നു. അവരില്‍ ഏറ്റവും കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവനാണ് അവനോട് ഏറ്റവും സാമീപ്യമുള്ളത്. അവരില്‍ പെട്ട ഒരുവന്‍ വന്നു പറയും: ‘ഞാന്‍ ഇന്നയിന്ന പ്രകാരമെല്ലാം പ്രവര്‍ത്തിച്ചു.’ അപ്പോള്‍ ഇബ്‌ലീസ് പറയും: ‘നീ ഒന്നും തന്നെ ചെയ്തിട്ടില്ല.’ മറ്റൊരാള്‍ വന്നു പറയും: ‘ഞാന്‍ അവനും അവന്റെ ഭാര്യക്കുമിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നത് വരെ അവനെ വെറുതെ വിട്ടില്ല.’ അപ്പോള്‍ ഇബ്‌ലീസ് അവന്റെ അടുത്തേക്ക് ചെന്ന് പറയും: ‘നീ എത്ര നല്ലവനാണ്!” (മുസ്‌ലിം)

അബ്ദുല്ലാഹ് ബിന്‍ മസ്ഊദിന്റെ(റ) അടുക്കല്‍ ഒരാള്‍ വന്നു പറഞ്ഞു: കന്യകയായ ഒരു പെണ്‍കുട്ടിയെ ഞാന്‍ വിവാഹം ചെയ്തു. അവള്‍ എന്നെ വെറുക്കുമോ എന്ന് ഞാന്‍ ഭയക്കുന്നു. അബ്ദുല്ല പറഞ്ഞു: തീര്‍ച്ചയായും ഇണക്കം അല്ലാഹുവില്‍ നിന്നാണ്, വെറുപ്പ് പിശാചില്‍ നിന്നും. അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചതില്‍ നിങ്ങള്‍ക്ക് വെറുപ്പ് ഉണ്ടാക്കാനാണ് പിശാച് ശ്രമിക്കുക. അതിനാല്‍ നിന്റെ ഇണ നിന്റെ അടുക്കല്‍ പ്രവേശിച്ചാല്‍ നീ അവളോട് നിന്റെ പിന്നിലായി നിന്ന് രണ്ട് റക്അത്ത് നമസ്‌കരിക്കാന്‍ പറയുകയും ശേഷം ഇങ്ങിനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക: ”അല്ലാഹുവേ,  എനിക്ക് എന്റെ ഇണയിലൂടെ നീ അനുഗ്രഹം ചൊരിയേണമേ. എന്നിലൂടെ അവള്‍ക്കും. അല്ലാഹുവേ, ഞങ്ങളെ നീ നന്മയില്‍ ഒരുമിച്ചു കൂട്ടുകയും, വേര്‍പ്പിരിക്കുകയാണെങ്കില്‍ നന്മയിലേക്ക് വേര്‍പിരിക്കുകയും ചെയ്യേണമേ.”

നിനക്കും നിന്റെ ഇണക്കും ഇടയില്‍ സംശയങ്ങളുണ്ടാക്കി സല്‍സ്വഭാവിനിയായ ഇണയെന്ന ദൈവികാനുഗ്രഹത്തോട് നിന്നില്‍ വെറുപ്പുണ്ടാക്കുന്നത് പിശാചിനെ ഏറെ സന്തോഷിപ്പിക്കുന്നു. ദാമ്പത്യബന്ധത്തെ തകര്‍ക്കുന്നതാണ് ഊഹമെന്നതും കരുതിയിരിക്കണം. സംസാരത്തിലെ ഏറ്റവും വലിയ കളവ് എന്നാണ് പ്രവാചകന്‍(സ) അതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അത് പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നതു കൊണ്ടാണ് അതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അല്ലാഹു തന്നെ നമ്മോട് കല്‍പിച്ചിട്ടുള്ളത്.

താങ്കള്‍ ഉന്നയിച്ചതനുസരിച്ച് ചില കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്:
ഒന്ന്, ഭാര്യയുടെ നിന്നോടൊപ്പമുള്ള ചരിത്രം മനസ്സില്‍ ഓര്‍ത്തെടുക്കുക. രോഷവും ദേഷ്യവുമെല്ലാം മറന്ന് സത്യസന്ധമായും നീതിയുക്തമായും ആ ചരിത്രത്തെയൊന്ന് വിലയിരുത്തുക. എത്രത്തോളം നല്ല പെരുമാറ്റമായിരുന്നു നിന്നോടവള്‍ കാണിച്ചിരുന്നതെന്ന് നീ അതില്‍ ഓര്‍ക്കണം. അവളുടെ ദീനും നിന്റെ അഭിമാനവും ധനവും സംരക്ഷിക്കാന്‍ അവള്‍ കാണിച്ച ശ്രദ്ധ നീ ഓര്‍ക്കണം. നിന്നോടുള്ള അവകാശങ്ങള്‍ അവര്‍ പൂര്‍ത്തീകരിച്ചു നല്‍കിയതും നിന്റെ പ്രവര്‍ത്തനങ്ങള്‍ സഹനം കാണിച്ചതും നന്മയില്‍ വര്‍ത്തിച്ചതും നീ ഓര്‍ക്കണം. എന്നിട്ട് ഈ നീണ്ട വര്‍ഷങ്ങള്‍ക്കിയില്‍ ബോധപൂര്‍വം ഒരു ദ്രോഹവും അവളുണ്ടാക്കിയിട്ടില്ലെന്നാണ് കണ്ടെത്തുന്നതെങ്കില്‍ പിശാചിനെ ആട്ടിയകറ്റി അവളെ കുറിച്ച് നല്ലത് കരുതുകയാണ് വേണ്ടത്.

രണ്ട്, നിങ്ങളുടെ വിവരണത്തിന്റെ അടിസ്ഥാനം സംശയങ്ങളും ഊഹങ്ങളുമാണ്. വളരെ ദുര്‍ബലമായ ഒരു തെളിവ് മാത്രമാണ് താങ്കള്‍ പറഞ്ഞതിലുള്ളത്. ശരിയല്ലാത്ത ഒരു സന്ദര്‍ഭത്തിലായതു കൊണ്ട് മോശമായ അര്‍ഥത്തിലാണ് താങ്കളതിനെ കണ്ടിട്ടുണ്ടാവുക. താങ്കളുടെ അഭിമാനത്തിന് ക്ഷതം വരുത്തുന്ന എന്തെങ്കിലും കാര്യം അവളെ കുറിച്ചോ അവളില്‍ നിന്നോ താങ്കള്‍ കേട്ടിട്ടില്ല. പലര്‍ക്കും സംഭവിക്കുന്ന കാര്യമാണിത്.

മൂന്ന്, വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന രൂപത്തില്‍ ഊഹത്തിന് പിന്നാലെ പോയിരിക്കുകയാണ് താങ്കള്‍. വ്യക്തമായ ഒരു തെളിവു പോലുമില്ലാതെയാണിത്. താങ്കളുടെ ചോദ്യങ്ങള്‍ക്ക് അവളില്‍ നിന്ന് ലഭിച്ച മറുപടിയില്‍ അവസാനിക്കേണ്ടതായിരുന്നില്ലേ അത്? അതിന് പകരം വേറെ ചോദ്യങ്ങള്‍ ഉണ്ടാക്കുകയാണോ അത് ചെയ്തത്? അവള്‍ പറഞ്ഞ പോലെ സത്യം ചെയ്താല്‍ താങ്കളുടെ ഊഹത്തിനു പിന്നാലെയുള്ള പോക്കിന് അറുതിയാവുമോ? അതല്ല, അവള്‍ കളവ് പറയുകയാണെന്ന് പറയാനാണോ ഊഹം താങ്കളെ പ്രേരിപ്പിക്കുക? പിശാച് ഒരിക്കലും നിങ്ങളെ വെറുതെ വിടുകയില്ലെന്ന് ഓര്‍ക്കുക.

നാല്, പരസ്പരം സ്‌നേഹിക്കുന്ന രണ്ട് പേരെ സംബന്ധിച്ചടത്തോളം താങ്ങാനാവാത്ത ശിക്ഷയാണ് വിവാഹമോചനം. സ്‌നേഹവും സല്‍പെരുമാറ്റവുമാണ് നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതെങ്കില്‍ നല്ല ഒരു ഫലമല്ല അതുണ്ടാക്കുകയെന്ന് ഓര്‍ക്കുക.

അഞ്ച്, താങ്കളുടെ ഭാഗത്തു നിന്നും അന്യായം സംഭവിക്കുന്നത് കരുതിയിരിക്കുക. നിന്റെ മുമ്പില്‍ നിന്റെ ഇണ ദുര്‍ബലയാണ്. കേവലം ഊഹത്തിന്റെ പേരില്‍ അവളെ ശിക്ഷിക്കരുത്. അല്ലാഹുവില്‍ അഭയം തേടുകയും നീതിയും കാരുണ്യവും യുക്തിയും ലഭിക്കാന്‍ അവനോട് തേടുകയും ചെയ്യുക.

ആറ്, നീ ഊഹിക്കുന്ന കാര്യത്തില്‍ ഇണയെ പരിരക്ഷിക്കുക. തെറ്റായ ഊഹങ്ങള്‍ക്കുള്ള വഴികള്‍ അടക്കുകയും അവളോട് കൂടുതല്‍ അടുത്ത് സംരക്ഷണം നല്‍കുകയും ചെയ്യുക.

ഏഴ്, താങ്കളുടെ സംശയങ്ങള്‍ തുടരുകയാണെങ്കില്‍ ഉറച്ച ബോധ്യം കൊണ്ട് സംശയത്തെ ഖണ്ഡിക്കണം. അവളില്‍ നിന്നും ചുറ്റുപാടില്‍ നിന്നും അതിന് വ്യക്തത വരുത്തണം. പറയത്തക്ക ഒന്നും താങ്കള്‍ക്ക് കണ്ടെത്താനാവുന്നില്ലെങ്കില്‍ സംശയരോഗം താങ്കളെ ബാധിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. നിങ്ങളുടെ തന്നെയോ നിങ്ങളുടെ ബന്ധുക്കളുടെയോ കൂട്ടുകാരുടെയോ ജീവിതത്തില്‍ കടന്നു പോയ സമാനമായ സന്ദര്‍ഭങ്ങളാവാം ഒരുപക്ഷേ അത്തരം ഒരു ചിന്തയിലേക്ക് നിങ്ങളുടെ ഉപബോധ മനസ്സ് നിങ്ങളെ നയിക്കുന്നത്.

എട്ട്, അല്ലാഹുവിനോട് നന്മക്കായി പ്രാര്‍ഥിക്കുകയും നന്മ പ്രതീക്ഷിക്കുകയും ചെയ്യുക. മനസ്സിനെ ഉറപ്പിച്ചു നിര്‍ത്താനും സംശയങ്ങള്‍ നീക്കി പിശാചില്‍ നിന്ന് രക്ഷ പ്രാപിക്കാനും അല്ലാഹുവിനോട് തേടുക.

Related Articles