Current Date

Search
Close this search box.
Search
Close this search box.

ഭാര്യയുടെ ശമ്പളം എനിക്ക് തന്നെയുള്ളതല്ലേ!

salary.jpg

നിന്റെ ശമ്പളം എന്റെ കയ്യില്‍ തരൂ! നമ്മുടെ വീട്ടുചിലവുകള്‍ക്കായി അത് ഉപയോഗപ്പെടുത്താം- ഭര്‍ത്താവ്. എന്റെ ശമ്പളം എനിക്ക് അവകാശപ്പെട്ടതാണ്. അതില്‍ നിങ്ങള്‍ക്കൊരവകാശവുമില്ല- ഭാര്യയുടെ പ്രതികരണം. എങ്കിലും ഞാന്‍ നിന്റെ ഇണയല്ലേ! അപ്പോള്‍ അത് കൈകാര്യം ചെയ്യല്‍ എന്റെ തന്നെ അവകാശമല്ലേ….. എന്ന് ഭര്‍ത്താവ്.

ഇതില്‍ നിനക്കൊരു അവകാശവുമില്ല, മറിച്ച് എനിക്കും വീട്ടുകാര്‍ക്കും മക്കള്‍ക്കുമെല്ലാം ചിലവിനു നല്‍കല്‍ താങ്കളുടെ ബാധ്യതയാണ്. ഞാന്‍ എത്ര സമ്പന്നയാണെങ്കിലും ശരി!
ഈ തര്‍ക്കത്തിനിടയില്‍ നിന്നെ ഞാന്‍ ത്വലാഖ് ചെല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. നമ്മള്‍ പരസ്പരം തര്‍ക്കിക്കുന്നതിന് പകരം ഈ വിഷയത്തില്‍ പാണ്ഡിത്യമുള്ള ഒരു വ്യക്തിയെ സമീപിക്കാമെന്ന് അവള്‍ പ്രതികരിച്ചു. ആ അഭിപ്രായത്തില്‍ അവരിരുവരും യോജിച്ചു.

അവരിരുവരും എന്റെ ഓഫീസില്‍ വന്നു അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. നീ ഇവളെ വിവാഹമാലോചിക്കുന്ന സമയത്ത് ഒരു ഉദ്യോഗസ്ഥയാണെന്ന് നിനക്ക് മനസ്സിലായിരുന്നോ? -ഞാന്‍ ഭര്‍ത്താവിനോട് ചോദിച്ചു.  അതെ, ആ അവസ്ഥയില്‍ തന്നെയാണോ നീ അവളെ വിവാഹം ചെയ്യാന്‍ തയ്യാറായത്! അതെ എന്ന് അയാള്‍ പ്രതികരിച്ചു. എങ്കില്‍ അവളുടെ ശമ്പളം അവള്‍ക്കു തന്നെയാണ്. കാരണം വിവാഹ സമയത്ത് ഇത്തരമൊരു നിബന്ധന നീ വെച്ചിട്ടില്ല.

എങ്കിലും ഈ അവസ്ഥയില്‍ അവളുടെ ശമ്പളം എന്നെ ഏല്‍പിക്കണമെന്ന് പറയാന്‍ എനിക്ക് അവകാശമില്ലേ… മാത്രമല്ല, എനിക്കാണെങ്കില്‍ നൂറുകൂട്ടം കാര്യങ്ങളുണ്ട് വീട്ടില്‍ ചെയ്തുതീര്‍ക്കാന്‍. നിന്റെ ഭാര്യ എത്ര സമ്പന്നയായാലും അവളുടെയും കുടുംബത്തിന്റെയും ചിലവ് നിര്‍വഹിക്കല്‍ നിന്റെ ബാധ്യതയാണ്. അതിനാലാണ് അവളുടെ കൈകാര്യകര്‍തൃത്വം നിന്നെ ഏല്‍പിച്ചത്. അല്ലാഹു പറയുന്നു : ‘പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്. അല്ലാഹു മനുഷ്യരിലൊരു വിഭാഗത്തിന് മറ്റുള്ളവരേക്കാള്‍ കഴിവ് കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചിലവഴിക്കുന്നതിനാലുമാണ്’ (അന്നിസാഅ് 34).

അപ്പോള്‍ ഇതില്‍ നിന്നും അവളുടെ ചിലവ് നിര്‍വഹിക്കല്‍ നിന്റെ ബാധ്യതയാണെന്നും അതില്‍ നിനക്കൊരു അവകാശമില്ലെന്നും മനസ്സിലായില്ലേ!
എന്റെയും മക്കളുടെയും വീടിന്റെയും ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ അവള്‍ വീഴ്ചവരുത്തുന്ന പക്ഷം അവളുടെ ജോലി അവസാനിപ്പിക്കാനോ അല്ലെങ്കില്‍ അവളുടെ ശമ്പളത്തില്‍ നിന്ന് അതിന് വഴികണ്ടെത്താനും എനിക്ക് അകാശമില്ലേ! അത് വേറെ വിഷയം…. ഞാന്‍ പറഞ്ഞു. നിന്റെ വീട്ടുകാരുടെ ചിലവുകള്‍ നിര്‍വഹിക്കാന്‍ നീ എത്ര ബാധ്യസ്ഥനാണോ അത്രതന്നെ നിന്റെ വീട് നോക്കാനും മക്കളെ പരിചരിക്കാനും ഭക്ഷണം പാകം ചെയ്തു നല്‍കാനും  മറ്റ് ശരീഅത്ത് അനുശാസിക്കുന്ന കാര്യങ്ങള്‍ ചെയ്തുതരാനും നിന്റെ ഭാര്യക്ക് ബാധ്യതയുണ്ട്.

അവളുടെ ജോലി കാരണമാണ് ഇത്തരം കാര്യങ്ങളില്‍ അവള്‍ വീഴ്ച വരുത്തുന്നതെങ്കില്‍ ഇത്തരം അവസ്ഥയില്‍ നിനക്ക് മൂന്ന് തീരുമാനത്തിലെത്താം.
ഒന്ന്, നിന്റെ അവകാശങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന രീതിയില്‍ അവളുടെ ജോലി ക്രമീകരിക്കാന്‍ നിങ്ങള്‍ യോജിച്ച തീരുമാനത്തിലെത്തുക.
രണ്ട്, വീട്ടു കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ജോലി ഒഴിവാക്കുക. മൂന്ന്, അവളുടെ ജോലി കാരണം നിന്റെ അവകാശങ്ങളില്‍ വീഴ്ച വരുത്തുന്ന പക്ഷം അതിനുള്ള പരിഹാരം കാണാനായി വീട്ടുജോലിക്ക് ആളെ നിശ്ചയിക്കുന്നതുപോലെയുള്ള ആവശ്യത്തിനായി നിനക്ക് അവള്‍ ഒരു വിഹിതം നല്‍കുക.

ഞങ്ങള്‍ക്ക് ഒന്നാമത്തെ കുട്ടിയുണ്ടായപ്പോള്‍ ജോലി ഉപേക്ഷിക്കാനായി ഞാന്‍ അവളോട് ആവശ്യപ്പെട്ടിരുന്നു. അപ്പോള്‍ വിവാഹം ആലോചിക്കുന്ന സന്ദര്‍ഭത്തില്‍ എന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന നിബന്ധന ഞാന്‍ വെച്ചതല്ലേ എന്നായിരുന്നു അവളുടെ പ്രതികരണം. അപ്പോള്‍ ഞാന്‍ അവരിരുവരോടും പറഞ്ഞു. വിവാഹസമയത്ത് ചെയ്യുന്ന കരാര്‍ പൂര്‍ത്തീകരിക്കാന്‍ ഏറ്റവും ബാധ്യതപ്പെട്ടതാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. വിശ്വാസികളെന്ന നിലക്ക് ഓരോരുത്തര്‍ക്കും സ്വതന്ത്രമായി അവരുടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്താന്‍ അവര്‍ക്കവകാശമുണ്ട്.

ഈ സന്ദര്‍ഭത്തില്‍ തന്റെ ഭാര്യയുടെ ജോലി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കമ്പനി മാനേജര്‍ക്ക് രാജി എഴുതിക്കൊടുത്ത ഭര്‍ത്താവിനെ ഓര്‍ക്കുകയാണ്. യഥാര്‍ഥത്തില്‍ അവന് ഇപ്രകാരം ചെയ്യാന്‍ യാതൊരു അവകാശമില്ല. മാത്രമല്ല, കമ്പനി ജോലിക്ക് കരാറിലേര്‍പ്പെട്ടത് അവനുമായിട്ടുമല്ല, അവളുമായിട്ടാണ്. ഭാര്യ പിതാവിന്റെ മരണശേഷം അവള്‍ക്ക് ലഭിച്ച അനന്തരസ്വത്ത് തന്നെ ഏല്‍പിക്കാന്‍ ആവശ്യപ്പെട്ട ഭര്‍ത്താവിനെയും എനിക്കു പരിചയമുണ്ട്. കൈകാര്യകര്‍തൃത്വത്തിന്റെ പേരില്‍ തന്റെ ഭാര്യയുടെ ശമ്പളം വാങ്ങി രണ്ടാം ഭാര്യക്ക് ചിലവിന് നല്‍കുന്ന ചിലരെയും നമുക്ക് കാണാം. കൈകാര്യകര്‍തൃത്വം കൊണ്ട് അവളുടെ എല്ലാ കാര്യങ്ങളും തന്നിഷ്ടപ്രകാരം നിര്‍വഹിക്കാം എന്ന തെറ്റിദ്ധാരണയുള്ള ഭര്‍ത്താക്കന്മാരെയും കാണാം.

ശരി, അപ്പോള്‍ അവളുടെ ശമ്പളത്തിന്റെ ഒരു വിഹിതം എനിക്ക് നല്‍കുകയോ അല്ലെങ്കില്‍ ഞങ്ങളിരുവരും കൂടി ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങുകയോ ചെയ്യാമല്ലോ? .. നിങ്ങള്‍ രണ്ടുപേരും യോജിപ്പിലെത്തിയാല്‍ അതെല്ലാം കൊള്ളാം… നിര്‍ബന്ധപൂര്‍വമാകരുതെന്ന് മാത്രം. അല്ലാഹു പറയുന്നു.’ അവര്‍(സ്ത്രീകള്‍) നല്ല മനസ്സോടെ വല്ലതും നിങ്ങള്‍ക്ക് വിട്ടുതരികയാണെങ്കില്‍ നിങ്ങള്‍ക്കത് സ്വീകരിച്ചനുഭവിക്കാം (അന്നിസാഅ് 4) …….. അതോടൊപ്പം അവരുടെ ചിലവ് നിന്റെ ബാധ്യതയാണെന്ന കാര്യം വിസ്മരിക്കരുത്. ചിലവ് നല്‍കേണ്ടവര്‍ക്ക് അതില്‍ വീഴ്ച വരുത്തുന്നത് തന്നെ ഒരു വ്യക്തി തെറ്റുകാരനാകാന്‍ കാരണമാകുമെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.

പിന്നീട് ഭാര്യയുടെ നേരെ തിരിഞ്ഞ് ഞാന്‍ ചോദിച്ചു. നീ ദിവസം എത്ര സമയം ജോലി ചെയ്യുന്നുണ്ട്? എട്ടു മണിക്കൂര്‍ എന്ന് അവള്‍ പറഞ്ഞു. ഈ ജോലിയോടൊപ്പം നിന്റെ വീട്ടുകാര്യവും കുട്ടികളുടെ പരിപാലനവും ഭര്‍്ത്താവിനോടുള്ള ബാധ്യതയുമെല്ലാം നിര്‍വഹിക്കാന്‍ സാധിക്കുമോ? ഞാന്‍ ചോദ്യം തുടര്‍ന്നു. അതെ, എന്റെ അമ്മായി വീട്ടുജോലികളിലും മക്കളെ നോക്കുന്നതിലും എന്നെ സഹായിക്കാറുണ്ട്. അവര്‍ ഞങ്ങളുടെ വീട്ടിലാണ് താമസിക്കുന്നത്.-അവള്‍ പ്രതികരിച്ചു. ഞാന്‍ ഭര്‍ത്താവിന്റെ നേരെ തിരിഞ്ഞുകൊണ്ടു പറഞ്ഞു. അപ്പോള്‍ നിന്റെ ഭാര്യ നിന്റെയോ വീടിന്റെയോ ബാധ്യത നിര്‍വഹിക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. അപ്പോള്‍ അവള്‍ അവളുടെ ജോലിയില്‍ തുടരട്ടെ! അവള്‍ വല്ലതും ഇഷ്ടത്തോടെ നിനക്ക് തന്നാലല്ലാതെ അവളുടെ ശമ്പളത്തില്‍ നിന്ന് ഒന്നും നിനക്ക് ചോദിക്കാന്‍ അവകാശമില്ല.
അവരിരുവരും പോകാന്‍ ഉദ്ദേശിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. ഒരുവന്റെ ഭാര്യ ജോലിക്കു പോകുന്നതുമൂലം ഭര്‍ത്താവിന്റെ അവകാശത്തിലും മക്കളെ പരിപാലിക്കുന്നതിലും വീട്ടുകാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്നതിലും വല്ല വീഴ്ച വരുത്തുന്നുണ്ടെങ്കില്‍ ഭര്‍ത്താവിന് അവളോട് ജോലി അവസാനിപ്പിക്കാന്‍ ആവശ്യപ്പെടാം. ഭാര്യയുടെ പ്രഥമമായ കര്‍ത്തവ്യം ഭര്‍ത്താവിന്റെ സേവനവും വീടിന്റെയും മക്കളുടെയും പരിപാലനവുമാണ്. മറിച്ച് ജോലിക്ക് പോകലല്ല. പക്ഷെ, എല്ലാ സന്ദര്‍ഭത്തിലും നമുക്ക് പ്രാവര്‍ത്തികമാക്കാന്‍ പറ്റുകയില്ല.

ചില സ്ത്രീകള്‍ ജോലിക്കു പോകുന്നതോടൊപ്പം തന്നെ വീട്ടുകാര്യവും മറ്റുമെല്ലാം വളരെ ഭംഗിയായി നിര്‍വഹിക്കും. ജോലിക്ക് പോയിട്ടില്ലെങ്കില്‍ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ കൂടുതല്‍ വര്‍ദ്ധിക്കുന്ന സ്ത്രീകളുണ്ട്. പിന്നെ ഓരോരുത്തരുടെയും സാഹചര്യവും അവസ്ഥയുമനുസരിച്ചാണ് ഇതിനെല്ലാം ഉത്തരം കണ്ടെത്തേണ്ടത്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles