Current Date

Search
Close this search box.
Search
Close this search box.

ഭര്‍ത്താവൊരുക്കിയ വീട്ടുതടങ്കലിലാണ് ഞാന്‍

jail.jpg

വീട്ടില്‍ നിന്നും വളരെയകലെ ഒരിടത്ത് ആരും കൂട്ടിനില്ലാതെ എല്ലാം ഒറ്റക്ക് സഹിക്കാന്‍ വിധിക്കപ്പെട്ട് കഴിയുന്ന ഞാന്‍ ഒരു വിവാഹമോചനത്തെ കുറിച്ചാണ് ആലോചിക്കുന്നത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഏഴു വര്‍ഷമായി. കുട്ടികളൊന്നുമുണ്ടായിട്ടില്ല. അദ്ദേഹത്തിന് 56 വയസ്സുണ്ട്, എനിക്ക് 30ഉം. അദ്ദേഹത്തില്‍ ഓടിരക്ഷപ്പെട്ട് പുതിയൊരു ജീവിതം ആരംഭിക്കുന്നതിനെ കുറിച്ചാണ് ഞാനിപ്പോള്‍ ആലോചിച്ചുക്കൊണ്ടിരിക്കുന്നത്. വീട് ഒരു ജയിലായി മാറിയിരിക്കുന്നു; ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിന് വേണ്ടി പോലും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ എനിക്ക് അനുവാദമില്ല. ഓണ്‍ലൈന്‍ വഴി പഠിക്കാനാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. എനിക്ക് നമസ്‌കരിക്കണം, പക്ഷെ അതെങ്ങനെ നിര്‍വഹിക്കുമെന്നതിനെ കുറിച്ച് എനിക്കൊന്നുമറിയില്ല. അദ്ദേഹത്തോട് അതെല്ലാം പഠിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് എനിക്ക് മടുത്തു. എപ്പോഴും വഴക്കുകൂടിക്കൊണ്ടിരിക്കും. ദേഷ്യം വിട്ടൊഴിയാത്ത നേരമില്ല. എന്നെ കുറിച്ച് മോശം കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. എത്രത്തോളമെന്നുവെച്ചാല്‍ ഞാനൊരു പന്നിയേക്കാള്‍ മോശമാണെന്ന് വരെ പറഞ്ഞു. എനിക്കിപ്പോള്‍ അദ്ദേഹത്തോട് ദേഷ്യമാണ്. ഒരു നല്ല ഭാര്യയായിരിക്കാന്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷെ അദ്ദേഹത്തിന് ദേഷ്യം വരുമ്പോള്‍ എവിടെങ്കിലും പോയി ഒളിക്കാനാണ് എനിക്ക് തോന്നുക. അദ്ദേഹത്തോടൊപ്പം ഇനിയെനിക്ക് ജീവിക്കാന്‍ സാധിക്കുകയില്ല, പക്ഷെ അദ്ദേഹത്തിന്റെ കാര്യത്തില്‍ എനിക്ക് സങ്കടമുണ്ട്. എല്ലാ അധാര്‍മികതകളും നിലനില്‍ക്കുന്ന എന്റെ നാട്ടിലേക്ക് തന്നെ മടങ്ങിപ്പോകാന്‍ എനിക്ക് കഴിയില്ല. മദ്യപന്‍മാരും, മയക്കുമരുന്നിനടിമകളും, വ്യഭിചാരികളുമാണ് അവിടെയുള്ളത്. എനിക്കൊരു മുസ്‌ലിമായി ജീവിക്കണം.

ഒരു മുസ്‌ലിം സഹോദരിയുടെ ഈ പ്രശ്‌നത്തിന് പ്രമുഖ പണ്ഡിതന്‍ ഡോ. വാഇല്‍ ശിഹാബ് നല്‍കിയ മറുപടി:
യഥാര്‍ഥത്തില്‍, നമസ്‌കാരം നിര്‍വഹിക്കേണ്ടത് എങ്ങനെയെന്ന് പഠിക്കാന്‍ നിങ്ങളെ സഹായിക്കേണ്ടത് ഭര്‍ത്താവിന്റെ ബാധ്യത തന്നെയാണ്. നമസ്‌കാരം ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നാണ്. നമസ്‌കാരം നിര്‍വഹിക്കുന്നതില്‍ വീഴ്ച്ച വരുത്തുന്നത് കൊടിയ പാപമാണ്. യഥാര്‍ഥ മുസ്‌ലിംകള്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്.

നിങ്ങളെ വൈകാരികമായും, ശാരീരികമായും, മാനസികമായും പീഡിപ്പിക്കാനോ ഉപദ്രവിക്കാനോ നിങ്ങളുടെ ഭര്‍ത്താവിന് അനുവാദമില്ല. ഏതെങ്കിലും തരത്തില്‍ അയാള്‍ ഉപദ്രവം തുടരുകയാണെങ്കില്‍, നിയമപരമായി നിങ്ങള്‍ക്കയാളെ വിവാഹമോചനം ചെയ്യാനുള്ള അവകാശമുണ്ട്.

സഹോദരീ, ഭര്‍ത്താവ് ഉപദ്രവിക്കുകയാണെങ്കില്‍ വിവാഹബന്ധം അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്കവകാശമുണ്ടെങ്കിലും, വിവാഹജീവിതത്തിലുണ്ടാവുന്ന പാകപ്പിഴകളെയും പ്രശ്‌നസങ്കീര്‍ണതകളെയും പരിഹരിക്കാന്‍ പരമാവധി ശ്രമിക്കുകയാണ് ആദ്യമായി വേണ്ടത്. അതിന് വേണ്ടി മഹല്ലിലെ ഇമാം, സാമുദായിക നേതാവ്, സ്വാധീനമുള്ള ഒരു കുടുംബാംഗം, അല്ലെങ്കില്‍ അടുത്ത സുഹൃത്ത് എന്നിവരുടെ സഹായം നിങ്ങള്‍ക്ക് തേടാവുന്നതാണ്.

ഇനി ഈ ശ്രമങ്ങളൊക്കെ നടത്തി നോക്കിയിട്ടും, ഈ വിവാഹബന്ധവുമായി മുന്നോട്ട് പോകാന്‍ നിങ്ങള്‍ സാധിക്കുന്നില്ലായെങ്കില്‍, തീര്‍ച്ചയായും വിവാഹമോചനം എന്ന പരിഹാരമാര്‍ഗം സ്വീകരിക്കാവുന്നതാണ്.

പ്രിയ സഹോദരീ, അല്ലാഹുവില്‍ നിന്നുള്ള സഹായം, കാരുണ്യം, പിന്തുണ എന്നിവയിലുള്ള പ്രതീക്ഷ ഒരിക്കലും കൈവിടരുത്.

കൗണ്‍സിലര്‍, നസീറ അബ്ദുല്‍ അലീം സഹോദരിയുടെ പ്രശ്‌നത്തിന് പരിഹാരം നിര്‍ദേശിക്കുന്നു:
നമസ്‌കാരം പഠിക്കുവാനും ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാനുമുള്ള നിങ്ങളുടെ ആവേശത്തെ ഞാന്‍ അത്യധികം ബഹുമാനിക്കുന്നു. നിങ്ങള്‍ സന്മാര്‍ത്തില്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല! ഒരു നല്ല ഭാര്യയായി തുടരാനുള്ള സഹോദരിയുടെ കഠിന പരിശ്രമത്തെയും ആഗ്രഹത്തെയും ഞാന്‍ മാനിക്കുന്നു. അതുതന്നെയാണ് നേരായ വഴിയും. കൂടാതെ ഭര്‍ത്താവ് നിങ്ങളോട് അത്രത്തോളം പരുഷമായി പെരുമാറിയെങ്കിലും നിങ്ങളദ്ദേഹത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതൊന്നും തന്നെ ചെയ്തിട്ടില്ല. സവിശേഷ വ്യക്തിത്വത്തിനുടമാണ് നിങ്ങള്‍, അല്ലാഹു ഇതെല്ലാം കാണുന്നുണ്ട്. ഒരു പന്നിയേക്കാള്‍ മോശമാണെന്നും മറ്റുമുള്ള ഭര്‍ത്താവിന്റെ അധിക്ഷേപങ്ങളെ കാര്യത്തിലെടുക്കേണ്ടതില്ല. അല്ലാഹു കല്‍പ്പിച്ചതിനനുസരിച്ചുള്ള നന്മകള്‍ മാത്രമാണ് നിങ്ങള്‍ ചെയ്യുന്നത്.

നിങ്ങളുടെ ഭര്‍ത്താവും ചിലപ്പോള്‍ നല്ലകാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടാവാം. എന്നാല്‍ മറ്റൊരു തരത്തില്‍ അദ്ദേഹം ഇസ്‌ലാം അനുശാസിക്കുന്ന കാര്യങ്ങളായിരിക്കില്ല ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനെ ആക്ഷേിപിക്കുന്നത് പാപം തന്നെയാണ്. അതുപോലെ തന്നെ തെറിവാക്കുള്‍ വിളിക്കുന്നതും. നിങ്ങളെ പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെ തടങ്കിലില്‍ വെച്ചിരിക്കുന്നതിലൂടെ അയാളൊരു കുറ്റവാളിയായി മാറിയിരിക്കുകയാണ്.

ഒരിക്കല്‍ പ്രവാചകന്‍(സ) മൂന്ന് തവണ ‘നിങ്ങള്‍ ദേഷ്യപ്പെടരുത്, നിങ്ങള്‍ ദേഷ്യപ്പെടരുത്, നിങ്ങള്‍ ദേഷ്യപ്പെടരുത്’ എന്ന് പറയുകയുണ്ടായി. അപ്പോള്‍ പിന്നെ ദേഷ്യപ്പെട്ട് തെറിവാക്കുകള്‍ വിളിക്കുന്ന നിങ്ങളുടെ ഭര്‍ത്താവിനെ പോലെയുള്ളവരുടെ സ്ഥിതിയെന്തായിരിക്കും. നിങ്ങള്‍ക്ക് നമസ്‌കരിക്കണമെന്നും, നിങ്ങള്‍ക്കത് പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും, ഇസ്‌ലാമുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിയാന്‍ നിങ്ങള്‍ക്ക് അതിയായ താല്‍പര്യമുണ്ടെന്നും അദ്ദേഹത്തിന് നന്നായറിയാം, പക്ഷെ എന്നിട്ടും അതിനുവേണ്ടിയുളള ഒരുതരത്തിലുള്ള സൗകര്യവും നിങ്ങള്‍ക്കയാള്‍ ഒരുക്കിതരുന്നില്ലായെന്നത് തീര്‍ച്ചയായും തെറ്റുതന്നെയാണ്. ഓണ്‍ലൈന്‍ പഠിക്കാന്‍ നിങ്ങളോട് അദ്ദേഹം പറഞ്ഞുവല്ലോ, നിങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കാന്‍ അദ്ദേഹം കണ്ടുപിടിച്ച ഒരു മാര്‍ഗം തന്നെയാണത്. നിങ്ങള്‍ക്കത് ഒരുപാട് പ്രയാസങ്ങള്‍ സൃഷ്ടിച്ചിരിക്കും. ദുര്‍നടപ്പിന്റെ പേരിലല്ലാതെ ഒരു സ്ത്രീയെ വീട്ടില്‍ അടച്ചിടാന്‍ പാടില്ല.

അന്ത്യനാളില്‍ ആദ്യം ചോദ്യംചെയ്യപ്പെടുന്നത് നമസ്‌കാരത്തെ കുറിച്ചായിരിക്കും. അല്ലാഹുവിലുള്ള വിശ്വാസം അംഗീകരിച്ചു കഴിഞ്ഞാല്‍ ശേഷം ആദ്യം നിര്‍വഹിക്കേണ്ട ആരാധാനകര്‍മ്മം നമസ്‌കാരമാണ്. വിവാഹമടക്കമുള്ള മറ്റു ആരാധനകളുടെയെല്ലാം മുന്നോടിയായി നമസ്‌കാരം കടന്നുവരുന്നു. ഓര്‍ക്കുക, അല്ലാഹുവുമായുള്ള സംഭാഷണമാണ് നമസ്‌കാരം. അല്ലാഹുവുമായി ബന്ധപ്പെടുന്ന വഴികളില്‍ ഒന്നാണത്. അല്ലാഹുവും അടിമയും തമ്മിലുള്ള ബന്ധത്തിന് ശേഷം വരുന്നതാണ് അടിമയും അടിമയും തമ്മിലുള്ള ബന്ധം.

ഞാന്‍ മുകളില്‍ പരാമര്‍ശിച്ച കാര്യങ്ങളിലൊക്കെ തന്നെ നിങ്ങളുടെ വ്യക്തിത്വം ശക്തവും ആദരണീയവുമാണ്. ആ പട്ടികയിലേക്ക് മറ്റു ചില ചുമതലകള്‍ കൂടി നിങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെത്തന്നെ, നിങ്ങള്‍ നമസ്‌കരിക്കണം. അതിനായി ഇസ്‌ലാം അനുശാസിക്കുന്നത് പോലെ നമസ്‌കാരം അതിന്റെ മുറപോലെ നിര്‍വഹിക്കാന്‍ പഠിക്കേണ്ടതുണ്ട്. ദീന്‍ എന്താണെന്ന് പഠിക്കുവാന്‍ അല്ലാഹു നമ്മോട് കല്‍പിച്ചിട്ടുണ്ട്. എങ്കില്‍ നമുക്ക് നമസ്‌കാരം അതിന്റെ പൂര്‍ണ്ണതയോടെ നിര്‍വഹിക്കുവാന്‍ സാധിക്കുമെന്നത് പോലെതന്നെ ഇസ്‌ലാമിന്റെ ഓരോ വശങ്ങളും ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കാനും കഴിയും.

നമസ്‌കാരത്തിന്റെ വഴിയിലേക്ക് പ്രവേശിക്കുന്നതോട് കൂടി കുറച്ച് കൂടി ഗൗരവപ്പെട്ട മറ്റൊരു ബാധ്യത കൂടി നിങ്ങള്‍ നിര്‍വഹിക്കേണ്ടതായി വരും; നീതിക്ക് വേണ്ടി എഴുന്നേറ്റ് നില്‍ക്കുക. സഹോദരിയുടെ കാര്യമെടുക്കുകയാണെങ്കില്‍, നിങ്ങളുടെ അവകാശങ്ങള്‍ ലഭിക്കണമെന്നുണ്ടെങ്കില്‍ ഭര്‍ത്താവിന്റെ മുന്നില്‍ ധൈര്യപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കുക തന്നെ വേണം. ഇനി അദ്ദേഹം ദേഷ്യപ്പെടുകയും തെറിവാക്കുകള്‍ വിളിക്കുകയും ചെയ്‌തെന്നിരിക്കട്ടെ, അതൊന്നും തന്നെ കാര്യമാക്കേണ്ടതില്ല, കാരണം അദ്ദേഹം പറയുന്നതെല്ലാം നുണകളും സത്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് നിങ്ങള്‍ക്ക് തന്നെ അറിയുന്നതുമാണ്.

നിങ്ങളുടെ ഭര്‍ത്താവ് എന്തൊക്കെ മോശം വിചാരങ്ങള്‍ നിങ്ങളെ കുറിച്ച് വെച്ചു പുലര്‍ത്തുന്നുണ്ടെങ്കിലും ശരി, നിങ്ങളുടെ സത്യസന്ധതയില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. കാരണം ഇത്രയൊക്കെ ദുരിതങ്ങളിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോയിട്ടും അല്ലാഹുവിന്റെ ആജ്ഞകള്‍ അനുസരിക്കാനും അവനിലേക്ക് കൂടുതല്‍ കൂടുതല്‍ അടുക്കാനുമാണ് സഹോദരിയുടെ ആഗ്രഹം! ഈ ലോകത്ത് ഇതിനേക്കാള്‍ പ്രതിഫലാര്‍ഹമായ മറ്റൊരു പുണ്യപ്രവര്‍ത്തിയുണ്ടോ! അതുകൊണ്ട് അല്ലാഹുവിന്റെ സവിദത്തിലേക്ക് തന്നെ ദയവുചെയ്ത് മടങ്ങുക, എന്നിട്ട് ഭാര്‍ത്താവിന് മുന്നില്‍ സധൈര്യം എഴുന്നേറ്റ് നിന്ന് എന്നെ ഇതുപോലെ തടവിലിടാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവുമില്ലെന്ന് ചങ്കൂറ്റത്തോടെ പറയാനുള്ള ആര്‍ജവത്തിനായി പ്രാര്‍ത്ഥിക്കുക.

തനിക്ക് നമസ്‌കരിക്കണമെന്നും, നമസ്‌കാരം നിര്‍ബന്ധമാണെന്നും, അത് നിര്‍വഹിക്കാന്‍ മതത്തെ കുറിച്ച് പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹത്തെ പറഞ്ഞ് ബോധ്യപ്പെടുത്തുക. ദീനിലെ മറ്റുകാര്യങ്ങളെ കുറിച്ചും വിശദമായി പഠിക്കണമെന്നും, അങ്ങനെ തനിക്ക് ആരാധനാനുഷ്ഠാനങ്ങളൊക്കെ കൃത്യമായി നിര്‍വഹിച്ച് അല്ലാഹുവിനെ തൃപ്തിപ്പെടുത്താന്‍ സാധിക്കുമെന്നും, അതിലൂടെ അല്ലാഹു ഉദ്ദേശിച്ചാല്‍ സ്വര്‍ഗം കരസ്ഥമാക്കാന്‍ കഴിയുമെന്നും അദ്ദേഹത്തെ ഉണര്‍ത്തുക. ഇത്രയൊക്കെ ചെയ്തിട്ടും അദ്ദേഹം നിങ്ങളെ സ്വതന്ത്രയാക്കാന്‍ വിസ്സമതിക്കുകയും, പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ദാമ്പത്യ ജീവിതം നിങ്ങള്‍ക്ക് അനുവദിക്കാതിരിക്കുകയും, നമസ്‌കരിക്കാനും ദീനിനെ കുറിച്ച് പഠിക്കാനുമുള്ള അന്തരീക്ഷം നിങ്ങള്‍ക്ക് ഒരുക്കിതരാതിരിക്കുകയും, ‘പന്നിയേക്കാള്‍ വൃത്തികെട്ട ജന്തു’ എന്ന വിളി നിങ്ങള്‍ക്ക് നേരെ തുടരുകയും ചെയ്യുന്നുവെങ്കില്‍, അവസാന മാര്‍ഗമെന്ന നിലയില്‍ വിവാഹമോചനം തീര്‍ച്ചയായും നിങ്ങള്‍ക്ക് പരിഗണിക്കാവുന്നതാണ്.

ഭര്‍ത്താവുമായുള്ള വിവാഹബന്ധം ഉപേക്ഷിക്കാന്‍ തന്നെയാണ് നിങ്ങളുടെ തീരുമാനമെങ്കില്‍, ഒരു സുപ്രധാന തീരുമാനമെടുക്കുന്നതിന് മുമ്പ് അല്ലാഹുവിനോട് സഹായം തേടിക്കൊണ്ടുള്ള ഇസ്തിഖാറയുടെ നമസ്‌കാരം നിര്‍വഹിക്കുന്നത് എന്തു കൊണ്ടും നല്ലതാണ്.

കല്ല്യാണത്തിന് മുമ്പ് നിങ്ങള്‍ ജീവിച്ചിരുന്നതും, ഒരു മുസ്‌ലിമായി ജീവിക്കാന്‍ അങ്ങേയറ്റം പ്രയാസകരവുമായ ആ പഴയ ചുറ്റുപാടുകളിലേക്ക് തിരികെ പോവാന്‍ താല്‍പര്യമില്ലെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. എന്റെ പ്രിയപ്പെട്ട സഹോദരീ, നിങ്ങളുടെ ഭര്‍ത്താവ് നിങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ഇപ്പോഴത്തെ അവസ്ഥ ചെറിയ ചില വ്യതിരിക്തതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ആ സാഹചര്യത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. ദൗര്‍ബല്യങ്ങളില്‍ നിന്നും ദുര്‍ബലതകളില്‍ നിന്നും മുക്തമായ ശക്തിമത്തായ ഒരു വ്യക്തിത്വത്തിനുടമാണ് താനെന്ന് സഹോദരി തെളിയിച്ചു കഴിഞ്ഞു. കഠിനമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്നപ്പോഴും, അല്ലാഹുവിലുള്ള വിശ്വാസം ആത്മാര്‍ത്ഥതയോടെ മുറകെപിടിക്കാന്‍ സഹോദരിക്ക് സാധിച്ചു. ഭര്‍ത്താവിന്റെ അതിക്രമങ്ങള്‍ക്കൊന്നും തന്നെ നിങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാനും തളര്‍ത്താനും കഴിഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക്, വീടിന് പുറത്ത് നിലനില്‍ക്കുന്ന അധാര്‍മികതകള്‍ നിറഞ്ഞ ലോകത്തിന് നിങ്ങളെ എളുപ്പം വഴിപിഴപ്പിക്കാന്‍ കഴിയില്ലെന്നാണ് എന്റെ അടിയുറച്ച വിശ്വാസം. അല്ലാഹുവുമായി നിങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഈ പരിശുദ്ധ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ അവയ്‌ക്കൊരിക്കലും സാധിക്കുകയില്ല.

സഹോദരീ, നിങ്ങളുടെ ആ പഴയ ചുറ്റുപാടില്‍, നിങ്ങളെ പോലെ ചിന്തിക്കുന്ന ഒരാളെപ്പോലും കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും, ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹുവുമൊത്തുള്ള കൂട്ട് തന്നെ ധാരാളമാണ്. അല്ലാഹുവിലേക്ക് വേണ്ടത്ര അടുക്കാനും, അവന്റെ ആജ്ഞകള്‍ മുറപോലെ അനുസരിക്കാനും സാധിക്കാത്തതിലാണ് സഹോദരി ഇപ്പോള്‍ വ്യസനിക്കുന്നത്. ഇനി നിങ്ങള്‍ക്ക് നമസ്‌കരിക്കാനും, അല്ലാഹുവിനെ കുറിച്ചും അവന്റെ ദീനിനെ കുറിച്ചും, പ്രവാചകന്‍മാര്‍, സ്വഹാബിമാര്‍ എന്നിവരെ കുറിച്ചും കൂടുതലറിയാനും പഠിക്കാനും സാധിക്കും. അല്ലാഹുവുമായും അവന്റെ ദാസന്‍മാരുമായുളള നിങ്ങളുടെ ഈ അടുത്ത ബന്ധം നിങ്ങളാഗ്രഹിക്കുന്ന സുഖവും സന്തോഷവും തന്നെയാണ് പ്രദാനം ചെയ്യുക. അത് ചുറ്റം വ്യാപിച്ച് നില്‍ക്കുന്ന അധാര്‍മികതകള്‍ക്ക് എതിരായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം നല്‍കും. ഭര്‍ത്തവുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തന്നെയാണ് സഹോദരിയുടെ തീരുമാനമെങ്കില്‍, നിങ്ങളെ പോലെ സമാനചിന്താഗതി വെച്ചുപുലര്‍ത്തുന്ന, ഏറ്റവും ചുരുങ്ങിയത് ഒരാളെയെങ്കിലും നിങ്ങള്‍ കണ്ടെത്തുക തന്നെ ചെയ്യും. ഇന്‍ശാ അല്ലാഹ്.

മൊഴിമാറ്റം: ഹുദ ശുഐബ്‌

Related Articles