Current Date

Search
Close this search box.
Search
Close this search box.

ഭര്‍ത്താവിന്റെ വഞ്ചന ജീവിതം തകര്‍ത്തു

life1.jpg

32 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയാണ് ഞാന്‍. എന്റേത് ഒരു പ്രണയവിവാഹമായിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എട്ട് വര്‍ഷത്തോളമായി. രണ്ട് കുട്ടികളാണ് ഞങ്ങള്‍ക്കുള്ളത്. മൂന്ന് വര്‍ഷം മുമ്പാണ് ഒരു അമുസ്‌ലിം സ്ത്രീയുമായി എന്റെ ഭര്‍ത്താവ് ബന്ധം സ്ഥാപിക്കുന്നത്. ഒന്നില്‍ കൂടുതല്‍ തവണ തന്റെ തെറ്റ് അയാള്‍ ആവര്‍ത്തിക്കുകയുണ്ടായി. എന്നെ വഞ്ചിക്കുകയായിരുന്നു അയാള്‍. തന്റെ കുറ്റം അയാള്‍ സമ്മതിക്കുകയും ചെയ്തു. അതിനെത്തുടര്‍ന്ന് മാസങ്ങളോളം ഞാന്‍ വല്ലാത്തൊരവസ്ഥയിലായിരുന്നു. ദേഷ്യവും സങ്കടവും എനിക്കടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇനിയൊരിക്കലും തെറ്റ് ആവര്‍ത്തിക്കില്ലെന്നും ദാമ്പത്യ പ്രശ്‌നങ്ങളാണ് തന്നെക്കൊണ്ടത് ചെയ്യിച്ചതെന്നും എന്റെ ഭര്‍ത്താവ് എന്നോട് പറയുകയുണ്ടായി. തുടര്‍ന്ന് ഞാനദ്ദേഹത്തിന് പൊറുത്തുകൊടുത്തെങ്കിലും എന്റെ വിഷമം എന്നെ വിട്ടുപോകുന്നില്ല. ഇനിയും ഞങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ എന്റെ ഭര്‍ത്താവ് വീണ്ടും പരസ്ത്രീകളുമായി ബന്ധം സ്ഥാപിക്കുമോ എന്നാണെന്റെ പേടി. എനിക്കിങ്ങനെ ജീവിക്കാന്‍ കഴിയില്ല. എന്റെ വൈവാഹിക ജീവിതത്തില്‍ ഞാന്‍ അസംതൃപ്തയാണ്. ജീവിതത്തിലെ സന്തോഷമുള്ള ഘട്ടങ്ങളിലും പ്രയാസമുള്ള ഘട്ടങ്ങളിലുമെല്ലാം ഞാന്‍ എന്റെ ഭര്‍ത്താവിന്റെ കൂടെ നിന്നിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം ഒരു രോഗം ബാധിച്ച് കിടപ്പിലാണ്. ഞാനദ്ദേഹത്തിന്റെ കൂടെത്തന്നെയുണ്ട്. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ പരസ്പരം ഒരു സ്‌നേഹവുമില്ല എന്നാണെനിക്ക് തോന്നുന്നത്. അദ്ദേഹത്തോടുള്ള ബഹുമാനം എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഈ അവസ്ഥയില്‍ പരിഹാരം നിര്‍ദേശിച്ചു കൊണ്ടുള്ള ഒരു ഉപദേശം താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു.

പ്രിയ സോദരീ,
മറ്റാരേക്കാളും ജീവിതത്തില്‍ നിങ്ങള്‍ വിശ്വസിക്കേണ്ടവര്‍ തന്നെ നിങ്ങളെ വഞ്ചിക്കുമ്പോള്‍ ഏതൊരാള്‍ക്കും അത് മാനസികമായ പ്രയാസങ്ങള്‍ വരുത്തിവെക്കുമെന്നത് തീര്‍ച്ചയാണ്. ഒന്നില്‍ക്കൂടുതല്‍ പ്രാവശ്യം വേറൊരു സ്ത്രീയുമായി ബന്ധം പുലര്‍ത്തിയ നിങ്ങളുടെ ഭര്‍ത്താവിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍ അത് സ്വാഭാവികമാണ്.

അതേസമയം, എത്ര പ്രയാസകരമാണെങ്കിലും വിവാഹജീവിതം പഴയ പോലെ തുടരാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതുണ്ട്. എന്നാല്‍ നിങ്ങളുടെ കേസില്‍ അതത്ര എളുപ്പമുള്ള കാര്യമല്ല എന്നത് തീര്‍ച്ചയാണ്. കാരണം, തകര്‍ന്ന് പോയ വിശ്വാസമാണ് നിങ്ങള്‍ക്ക് നന്നാക്കിയെടുക്കാനുള്ളത്. വിവാഹജീവിതം അവസാനിപ്പിക്കാനുള്ള അന്തിമതീരുമാനം എടുക്കുന്നതിന് മുമ്പ് അതിനായി ശ്രമിക്കേണ്ടതുണ്ട്. ഇനി വിവാഹജീവിതം തുടരാന്‍ നിങ്ങളാവുന്ന വിധം ശ്രമിച്ചുവെന്നും ഒരിക്കലുമത് സാധ്യമല്ലെന്നും നിങ്ങള്‍ക്ക് തോന്നുന്ന പക്ഷം വിവാഹമോചനം ചെയ്യാവുന്നതാണ്. അപ്പോള്‍ പിന്നെ ഭാവിജീവിതത്തില്‍ നിങ്ങള്‍ക്ക് ഖേദിക്കേണ്ടി വരികയില്ല.

ഈ സന്ദര്‍ഭത്തില്‍ ഞാനാവശ്യപ്പെടുന്നത് ഭര്‍ത്താവിനെയും കൂട്ടി ഒരു മനശ്ശാസ്ത്ര വിദഗ്ധനെ സമീപിക്കാനാണ്. രണ്ട് പേരുടെയും ഭാഗം കേള്‍ക്കുകയും ഉപദേശം നല്‍കുകയും ചെയ്യുന്നവരെയാണ് സമീപിക്കേണ്ടത്. നിങ്ങളുടെ പ്രാദേശിക ഇമാമിനെയോ അല്ലെങ്കില്‍ ഒരു മുസ്‌ലിം വിവാഹ കൗണ്‍സിലറെയോ കാണുന്നതാണ് നല്ലത്. അവരാകുമ്പോള്‍ ഇസ്‌ലാമിക തത്വങ്ങളനുസരിച്ച് നിങ്ങള്‍ക്ക് ഉപദേശം തരാന്‍ കഴിയും.

ഈ സന്ദര്‍ഭത്തില്‍ വര്‍ഷങ്ങളായി നിങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന മനോഹരമായ നിമിഷങ്ങളെ ഓര്‍ത്തുകൊണ്ട് സ്‌നേഹം ഊട്ടിയുറപ്പിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. നിങ്ങള്‍ രണ്ട് പേരും ഒരുമിച്ചിരുന്ന് സംസാരിക്കേണ്ടതുണ്ട്. നിങ്ങളുടെ ഭര്‍ത്താവിനോട് മനസ്സ് തുറക്കാന്‍ നിങ്ങള്‍ സന്നദ്ധയാവണം.

തന്റെ പ്രവൃത്തിയില്‍ ഖേദം തോന്നാതിരിക്കാന്‍ നിങ്ങളുടെ ഭര്‍ത്താവിന് ഒരുപാട് കാരണങ്ങളുണ്ടാകാം. ചിലപ്പോള്‍ നിങ്ങളെ വിഷമിപ്പിച്ചുണ്ടെന്ന് അയാള്‍ക്ക് തോന്നിയിട്ടുണ്ടാവില്ല. അല്ലെങ്കില്‍ തന്റെ അഭിമാനബോധമായിരിക്കാം നിങ്ങളോട് ഖേദം പ്രകടിപ്പിക്കുന്നതില്‍ നിന്ന് അയാളെ തടയുന്നത്. എന്നാല്‍ പരസ്പരം സംസാരിച്ചില്ലെങ്കില്‍ നിങ്ങളുടെ മനസ്സിലുള്ളത് ഒരിക്കലും നിങ്ങള്‍ക്ക് പങ്കുവെക്കാന്‍ കഴിയില്ല എന്നത് തീര്‍ച്ചയാണ്.

എന്നാല്‍ അയാളുമായി ബന്ധം തുടരാന്‍ നിങ്ങള്‍ക്ക് തീരെ താല്‍പര്യമില്ലെങ്കില്‍ പിന്നെ ഇത്തരം ശ്രമങ്ങളെല്ലാം വെറുതെയാണെന്ന് നിങ്ങള്‍ക്കൊരുപക്ഷേ തോന്നിയേക്കാം. എന്നാല്‍ ഞാനാവശ്യപ്പെടുന്നത് വിവാഹമോചനം ചെയ്യുന്നതിന് മുമ്പ് അതൊഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും നിങ്ങള്‍ നടത്തണമെന്നാണ്.

നമ്മള്‍ക്കറിയാവുന്ന പോലെ വിവാഹത്തിന് ഇസ്‌ലാമില്‍ മഹത്തായ സ്ഥാനമാണുള്ളത്. അതിനാല്‍ തന്നെ കഴിവിന്റെ പരമാവധി വിവാഹമോചനം ഒഴിവാക്കാന്‍ ശ്രമിക്കുക എന്നത് വളരെ പ്രധാനമാണ്. വിവാഹജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ ചില ദമ്പതികള്‍ക്ക് കഴിയാറുണ്ടെങ്കിലും മിക്കപേര്‍ക്കും അത് സാധ്യമാകാറില്ല. എന്നാലതിന് സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു വിഷമവും തോന്നേണ്ടതില്ല. കാരണം നിങ്ങളൊരു തെറ്റും ചെയ്തിട്ടില്ല. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ കഴിവിന്റെ പരമാവധി നിങ്ങള്‍ ശ്രമിക്കുന്നുണ്ട്.

എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണെങ്കില്‍ പിന്നെ വിവാഹമോചനം ആകാവുന്നതാണ്. അതേസമയം, വിവാഹമോചനത്തിന് മുമ്പ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ് നിങ്ങള്‍ ഉറപ്പ് വരുത്തേണ്ടതാണ്. സന്തോഷകരമല്ലാത്ത ദാമ്പത്യജീവിതത്തില്‍ നിന്ന് വിവാഹമോചനം നിങ്ങളെ രക്ഷിക്കുമെന്നത് തീര്‍ച്ചയാണെങ്കിലും അതത്ര എളുപ്പമുള്ള പണിയൊന്നുമല്ല. മാനസികമായും ശാരീരികമായും അത് നിങ്ങളെ തളര്‍ത്തുമെന്നത് തീര്‍ച്ചയാണ്. ഈ സന്ദര്‍ഭത്തില്‍ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന പിന്തുണ നിങ്ങള്‍ക്കാശ്വാസമാകും.

വിവാഹമോചനത്തിന് ശേഷമുള്ള ജീവിതം അങ്ങേയറ്റം പ്രയാസകരം തന്നെയാണ്. അതില്‍ നിന്ന് കരകയറാന്‍ കുറച്ച് സമയമെടുക്കും. നിങ്ങളുടെ കുട്ടികള്‍ക്കും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ ആവശ്യമാണ്. ഈ സന്ദര്‍ഭത്തില്‍ അല്ലാഹുവോട് കൂടുതല്‍ അടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്. ഇസ്തിഖാറ നമസ്‌കാരം ധാരാളമായി നമസ്‌കരിക്കുക. നല്ലൊരു തീരുമാനമെടുക്കാന്‍ അല്ലാഹു നിങ്ങളെ സഹായിക്കും.

ഈ പ്രയാസകരമായ സമയത്ത് നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്കും അല്ലാഹു കാര്യങ്ങള്‍ എളുപ്പമാക്കിത്തരട്ടെ. നല്ലൊരു തീരുമാനമെടുക്കാനും അതിന്റെ പ്രത്യാഘാതങ്ങള്‍ സഹിച്ചുകൊണ്ട് മുന്നോട്ട് പോകാനും അവന്‍ നിങ്ങളെ തുണക്കട്ടെ.

വിവ: സഅദ് സല്‍മി

Related Articles