Current Date

Search
Close this search box.
Search
Close this search box.

ഭര്‍ത്താവിനോടുള്ള സ്‌നേഹമാണവളെ തകര്‍ത്തത്

tea.jpg

ദുഖവും വേദനയും കലര്‍ന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു. ഞാനെന്റെ പ്രിയതമനെ അതിയായി സ്‌നേഹിക്കുന്നു. എന്തു പ്രയാസം സഹിച്ചും ഞാനദ്ദേഹത്തെ സന്തോഷിപ്പിക്കാന്‍ നിരന്തരം ശ്രമിക്കാറുണ്ട്. അദ്ദേഹം ഉപയോഗിക്കുന്ന ലഹരി വസ്തുക്കള്‍ ഞാനെന്റെ സ്വന്തം പണം ചെലവഴിച്ച് വാങ്ങിക്കൊടുക്കുന്നിടത്തു വരെയെത്തി ആ സ്‌നേഹം. പക്ഷെ തന്റെ തൊഴില്‍ ഉപേക്ഷിച്ചതും എന്നെയും മക്കളെയും അവഗണിക്കുന്നതിലേക്കെത്തിച്ചു എന്നതും മാത്രമാണായിരുന്നു ആ സ്‌നേഹത്തിന്റെ പരിണിത ഫലം. അദ്ദേഹം തന്റെ മുഴുവന്‍ സമ്പാദ്യവും തുലച്ചു കളഞ്ഞു. വീട്ടാവശ്യങ്ങള്‍ക്കുള്ള ചെലവ് കണ്ടത്താന്‍ ഞാനിന്ന് നന്നെ കഷ്ടപ്പെടുകയാണ്. ആരോഗ്യവും കുടുംബ ബന്ധവും ഒരുപോലെ തകര്‍ക്കുന്നയാളായിട്ടും ഞാനെന്റെ സ്‌നേഹം കാരണം അദ്ദേഹത്തെ തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

വഞ്ചകനായ ഭര്‍ത്താവ്
അവള്‍ തുടര്‍ന്നു. എന്റെ ഭര്‍ത്താവിന്റെ ഫോണില്‍ ചില സ്ത്രീകളുടെ നമ്പര്‍ ആണുങ്ങളുടെ പേരു വച്ച് സേവ് ചെയ്തതായി എന്റെ ശ്രദ്ധയില്‍പെട്ടു. ആകാംക്ഷയും അതിലുപരി ദേഷ്യവും തോന്നിയ ഞാന്‍ ഡയല്‍ ചെയ്ത നാലില്‍ മൂന്ന് നമ്പറിലും എന്നെ സ്വാഗതം ചെയ്തത് സ്ത്രീ ശബ്ദങ്ങളായിരുന്നു. കഠിനമായ അമര്‍ഷം കാരണം ശരീരം മുഴുക്കെ വിറകൊണ്ടെങ്കിലും ഇതൊന്നും ഭര്‍ത്താവിനോടുള്ള സ്‌നേഹത്തിന് വിലങ്ങുതടിയായില്ല. പക്ഷെ ഒരു പാതിരാനേരത്ത്, സ്‌നേഹം കിനിയുന്നവാക്കുകള്‍ തന്റെ കാമുകിയുമായി പങ്കുവച്ച്  ഫോണിലൂടെ അദ്ദേഹം പ്രണയസംഭാഷണം നടത്തുന്നത് കേട്ട് തൊട്ടടുത്തു കിടക്കുന്ന ഞാന്‍  ഞെട്ടി.  ഞാന്‍ ഗാഢനിദ്രയിലാണെന്ന് ധരിച്ചാണയാള്‍ ആ സമയത്ത് ഫോണ്‍ വിളിച്ചത്. എന്റെ ശരീരം മുഴുക്കെ എന്തെന്നില്ലാത്ത അസ്വസ്ഥത പടര്‍ന്നു കയറി. എനിക്കെന്നെത്തന്നെ നിയന്ത്രിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നു. കണ്ണ് കലങ്ങും വരെ കരയാനായിരുന്നു എന്റെ വിധി.

അതിഗുരുതരമായ വഞ്ചന
തനിക്കുണ്ടായ ദുരന്തം അവള്‍ വിവരിച്ചു. കാര്യങ്ങള്‍ ഇവിടെ അവസാനിച്ചിരുന്നെങ്കില്‍ തരക്കേടില്ലായിരുന്നു. പക്ഷെ അതിനപ്പുറം സംഭവിച്ചു.അന്തരീക്ഷം ഒന്നു കലങ്ങിത്തെളിയുന്നതു വരെ എന്റെ വീട്ടിലേക്കു പോകാന്‍ ഞാനദ്ദേഹത്തോട് അനുവാദം ചോദിച്ചു. അദ്ദേഹം പെട്ടെന്നു തന്നെ അനുവാദം തരികയും ചെയ്തു. ഞാനെന്റെ മൂന്നു മക്കളെയും കൂട്ടി രണ്ടാഴ്ച എന്റെ വീട്ടില്‍ താമസിച്ചു. അദ്ദേഹത്തെ സന്തോഷിപ്പിക്കുന്ന വിധത്തിലുള്ള ചില സമ്മാനങ്ങളുമായി, സമാധാനവും സ്വസ്ഥതയും ലഭിക്കുമെന്ന വിശ്വാസത്തില്‍ ഞാന്‍ തിരിച്ചു ചെന്നപ്പോള്‍ കണ്ട കാഴ്ച എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ചില അപശബ്ദങ്ങള്‍ കേട്ട് ഞാനെന്റെ മുറിയുടെ ജനല്‍പാളിയിലൂടെ നോക്കിയപ്പോള്‍ കണ്ടത് എന്റെ ഭര്‍ത്താവ്, എന്റെ തന്നെ സുഹൃത്തായ സ്ത്രീയുമായി കാമകേളിയില്‍ ഏര്‍പ്പെടുന്നതാണ്. പിന്നീട് സംഭവിച്ചതൊന്നും ഞാനറിഞ്ഞില്ല. ബോധം തെളിയുമ്പോള്‍ ഞാന്‍ ആശുപത്രിക്കിടക്കയിലായിരുന്നു.

മാനസികാസ്വാസ്ഥ്യം
അവള്‍ തുടര്‍ന്നു. അന്നു മുതല്‍ മാനസികരോഗ വിദഗ്ദന്റെയുടുത്ത് നിത്യ സന്ദര്‍ശകയാണ് ഞാന്‍. ഞാനിന്ന് എന്നെത്തന്നെ വെറുക്കുന്നു. സ്ത്രീ പുരുഷന്‍മാരടങ്ങുന്ന സമൂഹത്തെ മൊത്തം വെറുപ്പാണെനിക്ക്. എന്റെ വ്യക്തിത്വവും ആദരവും നഷ്ടപ്പെട്ടതായി തോന്നുന്നു. സ്‌നേഹത്തിന്റെ എല്ലാ ഇനങ്ങളും എനിക്കിന്ന് അറപ്പാണ്. എന്നിട്ടും ഞാനിക്കാര്യങ്ങള്‍ ആരോടും പറയാതെ ഉള്ളിന്റെ ഉള്ളിലൊതുക്കി ജീവിക്കുന്നതും എവിടെയോ ഒരിറ്റു സ്‌നേഹം അദ്ദേഹത്തോട് ബാക്കിയുള്ളതിനാലാണ്. എന്റെ സ്‌നേഹത്തെയും സന്‍മനസിനെയും അച്ചടക്കത്തെയുമെല്ലാം അദ്ദേഹം ചൂഷണം ചെയ്യുകയായിരുന്നു ഇക്കണ്ട കാലമത്രയും.  അഴിഞ്ഞാട്ടക്കാരികളായ സ്ത്രീകളോടൊപ്പം സ്വസ്ഥമായിക്കഴിയാന്‍, അദ്ദേഹം എന്നെ വീട്ടില്‍ നിന്നും പുറത്താക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ഭര്‍തൃ വഞ്ചനയില്‍ ഒന്നില്‍ കൂടുതല്‍ അഭിസാരികകള്‍ അദ്ദേഹത്തിന്റെ കിടക്ക പങ്കിട്ടെന്നറിഞ്ഞിട്ടും ഞാനെന്റെ വീട്ടില്‍ നില്‍ക്കുന്നത,് എന്റെ മക്കളെയോര്‍ത്തു മാത്രമല്ല്. എനിക്കദ്ദേഹത്തോടുള്ള നശിച്ച സ്‌നേഹം കാരണത്താലും കൂടിയാണ്. പന്നീട് അദ്ദേഹം കുറെ കാലം മാറിത്താമസിച്ച ശേഷം മറ്റൊരു സ്ത്രീയുമായി തിരിച്ചുവന്നു. എന്നിട്ട് യാതൊരു മടിയും കൂടാതെ എന്നെ ചൂണ്ടി അവളോടു പറഞ്ഞത് ഞാനിവിടുത്തെ വേലക്കാരിയാണെന്നാണ്. ആ സ്ത്രീ ഇന്നയാളുടെ ഭാര്യയാണ്. ഞാന്‍ വേലക്കാരിയും. ഞാനും മക്കളും ഇന്നനുഭവിക്കുന്നതിന് കാരണം ഞാന്‍ നല്‍കിയ സ്‌നേഹത്തിന്റെ പരിണിത ഫലം മാത്രമാണ്.

ശാപഗ്രസ്തമായ സ്‌നേഹത്തിന്റെ പരിണിതി
ഈ സ്ത്രീയുടെ കഥ മുന്നില്‍ വച്ച് എനിക്ക് നിങ്ങളോടു പറയാനുള്ളത് ശ്രദ്ധിക്കുക. ഒരു മധ്യമ സമൂഹമായിട്ടാണ് നമ്മെ നിയോഗിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഏതു കാര്യത്തിലും തീവ്രതക്കും ജീര്‍ണതക്കും മധ്യേയായിരിക്കണം നമ്മുടെ നിലപാട്. ഇതൊന്നും ശ്രദ്ധിക്കാതെ വേണ്ടുന്നതിനും വേണ്ടാത്തതിനുമെല്ലാം സ്‌നേഹത്തിന്റെ പേരില്‍ വാരിക്കോരി ചെലവഴിച്ചപ്പോള്‍, അത് ആ സ്ത്രീയുടെ ഭര്‍ത്താവിനെ നാശത്തിലേക്ക് നയിക്കുകയാണ് ചെയ്തത്. പരിധികളില്ലാതെ നല്‍കിയ സ്‌നേഹം അവര്‍ക്കു തന്നെ ദോഷകരമായി ബാധിക്കുകയും ഗുരുതരമായ മാനസിക പ്രയാസത്തിലേക്ക് നയിക്കുകയും ചെയ്തു. താന്‍ വളംവെക്കും തോറും പ്രശ്‌നം പിടുത്തം വിടുകയാണെന്നറിഞ്ഞിട്ടും ഭര്‍ത്താവിനെ കൈയയച്ചു സഹായിച്ചത് അബദ്ധമായിപ്പോയി. നിഷിദ്ധങ്ങളും അനുവദനീയങ്ങളും നോക്കാതെ ഭര്‍ത്താവിനെ പിന്തുണക്കുന്ന ഭാര്യമാര്‍ ഇത്തരം ദുരന്തങ്ങളെ കരുതിയിരിക്കുക. വിവാഹമോചനം ഭയന്ന് മൗനം പാലിച്ചതും തന്നെ വഞ്ചിച്ചത് കാര്യമാക്കാതിരുന്നതുമാണ് പ്രശ്‌നം. ചില സ്ത്രീകള്‍, തങ്ങളെ വഞ്ചിക്കുന്ന ഭര്‍ത്താക്കന്‍മാരെ മാനസികമായും സാമ്പത്തികമായും വൈകാരികമായും ബ്ലാക്ക്‌മെയില്‍ ചെയ്യാറുണ്ട്. ചില സ്ത്രീകള്‍ ഇത്തരം വഞ്ചകരായ ഭര്‍ത്താക്കന്‍മാരെ നേരിടുന്നത് പരപുരുഷ ഗമനത്തിലൂടെയാണ്. വികാരപൂര്‍ത്തീകരണത്തിനപ്പുറം വഞ്ചകരായ ഭര്‍ത്താക്കന്‍മാര്‍ക്കുള്ള ശിക്ഷയായി ഇതിനെ ന്യായീക്കാനാണ് ചില സ്ത്രീകള്‍ പരപുരുഷ ഗമനം നടത്തുന്നത്. ചില സ്ത്രീകള്‍ അനാവശ്യമായി ഭര്‍ത്താക്കന്‍മാരെ സംശയ ദൃഷ്ടിയോടെ കാണുന്നതും അവരുടെ മൊബൈലും കമ്പ്യൂട്ടറും പരിശോധിക്കുന്നതും പതിവാണ്. പരസ്പരം ശത്രുത വളര്‍ത്താനും മക്കളില്‍ സ്വഭാവദൂഷ്യം വര്‍ധിക്കാനും മാത്രമാണ് ഇത്തരം കാര്യങ്ങള്‍ വഴിവെക്കൂ. വിവാഹമോചനത്തിലേക്ക് വരെ ഇത്തരം സംശയങ്ങള്‍ നീങ്ങിയേക്കാം. അതിനാല്‍ സംശയരോഗത്തെ മനസില്‍ നിന്നും പാടെ നീക്കിക്കളയുക.

ഭാര്യമാരോട് അനുകമ്പയോടെ പെരുമാറണമെന്നത് ദൈവിക കല്‍പനയാണ്. പരസ്പരം സ്‌നേഹത്തിലും കാരുണ്യത്തിലും വര്‍ത്തിക്കുന്നതിനു വേണ്ടിയാണ് നാം നിങ്ങളില്‍ ഇണകളെ സൃഷ്ടിച്ചിരിക്കുന്നത്. നമുക്ക് അല്ലാഹു നല്‍കിയ ഇണയോട് സ്‌നേഹത്തിലും കാരുണ്യത്തിലും ഐക്യത്തലും വര്‍ത്തിക്കുന്നതോടൊപ്പം സദാചാര ബോധം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാനും സാധിക്കണം. ഹൃദയ കാഠിന്യവും ഉപദ്രവങ്ങളും അതിന് വിഘാതമായിക്കൂടാ. ദൈവപ്രീതി നേടിത്തരുന്ന കാര്യങ്ങളില്‍ പരസ്പരം സഹകരിക്കാനും ദൈവത്തിന് നിരക്കാത്തകാര്യങ്ങളില്‍ നിന്നും മാറി നടക്കാനുമുള്ള തന്റേടവും മനക്കരുത്തും വളര്‍ത്തിയെടുക്കുക. ഇണയുടെ കണ്ണീര് തുടക്കാനും വേദനക്ക് മരുന്നാവാനും കഴിയും വിധമുള്ള സ്‌നേഹ മനസിനുടമകളാവുക.

വിവ : ഇസ്മാഈല്‍ അഫാഫ്‌

Related Articles