Current Date

Search
Close this search box.
Search
Close this search box.

പ്രിയപ്പെട്ട മോനേ.. നീ എപ്പോള്‍ തിരിച്ച് വരും?

dadnson.jpg

നിര്‍മല ഹൃദയനായ ആ പിതാവ് ഒരു സന്ധ്യാവേളയിലാണ് എന്റയടുത്ത് വന്നത്. പള്ളിയില്‍ നിന്ന് നമസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും ശേഷമുള്ള വരവാണ്. അയാളുടെ മുഖത്ത് നിന്ന് ദുഖവും വേദനയും വായിച്ചെടുക്കാവുന്നതാണ്. മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ അതില്‍ പ്രകടമായിരുന്നു. എന്തുപറ്റിയെന്നുള്ള എന്റെ ചോദ്യത്തിന് മറുപടിയായി വന്നത് ഒരു ദീര്‍ഘനിശ്വാസമായിരുന്നു. ആ കണ്ണുകളില്‍ നിന്നും അശ്രുകണങ്ങള്‍ ഉതിര്‍ന്നുവീണു. ഞാനയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ശാന്തനായ ശേഷം അയാള്‍ തന്റെ കഥ പറയാനാരംഭിച്ചു. ‘നല്ല സ്വഭാവഗുണങ്ങള്‍ക്ക് മാതൃകയായിരുന്ന ഒരു മകനെനിക്കുണ്ട്. സ്‌കൂള്‍പഠന കാലത്ത് അധ്യാപകരെല്ലാം അവന്റെ സ്വഭാവത്തെ പ്രശംസിച്ച് പറയാറുണ്ടായിരുന്നു. അവനെ പഠിപ്പിക്കുന്നതില്‍ അവര്‍ അഭിമാനം കൊള്ളുന്നവരുമായിരുന്നു. സെക്കന്ററി സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവന്‍ എവിടെയെന്ന് ചോദിച്ച് സ്‌കൂളില്‍ നിന്ന് ഒരു ഫോണ്‍ വിളി വന്നു. അവന്‍ സ്‌കൂളില്‍ എത്താത്തതിന്റെ കാരണമന്വേഷിച്ചാണ് അവര്‍ വിളിക്കുന്നത്. എന്റെ മനസ് വളരെയധികം പരിഭ്രമിച്ചു. ഓഫീസില്‍ നിന്ന് ലീവെടുത്ത് അവനെയന്വേഷിച്ച് ഞാനിറങ്ങി. ചില ചീത്ത കൂട്ടുകെട്ടില്‍ അകപ്പെടുകയായിരുന്നു അവന്‍. ക്ലാസ് ഉപേക്ഷിച്ച് റെസ്റ്റോറന്റുകളില്‍ കറങ്ങുകയാണവര്‍. ഞാന്‍ ദൂരെ നിന്നവനെ വീക്ഷിച്ചു. പിന്നീട് റോഡിലേക്കിറങ്ങിയ അവര്‍ അശ്ലീല ആംഗ്യങ്ങളും വാക്കുകളും കാണിച്ച് നടന്നു. അവരുടെ കയ്യില്‍ സിഗരറ്റ് പുകയുന്നുമുണ്ട്. ശീശയും ഹുക്കയും വലിക്കുന്ന കഫേയിലാണ് അവരുടെ നടത്തം അവസാനിച്ചത്. പിന്നെ അവന്‍ വീട്ടില്‍ മടങ്ങിയെത്തി. ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാഴ്ചയും കണ്ട് ഞാന്‍ ജോലി സ്ഥലത്തേക്ക് തന്നെ തിരിച്ചു പോയി. എന്റെ മകനെതിരെ ക്ഷോഭിക്കാതിരിക്കാന്‍ പരമാവധി പരിശ്രമിച്ചു കൊണ്ടായിരുന്നു ഞാന്‍ വീട്ടിലേക്ക് മടങ്ങിയത്. എന്റെ മനസിനെ ശാന്തമാക്കാനും ക്ഷമ കിട്ടാനും ഞാന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു.

ഭക്ഷണത്തിന് ശേഷം ഞാനവനെ മുറിയിലേക്ക് വിളിച്ച് വാതില്‍ അടച്ചു. വളരെ ശാന്തമായി തന്നെ ചോദിച്ചു: നീ എവിടെയായിരുന്നു ഇന്ന്? ഞാന്‍ സ്‌കൂളിലായിരുന്നു എന്ന മറുപടി എനിക്ക് കിട്ടി. ഇന്ന് മുഴുവന്‍ സ്‌കൂളില്‍ തന്നെയായിരുന്നോ എന്ന് ഞാന്‍ ചോദിച്ചു. വളരെ പരിഭ്രമിച്ചും പേടിയോടും കൂടിയാണതിന് മറുപടി നല്‍കിയത്. അതെയെന്ന് അവന്‍ കള്ളം ആവര്‍ത്തിച്ചു. എന്റെ മനസിലുള്ളത് ഞാനും രഹസ്യമാക്കി തന്നെ വെച്ചു. അവനോടത് പറയാതെ തന്നെ സംസാരം അവസാനിപ്പിച്ചു. കാര്യങ്ങല്‍ പിന്നെയും മുന്നോട്ട് പോയി. അവനെ വേദനിപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. പുകവലി അവന് ശീലമായിട്ടുണ്ടെന്നും അവന്‍ കഞ്ചാവ് വലിക്കുന്നുണ്ടെന്നും പിന്നീട് ഞാന്‍ അറിഞ്ഞു. എന്നെ സംബന്ധിച്ചെടത്തോളം വളരെ വേദനാജനകമായിരുന്നു അത്. അവന്‍ കഞ്ചാവുപയോഗിക്കുന്നുണ്ടെന്ന് അവന്റെ ചില കൂട്ടുകാരും പറഞ്ഞു. വേറെയും മയക്കുമരുന്നുകള്‍ അവന്‍ ഉപയോഗിക്കുന്നുണ്ടായിരിക്കാം. വൈദ്യപരിശോധനയില്‍ പ്രഗല്‍ഭനായ ഡോക്ടര്‍ സുഹൃത്തിനെ ഞാന്‍ ഫോണ്‍ ചെയ്തു. എന്റെ മകന്‍ മയക്കുമരുന്നുപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഏതു തരത്തിലുള്ള ലഹരിയാണവന്‍ ഉപയോഗിക്കുന്നത്? എന്നൊക്കെ പരിശോധിക്കുന്നതിനായിരുന്നു അത്. ഞാന്‍ തന്നെ അതിന് വേണ്ട പരിശോധനകള്‍ നടത്തി. അവന്‍ കഞ്ചാവുപയോഗിക്കുന്നുണ്ടെന്ന് ഞാന്‍ ഉറപ്പിച്ചു.

പിന്നെയും കുറച്ച് കഴിഞ്ഞപ്പോള്‍ അവന്റെ വാക്കുകളിലും പ്രവൃത്തികളിലും തെറ്റായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. എന്നോടും ഉമ്മയോടും അവന്‍ ശത്രുത പ്രഖ്യാപിച്ചു. അവന് കൂടുതല്‍ കാശ് വേണം. പുറത്ത് പോകാന്‍ സമ്മര്‍ദ്ധം ചെലുത്തി. ഞങ്ങള്‍ അനുവാദം നല്‍കിയില്ലെങ്കിലും അവന്‍ പുറത്ത് പോകാന്‍ തുടങ്ങി. ഞങ്ങളുടെ മേല്‍ ആക്ഷേപവും ശകാരവും ചൊരിഞ്ഞ് അവന്‍ പുറത്തിറങ്ങും. യാതൊരു അതിരും ഇല്ലാത്തവയായിരുന്നു അവന്റെ ശകാരങ്ങള്‍. ലജ്ജയുടെ അവസാന അംശവും നഷ്ടപ്പെട്ടവയായിരുന്നു അവ. പിന്നെയും കാര്യങ്ങള്‍ കൂടുതല്‍ വഷളായി. തെറ്റുകള്‍ വീണ്ടും പരിധിവിട്ട് ആവര്‍ത്തിച്ചു. വീട്ടില്‍ നിന്ന് പണം മോഷ്ടിക്കാന്‍ തുടങ്ങി. പെട്ടിയില്‍ വെച്ച് പൂട്ടിയ പണം വളരെ വിദഗ്ദമായി ഒന്നിലധികം തവണ അവന്‍ കൈവശപ്പെടുത്തി. സഹോദരന്‍മാരുടെ പക്കലുണ്ടായിരുന്ന പണവും അവന്‍ കൈവശപ്പെടുത്തി. ഒന്നുകില്‍ കടമായി, അല്ലെങ്കില്‍ ബലം പ്രയോഗിച്ച്. നമസ്‌കാരം ഇല്ലാതെയായി. പഠനനിലവാരം താഴ്ന്നു. വീട്ടില്‍ നിന്നുള്ള പോക്ക് കൂടുകയും ഉറക്കം കുറയുകയും ചെയ്തു. പലപ്പോഴും വീടിന് പുറത്ത് നേരം വെളുപ്പിച്ചു. കളവ് പറയല്‍ ശീലമാക്കി. വല്ലാതെ ക്ഷോഭിക്കാനും തുടങ്ങി. ഉദ്ദേശിക്കുന്നത് നടക്കാത്തപ്പോള്‍ അട്ടഹസിക്കുകയും കണ്‍മുന്നിലുള്ളത് തകര്‍ക്കുകയും ചെയ്തു. അവന്റെ കാര്യത്തില്‍ ഞാന്‍ വളരെയധികം ദുഖിച്ചു. അവന്റെ മുമ്പത്തെ അവസ്ഥയും നിലവിലെ അവസ്ഥയും താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ കരഞ്ഞുപോയി. പല മനശാസ്ത്ര വിദഗ്ദരുടെയും അടുത്ത് ഞാനവനെ കൊണ്ടുപോയി. സ്വഭാവത്തിലുള്ള വൈകൃതമാണെന്നാണ് അവരെല്ലാവരും പറഞ്ഞത്. ചികിത്സകള്‍ക്കായും ഞാന്‍ വളരെയധികം പ്രയാസങ്ങള്‍ സഹിച്ചു. കുറെയൊക്കെ ഞാന്‍ പൊരുത്തപ്പെട്ടു തുടങ്ങി. അവനുള്ള ചികിത്സ തുടര്‍ന്നു. ഇതെല്ലാം കൗമാരത്തിന്റെ പ്രശ്‌നമാണ് അതിന് അതിന്റേതായ കയ്പ്പും മധുരവുമെല്ലാം ഉണ്ടാകുമെന്ന് ഞാന്‍ ഉള്ളില്‍ ആശ്വസിച്ചു. എന്നാല്‍ എന്റെ മകന്‍ ഇന്ന് ഉപദേശങ്ങള്‍ തള്ളിക്കളയുന്ന പ്രായത്തില്‍ എത്തിയിരിക്കുന്നു. ഉത്തരവാദിത്ത ബോധം വരേണ്ട പ്രായം അവന് തികഞ്ഞിരിക്കുന്നു.

എന്റെ മകന്റെ സാധാരണ ജീവിതത്തിലേക്കുള്ള മടക്കം ആഗ്രഹിച്ചുകൊണ്ടുള്ള കാത്തിരിപ്പ് നീണ്ടു. സന്‍മാര്‍ഗിയും ദയവുള്ളവനും എന്നോട് പ്രത്യേക സ്‌നേഹമുളളവനുമായിരുന്നു അവന്‍. അതുപോലെ ഉമ്മയെയും സഹോദരങ്ങളെയും അവന്‍ സ്‌നേഹിച്ചിരുന്നു. എന്നാല്‍ ഇന്ന് ഉറങ്ങാന്‍ മാത്രം വീട്ടില്‍ വരുന്നവനായി അവന്‍ മാറി. ജീവിതം തന്നെ ആകെ തലകീഴായി മറിഞ്ഞു. പകല്‍ രാത്രിയും, രാത്രി പകലുമായി മാറി. പകല്‍ മുഴുവന്‍ ഉറങ്ങുന്ന അവന്‍ രാത്രി ഉറക്കമൊഴിച്ച് ജീവിച്ചു. വീട്ടില്‍ ഉണര്‍ന്നിരിക്കുന്ന അപൂര്‍വ അവസരങ്ങള്‍ പോലും ഒറ്റക്ക് കഴിയാനാണ് അവന്‍ ഇഷ്ടപ്പെട്ടത്. എന്റെ പ്രിയപ്പെട്ട മകന്‍ എപ്പോള്‍ തിരിച്ചുവരും?’

പ്രയാസപ്പെടുന്ന അയാളോട് ഞാന്‍ പറഞ്ഞു: ‘നിങ്ങളുടെ വാക്കുകളില്‍ അവനോടുള്ള സ്‌നേഹവും വാത്സല്യവുമാണ് പ്രകടമാവുന്നത്. ദുഖത്തില്‍ നിന്നും വേദനയില്‍ നിന്നുമാണത് വരുന്നത്. ആ വാക്കുകള്‍ എന്നിലും വേദനയും ദുഖവും പടര്‍ത്തിയിട്ടുണ്ട്. കാരണം പിതാവിന്റെ വാത്സല്യമറിയുന്ന ഒരാളാണ് ഞാനും. മകന്‍ അകലുമ്പോള്‍ ഒരു പിതാവിനുണ്ടാകുന്ന വേദന എനിക്കറിയാം. അവനെ വളര്‍ത്തുകയും അവന്റെ സന്തോഷത്തിനായി കഷ്ടപ്പെടുകയും ചെയ്യുന്നവനാണ് പിതാവ്. സ്‌നേഹ സമ്പന്നനായ ഒരു പിതാവിനെയാണ് താങ്കളില്‍ കാണുന്നത്. നിങ്ങളുടെ സഹനവും ശാന്തതയും എന്നെ അത്ഭുതപ്പെടുത്തുകയാണ്. അതാണ് ചികിത്സയുടെ പ്രധാനഭാഗം. നിങ്ങളുടെ മകന്‍ രോഗിയാണെന്ന് നിങ്ങള്‍ എപ്പോഴും ഓര്‍ക്കണം. രോഗി സഹായം ആവശ്യമുള്ള ദുര്‍ബലനാണ്. ജീവിതത്തിലെ വളരെ അപകടകാരിയായ കൗമാര ഘട്ടത്തിലാണ് അവന്‍ കഴിയുന്നതെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ടായിരിക്കണം. സ്വഭാവ വൈകൃതമാണ് നിങ്ങളുടെ മകന്റെ രോഗമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നു. വിവേചിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് നിങ്ങളുടെ മകന്‍ ജീവിക്കുന്നത്. തെറ്റായ കൂട്ടുകെട്ടിലേക്കവനെയത് എത്തിക്കുന്നു. അവരിലൂടെയുണ്ടായ ചില വ്യതിചലനങ്ങളാണ് നിങ്ങളില്‍ നിന്നും കുടുംബത്തില്‍ നിന്നും അവനെ അകറ്റുന്നത്. വ്യതിചലനത്തില്‍ കുടുംബത്തോടുള്ള അവന്റെ അടുപ്പം അവന്‍ അറിയുന്നില്ല.

ഉമ്മയെയും സഹോദരങ്ങളെയും അവന്‍ തെറിവിളിക്കാന്‍ പ്രേരിപ്പിക്കുന്നതും ആ അകല്‍ച്ച തന്നെയാണ്. കുടുംബത്തിലുള്ള ഒരാളായിട്ട് അവന് തോന്നുന്നില്ല. യഥാര്‍ത്ഥത്തില്‍ അത് ഒരു തോന്നല്‍ മാത്രമാണ്. നിങ്ങളെ ശകാരിക്കുന്നതിനും തെറിവിളിക്കുന്നതും ആ അകല്‍ച്ച തോന്നുന്നത് കൊണ്ടുമാത്രമാണ്. അവന്റെ വിശ്വാസത്തില്‍ അവന്റെ കൂട്ടുകാരാണ് അവനെ കൂടുതല്‍ മനസിലാക്കിയവര്‍. അവരും സമാനമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും കെട്ടുപാടുകളില്‍ നിന്ന് രക്ഷപെടാന്‍ കൊതിക്കുന്നവരാണവര്‍. നിങ്ങളെയവര്‍ അവരുടെ സ്വാതന്ത്ര്യത്തിന് മുന്നിലുള്ള പ്രതിബന്ധമായിട്ടാണ് കാണുന്നത്. എന്നാല്‍ ഈ തോന്നലുകള്‍ തുടരുകയില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരാം. അത് കുറഞ്ഞ കാലത്തേക്ക് മാത്രമുള്ളതാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് അവനെ കൈപിടിക്കുന്നതോടെ എല്ലാം ശരിയാകും. ഇത് ചികിത്സയുടെ തുടക്കമാവട്ടെ. സാമൂഹികമായി അവന്‍ പരിഗണിക്കപ്പെടുന്നതിന് പ്രാധാന്യം നല്‍കണം. ഉദാഹരണത്തിന് വഴിപിഴച്ച മകനെ മര്‍ദ്ധിക്കുകയും ആക്ഷേപിക്കുകയും കുടുംബത്തിന്റെ മാനം കളഞ്ഞവനാണെന്നുമെല്ലാം പിതാവ് പറയുന്നത് ശരിയായ നിലപാടല്ല. അതിന് പകരം അവനോടുള്ള തന്റെ സ്‌നേഹത്തിന്റെ ആഴവും വാത്സല്യവും വ്യക്തമാക്കി കൊടുക്കണം. അപ്പോള്‍ അവന്‍ നിങ്ങളുടെ കൈപിടിക്കാന്‍ താത്പര്യപ്പെടും. വഴിവിട്ട മകന്‍ മാതാപിതാക്കളെ ശകാരിക്കുമ്പോള്‍ താനുദ്ദേശിക്കുന്നത് ചെയ്യാന്‍ കഴിയുന്നവനാണ് എന്ന് പ്രകടിപ്പിക്കുക മാത്രമാണ് അതിന്റെ ഉദ്ദേശ്യം. കുടുംബത്തില്‍ ഒരാള്‍ക്കും അതില്‍ നിന്നവനെ തടയാനാവില്ല എന്നതായിരിക്കുമവന്റെ മനസ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈ കുടുംബത്തില്‍ ആര്‍ക്കും എന്നെ തടുക്കാനാവില്ല, അത് കുടുംബത്തിലെ ഏറ്റവും വലിയവനാണെങ്കില്‍ പോലും. അതിനെ ചികിത്സിക്കാന്‍ പിതാവ് പാരുഷ്യം കാണിക്കുന്നത് തെറ്റാണ്. ചില പിതാക്കള്‍ അവനെ അടിക്കാനായിരിക്കും മുതിരുക. മറ്റുചിലര്‍ അവനെ ശകാരിക്കുകയും ആക്ഷേപിക്കുകയുമാണ് ചെയ്യുക. മറ്റുചിലര്‍ വീട്ടില്‍ നിന്ന് ആട്ടിയിറക്കുക വരെ ചെയ്യാന്‍ മടിക്കുന്നില്ല. പ്രശ്‌നത്തെ അത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് അതെന്ന് അവര്‍ മനസിലാക്കുന്നില്ല. ചീത്ത കൂട്ടുകെട്ടിന്റെ സ്വാധീനത്താല്‍ പ്രയാസപ്പെടുന്നവനാണ് നിങ്ങളുടെ മകന്‍. അവന്റെ മനസ്സും സ്വഭാവവും തികച്ചും സമ്മര്‍ദ്ധത്തിലാണ്. മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യുന്നതിനെയോ ആദരിക്കുന്നതിനെയോ കുറിച്ചവന്‍ ചിന്തിക്കുകയില്ല.

മകനെ നേര്‍വഴിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായി ചില നിര്‍ദേശങ്ങള്‍ ഞാന്‍ തരാം:-
1. അല്ലാഹുവിനോട് മകന് വേണ്ടി തേടുകയും പ്രാര്‍ത്ഥന അധികരിപ്പിക്കുയും ചെയ്യുക. അത് നിങ്ങളുടെ ഒരു അത്യാവശ്യമായി അല്ലാഹുവിന്റെ മുന്നില്‍ വെക്കുക. അല്ലാഹു പറയുന്നു: ‘പ്രയാസമനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കുമ്പോള്‍ അതിനുത്തരം നല്‍കുകയും ദുരിതങ്ങളകറ്റുകയും നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുകയും ചെയ്തവന്‍ ആരാണ്? ഇതിലൊക്കെ അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്‍പം മാത്രമേ നിങ്ങള്‍ ചിന്തിച്ചറിയുന്നുള്ളൂ.’ (അന്നംല്: 62) പ്രവാചകന്‍(സ) പിതാക്കന്‍മാരെ ഇക്കാര്യം ഉപദേശിക്കുന്നുണ്ട്. ‘മൂന്ന്് പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുമെന്നതില്‍ സംശയമില്ല, അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ത്ഥന, യാത്രക്കാരന്റെ പ്രാര്‍ത്ഥന, പിതാവ് മകന് വേണ്ടി നടത്തുന്ന പ്രാര്‍ത്ഥന.’ (അഹ്മദ്)
2. അവനോട് പാരുഷ്യമോ നിന്ദ്യതയോ കാണിക്കാതെ തന്നെ നിങ്ങളുടെ വ്യക്തിത്വവും ഗാംഭീര്യവും നിലനിര്‍ത്തുക. നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുക.
3. മകനെ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിക്കുക. അവന്‍ ശാന്തനായിരിക്കുമ്പോള്‍ അവനോടൊപ്പം സമയം ചെലവഴിക്കല്‍ അതിനനിവാര്യമാണ്. ഇത്തരം ആശയവിനിമയങ്ങള്‍ വളരെ പ്രയോജനകരമായിരിക്കും. ഉമ്മയെയും കൂടെയിരുത്തണം. അവന്റെ മനസിനെ ഉണര്‍ത്തുകയും അവരുടെ സുഖത്തിന് വേണ്ടിയാണ് പിതാവ് പ്രയാസപ്പെടുന്നതെന്നും അവനെ ബോധ്യപ്പെടുത്തുക. അവര്‍ നിന്നെ സ്‌നേഹിക്കുകയും നമസ്‌കാരത്തില്‍ നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ഇപ്പോഴത്തെ നിന്റെ അവസ്ഥയില്‍ ദുഖിക്കുകയും വേദനിക്കുകയും ചെയ്യുന്നുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയാല്‍ എങ്ങനെയവന്‍ നിങ്ങളെ ആക്ഷേപിക്കും? സഹോദരന്‍മാര്‍ക്കും ഇക്കാര്യത്തില്‍ സംഭാഷണങ്ങള്‍ നടത്താവുന്നതാണ്. മാതാപിതാക്കള്‍ക്ക് നന്മചെയ്യുന്നതിന്റെ പ്രാധാന്യത്തെ പറ്റിയവന് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിയും. മാതാപിതാക്കള്‍ എപ്പോഴും മരണപ്പെട്ടേക്കാം നിന്നോടുള്ള ദേഷ്യത്തോടെ അവര്‍ മരണപ്പെട്ടാല്‍ പരലോകത്ത് നാഥന്റെ മുന്നില്‍ എന്തു മറുപടി നീ പറയും? ഇത്തരത്തിലുള്ള സംഭാഷണം അവന്റെ വികാരങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും. അവനുള്ളില്‍ കിടക്കുന്ന സ്‌നേഹത്തെയത് തട്ടിയുണര്‍ത്തും.
4. ചീത്തകൂട്ടുകെട്ടില്‍ നിന്ന് അവനെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. നല്ല കൂട്ടുകെട്ടിലേക്ക് അവനെ എത്തിക്കുകയും വേണം. നല്ല കൂട്ടുകെട്ടിലേക്ക് ചേര്‍ക്കുന്ന ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ അവനെ പങ്കാളിയാക്കുക.
5. അല്ലാഹുവുമായുള്ള അവന്റെ ബന്ധം ശക്തിപ്പെടുത്തുക. അവനുള്ളില്‍ മറഞ്ഞ് കിടക്കുന്ന വിശ്വാസത്തെ തട്ടിയുണര്‍ത്തുക. അല്ലാഹുവിലേക്ക് അതവനെ എത്തിക്കും. സന്മാര്‍ഗത്തിലേക്ക് അവന്‍ എത്തുന്നതിന് ക്ഷമയോടെ കാത്തിരിക്കുക.
6. സ്വാധീനം ചെലുത്താന്‍ കഴിയുന്ന നല്ല ആളുകളുടെ അടുത്ത് അവനെ എത്തിക്കുക. അവന്റെ അഭാവത്തില്‍ അവന്റെ വികാരങ്ങളെ വ്രണപ്പെടുത്താതെയായിരിക്കണം അവനെ കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ക്ക് നല്‍കുന്നത്.
7. പരുഷമായ രീതിയില്‍ അവനോട് പ്രതികരിക്കരുത്. അവനെ അടിക്കുകയോ വീട്ടില്‍ നിന്ന് ഇറക്കിവിടുകയോ ചെയ്യരുത്. എപ്പോഴും ശാന്തതയും സംന്തുലിത്വവും മുറുകെ പിടിക്കുക.
8. ആളുകളില്‍ നിന്നുള്ള പ്രയാസം നിങ്ങള്‍ സഹിക്കുന്നുണ്ടെന്ന് അവന് തോന്നാതിരിക്കണം. എന്നാല്‍ നിങ്ങള്‍ അവനെ സ്‌നേഹിക്കുകയും അവന്റെ കാര്യത്തില്‍ ഭയപ്പെടുകയും ചെയ്യുന്നുണ്ടെന്ന് അവനെ മനസിലാക്കുകയും ചെയ്യണം.
9. വഴിപിഴക്കുന്നതിന്റെ ഇഹത്തിലും പരത്തിലുമുള്ള അനന്തരഫലം നേരിട്ട് പറയാതെ കഥകളിലൂടെ അവന് വ്യക്തമാക്കി കൊടുക്കുക. അല്ലാഹുവിനെ അനുസരിക്കുന്നതിലും തെറ്റുകള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നതിലാണ് യഥാര്‍ത്ഥ വിജയം എന്നവനെ ബോധ്യപ്പെടുത്തുക.
10. അവന്റെ രഹസ്യങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കുക. മറ്റുള്ളവരുടെ മുന്നില്‍ വെച്ചവനെ അവഹേളിക്കരുത്. അത് സ്വന്തം വീട്ടില്‍ സഹോദരങ്ങളുടെ മുന്നില്‍ വെച്ചാണെങ്കിലും ചെയ്യരുത്. കാരണം മറ്റുള്ളവരുടെ മുന്നില്‍ തന്നെ മോശമായി ചിത്രീകരിച്ച നിങ്ങളോട് വെറുപ്പുണ്ടാകുന്നതിന് അത് കാരണമാകും.
11. അവന്റെ സമയങ്ങളെ പ്രയോജനപ്രദമായ കായികവും കലാപരവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടുക. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴികേടിന്റെ ഉപദ്രവങ്ങളില്‍ നിന്നവനെ കാത്ത് സംരക്ഷിക്കും.
12. എത്ര നിസ്സാരമായ നന്മകള്‍ അവനില്‍ കണ്ടാലും അതിനെ പ്രോത്സാഹിപ്പിക്കുക. അവന്റെ പൂര്‍വ്വവിജയങ്ങള്‍ അനുസ്മരിപ്പിക്കുകയും ചെയ്യുക. അതേസമയം കഴിഞ്ഞ കാലത്തെ വേദനാജനകമായ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താതിരിക്കുക.
13. അവനെ അവഗണിക്കുന്നതും തര്‍ക്കിക്കുന്നതും സൂക്ഷിക്കുകയും ചികിത്സ ഘട്ടം ഘട്ടമായി നിര്‍വഹിക്കുകയും ചെയ്യുക.
14. അവനിലുള്ള തെറ്റായ സ്വഭാവങ്ങളും അവന്റെ സഹോദരന്‍മാരിലുള്ള നല്ല ഗുണങ്ങളെയും ഒരിക്കലും താരതമ്യം ചെയ്യരുത്.  അവനെ നല്ല രീതിയില്‍ സ്വീകരിക്കുന്നതിന് എല്ലാവരും തയ്യാറാകുകയും പുഞ്ചിരിയോടെയും പ്രസന്നമായ മുഖത്തോടെയും അഭിമുഖീകരിക്കുകയും ചെയ്യുക. നിങ്ങളെല്ലാം അവനെ സ്‌നേഹിക്കുന്നുണ്ടെന്ന് അവനെ ബോധ്യപ്പെടുത്തുക.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles