Current Date

Search
Close this search box.
Search
Close this search box.

പ്രശ്‌നപരിഹാരം; ഈച്ചയുടെ ശൈലിയും എലിയുടെ ശൈലിയും

crisis-man.jpg

പ്രശ്‌നങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കുമ്പോള്‍ എലിയും ഈച്ചയും സ്വീകരിക്കുന്ന നിലപാടുകള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ഒരു മുറിക്കുള്ളിലോ കാറിനകത്തോ അകപ്പെടുന്ന ഈച്ച പുറത്തു കടക്കാന്‍ ശ്രമിക്കുമ്പോള്‍ ജനല്‍ ചില്ലിലോ വിന്‍ഡോ ഗ്ലാസിലോ വന്ന് ഇടിക്കുകയാണെങ്കില്‍ അതേ ശ്രമം തന്നെ വീണ്ടും അതാവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഗ്ലാസ്സില്‍ വീണ്ടും വീണ്ടും വന്നിടിച്ച് അവസാനം അതിന്റെ ജീവന്‍ പോകുന്നത് വരെ ആ ശ്രമം അത് തുടരും. എന്നാല്‍ ഇടത്തോട്ടോ വലത്തോട്ടോ അല്‍പം മാറി തന്റെ വഴിയൊന്ന് മാറ്റിയിരുന്നെങ്കില്‍ മറ്റൊരു വഴി അതിന് കണ്ടെത്താനാകുമായിരുന്നു. അല്ലെങ്കില്‍ തുറന്നു കിടക്കുന്ന വാതിലിലൂടെ പുറത്തു കടക്കാന്‍ അതിന് സാധിക്കുമായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലെ ‘ഈച്ച ശൈലി’ ഇതാണ്.

അതേ സമയം ഈച്ചയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ശൈലിയും മാര്‍ഗവുമാണ് എലി സ്വീകരിക്കുന്നത്. പാല്‍ക്കട്ടിയുടെ (Cheese) മണം ലഭിക്കുന്ന എലി ആ ദിശയിലേക്ക് നീങ്ങുന്നു. എന്നാല്‍ ആ വഴി അടഞ്ഞതാണെന്ന് കാണുകയാണെങ്കില്‍ അതിലേക്ക് എത്താനുള്ള മറ്റൊരു വഴി തേടുകയാണത് ചെയ്യുക. ഇങ്ങനെ നിരാശനാവാതെ അതിന്റെ ലക്ഷ്യത്തിലേക്ക് എത്താനുള്ള പല വഴികളും അത് ശ്രമിച്ചു കൊണ്ടേയിരിക്കും. എലി നൈര്‍മല്യത്തോടെ ചിന്തിക്കുകയും വേഗത്തില്‍ മാര്‍ഗങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുയും ചെയ്യുമ്പോള്‍ ഈച്ചയുടെ മുമ്പില്‍ അത് അഭിമുഖീകിക്കുന്ന പ്രശ്‌നത്തിന് ഒരൊറ്റ വഴിയും ഒരൊറ്റ മാര്‍ഗവും മാത്രമേയുള്ളൂ. ഈച്ചയില്‍ നിന്നും എലിയെ വ്യതിരിക്തമാക്കുന്ന കാര്യമാണത്.

ജീവിതത്തില്‍ അഭിമുഖീരിക്കുന്ന പ്രശ്‌നങ്ങളെ ഇതില്‍ ഏത് ശൈലിയിലൂടെയാണ് നാം അഭിമുഖീകരിക്കാറുള്ളത് എന്ന് സ്വയം നിരീക്ഷിക്കുന്നതിനായിട്ടാണ് ഇക്കാര്യം വായനക്കാരുമായി പങ്കുവെച്ചത്. ഈച്ചയുടെ ശൈലിയാണോ, അതല്ല എലിയുടെ ശൈലിയാണോ നാം സ്വീകരിക്കാറുള്ളത്? അല്ലാഹു നമുക്ക് ജീവികളെയും പ്രാണികളെയും കീഴ്‌പ്പെടുത്തി തന്നതിന് പിന്നില്‍ നിരവധി ഉദ്ദേശ്യങ്ങളുണ്ട്. ഖാബീല്‍ കാക്കയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പോലെ അവയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് വേണ്ടി കൂടിയാണത്.

കൗമാരക്കാരനായ മകനെ കുറിച്ച ആവലാതിയുമായി എത്തിയ പിതാവിന്റെ സംഭവമാണ് എന്നെ ഇക്കാര്യം ഓര്‍മപ്പെടുത്തിയത്. വളരെയേറെ ഉപദേശിച്ചിട്ടും നിര്‍ദേശിച്ചിട്ടും അതൊന്നും അവനില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. ഭര്‍ത്താവിന്റെയടുത്തുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇതേ മാര്‍ഗം സ്വീകരിച്ച ഭാര്യയുടെ മറ്റൊരു കേസും എന്റെയടുത്ത് വന്നിരുന്നു. ഒടുവില്‍ തന്റെ ശ്രമം ഫലം കാണാതെ നിരാശപ്പെടുകയാണ് അവരും. അവര്‍ ഇരുവരോടും ഞാന്‍ എലിയുടെ ശൈലിയെ കുറിച്ചാണ് സംസാരിച്ചത്. പ്രശ്‌നപരിഹാരത്തിന് വ്യത്യസ്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കലാണ് ആ രീതി. ഈ ശൈലി സ്വീകരിച്ച് അവര്‍ക്ക് ഫലം കാണാന്‍ സാധിക്കുകയും ചെയ്തു. പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെട്ടെന്ന് ഞാന്‍ അവകാശപ്പെടുന്നില്ലെങ്കിലും അതിന്റെ തീവ്രവത കുറക്കാന്‍ അവര്‍ക്ക് അതിലൂടെ സാധിച്ചു.

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ എലിയെ പോലെ നൈര്‍മല്യം കാത്തുസൂക്ഷിക്കുന്നത് കൊണ്ട് നിരവധി ഫലങ്ങളുണ്ട്. പ്രശ്‌നങ്ങളുണ്ടാകുമ്പോഴുള്ള സംഘര്‍ഷം കുറയുന്നത് അതിലൊന്നാണ്. ബന്ധങ്ങള്‍ നല്ല നിലയില്‍ കാത്തുസൂക്ഷിക്കാനത് സഹായിക്കും. ഏത് പ്രശ്‌നത്തെയും പോസിറ്റീവായി സമീപിക്കാനും അവര്‍ക്ക് കഴിയും. അപ്രകാരം കുറഞ്ഞ സമയവും അധ്വാനവും വിനിയോഗിച്ച് കൂടുതല്‍ തൃപ്തി കൈവരിക്കാന്‍ അവര്‍ക്ക് സാധിക്കും. അതിലെല്ലാം ഉപരിയായി മാനസിക സംതൃപ്തിയും പ്രശ്‌നങ്ങളെല്ലാം തന്റെ നിയന്ത്രണത്തിലാണെന്ന വിശ്വാസവും അത്തരക്കാര്‍ക്ക് ഉണ്ടാവും. തന്റെ പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണെന്ന വിശ്വാസത്തോടെ മുന്നോട്ടു പോകുമ്പോള്‍ സഹനശേഷി വര്‍ധിക്കുകയും ചെയ്യും.

ജീവിതത്തിലെ പ്രശ്‌നങ്ങളെ നൈര്‍മല്യത്തോടെ സമീപിക്കന്‍ സാധിക്കുന്നവനാണ് ഭാഗ്യവാന്‍. കുടുംബ പ്രശ്‌നമോ അല്ലാത്തതോ ആയിട്ടുള്ള ഏത് പ്രശ്‌നവും പരിഹരിക്കുന്നതിലെ മൂന്ന് അടിസ്ഥാനങ്ങളാണ് വിശ്വാസത്തിന്റെ കരുത്ത്, നൈര്‍മല്യം, സഹനം എന്നിവ. വിശ്വാസത്തിന്റെ കരുത്തിനാലും അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് സഹനമവലംബിച്ചും നൈര്‍മല്യത്തോടെയുമായിരുന്നു പ്രവാചകന്‍ പ്രശ്‌നങ്ങളെ നേരിട്ടിരുന്നതെന്ന് നമുക്ക് കാണാനാവും. നൈര്‍മല്യത്തോടെയുള്ള സമീപനം അദ്ദേഹം അഭിമുഖീകരിച്ച പല പ്രശ്‌നങ്ങളിലും നമുക്ക് കാണാം. ഹുദൈബിയ സന്ധി, ഭാര്യമാര്‍ ചെലവിന് ചോദിച്ച സംഭവം, മുനാഫിഖുകളോടുള്ള സമീപനം, പള്ളിയില്‍ മൂത്രവിസ്സര്‍ജനം നടത്തിയ അപരിഷ്‌കൃതനോട് സ്വീകരിച്ച സമീപനം തുടങ്ങിയവ അതിന് ഉദാഹരണങ്ങളാണ്. രണ്ട് കാര്യങ്ങളില്‍ ഏറ്റവും എളുപ്പമായതായിരുന്നു പ്രവാചകന്‍(സ) തെരെഞ്ഞെടുത്തിരുന്നത്, അതില്‍ തെറ്റൊന്നുമില്ലെങ്കില്‍. അത് തെറ്റാണെങ്കില്‍ ജനങ്ങളില്‍ അതിനോട് ഏറ്റവുമധികം അകലം പാലിച്ചിരുന്നതും അദ്ദേഹമായിരുന്നു എന്നാണ് ആഇശ(റ) പറയുന്നത്.

ഹിജാബ് ഉപേക്ഷിച്ച് ജീവിച്ച ഭാര്യയെ രണ്ട് വര്‍ഷം കൊണ്ട് നൈര്‍മല്യത്തോടെയും യുക്തിയോടെയുമുള്ള സമീപനത്തിലൂടെ ഹിജാബ് ധരിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുവന്ന ഭര്‍ത്താവിനെ എനിക്കറിയാം. നൈര്‍മല്യത്തോടെയും ബുദ്ധിപരമായും സമീപിച്ച് അഞ്ച് വര്‍ഷം കൊണ്ട് ഭര്‍ത്താവിനെ മദ്യപാനം മാറ്റിയ സ്ത്രീയെയും എനിക്കറിയാം.

വിവ: നസീഫ്‌

Related Articles