Current Date

Search
Close this search box.
Search
Close this search box.

പുഞ്ചിരിയിലൂടെ നമുക്ക് ലോകം കീഴടക്കാം

smile.jpg

പരസ്പര ബന്ധത്തിലൂടെയാണ് മനുഷ്യ ബന്ധങ്ങള്‍ പൂക്കുന്നത്. പക്ഷെ, നിത്യജീവിതത്തിന്റെ തിരക്കുകളില്‍ കുടുങ്ങി ബന്ധങ്ങള്‍ക്ക് മതിലുകള്‍ തീര്‍ക്കുന്നവരെ നമുക്ക് കാണാം. അയല്‍ വാസികളുടെ പേര് പോലും അറിയാതെ കൂടുതല്‍ സമയവും തങ്ങളുടെ ഓഫീസുകളിലും ജോലി സ്ഥലങ്ങളിലും ബന്ധിതമായി കിടക്കുന്നവരെ കാണാം. ഒരു തരത്തിലുള്ള ഒറ്റപ്പെടല്‍ ഇത്തരക്കാരില്‍ കൂടുതലായി കാണാം. എന്നാല്‍ അണുകുടുംബങ്ങളില്‍ നിന്ന് വരുന്നവരേക്കാള്‍ കൂടുതല്‍ സൗഭാഗ്യവും ഹൃദ്യതയും ബന്ധവും കൂട്ടുകുടുംബങ്ങളില്‍ നിന്ന് വരുന്നവരില്‍ നമുക്ക് കാണാന്‍ സാധിക്കും. . കോളേജുകള്‍, ഓഫീസുകള്‍, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൂട്ടുകാരോടൊപ്പമാണ് നാം ഭൂരിഭാഗം സമയങ്ങള്‍ ചിലവഴിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാം. ഈ ബന്ധങ്ങള്‍ നല്ല രീതിയില്‍ പൂക്കുകയും പുഷ്പിക്കുകയും ചെയ്യണമെങ്കില്‍ ചില മുന്നൊരുക്കങ്ങള്‍ നമുക്കിടയില്‍ ഉണ്ടാകേണ്ടതുണ്ട്. അതില്‍ വരുന്ന വീഴ്ചകള്‍ പരിഹരിച്ചുകൊണ്ട് ഇതരരുമായി സുദൃഢ ബന്ധം കാത്തുസൂക്ഷിക്കാനുള്ള ചില മാര്‍ഗങ്ങള്‍ വിവരിക്കുന്നു:    

1. വിജയകരമായ ബന്ധങ്ങള്‍ സ്വമേധയാ ഉണ്ടാകുകയില്ല. ചില മുന്നൊരുക്കങ്ങളും അധ്വാനപരിശ്രമങ്ങളും അതിന് ആവശ്യമാണ്. രണ്ടു പേരും പരസ്പര പങ്കാളിത്തത്തോടെ ഹൃദയവികാരങ്ങള്‍ പങ്കുവെച്ചും തുറന്ന മനസ്സോടെ ഇടപെട്ടും അവ മെച്ചപ്പെടുത്തണം.

2. നിങ്ങളുമായി ബന്ധം സ്ഥാപിക്കുന്ന ഓരോ വ്യക്തിക്കും കൃത്യമായ ചില ലക്ഷ്യങ്ങളുണ്ട്. ചിലര്‍ നിങ്ങളെ പരീക്ഷിക്കും, ചിലര്‍ നിങ്ങളില്‍ നിന്നും ഉപകാരം പ്രതീക്ഷിക്കുന്നവരായിരിക്കും. മററു ചിലര്‍ നിങ്ങളെ പഠിപ്പിക്കുന്നവരായിരിക്കും. താങ്കളുടെ ഉള്ളിലെ വിശിഷ്ടമായ കഴിവുകളെ പുറത്ത്‌കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ് ഇതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത്. ജനങ്ങള്‍ക്കിടയിലുള്ള വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞുവേണം അവരോട് ഇടപഴകാന്‍.

3. വിതച്ചത് മാത്രമാണ് നിങ്ങള്‍ക്ക് കൊയ്‌തെടുക്കാന്‍ സാധിക്കുക!. അതിനാല്‍ മറ്റുള്ളവരില്‍ നിന്ന് സ്‌നേഹമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സ്‌നേഹം സമര്‍പ്പിക്കുക. ചങ്ങാത്തമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സ്‌നേഹവും നൈര്‍മല്യവും ചങ്ങാത്തവും നിന്നില്‍ വളര്‍ത്തിയെടുക്കുക. മറ്റുള്ളവര്‍ നിന്നെ കുറിച്ച് നല്ല ധാരണ വെച്ച് പുലര്‍ത്തണമെന്ന് കാംക്ഷിക്കുന്നുവെങ്കില്‍ നീ അവരെ കുറിച്ച് നല്ല ധാരണകള്‍ വെച്ചു പുലര്‍ത്തുന്നു എന്ന് അവര്‍ക്ക് മനസ്സിലാകണം. ഇവ പ്രാവര്‍ത്തികമാക്കുന്നിടത്താണ് പലരും പരാജിതരാകുന്നത്.

4. മറ്റുള്ളവരില്‍ നിങ്ങള്‍ക്ക് ഇടം ലഭിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുത്. കാരണം അവരുടെ ജീവിതത്തില്‍ താങ്കള്‍ക്ക് സ്ഥാനം നല്‍കണമെന്ന് അവര്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ അതിനായി നിനക്ക് വഴികള്‍ തുറന്നിടുന്നതാണ്.

5. മറ്റുള്ളവരോട് സഹിഷ്ണുത കൈക്കൊളളുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക എന്നത് നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും.

6. നാം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അത് പ്രകൃതിയുടെ താല്‍പര്യം കൂടിയാണ്. നമ്മുടെ ആവശ്യങ്ങളും കാലത്തോടൊപ്പം മാറിക്കൊണ്ടിരിക്കുന്നു. നീ മാറിയിരിക്കുന്നു എന്ന് ഒരാള്‍ പറയുന്നത് മോശമായ കാര്യമല്ല. നാം മനസ്സു തുറന്നു നമ്മുടെ വികാരങ്ങള്‍ അവരുമായി പങ്കുവെക്കുക.

7. നിന്റെ സൗഭാഗ്യം നിന്റെ കയ്യില്‍ തന്നെയാണ്. നീ വിചാരിക്കാതെ ഈ ഭൂമുഖത്തെ ഒരാള്‍ക്കും നിന്നെ സന്തോഷിപ്പിക്കാന്‍ സാധ്യമല്ല. മറ്റുള്ളവര്‍ക്ക് നിന്റെ സന്തോഷത്തെ പരിപോഷിപ്പിക്കാന്‍ മാത്രമാണ് സാധിക്കുക. നിന്റെ സന്തോഷത്തിനും സന്താപത്തിനും പ്രഥമ കാരണക്കാരന്‍ നിങ്ങള്‍ മാത്രമാണ്.

8. ജനങ്ങള്‍ സ്വയം മാറ്റത്തിന് സന്നദ്ധരാകാത്ത കാലത്തോളം അവരെ പരിവര്‍ത്തിപ്പിക്കുക നിങ്ങള്‍ക്ക് സാധ്യമല്ല. മറ്റുള്ളവരെ മാറ്റാന്‍ ശ്രമിക്കുന്നതിന് പകരം അവര്‍ക്ക് പ്രചോദനമാകുന്ന രീതിയില്‍ മികച്ച മാതൃകയായിത്തീരുക.

9. നിങ്ങളുടെ സഹോദരങ്ങളേക്കാള്‍ മികച്ച അവസ്ഥയിലായിരിക്കും ചിലപ്പോള്‍ താങ്കള്‍ ഉള്ളത്. എന്നാല്‍ മൂല്യങ്ങള്‍ പരിരക്ഷിക്കുന്നത് മൂലം നിന്റെ സഹോദരങ്ങളില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ അത് കാരണമാകും. എന്നാല്‍ നിന്നെ തെറ്റിലേക്ക് നയിക്കാന്‍ സാധ്യതയുള്ള ബന്ധങ്ങളാണെങ്കില്‍ അവ ഉപേക്ഷിക്കുക അല്‍പം പ്രയാസമാണെങ്കിലും ഭാവിയില്‍ നിനക്കത് ഉപകാരപ്പെടും.

10. തര്‍ക്കങ്ങളും ചൂടേറിയ വാഗ്വാദങ്ങളും സമയത്തെ കൊല്ലുന്ന പാഴ്‌വേലകളാണ്. നിന്നെ ഇഷ്ടപ്പെടാത്ത കേവലം തര്‍ക്കകുതര്‍ക്കങ്ങളിലേര്‍പ്പെടുന്നവരോടൊത്ത് വളരെ കുറച്ച് സമയം ചിലവഴിക്കുകയും നിന്നെ ഇഷ്ടപ്പെടുന്നവരോടൊത്ത് കൂടുതല്‍ സമയം ചിലവഴിക്കുകയും ചെയ്യുക.

11. നിന്റെ ബന്ധങ്ങളെ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുക. അതില്‍ വരുന്ന വീഴ്ചകളെ ഗൗരവപൂര്‍വം പരിഹരിക്കുക. വീഴ്ചകള്‍ പ്രകടമാകുന്ന മാത്രയില്‍ തന്നെ അത് ഊഷ്മളമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക. നിന്റെ ഒരു പുഞ്ചിരിയിലൂടെ നിനക്ക് ഒരു ലോകത്തെ മാറ്റാന്‍ കഴിയും. ലോകം മുഴുവന്‍ മാറ്റാന്‍ നിനക്ക് സാധ്യമായിട്ടില്ലെങ്കിലും നിന്റെയും അവന്റെയും ലോകത്തെ നിനക്ക് മാറ്റിപ്പണിയാന്‍ സാധിക്കും. നിന്റെ നിര്‍മലമായ പെരുമാറ്റവും മറ്റുളളവരുടെ കഴിവുകളെ അംഗീകരിക്കലും നിങ്ങളുടെ ബന്ധങ്ങളെ കൂടുതല്‍ പുഷ്‌കലമാക്കാന്‍ വഴിയൊരുക്കും.

12. നന്മയിലും മൂല്യങ്ങളിലും രൂപപ്പെടുത്തപ്പെട്ട ബന്ധങ്ങളല്ലാതെ ഒന്നും ശാശ്വതമായി പ്രയോജനപ്പെടുകയില്ല എന്ന് നീ തിരിച്ചറിയുക. മറ്റുള്ള ബന്ധങ്ങളെല്ലാം ആത്യന്തികമായി നമുക്ക് നഷ്ടം മാത്രമാണ് വരുത്തുക.  

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles