Current Date

Search
Close this search box.
Search
Close this search box.

നിന്റെ സൗഭാഗ്യം നിന്നില്‍ തന്നെയാണ്

flower.jpg

എന്റെ പഠനം കഴിയുന്നതോടെ ഞാന്‍ സന്തുഷ്ഠനാകും – ഒന്നാമന്‍ പറഞ്ഞു
വിവാഹം കഴിയുന്നതോടെ ഞാന്‍ സൗഭാഗ്യം കണ്ടെത്തും – രണ്ടാമന്‍
പുതിയ ഒരു ജോലി ലഭിക്കുന്നതിലൂടെ ഞാന്‍ സന്തുഷ്ട ജീവിതം നയിക്കും – മൂന്നാമന്‍
ഞാന്‍ ആസൂത്രണം ചെയ്ത പദ്ധതിയുടെ വിജയത്തിലൂടെ ഞാന്‍ സന്തോഷം കണ്ടെത്തും – നാലാമന്‍

ഇപ്രകാരം ഓരോരുത്തരുടെയും മനസ്സില്‍ നിരവധി ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഉണ്ടായിരിക്കും. അതിന്റെ പട്ടിക നീണ്ടുപോകും. യഥാര്‍ഥത്തില്‍ ഇവര്‍ ഓരോരുത്തരും അഭിപ്രായപ്പെട്ടിട്ടുള്ളതാണോ യഥാര്‍ഥ സൗഭാഗ്യം! ഒരാള്‍ ആഗ്രഹിക്കുന്നത് ലഭിക്കുമ്പോള്‍ സൗഭാഗ്യത്തിന്റെ ഒരു വിഹിതം അവന് ലഭിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ യഥാര്‍ഥ സൗഭാഗ്യം എന്നത് തികച്ചും വ്യത്യസ്തമായ ഒന്നാണ്.

സൗഭാഗ്യമെന്നത് സാമ്പത്തികമായ അഭിവൃദ്ധി കൈവരിക്കലോ, സുന്ദരിയായ സ്ത്രീയെ വിവാഹം ചെയ്യലോ അല്ല. നൈമിഷികമായ ആസ്വാദനങ്ങള്‍ നല്‍കുന്ന മയക്കുമരുന്നോ രുചികരമായ ഭക്ഷണം കഴിക്കലോ അല്ല. പക്ഷെ ഇതിലൊക്കെയാണ് സൗഭാഗ്യം എന്ന് പരസ്യങ്ങള്‍ നമ്മെ പറഞ്ഞുപഠിപ്പിച്ചിരിക്കുകയാണ്. അതേ സമയം ആത്മീയവും മാനസികവുമായ യഥാര്‍ഥ സംതൃപ്തിയെ കുറിച്ച് ഇവര്‍ അര്‍ഥപൂര്‍ണമായ മൗനം അവലംബിക്കുകയും ചെയ്യുന്നു.

സൗഭാഗ്യം എന്നത് വാസ്തവത്തില്‍ ഒരു കലയാണ്. പഠന പരിശീലനത്തിലൂടെ അത് സ്വാംശീകരിക്കാനും വികസിപ്പിക്കാനും കഴിയും. ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒന്നുമല്ല ഇത്. നമ്മുടെ സൗഭാഗ്യം എന്നത് നമ്മുടെ കയ്യെത്തും ദൂരത്തോ നമ്മുടെ ഉള്ളില്‍ തന്നെയോ ഒളിഞ്ഞുകിടക്കുന്ന ഒന്നാണ്. അത് നേടിയെടുക്കാന്‍ ചെറിയ ചില പരിശ്രമങ്ങള്‍ വേണ്ടതുണ്ട്. നമ്മുടെ ഉള്ളിലെ ഒരു പേശിയാണത്. നാം അതിനെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് വികസിച്ചുകൊണ്ടിരിക്കും. ശക്തിപ്രാപിക്കുകയും സംതൃപ്തി പ്രദാനം ചെയ്യുകയും ചെയ്യും. നമ്മിലെ സൗഭാഗ്യത്തിന്റെ പേശികള്‍ക്ക് ബലം നല്‍കുന്ന ആറ് കാര്യങ്ങളുണ്ട്.

1. നീ ഒരിക്കലും കഴിഞ്ഞ കാലത്തിന്റെ തടവറയില്‍ കഴിയരുത് :
നിന്റെ ചെറുപ്പകാലത്ത് മോശമായ ജീവിതം നയിച്ചതിന്റെ പേരിലോ, ദരിദ്ര കുടുംബത്തില്‍ വളര്‍ന്ന സാഹര്യം ഓര്‍ത്തോ, നിന്നെ ബാധിച്ച രോഗത്തിന്റെ കാരണത്താലോ, നിനക്ക് അഭിമുഖീകരിക്കേണ്ടി വന്ന പരാജയത്തിന്റെയോ സാമ്പത്തിക നഷ്ടത്തിന്റെ പേരിലോ നീ ദുഖത്തില്‍ കഴിയേണ്ടതില്ല. അതെല്ലാം നിനക്ക് ജീവിതത്തില്‍ പ്രയോജനപ്പെടുന്ന ചില അനുഭവ പാഠങ്ങളാണ്. അതിനാല്‍ തന്നെ ഭൂതകാലത്തിന്റെ തടവറയില്‍ നീ കഴിയരുത്. ഇന്നലകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും ഇന്നിനെ പരമാവധി ആസ്വദിക്കുകയും നല്ല നാളെക്കായി തയ്യാറെടുക്കുകയും ചെയ്യുക.

2. എപ്പോഴും സന്തോഷം പ്രകടിപ്പിക്കുകയും ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന സുഹൃത്തുക്കളോടൊപ്പം ചങ്ങാത്തം കൂടുക. അവരുടെ സന്തോഷത്തിന്റെ കാരണങ്ങളെ കുറിച്ച് പഠിക്കുകയും സഹവാസം ശക്തിപ്പെടുത്തുകയും ചെയ്യുക. ഒരാള്‍ തന്റെ സഹോദരന്റെ ദീനിലാണ് എന്ന പ്രവാചവചനം വളരെ പ്രസക്തമാണ്.

3. നമ്മുടെ ഭൂതമല്ല യഥാര്‍ഥത്തില്‍ നമ്മുടെ ഭാവി എന്ന് തിരിച്ചറിയുക. അതിനാല്‍ തന്നെ നിലവിലെ സംതൃപ്തിക്കും നല്ല ഭാവി തെരഞ്ഞെടുക്കുന്നതിനും ഉത്തരവാദി നാം തന്നെയാണ്. തെറ്റായ ചിന്തകള്‍ വരുമ്പോള്‍ പൈശാചികപ്രലോഭനങ്ങളെ എങ്ങനെ നേരിടണം എന്ന് നാം പഠിക്കേണ്ടതുണ്ട്. ഖുര്‍ആന്‍ വിവരിച്ചത് പോലെ പിശാച് ദാരിദ്ര്യത്തെ കുറിച്ച് നമ്മെ ഭയപ്പെടുത്തുകയും അരുതായ്മകള്‍ ചെയ്യാന്‍ നമ്മോട് ആഹ്വാനം ചെയ്യുകയും ചെയ്യും. അല്ലാഹുവാകട്ടെ, അവനില്‍ നിന്നുള്ള പാപമോചനവും ഔദാര്യവുമാണ് വാഗ്ദാനം ചെയ്യുന്നത്. പിശാച് ദുഖത്തിന് ഹേതുവാകുന്ന അശുഭ ചിന്തകള്‍ക്ക് പ്രേരണനല്‍കുമ്പോള്‍ അല്ലാഹു നമുക്ക് നമ്മുടെ പാപങ്ങളില്‍ നിന്നുള്ള മോചനവും ശുഭപ്രതീക്ഷയും സൗഭാഗ്യവുമാണ് വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ അല്ലാഹുവോട് അടുക്കുകയും പിശാചിനോട് അകലം പാലിക്കുകയും ചെയ്യുക.

4.വിട്ടുവീഴ്ച ചെയ്യാന്‍ പഠിക്കുക: നമ്മോട് പാപം ചെയ്തവരോട് പൊറുക്കാനും നമ്മുടെ അവകാശത്തില്‍ കൈകടത്തിയവരോട് വിട്ടുവീഴ്ച ചെയ്യാനും നമുക്ക് സാധിക്കണം. വിട്ടുവീഴ്ച സൗഭാഗ്യത്തിന്റെ പേശികളെ കൂടുതല്‍ ബലവത്താക്കും. വിട്ടുവീഴ്ച ശീലിച്ചവര്‍ ജീവിതത്തില്‍ കൂടുതല്‍ സൗഭാഗ്യമനുഭവിക്കുന്നവരും ആയുസ്സ് ദൈര്‍ഘ്യമുള്ളവരുമാണെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല അല്ലാഹുവിങ്കല്‍ മഹത്തായ പ്രതിഫലവും അവര്‍ക്കുണ്ട്.

5. കഴിവിനനുസൃതമായ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുക: നീ സംഭവലോകത്ത് ജീവിക്കുക. ചെറുതാണെങ്കിലും ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ മാതൃകയാകുന്നത് സംതൃപ്തികൈവരിക്കാനും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ഊര്‍ജ്ജവും പകര്‍ന്നുനല്‍കും.

6.നിനക്ക് നേരെയുണ്ടാകുന്ന പ്രകോപനപരമായ സാഹചര്യങ്ങള്‍ക്കു നേരെ കണ്ണടക്കുക: ഹാറൂന്‍ റഷീദിനെ പോലെ ഉന്നതിയിലേക്ക് കണ്ണും നട്ട് പ്രതീക്ഷയോടെ ഇരിക്കുക. മാനത്ത് കാര്‍മേഘങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അതിനെ നോക്കി അബ്ബാസി ഖലീഫ ഹാറൂന്‍ റഷീദ് ഇപ്രകാരം പറയാറുണ്ടായിരുന്നു. ‘ നീ ഉദ്ദേശിക്കുന്ന എവിടെ വേണമെങ്കിലും വര്‍ഷിക്കുക! എവിടെ പെയ്താലും അതെല്ലാം എന്റെ ഖജനാവിലെത്താനുള്ളതാണ്!

പ്രവാചകന്‍(സ) തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്ന ചില പേരുകള്‍ വരെ മാറ്റുകയും പ്രതീക്ഷ നല്‍കുന്ന നാമങ്ങള്‍ പകരം വിളിക്കുകയും ചെയതിരുന്നു. ധിക്കാരി എന്നര്‍ഥം വരുന്ന ‘ആസിയ’ എന്ന പേരു മാറ്റി സുന്ദരി എന്നര്‍ഥം വരുന്ന ജമീല എന്നു വിളിക്കുകയുണ്ടായി. വെറുക്കപ്പെട്ടവന്‍ എന്നര്‍ഥം വരുന്ന പേര് മാറ്റി സ്‌നേഹിതന്‍ എന്നര്‍ഥമുള്ള ഹബീബ് എന്നാക്കി മാറ്റി. ഏത് പ്രതിസന്ധി ഘട്ടത്തെയും പ്രതീക്ഷയോടെ പ്രവാചകന്‍ അഭിമുഖീകരിച്ചു എന്നതിനുള്ള മികച്ച ഉദാഹരണമാണ് സൗര്‍ ഗുഹാ മുഖത്ത് ശത്രുക്കള്‍ എത്തിപ്പെട്ട വേളയില്‍ അബൂബക്കറിനോട് പറഞ്ഞ വാക്കുകള്‍! ഏത് വിപല്‍ഘട്ടങ്ങളെയും സൗഭാഗ്യമെന്ന പേശിയെ ക്രിയാത്മകമായി ശക്തിപ്പെടുത്താനുള്ള മാധ്യമമായി ഉപയോഗപ്പെടുത്തുകയായിരുന്നു പ്രവാചകന്‍. സംതൃപ്തിക്കുറവ് അനുഭവപ്പെടുമ്പോഴെല്ലാം സൗഭാഗ്യത്തിന്റെ പേശികളെ ശക്തിപ്പെടുത്താന്‍ നീ ശ്രമിക്കുക. ആര് കൈവെടിഞ്ഞാലും അല്ലാഹു നിന്നെ കൈവെടിയില്ല എന്ന ബോധ്യം നിന്നെ സന്തുഷ്ടവാനാക്കും. എന്തു നഷ്ടം വന്നാലും ആരില്‍ നിന്നും നീ സൗഭാഗ്യം പ്രതീക്ഷിക്കരുത്. തീര്‍ച്ചയായും സൗഭാഗ്യം നിന്റെ തീരുമാനത്തില്‍ നിന്നുതന്നെയാണ് ഉണ്ടാകുക. നിന്റെ സംതൃപ്തിയുടെ ഉത്തരവാദി നീ തന്നെയാണ്. ഇന്നു മുതല്‍ സൗഭാഗ്യത്തിനായുള്ള നിന്റെ സഞ്ചാരം നീ ആരംഭിക്കണം. അതിനാല്‍ നീ ശുഭപ്രതീക്ഷയുള്ളവനാകുക! അശുഭചിന്തകളെ കയ്യൊഴിയുക, നീ എന്നും വിജയി ആകുക! ഒന്നിന്റെയും ഇരയാകരുത്.

വിവ  : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles