Current Date

Search
Close this search box.
Search
Close this search box.

നിങ്ങളുടെ മനസ്സ് അസ്വസ്ഥമാണോ?

teenage.jpg

നിങ്ങളുടെ മനസ്സ് അസ്വസ്ഥമാണോ എന്നു ചോദിക്കുമ്പോള്‍, ചോദിക്കുന്നവന്റെ മനസ്സ് സ്വസ്ഥവും പ്രശ്‌ന രഹിതവുമാണെന്ന് നിങ്ങള്‍ ധരിക്കരുത്. അല്ലെന്നും ധരിക്കേണ്ടതില്ല. അസ്വസ്ഥമായവന്‍ സമാന മനസ്‌കരെ തേടാനും അസ്വസ്ഥതയും ദുഖങ്ങളും പങ്കുവെക്കാനും ഉദ്ദേശിച്ചും ചോദിക്കാനിടയുണ്ട്. ഒരു കാര്യം മറക്കാതിരിക്കുക. കടലിലെ തിരകളടങ്ങാത്ത പോലെ കരളിലെ അസ്വസ്ഥതകളും അടങ്ങുകയില്ല.

ചിന്തിക്കേണ്ടത് അസ്വസ്ഥതയുണ്ടോ എന്നല്ല, ഉള്ള അസ്വസ്ഥകള്‍ക്ക് താന്‍ കാരണക്കാരനാണോ എന്നാണ്. തന്റെ വാക്ക്, പ്രവൃത്തി, ആശ, പ്രതീക്ഷ, ദുര്‍വിചാരം, എന്നിവയാണോ അസ്വസ്ഥകക്കു കാരണമായത് എന്ന് പരിശോധിക്കുക. നാം ഒരാളോട് പറയാന്‍ പാടില്ലത്ത വാക്കു പറഞ്ഞു പോയതിന്റെ പേരില്‍ അയാള്‍ക്കു വിഷമമുണ്ടായി എന്നറിഞ്ഞാല്‍ നമ്മുടെ മനസ്സ് അസ്വസ്ഥകമാകും. അത് ഒരു പാഠമായി എടുത്ത് ഇനിമുതല്‍ വാക്കുകള്‍ സൂക്ഷിച്ചു കൊണ്ടേ ഉപയോഗിക്കൂ എന്ന് തീരുമാനിക്കുകയും വേദനിപ്പിച്ചവരോട് മാപ്പു ചോദിക്കുകയും ചെയ്യുക എന്നതാണ് ആ അസ്വസ്ഥത മാറ്റാനുള്ള മാര്‍ഗം. താനുദ്ദേശിക്കാത്ത അര്‍ഥം മറുകക്ഷി മനസ്സിലാക്കി പോയതാണെങ്കില്‍ അത് അയാളെ ധരിപ്പിക്കണം. അയാളുടെ സ്ഥാനത്ത് ഞാനും എന്റെ സ്ഥാനത്ത് അയാളുമായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്റെ അവസ്ഥ എന്ന് ചിന്തിക്കുന്നത് തനിക്ക് തെറ്റുപറ്റിയോ എന്ന് പരിശോധിക്കാന്‍ സഹായകമാകും. പ്രവൃത്തിയുടെ കാര്യത്തിലും ഇപ്പറഞ്ഞതെല്ലാം ബാധകമായതിനാല്‍ വിശദീകരണം ഒഴിവാക്കുന്നു.

ഇനിയുള്ളത് ആശ. ആശ വിജയിക്കാതിരിക്കുന്ന അവസ്ഥയാണ് നിരാശ. ഇതിനെ കുറിച്ച് ഒരുപാട് ചിന്തിക്കാനുണ്ട്. ചിന്തിക്കല്‍ അനിവാര്യമാണ്. കാരണം നിരാശ മനുഷ്യരെ കര്‍മവിമുഖരാക്കി കളയും. അതിനാല്‍ തന്റെ ആശ അഥവാ മോഹം യുക്തിസഹമാണോ എന്ത് ആലോചിക്കണം. യുക്തിസഹമല്ലെങ്കില്‍ ആ മോഹം വെടിയണം. ഉദാഹരണത്തിന് നാലു മക്കളുമായി തറവാട്ടില്‍ താമസിക്കുന്ന ദമ്പതിമാരുടെ സുഹൃത്തുക്കള്‍ക്കെല്ലാം രണ്ടു നിലയുള്ള വീടുകളായി. അവരുടെ ഗൃഹപ്രവേശനത്തിന് പോയപ്പോള്‍ അത്തരമൊന്ന് തങ്ങള്‍ക്കും വേണമെന്ന് അവര്‍ക്ക് തോന്നി. എത്ര ശ്രമിച്ചാലും ആയിരം രൂപയിലധികം മാസാന്തം മിച്ചം വെക്കാന്‍ കഴിയാത്തവരാണവര്‍. മറ്റുള്ളവരെ പോലെ പെട്ടന്ന് വീടുണ്ടാക്കി ഒരു ഗൃഹപ്രവേശം നടത്തണം എന്ന മോഹമായി തോന്നലിനെ വളര്‍ത്തരുത്. വീട്ടുചിലവിലും വസ്ത്രം, ആഢംബംരം എന്നീ ചിലവുകളിലും ഒരു വെട്ടിക്കുറക്കല്‍ നടത്തി രണ്ടു കൊല്ലത്തിനുള്ളില്‍ ഒരു തറയിടാന്‍ കഴിയുമോ എന്നാണ് അവര്‍ ചിന്തിക്കേണ്ടത്. അതുവരെ തറവാട്ടില്‍ കഴിയുക. ആവുന്ന കാലത്ത് പൂര്‍ത്തിയാക്കാം എന്ന് വിചാരച്ച് വലിയ പ്ലാന്‍ തയ്യാറാക്കി തറകെട്ടരുത്. എഞ്ചിനീയര്‍ നല്‍കുന്ന സൗകര്യങ്ങളുടെ പട്ടികയില്‍ വീണുപോകരുത്. സുഹൃത്തുക്കളെ ജാമ്യം നിര്‍ത്തി ലോണ്‍ വാങ്ങിയാല്‍ വേഗം പണിതീര്‍ക്കാന്‍ കഴിഞ്ഞെന്നു വരാം. പക്ഷേ ലോണ്‍ തിരിച്ചടക്കേണ്ടത് താന്‍ തന്നെയാണെന്നും നിത്യചെലവ് കഴിച്ച് ലോണ്‍ അടവിലേക്ക് എത്രരൂപ മാറ്റിവെക്കാന്‍ കഴിയും എന്നു ചിന്തിച്ചിട്ടേ അതിലേക്കിറങ്ങാവൂ.

രണ്ടാം നിലയെടുക്കാന്‍ പറ്റുന്ന വിധം തറയിട്ട് രണ്ടോ മൂന്നോ മുറികളുള്ള ഒരു നില പണിയുക. കുട്ടികളെല്ലാം എല്‍.പി, യു.പി ക്ലാസുകളിലാണെങ്കില്‍ വര്‍ഷങ്ങളോളം ചെറിയ വീട്ടില്‍ താമസിക്കാം. പണമില്ലാത്തവന് ഇതല്ലാതെ മറ്റെന്ത് മാര്‍ഗം? തുടര്‍ച്ചയായി ടാക്‌സി കാര്‍ ഉപയോഗിക്കേണ്ടി വന്ന ഒരു ഇടത്തരക്കാരന്‍ ഗൃഹനാഥന് മറ്റുള്ളവരില്‍ നിന്ന് കിട്ടുന്ന ഉപദേശം ഒരു കാര്‍ വാങ്ങിക്കോളൂ, ലോണ്‍ കിട്ടുമല്ലോ എന്നായിരിക്കും. അപ്പോള്‍ അയാളുടെ മനസ്സില്‍ വരേണ്ടത് സ്വന്തമായി കാറുണ്ടായാലുള്ള സൗകര്യങ്ങളല്ല, ലോണ്‍ തിരിച്ചടക്കാനില്ലാത്ത അവസ്ഥയുടെ സുഖമാണ്. രണ്ടു കൊല്ലം മാസം തോറും ആയിരം രൂപ ടാക്‌സിക്ക് കൊടുക്കേണ്ടി വരുന്ന അവസ്ഥയുണ്ടായി എന്ന് സങ്കല്‍പിക്കുക. അപ്പോഴേക്കും അസ്വസ്ഥതയായി. എത്രപണമാണ് ടാക്‌സിക്കു കൊടുക്കുന്നത്. എങ്ങനെയെങ്കിലും ഒരു കാര്‍വാങ്ങിയാല്‍ ഇങ്ങനെ വാടക കൊടുക്കേണ്ടി വരില്ലായിരുന്നു. ശരിയാണ്. വാടക കൊടുക്കുന്നതില്‍ നിന്നൊഴിവാകും. പക്ഷെ ലാഭം വാടകക്കെടുക്കല്‍ തന്നെയാണ്. രണ്ടു കൊല്ലം കൊണ്ട് അതിന് വരുന്ന തേയ്മാനം, കേടുപാടുകള്‍, ഇന്ധനം എന്നിവയുടെ ചെലവുകളും രണ്ടുവര്‍ഷത്തിന് ശേഷം അത് വില്‍ക്കുമ്പോള്‍ വിലയില്‍ വരുന്ന കുറവും കൂട്ടി നോക്കിയാല്‍ 24 മാസത്തെ വാടകയായ 24000 രൂപ കൊടുക്കലായിരിക്കും എത്രയോ ലാഭം. എങ്കില്‍ എന്റെ സുഹൃത്തുക്കള്‍ക്കെല്ലാം കാറുണ്ട് അതിനാല്‍ എനിക്കും വാങ്ങണം എന്ന് വിചാരിച്ച് ലോണെടുത്ത് കാര്‍ വാങ്ങള്‍ ബുദ്ധിയല്ല. ഇടത്താരക്കാരെല്ലാം വാഹനം വാങ്ങുന്നത് മൂലം റോഡുകള്‍ക്ക് ഭാരവും യാത്രാ ക്ലേശവും കൂടി വരുന്നു.

ആവശ്യങ്ങളെ വരുമാനവുമായ ബന്ധിപ്പിച്ചാല്‍ പല ആവശ്യങ്ങളെ അനാവശ്യമാണെന്ന് ബോധ്യപ്പെടും. വീടുപണി തുടങ്ങി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിറ്റവര്‍, വാഹനം വാങ്ങി കടം വരുത്തിയവര്‍ അങ്ങനെ സമൂഹത്തില്‍ ഒരുപാടു പാഠങ്ങള്‍ നമുക്ക് കണ്ടെത്താനാവും. സാക്ഷാല്‍കരിക്കാന്‍ ഏകദേശം കഴിയുന്നതിനു മാത്രം മോഹിക്കുക. അതാണ് യുക്തി സഹമായ മോഹം. അസ്വസ്ഥതകള്‍ വരാതിരിക്കാന്‍ അതാണ് നല്ല മാര്‍ഗം.

Related Articles