Current Date

Search
Close this search box.
Search
Close this search box.

ടെന്‍ഷനെ തോല്‍പിക്കാം

tension.jpg

മാനസിക സംഘര്‍ഷം, ടെന്‍ഷന്‍, അസ്വസ്ഥത, അക്രമം, നല്ലതല്ലാത്ത വാര്‍ത്തകള്‍, മരണം, രോഗം, ജോലിയിലെ പ്രയാസങ്ങള്‍, പഠന പ്രശ്‌നങ്ങള്‍ തുടങ്ങിയ പല അവസ്ഥകളിലൂടെയുമാണ് നിത്യവും നമ്മുടെ ജീവിതം മുന്നോട്ടു നീങ്ങുന്നത്. ആളുകളില്‍ ആത്മസംഘര്‍ഷവും ഉത്കണ്ഠയും വര്‍ധിച്ച് ശാരീരികവും മാനസികവുമായ പല രോഗങ്ങളുടെയും അവസ്ഥയില്‍ വരെ എത്തിയിരിക്കുന്നു. സംഘര്‍ഷങ്ങളെ മറികടക്കുന്നതിനും ടെന്‍ഷനും ഉത്കണ്ഠയും ലഘുകരിക്കുന്നതിനും സഹായിക്കുന്ന ഒരു ദിനചര്യയാണ് വായനക്കാരന് മുന്നില്‍ ഞാന്‍ വെക്കുന്നത്. അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയാണെങ്കില്‍ ഏത് വലിയ ദുഖത്തിലും പ്രയാസത്തിലും ആശ്വാസത്തോടെ ശാന്തതയില്‍ ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

ദിവസം അനുഗ്രഹീതമാകുന്നതിനും ലക്ഷ്യങ്ങള്‍ എളുപ്പമാകുന്നതിനും നിങ്ങളുടെ ദിവസം തുടങ്ങുന്നത് നമസ്‌കാരത്തോടെയാവുക. ശേഷം പ്രഭാതത്തിലെ പ്രത്യേകമായ പ്രാര്‍ഥനകളും നിര്‍വഹിക്കുക. പിന്നെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് ഇറങ്ങാം. ഈ ദിവസത്തില്‍ അല്ലാഹു നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന നന്മകളെ കുറിച്ച ശുഭാപ്തിവിശ്വാസവും പ്രത്യാശയുമായിരിക്കും നിങ്ങളില്‍. ആ ദിവസം അഭിമുഖീകരിക്കേണ്ടി വരുന്ന പോസിറ്റീവും നെഗറ്റീവുമായ എല്ലാറ്റിലും വലിയ നന്മകളുണ്ടെന്ന തോന്നല്‍ നിങ്ങളിലുണ്ടാവും. ഇന്ന് ദോഷമായി നിങ്ങള്‍ കാണുന്ന കാര്യം നാളത്തെ യഥാര്‍ഥ ഗുണമായിരിക്കും. കാരണം അല്ലാഹുവിന്റെ എല്ലാ കണക്കുകൂട്ടലുകളിലും മനുഷ്യന് നന്മയാണുള്ളത്. പ്രവര്‍ത്തിക്കലാണ് നിങ്ങളുടെ ബാധ്യത ഫലം അല്ലാഹുവിന്റെ അടുക്കലാണ് എന്നതായിരിക്കണം നിങ്ങളുടെ മുദ്രാവാക്യം. നിങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അല്ലാഹു വിചാരണ ചെയ്യുക, ഫലങ്ങളുടെ പേരിലല്ല. ജീവിതത്തില്‍ എന്തെങ്കിലും പ്രയാസമോ ബുദ്ധിമുട്ടോ നേരിടേണ്ടി വരുമ്പോള്‍ അല്ലാഹുവായിരിക്കണം നിങ്ങളുടെ സഹായി. നമസ്‌കാരങ്ങളിലൂടെയും പ്രാര്‍ഥനയിലൂടെയും അവന്റെ സഹായം നാം തേടണം. നമസ്‌കാരം വലിയ ആശ്വാസവും ശാന്തതയുമാണ് നല്‍കുന്നത്. കാരണം നമ്മുടെ ഐഹികമായ എല്ലാ ചുറ്റുപാടുകളെയും വെടിഞ്ഞ് അല്ലാഹുവെ അഭിമുഖീകരിക്കുകയാണ് നമസ്‌കാരത്തില്‍ ചെയ്യുന്നത്. ഒരര്‍ഥത്തില്‍ മറ്റൊരു ലോകത്തേക്കുള്ള യാത്രയാണ്. അതില്‍ നിങ്ങള്‍ മനസ്സുകൊണ്ട് അല്ലാഹുവെ അഭിമുഖീകരിക്കുകയാണ് ചെയ്യുന്നത്.

സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകള്‍ അറിയുന്നതിനുമായി സമയം ചെലവഴിക്കുന്നവരാണ് നാം. ദിവസത്തില്‍ കാല്‍മണിക്കൂറെങ്കിലും വായനക്ക് മാറ്റിവെക്കാന്‍ നാം ശ്രദ്ധിക്കണം. വായന ശീലമാക്കുന്നത് അറിവും ബോധവും വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. കാല്‍മണിക്കൂര്‍ കായിക വിനോദത്തിനും നീക്കിവെക്കണം. ടെന്‍ഷനുള്ള ചികിത്സയില്‍ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് വായന, കായികവിനോദം, നമസ്‌കാരം എന്നിവ.

ജീവിതത്തിലെ ലക്ഷ്യത്തില്‍ കേന്ദ്രീകരിക്കല്‍ സന്തോഷം സാക്ഷാല്‍കരിക്കുന്നതിന് സഹായിക്കുന്ന കാര്യമാണ്. താങ്കളുടെ ചിന്ത ഒരിക്കലും നിരവധി ലക്ഷ്യങ്ങളില്‍ ചിതറിപ്പോവാതിരിക്കേണ്ടതുണ്ട്. ഓരോ ദിവസവും പൂര്‍ത്തീകരിക്കേണ്ട ഒരു ലക്ഷ്യം നമുക്കുണ്ടായിരിക്കണം. ഓരോ ദിവസത്തെയും നേട്ടങ്ങള്‍ ചെറുതാണെങ്കിലും വലിയ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള പ്രേരണയായി അത് വര്‍ത്തിക്കും. ഇത്തരത്തില്‍ നേട്ടങ്ങള്‍ അധികരിക്കുമ്പോള്‍ അസ്വസ്ഥകകളും ടെന്‍ഷനും നീങ്ങിപ്പോകും. ജീവിതം വളരെ ചുരുങ്ങിയ കാലമാണ്, കാലം അതിവേഗം മുന്നോട്ടു പോകുന്നതും. അതുകൊണ്ടു തന്നെ ഇഹത്തിലോ പരത്തിലോ ഉപകാരപ്പെടാത്ത ഒന്നിലും സമയം ചെലവഴിക്കരുത്. സമയത്തെ പരമാവധി ഉപയോഗപ്പെടുത്താന്‍ താല്‍പര്യം കാണിക്കണം. ബഹുഭൂരിപക്ഷം ആളുകളെയും പോലും പല തരത്തില്‍ സമയം പാഴാക്കുന്നവരാകരുത് നിങ്ങള്‍. അമിതമായ അങ്ങാടിയിലെ സമയം ചെലവഴിക്കലും സംസാരവും ഉറക്കുമാണ് ജീവിതത്തെ നശിപ്പിക്കുന്ന മൂന്ന് കാര്യങ്ങള്‍. അംഗശുദ്ധി വരുത്തി വിത്ര്‍ നമസ്‌കരിച്ച് വലത്തോട്ട് ചെരിഞ്ഞ് ‘ആയത്തുല്‍ കുര്‍സി’ പാരായണം ചെയ്താവട്ടെ ഉറങ്ങാന്‍ കിടക്കുന്നത്. ദൈവസ്മരണയില്‍ ആരംഭിച്ച ദിവസം ദൈവസ്മരണയോടെ അവസാനിപ്പിക്കാന്‍ അതിലൂടെ സാധിക്കും. മനസ്സിന് ആശ്വാസവും സന്തോഷം പകരാന്‍ അതിന് സാധിക്കും.

നിത്യവും എന്തെങ്കിലും തരത്തിലുള്ള സല്‍പ്രവര്‍ത്തനം നടത്താന്‍ നിങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്. വീടിന്റെ ചുവരിലൂടെ പോകുന്ന ഉറുമ്പിന് ആഹാരം നല്‍കലോ, പഴയ ഒരു കൂട്ടുകാരനെ വിളിക്കലോ, മാതാപിതാക്കളെ സഹായിക്കലോ, മക്കളോടൊപ്പം കളിക്കലോ, ഭാര്യയോട് സംസാരിച്ചിരിക്കലോ ആവാം അത്. ലളിതമായ ഈ കാര്യങ്ങള്‍ നിങ്ങളിലുള്ള ദുഖത്തെയും ടെന്‍ഷനെയും നീക്കി മനസ്സിന് സന്തോഷം നല്‍കും. ഇതിനെല്ലാം പുറമെ നിങ്ങള്‍ക്ക് ചുറ്റുമുള്ളവരെയും ബന്ധുക്കളെയും കൂട്ടുകാരെയും സന്തോഷിപ്പിക്കാന്‍ പരമാവധി ശ്രമിക്കുക. കാണുമ്പോള്‍ പുഞ്ചിരിച്ചോ സമ്മാനങ്ങള്‍ നല്‍കിയോ ആവാം അത്. ഉറക്കമിളക്കലും കൂടുതലായി സിനിമകളും സീരിയലുകളും കാണുന്നത് ഒഴിവാക്കുകയും ചെയ്യുക. കാരണം യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ഭാവനയുടെ ലോകത്തേക്കാണത് നമ്മെ കൊണ്ടു പോകുന്നത്.

ഒരാളുടെ ദിവസത്തില്‍ സന്തോഷം പകരുന്ന ദിനചര്യയിലെ 16 കാര്യങ്ങളാണ് ഞാന്‍ കുറിച്ചത്. പ്രഭാത നമസ്‌കാരം, പ്രഭാത്തിലെ പ്രാര്‍ഥന, പ്രാര്‍ഥനകള്‍, അല്ലാഹുവില്‍ ഭരമേല്‍പ്പിക്കല്‍, ശുഭപ്രതീക്ഷ, അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസം, ഫലം അല്ലാഹുവില്‍ സമര്‍പ്പിച്ച് പണിയെടുക്കല്‍, അഞ്ചു നേരത്തെ നമസ്‌കാരം, വായന, കായിക വിനോദം, ലക്ഷ്യത്തില്‍ കേന്ദ്രീകരിക്കല്‍, ദാനധര്‍മങ്ങളോ സല്‍കര്‍മങ്ങളോ ചെയ്യല്‍, മാതിപിതാക്കളോടും ബന്ധുക്കളോടും ബന്ധം പുലര്‍ത്തല്‍, ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പം സമയം ചെലവഴിക്കല്‍, വിത്ര്‍ നമസ്‌കാരം, ഉറക്കത്തിന്റെ പ്രാര്‍ഥനയും ആയത്തുല്‍ കുര്‍സിയും എന്നിവയാണവ. ഇവ നടപ്പാക്കാനും നന്മയില്‍ സഹകരിക്കാനും നാം പരമാവധി ശ്രമിക്കുക. അതിലൂടെ അസ്വസ്ഥതകളെയും ടെന്‍ഷനെയും നമുക്ക് മറികടക്കാം.

മൊഴിമാറ്റം: നസീഫ്‌

Related Articles