Current Date

Search
Close this search box.
Search
Close this search box.

ഏത് ബ്രാന്റാണ് നിങ്ങള്‍ക്ക് സന്തോഷം നല്‍കുക!

butterfly.jpg

മോഹിച്ചതെല്ലാം നേടിയിട്ടും ദുഖിതനായിട്ടാണ് ഞാനവനെ കണ്ടത്. അവനുപയോഗിക്കുന്ന വാച്ചും പെന്നും വസ്ത്രങ്ങളും ചെരിപ്പുകളും ഏറ്റവും മികച്ച ബ്രാന്റുകളാണ്. എന്നിട്ടും വളരെ ദുഖത്തോടെയാണ് അവന്‍ സംസാരിക്കുന്നത്. ‘നീ ധരിച്ചിരിക്കുന്ന ഈ ബ്രാന്റുകള്‍ നിനക്ക് സന്തോഷം നല്‍കുന്നില്ലേ?’ എന്ന് ഞാന്‍ അവനോട് ചോദിച്ചു.

ഇല്ലെന്ന് പറഞ്ഞു കൊണ്ട് അവന്‍ മൊബൈല്‍ ഫോണ്‍ കയ്യിലെടുത്ത് പറഞ്ഞു, ഈ ഫോണിന്റെ കവര്‍ പോലും ബ്രാന്റഡാണ്. എന്നിട്ടും എനിക്ക് സന്തോഷം ലഭിക്കുന്നില്ല. കാരണം ആളുകളുടെ സംസാരം എന്നെ ദുഖിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്നു. ‘അപ്രകാരം അതുകൂടി ബ്രാന്റഡ് ആകേണ്ടതുണ്ട്’ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആശ്ചര്യത്തോടെ എന്നോട് ചോദിച്ചു: ‘നിങ്ങളെന്നെ പരിഹസിക്കുകയാണോ?’ ഞാന്‍ പറഞ്ഞു: ഒരിക്കലുമല്ല, ആളുകളോട് എങ്ങനെ ഇടപഴകണമെന്ന് നിന്നെ പഠിപ്പിക്കുന്ന ഒരു പ്രത്യേക ബ്രാന്റ് ഉണ്ടെന്നുള്ളത് നിനക്കറിയില്ലേ?’ അവന്‍ ചോദിച്ചു: ‘അത് എവിടെ നിന്നും ലഭിക്കും?’ ഞാന്‍ പറഞ്ഞു: ‘അത് നിനക്ക് പണം കൊടുത്തു വാങ്ങാനാവില്ല, എന്നാല്‍ ഞാന്‍ നിനക്കത് സമ്മാനമായി നല്‍കാം.’ അവന്‍ പറഞ്ഞു: ‘ശരി, എങ്ങനെ?’

ഞാന്‍ പറഞ്ഞു: പ്രവാചക ബ്രാന്റാണത്. പ്രവാചകന്‍(സ) നമ്മോട് പറഞ്ഞു: ‘നിങ്ങള്‍ കൂടെകൂടികളാവരുത്. ജനങ്ങള്‍ നന്മ ചെയ്താല്‍ ഞങ്ങളും നന്മ ചെയ്യും, അവര്‍ അതിക്രമം കാണിച്ചാല്‍ ഞങ്ങളും അതിക്രമം കാണിക്കും എന്ന് പറയുന്നവരാണവര്‍. നിങ്ങളാവേണ്ടത് മനസ്സുകളെ നിയന്ത്രിക്കുന്നവരാണ്. ജനങ്ങള്‍ നന്മ ചെയ്താല്‍ നിങ്ങളും നന്മ ചെയ്യുവിന്‍, അവര്‍ മോശമായി പെരുമാറിയാല്‍ നിങ്ങള്‍ അതിക്രമം കാണിക്കരുത്.’ അവന്‍ പറഞ്ഞു: ‘ഇത് വളരെ നല്ല ഒരു ബ്രാന്റാണല്ലോ, ആളുകളോട് എങ്ങനെ ഇടപഴകണമെന്ന് വളരെ വ്യക്തമാണതില്‍.’ ഞാന്‍ പറഞ്ഞു: ‘ശരിയാണ്, ഒരു മനുഷ്യനെ ഏറ്റവുമധികം വേദനിപ്പിക്കുന്നത് ആളുകളുടെ സംസാരമാണ്. ആരോടും കരുണകാണിക്കാത്തവരാണ് ജനങ്ങള്‍. മിക്കപ്പോഴും അവരുടെ സംസാരം ദോഷകരവും പെരുമാറ്റം ഞാനെന്ന ഭാവത്തില്‍ നിന്നും ഉള്ളതുമായിരിക്കും.

അതുകൊണ്ടാണ് എല്ലാ കാര്യത്തിലും ആളുകള്‍ എന്തു ചെയ്യുന്നു എന്ന് നോക്കി അവരെ അനുകരിക്കുന്ന കൂടെകൂടികളാവരുത് നിങ്ങളെന്ന് പ്രവാചകന്‍(സ) അക്കാരണത്താലാണ് ഉണര്‍ത്തിയത്. എന്നിട്ട് ഞാന്‍ ചോദിച്ചു: ‘ആളുകള്‍ക്ക് വേണ്ടി ഈ ബ്രാന്റുകളെല്ലാം നീ ധരിക്കേണ്ടതുണ്ടോ?’ ചെറിയ മൗനത്തിന് ശേഷം അവന്‍ പറഞ്ഞു: ‘ഉണ്ട്, എന്റെ ചുറ്റുപാടുള്ളവരെല്ലാം ബ്രാന്റഡ് സാധനങ്ങളാണ് ഉപയോഗിക്കുന്നത്. അവരെ പോലെ ഞാന്‍ ധരിച്ചില്ലെങ്കില്‍ അവരെക്കാള്‍ താഴ്ന്നവനായി ഞാന്‍ മാറും.’ ഞാന്‍ പറഞ്ഞു: ‘ജനങ്ങള്‍ക്ക് വേണ്ടി നീ ജീവിതം തിട്ടപ്പെടുത്തുകയും എന്നിട്ട് സന്തോഷം ആഗ്രഹിക്കുകയും ചെയ്യുന്നു!! തെറ്റായൊരു സമവാക്യമാണത്.’ പിന്നെ എന്തുചെയ്യും എന്നായി അവന്റെ അടുത്ത ചോദ്യം.

ഞാന്‍ പറഞ്ഞു: ‘നീ നീയായിരിക്കണം. നീ ആരെയും അനുകരിക്കുകയോ ജനങ്ങളുടെ വസ്ത്രത്തിലോ അലങ്കാരങ്ങളിലോ വസ്തുവകകളിലോ അവരോട് മത്സരിക്കുകയോ ചെയ്യരുത്. സ്വന്തത്തെ മറ്റൊരാളോടും താരതമ്യം ചെയ്യാതെ നീ എന്താണോ അതാണ് നീ ആയിരിക്കേണ്ടത്.

സ്വന്തത്തെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കാനാണ് നീ ശ്രമിക്കേണ്ടത്. അല്ലാത്തപക്ഷം ആളുകള്‍ വരക്കുന്ന വരകളില്‍ നീ ജീവിക്കേണ്ടവരും. അതൊരിക്കലും നിനക്ക് സന്തോഷം നല്‍കില്ല. സന്തോഷം ലഭിക്കാനുള്ള മൂന്ന് അടിസ്ഥാനങ്ങള്‍ ഞാന്‍ പറയാം. ഒന്ന്, സ്വന്തത്തോട് സത്യസന്ധത പുലര്‍ത്തുക. രണ്ട്, മറ്റുള്ളവരുടെ ജീവിതമല്ല, സ്വന്തം ജീവിതം ജീവിക്കുക. മൂന്ന്, സ്വന്തത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. എന്നാല്‍ ആളുകളുടെ സംസാരം നിന്നെ ദോഷകരമായി ബാധിക്കില്ല.

അവന്‍ പറഞ്ഞു: ‘നിങ്ങള്‍ എന്നെക്കുറിച്ച് തന്നെ പറയുന്നത് പോലുണ്ടല്ലോ..’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ പറഞ്ഞതു പോലെ നീ സ്വന്തത്തെ ശക്തിപ്പെടുത്ത്. നിന്റെ ജീവിതത്തില്‍ ആളുകളുടെ സംസാരത്തിന് പ്രഥമ പരിഗണന നല്‍കരുത്, അതിന് എപ്പോഴും രണ്ടാം സ്ഥാനം മാത്രം നല്‍കിയാല്‍ മതി. അതില്‍ വല്ല നന്മയും ഉണ്ടെങ്കില്‍ നീ സ്വീകരിക്കണം. അതില്‍ തിന്മയോ ദോഷകരമായതോ ആണുള്ളതെങ്കില്‍ തള്ളിക്കളയണം. ആളുകള്‍ പറയുന്നതെല്ലാം ഗൗരവത്തിലെടുക്കേണ്ടവയല്ല. നിന്റെ ജീവിതത്തിന്റെ മുന്‍ഗണനാ ക്രമങ്ങള്‍ നിശ്ചയിക്കുന്നത് നീയായിരിക്കണം. അതില്‍ ഏറ്റവും പ്രധാനം നിന്റെ നാഥനെ തൃപ്തിപ്പെടുത്തലാണ്, ആളുകളെയല്ല. നിന്റെ പ്രവാചകന്റെ(സ) വാക്കുകള്‍ക്കനുസരിച്ചാണ് നീ പ്രവര്‍ത്തിക്കേണ്ടത്, ആളുകളുടേതിനല്ല.’

അലങ്കാരങ്ങള്‍ കൊണ്ടോ വസ്ത്രം കൊണ്ടോ വലിയ വിലകൊടുത്തു വാങ്ങുന്ന ബ്രാന്റുകള്‍ കൊണ്ടോ ഉണ്ടാവുന്ന ഒന്നല്ല സന്തോഷം. താല്‍ക്കാലികമായ, പെട്ടന്ന് നീങ്ങിപ്പോവുന്ന സന്തോഷത്തിലേക്കുള്ള കാല്‍വെപ്പുകള്‍ മാത്രമാണ് അവയെല്ലാം. എന്നാല്‍ യഥാര്‍ത്ഥ സന്തോഷം തനിക്ക് ലഭിച്ച അനുഗ്രഹങ്ങളെയും കഴിവുകളെയും ശേഷികളെയും അറിവിനെയും വിലയിരുത്തുമ്പോള്‍ ഉണ്ടാവുന്നതാണ്. അതില്‍ ഏറ്റവും പ്രധാനം ഈമാന്‍ തന്നെയാണ്. ചിന്തയെ ക്രിയാത്മകമായി തിരിച്ചു വിടുമ്പോള്‍ തന്നെ നീ ശക്തനായി മാറും.

ക്രിയാത്മകമായി ചിന്തിക്കുന്നതിന്റെ ഫലമാണ് സന്തോഷം, ആളുകളുമായി അതിന് ബന്ധമില്ല. ആളുകള്‍ നീ അവരോടൊപ്പം ചെലവഴിക്കുന്ന സമയത്ത് മാത്രം നിന്നോടൊപ്പമുള്ളവരാണ്. നീ ഉദ്ദേശിക്കാത്തത് അവരില്‍ നിന്നുണ്ടാകുമ്പോള്‍ നീ ദുഖിച്ച് സ്വന്തത്തെ നശിപ്പിക്കേണ്ടതില്ല. പ്രവാചകന്‍(സ)യുടെ ഇസ്‌ലാമിലേക്കുള്ള ക്ഷണത്തിന് ചിലര്‍ ഉത്തരം നല്‍കാതിരുന്നപ്പോള്‍ അദ്ദേഹത്തോട് അല്ലാഹു പറഞ്ഞത് ഓര്‍ക്കുക: ‘ഈ ജനത്തെച്ചൊല്ലി വ്യസനിച്ചും ദുഃഖിച്ചും നീ ജീവന്‍കളയേണ്ടതില്ല.’ (ഫാതിര്‍: 8) ചില ആളുകള്‍ ധിക്കാരികളും നിഷേധികളും ആയതിന്റെ പേരില്‍ നീ സ്വന്തത്തെ നശിപ്പിക്കരുത് എന്നാണത് പറയുന്നത്. മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നു: ‘നീ ഈ ജനത്തിനു പിറകെ ദുഃഖംപൂണ്ടു സ്വയം നശിപ്പിച്ചേക്കാം അവര്‍ ഈ സന്ദേശത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍.’ (അല്‍-കഹ്ഫ്: 6) അവര്‍ക്ക് നീ സന്ദേശം എത്തിച്ചിട്ടുണ്ട്, അവരുടെ കാര്യത്തില്‍ ഇനി ദുഖിക്കേണ്ടതില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുയാണിതില്‍.

സ്വന്തത്തെ തൃപ്തിപ്പെടുക എന്നതാണ് പ്രധാനം. ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അല്ലാഹു നിന്നിലും തൃപ്തിപ്പെടും. നിനക്ക് സമ്മാനിക്കാനുള്ള ഏറ്റവും വലിയ ബ്രാന്റ് അതാണ്.

മൊഴിമാറ്റം: നസീഫ്‌

Related Articles