Current Date

Search
Close this search box.
Search
Close this search box.

എന്തിന് ദുഖിക്കുന്നു?

sad.jpg

എന്തിനാണിത്ര ദുഖം? നിന്നെ ഇത്രമാത്രം വ്യഥയിലാഴ്ത്തിയ സംഗതി എന്താണ്? ജീവിതം ഇത്ര ദുസ്സഹമായി തോന്നാന്‍ എന്തേ? നീ ജീവിതം ആസ്വദിക്കുന്നില്ലേ, അതോ അതിലെ ഓരോ നിമിഷവും തള്ളി നീക്കുകയാണോ?

ചുറ്റുമുള്ളവര്‍ കളിച്ചു ചിരിച്ച് നടക്കുന്നത് നീ അസൂയയോടെ നോക്കുന്നു. അവര്‍ക്കൊന്നും ഒരു ദുഖവും അസ്വസ്ഥതയും ഇല്ലെന്നാണോ കരുതുന്നത്? ആളുകള്‍ തങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് മാത്രം ചിന്തിക്കാന്‍ തുടങ്ങിയാല്‍ ലോകം മുഴുവന്‍ ദുഖഭാരത്താലാണ്ടു പോകും. അസ്വസ്ഥത മാത്രം കെട്ടിക്കിടക്കുന്ന അത്തരമൊരന്തരീക്ഷത്തില്‍ നമുക്ക് ജീവിക്കാനാകുമോ?

നീ നിന്നിലേക്ക് തന്നെ ഊഴ്ന്നിറങ്ങൂ. നിന്റെ ജീവിത കഥയിലേക്ക്. എത്ര കാലം നീ ഈ ഭൂമിയില്‍ കഴിച്ചു കൂട്ടി? സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നാളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിഷമതകളുടെ ദൈര്‍ഘ്യം എത്ര നിസ്സാരമാണ്. നൈരാശ്യത്തിന്റെ ഈ വരിഞ്ഞു മുറുകലില്‍ നിന്ന് മനസ്സിനെ സ്വതന്ത്രമാക്കൂ. ശാന്തിയുടെ കവാടങ്ങള്‍ ആര്‍ക്കു മുമ്പിലും കൊട്ടിയടക്കപ്പെടുന്നില്ല. പ്രശ്‌നങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും മധ്യേ നിന്നുകൊണ്ട് ശാന്തിയെ എത്തിപ്പിടിക്കുന്നിടത്താണ് യഥാര്‍ത്ഥ മഹത്വം. എന്നാല്‍ ശാന്തിയുടെ വറ്റാത്ത ആ ഉറവ എവിടെയാണ്?

നിന്നെ സൃഷ്ടിച്ചത് അല്ലാഹുവാണ്. അവനില്‍ നിന്ന് തന്നെയാണ് നീ സന്തോഷത്തിന്റെ മാധുര്യവും ദുഖത്തിന്റെ വേദനയും അറിയുന്നത്. അവ പരസ്പര പൂരകങ്ങളാണ്. വ്രണിത ഹൃദയങ്ങളേ ആനന്ദത്തിന്റെ മധുരമറിയൂ. വിയര്‍ത്തൊലിക്കുന്നവനല്ലേ ഒരു തണുത്ത കാറ്റിന്റെ തഴുകലിനെ അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കാനാവൂ.

മനുഷ്യന്‍ ചിലപ്പോള്‍ കരുതുന്നു താനെല്ലാറ്റിനും പ്രാപ്തനാണെന്ന്. എന്നാല്‍ തന്നെ കൊണ്ടൊന്നും സാധിക്കുന്നില്ലല്ലോ എന്നായിരിക്കും മറ്റു ചിലപ്പോള്‍ അവന്റെ ചിന്ത. അഹന്തയുടെയും അപകര്‍ഷതാ ബോധത്തിന്റെയും അറ്റങ്ങളിലേക്ക് മാറിമാറിയലയുകയാണ് അവന്റെ മനസ്സ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ താനാരാണ്, തന്റെ സാധ്യതകളെന്താണ്, ലക്ഷ്യങ്ങളെന്താണ്, ഈ ഭൂമിയിലെ നിയോഗ ലക്ഷ്യമെന്താണ് എന്നെല്ലാം തിരിച്ചറിയുന്നതില്‍ അവന്‍ പരാജയപ്പെടുന്നു. ഈ വിവേകം അവന്‍ നേടിയെടുക്കേണ്ടത് അനുഭവങ്ങളില്‍ നിന്നാണ്. ഇത്തരം തിരിച്ചറിവുകളെ ഗര്‍ഭം ധരിച്ചിരിക്കുന്നത് ഒരു പക്ഷേ വലിയ പാളിച്ചയാകാം. അല്ലെങ്കില്‍ ഒരു പതനമോ പരാജയമോ ആകാം. എന്നാല്‍ അപ്പോഴേക്കും വ്യഥപൂണ്ട് നിരാശയുടെ മിഥ്യാമാളത്തിലേക്ക് ഓടിയൊളിക്കുകയാണ് പലരും.

ജീവിതമാകുന്ന സാഗരം ചിലപ്പോള്‍ ശാന്തവും സുന്ദരവുമായിരിക്കും. ചിലപ്പോള്‍ തിരമാലകള്‍ അസ്വസ്ഥരായി അതിന്റെ ഉപരിതലത്തില്‍ ഓടിക്കളിക്കുന്നുണ്ടാകും. താങ്ങാനാവത്ത ഉള്‍ഭാരത്താല്‍ ചിലപ്പോളത് ആര്‍ത്തിരമ്പും. എന്തിനധികം! ഒരു സുനാമിയായി അത് ഉയര്‍ന്നു പൊങ്ങുക എപ്പോഴെന്ന് ആര്‍ക്കറിയാം! ഏതവസ്ഥയിലും അതിനെ അതിജയിക്കാന്‍ പഠിക്കുക. ഏതു കൊടുങ്കാറ്റിലും നിലകൊള്ളാനുള്ള മികവ് കരസ്ഥമാക്കുക. എല്ലാം സ്രഷ്ടാവില്‍ നിന്ന് പഠിക്കുക. നീ ആരാണ്, ജീവിതമെന്താണ്, നിന്നില്‍ നിന്നവന്‍ പ്രതീക്ഷിക്കുന്നതെന്താണ്… എല്ലാം മനസ്സിലാക്കുക. ആ ധാരണകളില്‍ സ്വഹൃദയത്തിന് അടിത്തറ പാകുക. ഒളിച്ചോട്ടം ഒന്നിനും പരിഹാരമാവില്ല. ഹൃദയത്തെ ദൈവത്തോട് ചേര്‍ക്കുക. അവനാണ് നിന്നെക്കാള്‍ കൂടുതല്‍ നിന്നെ അറിയുന്നവന്‍. സ്വയം തിരിച്ചറിഞ്ഞ് വളര്‍ന്ന് മുന്നേറുക.

സംഭവിച്ചു കൊണ്ടിരിക്കുന്ന വിപത്തുകളുടെ പേരില്‍ സ്വയം ശപിച്ചു കൊണ്ടിരിക്കുകയാണോ നീ? എങ്കില്‍ നീ ശപിക്കുന്നത് നിന്നെ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന നിന്റെ നാഥനെ തന്നെയാണ്. നീ നിഷേധിക്കുന്നത് നിന്റെ നിയോഗ ലക്ഷ്യത്തെയാണ്. നിന്റെ ധാരണകളെക്കാള്‍ എത്രയോ വിശാലമാണ് അല്ലാഹുവിന്റെ വിവേകമെന്നറിയുക. വളരെ ഇടുങ്ങിയ ഒരു ക്യാന്‍വാസിലൂടെ മാത്രമാണ് നാം ജീവിതത്തെയും അതിലെ സംഭവ വികാസങ്ങളെയും കാണുന്നത്. അത് പൂര്‍ണമായും ദൃശ്യമാകുന്നത് അല്ലാഹുവിന് മാത്രമാണ്. പ്രത്യക്ഷത്തില്‍ വിപത്തെന്ന് നാം ധരിക്കുന്ന പലതിന്റെയും പിന്നിലെ ഔചിത്യം അവന്‍ മാത്രമേ അറിയുന്നുള്ളൂ. ചരിത്രത്തില്‍ അതിന് എത്രയെത്ര ഉദാഹരണങ്ങള്‍.. ഹുദൈബിയാ സന്ധിയിലേക്ക് നോക്കൂ. മനക്ലേശത്താല്‍ വെന്തുരുകുകയായിരുന്നില്ലേ വിശ്വാസികള്‍. ഒടുവില്‍ അല്ലാഹു അവരെ വിജയത്തിന്റെ കൊടുമുടിയിലെത്തിച്ചു, ഇഹപര സൗഭാഗ്യങ്ങളാല്‍ അനുഗ്രഹിച്ചു.

ഇനി പറയൂ.. വ്യാകുലപ്പെടാനെന്തിരിക്കുന്നു? നിരാശനാവുന്നതെന്തിന്? അല്ലാഹു അറിയുന്നില്ലേ നിന്റെ അന്തരാളങ്ങളിലെ മുറിവുകള്‍? അവനില്ലേ നിന്റെ കൂടെ?

നിരാശ ഇബ്‌ലീസിന്റെ ആയുധമാണ്. അതിലൂടെ അവന്‍ മനുഷ്യനെ അധപതനത്തിന്റെ പടുകുഴിയില്‍ തള്ളിയിടുന്നു. ഒരു പ്രശ്‌നത്തെ സംബന്ധിച്ച് പരിധിവിട്ട് അസ്വസ്ഥനാകുന്നത് നിന്റെ നാഥനനോട് കാട്ടുന്ന അതൃപ്തിയാണ്. വെയിലും മഴയും പ്രകൃതിയുടെ ഭാഗമാണ്. അതിന്റെ സന്തുലനത്തിനും സൗന്ദര്യത്തിനും രണ്ടും ആവശ്യമാണ്. രാത്രിയുടെ കൂരിരുട്ട് ശാശ്വതമല്ല. അതിനെ ഭേദിച്ചു കൊണ്ട് പകലിന്റെ പൊന്‍കിരണങ്ങളുദിക്കുക തന്നെ ചെയ്യും. ദുഖത്തെയും സന്തോഷത്തെയും ഈമാന്‍ കൊണ്ട് വരവേല്‍ക്കുക. കഠിനയാതനകളാന്‍ മനസ്സ് തളരുമ്പോള്‍ ആത്മാര്‍ത്ഥമായി മന്ത്രിക്കുക. ‘ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.’ ഞങ്ങള്‍ അല്ലാഹുവില്‍ നിന്നാണ്. മടക്കപ്പെടുന്നതും അവനിലേക്കാണ്.
‘നിശ്ചയം ദൈവസ്മരണയാലാണ് ഹൃദയങ്ങള്‍ ശാന്തിയടയുന്നത്.’

സംഗ്രഹം : നബാ നബീല്‍

Related Articles