Current Date

Search
Close this search box.
Search
Close this search box.

‘എനിക്ക് വ്യഭിചരിക്കണം! എനിക്ക് വ്യഭിചരിക്കണം! എനിക്ക്… ‘

spider-web.jpg

എനിക്ക് വ്യഭിചരിക്കണം! ഞാന്‍ കെഞ്ചുകയാണ്. എനിക്ക് പിടിച്ചു നില്‍ക്കാനാവുന്നില്ല. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഞാന്‍ രോഗിയായിരുന്നു. അല്‍ ഹംദു ലില്ലാഹ്! ഇപ്പോള്‍ ഞാന്‍ നമസ്‌കരിക്കുന്നുണ്ട്. നോമ്പെടുക്കുന്നുണ്ട്. പക്ഷെ, വിവാഹാലോചനകളെല്ലാം പരാജയപ്പെടൂകയാണ്. എനിക്ക് വ്യഭിചരിക്കണം! എനിക്ക് വ്യഭിചരിക്കണം! എനിക്ക് വ്യഭിചരിക്കണം!.. ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. പക്ഷെ, യാതൊരു പ്രതികരണവുമില്ല. ഞാനെന്തു ചെയ്യും? എനിക്ക് പിടിച്ചു നില്‍ക്കാനാവുന്നില്ല.

മറുപടി: 1. താങ്കള്‍ ഞങ്ങളോട് തുറന്നു സംസാരിച്ചത് പോലെ, ഞങ്ങള്‍ താങ്കളോടും തുറന്നു പറയുകയാണ്.  വ്യഭിചാരമനുവദിച്ചു തരാനാണോ താങ്കള്‍ ഞങ്ങള്‍ക്കെഴുതിയത്? അല്ലാഹുവിനെ ധിക്കരിക്കുന്ന ഒരു കുറ്റത്തിന്ന് അനുമതി നല്‍കാന്‍ ഞങ്ങള്‍ക്ക് യാതൊരു അധികാരവുമില്ല. ഒരു മഹാപാപം അനുവദനീയമാക്കുന്ന ഒരു വിധി പുറപ്പെടുവിക്കാനാണോ താങ്കള്‍ ഞങ്ങളൊടാവശ്യപ്പെടൂന്നത്? ഒരു മുസ്‌ലിമിന്നും അത് ചെയ്യാനാവുകയില്ല. വ്യഭിചാരം ഒരു മഹാപാപമാണ്. അടിക്കുകയോ എറിഞ്ഞു കൊല്ലുകയോ ആണ് അതിന്ന് അല്ലാഹു നിശ്ചയിച്ച ശിക്ഷ.  നരകത്തില്‍ അതി കഠിനമായ ശിക്ഷ അയാള്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെടുകയും ചെയ്തിട്ടുണ്ട്. അത്തരം ശിക്ഷകളെ സംബന്ധിച്ചു പ്രവാചകന്‍ നമ്മെ പഠിപ്പിച്ചിട്ടുമുണ്ട്. വ്യഭിചാരികളെ ഒന്നടങ്കം നരകത്തില്‍ നഗ്‌നരായി ഒരുമിച്ചു കൂട്ടും; അഗ്‌നി ജ്വാലകള്‍ അവര്‍ക്കേല്‍പ്പിക്കപ്പെടും; അവരുടെ കരച്ചിലും ശബ്ദങ്ങളും കേള്‍ക്കപ്പെടൂം.
അതിനാല്‍, ഇത്തരമൊരു അധാര്‍മ്മികതക്ക് താങ്കളെ അനുവദിക്കാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല. അതിന്ന് അനുമതി നല്‍കുന്ന വിധി പുറപ്പെടൂവിക്കാനും ഞങ്ങള്‍ക്കാവില്ല.
2. താങ്കളോട് തുറന്നു സംസാരിക്കാമെന്ന് വാഗ്ദത്തം ചെയ്തുവല്ലോ. ഇത്തരമൊരു നൈരാശ്യവും വിഷമവുമെത്തിയത്, താങ്കളുടെ സഹൊദരിക്കോ, മാതാവിന്നോ – അല്ലാഹു കാക്കട്ടെ, ആണെന്നു വെക്കുക. താങ്കളാഗ്രഹിച്ചത് പോലെ അവര്‍ ആഗ്രഹിച്ചുവെന്നിരിക്കട്ടെ. താങ്കളുടെ നിലപാടെന്തായിരിക്കും? എന്തായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. താങ്കളുടെ ഇംഗിതം എത്രമാത്രം ഭീബത്സമാണെന്നു ശ്രദ്ധയില്‍ പെടൂത്തുക മാത്രമാണിവിടെ ചെയ്യുന്നത്.
അത് വിടുക. മറ്റൊരു കാര്യമെടുക്കാം. വ്യഭിചരിക്കാനാഗ്രഹിക്കുന്ന എത്രയോ ചെറുപ്പക്കാരുണ്ടായിരിക്കും. താങ്കളെ പോലെ, അവരും ആദരണീയരുമായിരിക്കും. അവര്‍ നിരാശരാണ്. പിടിച്ചു നില്‍ക്കാനാവുന്നില്ല. അവര്‍ വ്യഭിചരിക്കനാഗ്രഹിക്കുന്നത്, താങ്കളുടെ സഹോദരിയെയോ, മാതാവിനെയോ – അല്ലാഹു കാക്കട്ടെ  ആണെന്നും വെക്കുക. താങ്കളുടെ പ്രതികരണമെന്തായിരിക്കും? അതെന്തായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍, ഈ അധാര്‍മികത്വം താങ്കള്‍ക്ക് ഞങ്ങള്‍ അനുവദിക്കുകയാണെങ്കില്‍, അതേ കാരണത്താല്‍, താങ്കളുടെ സഹോദരിക്കും മാതാവിന്നും ഞങ്ങള്‍ അനുവദിക്കേണ്ടി വരും. താങ്കളുടെ സഹോദരിയെയും മാതാവിനെയും വ്യഭിചരിക്കാന്‍ മറ്റുള്ളവര്‍ക്കും അനുമതി നല്‍കേണ്ടി വരും. പരിശുദ്ധ ശരീഅത്ത് അതനുവദിക്കാന്‍ യാതൊരു വഴിയുമില്ല. താങ്കളുടെ സഹോദരിയുടെയും മാതാവിന്റെയും ചാരിത്ര്യം ശരീഅത്ത് പരിരക്ഷിക്കുന്നു. അവ ധിക്കരിക്കുന്നവര്‍ ഇഹത്തിലും പരത്തിലും അതിന്റെ ദുരന്ത ഫലം അനുഭവിക്കേണ്ടി വരും. താങ്കളുടെ കുടുംബത്തിന്റെ ചാരിത്ര്യത്തിന്ന്, ഈ പരിശുദ്ധ നിയമം എത്രമാത്രം സുരക്ഷ നല്‍കുന്നുവെന്നു താങ്കള്‍ മനസ്സിലാക്കുന്നുണ്ടോ? പിന്നെങ്ങനെയാണ്, അവരുടെ ചാരിത്ര്യം കളങ്കപ്പെടുത്താനും, ‘അങ്ങനെ ചെയ്‌തോളു, കുറ്റമില്ല’ എന്ന് വിധി പുറപ്പെടൂവിക്കാനും, ഞങ്ങളോട് താങ്കള്‍ ആവശ്യപ്പെടുക?
ഒരിക്കല്‍, വ്യഭിചാരത്തിന്ന് അനുമതി തേടിക്കൊണ്ട്, പ്രവാചക സന്നിധിയിലെത്തിയ ഒരു യുവാവിനോട്, അവിടൂന്ന് ചോദിച്ച ചോദ്യമാണിവിടെ ഞങ്ങള്‍ താങ്കളോട് ചോദിച്ചത്. അവിടൂന്ന് അയാളോട് ചോദിച്ചു: താങ്കളുടെ മാതാവിനോടാണിത് ചെയ്യുന്നതെങ്കില്‍ താങ്കള്‍ ഇഷ്ടപ്പെടുമോ? സഹോദരിയോടാണീത് ചെയ്യുന്നതെങ്കില്‍ താങ്കള്‍ ഇഷ്ടപ്പെടൂമൊ?
താങ്കള്‍ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന കാര്യം എത്രമാത്രം ജൂഗുപ്‌സാവഹമാണെന്ന് ധരിപ്പിക്കുക മാത്രമാണിവിടെ ഉദ്ദേശ്യമെന്നു മനസ്സിലാക്കിയിരിക്കുമല്ലോ. ആളുകളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് കളങ്കപ്പെടൂത്താനുള്ളതല്ല മനുഷ്യരുടെ ചാരിത്ര്യം. വിശുദ്ധ ശരീഅത്ത് അതിനെ പരിരക്ഷിക്കുകയാണ്.
3. പ്രിയ സഹോദരാ, വ്യഭിചാരമെന്ന ഈ അധാര്‍മിക പ്രവര്‍ത്തി ചെയ്താല്‍  അല്ലാഹു കാക്കട്ടെ, വല്ലപ്പോഴും ഈ മഹാ വിപത്തില്‍ ആപതിക്കുന്നതില്‍ നിന്ന് രക്ഷിക്കുകയും ചെയ്യട്ടെ – താങ്കള്‍ക്ക് ആശ്വാസവും സംതൃപ്തിയും ലഭിക്കുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? എങ്കില്‍, വലിയൊരബദ്ധമാണ് താങ്കള്‍ക്ക് പറ്റിയത്. ഇഹത്തിലെയും പരത്തിലെയും, അതികഠോരമായ ദുരന്തങ്ങളുടെ ഒരു തുടക്കം മാത്രമാണീ പാപം. മതരാഹിത്യം, ധാര്‍മിക ബോധമില്ലായ്മ, ആത്മാഭിമാനമില്ലായ്മ, വിശ്വാസ വഞ്ചന, നിര്‍ലജ്ജത, ഗുണദോഷ വിചാരമില്ലായ്മ തുടങ്ങിയവയാണതിന്റെ ആധാര ശിലകള്‍. അതിന്റെ ദുഷ്ഫലങ്ങളില്‍ ചിലത് ഇതാണ്: ദൈവകോപം, മുഖത്തെ കറുപ്പും ഇരുട്ടും, ഹൃദയത്തിലെ തമസ്സ്, മനസ്സിന്റെ ഇടൂക്കവും സങ്കോചവും…
4. പ്രിയ സഹോദരാ, ഞങ്ങള്‍ ചോദിക്കട്ടെ, എന്തിനാന് താങ്കള്‍ നമസ്‌കരിക്കുന്നത്? എന്തിനാണ് നോമ്പെടൂക്കുന്നത്? താങ്കളെ പറ്റി നല്ലഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്. അതിനാല്‍ തന്നെ, ‘അല്ലാഹു കല്പിച്ചത് കൊണ്ട്’ എന്നായിരിക്കും മറുപടി എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. പക്ഷെ, ഗുഹ്യ ഭാഗം സൂക്ഷിക്കാന്‍ അവന്‍ കല്പിക്കുകയും വ്യഭിചാരം നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നുവല്ലോ. നമസ്‌കാര വേളയില്‍, അല്ലാഹു നിരീക്ഷിക്കുന്നുവെന്ന ബോധത്താല്‍, താങ്കള്‍ ശാന്തനും അതീവ ശ്രദ്ധാലുവുമായി, നബി(സ) പഠിപ്പിച്ചത് പോലെ നമസ്‌കരിക്കാന്‍ ശ്രമിക്കുമെന്നത് ഉറപ്പാണല്ലോ. അത് പൊലെ, ഈ അധാര്‍മിക പ്രവര്‍ത്തിക്കൊരുങ്ങുമ്പോഴും ഈ നിരീക്ഷണമുണ്ടാകുമല്ലൊ. അല്ലാഹു നിരീക്ഷിക്കുന്നുവെന്ന വിശ്വാസം, നമസ്‌കാരം പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് ഹേതുവായി തീര്‍ന്നെങ്കില്‍, വ്യഭിചാരമെന്ന ഈ മഹാപാപം ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ അകറ്റാനും അതേ വിശ്വാസം ഹേതുവാകേണ്ടതല്ലേ?  ഇസ്‌ലാം, ആരോഗ്യം, സുസ്ഥിതി തുടങ്ങിയ നിരവധി അനുഗ്രഹങ്ങള്‍ നല്‍കിയ അല്ലാഹുവിനോട് കൃതജ്ഞത പ്രകാശിപ്പിക്കേണ്ടത് ഈ രീതിയിലല്ലെന്ന് തങ്കള്‍ക്കറിയാമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.
5. പ്രിയ സഹോദരാ, രോഗം, വിഷമം എന്നിവയുടെ പേരില്‍ അല്ലാഹുവില്‍ നിന്നും പ്രതിഫലാര്‍ഹനാണ് താങ്കളെന്ന് താങ്കള്‍ മനസ്സിലാക്കാതെ പോയി. വിഷമ ഘട്ടത്തില്‍ സഹനം കൈകൊള്ളുക, നന്മ വന്നുഭവിക്കുമ്പോള്‍ അല്ലാഹുവോട് കൃതജ്ഞത പ്രകാശിപ്പിക്കുക എന്നതാണ് വിശ്വാസികളുടെ രീതി. അതിന്റെയെല്ലാം ഫലമായി, റബ്ബിനെ കണ്ടു മുട്ടുന്ന നാളില്‍, താങ്കളുടെ തുലാസില്‍ നന്മകള്‍ നിറഞ്ഞതായി കാണാം.
6. താങ്കളുടെ പ്രാര്‍ത്ഥനകളൊന്നും പാഴായി പോകുകയില്ലെന്നും, അവക്ക് ഉത്തരം കിട്ടുന്നില്ലെന്ന വാദം തെറ്റാണെന്നും താങ്കള്‍ മനസ്സിലാക്കിയില്ല. പ്രാര്‍ത്ഥനകള്‍ക്ക് മൂന്നു രീതികളിലായിരിക്കും പ്രതികരണം ലഭിക്കുക. 1. ആവശ്യപ്പെട്ട കാര്യം ഉടനെ തന്നെ ലഭിക്കുക. 2. ഒരു തിന്മയില്‍ നിന്ന് താങ്കളെ അകറ്റി നിര്‍ത്തുക. 3. പരലോകത്ത് വെച്ചു പ്രതിഫലം നല്‍കാനായി നീട്ടിവെക്കുക. പക്ഷെ, നിങ്ങളുടെ ആവശ്യം ലഭിച്ചെങ്കിലേ, പ്രാര്‍ത്ഥന സ്വീകരിക്കെപ്പെട്ടതായി കണക്കാക്കാന്‍ പറ്റൂ എന്നാണ് നിങ്ങള്‍ കരുതുന്നത്. അതിന്റെ അഭാവത്തില്‍, പ്രാര്‍ത്ഥന അല്ലാഹു തള്ളീക്കളഞ്ഞുവെന്ന് നിങ്ങള്‍ പറയുന്നു. ഇത് വ്യക്തമായ അബദ്ധമാണെന്നതില്‍ സംശയമില്ല. റബ്ബിനൊട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍, മഹത്തായ ഒരു ആരാധനയിലാണ് ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത്. അതില്‍, സ്രഷ്ടാവിന്റെ മുമ്പില്‍ തന്റെ ആവശ്യവും വിനയവും അയാള്‍ പ്രകടിപ്പിക്കുന്നു. തന്റെ പ്രാര്‍ത്ഥനക്ക് ഉടനെ പ്രതികരണം ലഭിക്കണമെന്ന് ഒരാളില്‍ ആഗ്രഹമുണ്ടാക്കുകയാണ്, പ്രാര്‍ത്ഥനയില്‍ നിന്നയാളെ തടയാന്‍ പിശാച് പ്രയോഗിക്കുന്ന ഒരു രീതി. തദ്വാരാ, ക്ഷമ കെട്ട് അയാള്‍ പ്രാര്‍ഥന വിട്ടുപോകുമല്ലൊ.
7. ഇതെല്ലാം മനസ്സിലാക്കിയ താങ്കള്‍, ‘എനിക്ക് വ്യഭിചരിക്കേണ്ട’ എന്നു പറയുന്നതായി കേള്‍ക്കുന്നത് പൊലെ തോന്നുന്നു. താങ്കളില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും അത് തന്നെ. കാരണം, ഒരു അധാര്‍മിക പ്രവര്‍ത്തിക്ക് അനുമതി നല്‍കാന്‍ താങ്കള്‍ ഞങ്ങള്‍ക്ക് എഴുതിയിട്ടില്ല. അതിന്നുള്ള അധികാരം ഞങ്ങള്‍ക്കില്ലെന്നു താങ്കള്‍ക്ക് വ്യക്തമായി അറിയാമെന്നതാണ് കാരണം. അതായിരുന്നു ഉദ്ദേശ്യമെങ്കില്‍, ഞങ്ങള്‍ക്കെഴുതാതെ തന്നെ താങ്കള്‍ അത് ചെയ്യുമായിരുന്നുവല്ലോ. ഞങ്ങള്‍ താങ്കളെ നിരീക്ഷിക്കുന്നില്ലല്ലോ. ഞങ്ങളുടെ അനുമതി ആവശ്യമാകും വിധം ഞങ്ങളുടെ ഭരണത്തിന്‍ കീഴിലുമല്ല താങ്കള്‍. താങ്കള്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നത്തെ കുറിച്ച്, താങ്കളുടെ സഹോദരങ്ങളൊട് വേവലാതിപ്പെടുകയും, അവരുടെ ഉപദേശങ്ങളും മാര്‍ഗദര്‍ശനവും തേടി അതില്‍ നിന്നൊഴിവാകുകയുമാണ് താങ്കളുടെ ഉദ്ദേശ്യമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. വിവാഹം വൈകിപ്പിച്ചു കൊണ്ട് അല്ലാഹു താങ്കളെ പരീക്ഷിക്കുകയാണ്. ഇതില്‍ സഹനം കൈകോള്ളണമെന്ന് ഉപദേശിച്ചു കൊണ്ട്, ഞങ്ങളിതാ താങ്കളോടൊപ്പമുണ്ട്. ഇക്കാലമത്രയും മതത്തെ സംരക്ഷിച്ചു നിര്‍ത്തിയതില്‍ താങ്കളെ ഞങ്ങള്‍ അഭിനന്ദിക്കുകയാണ്. താങ്കള്‍ ദൈവിക സഹായം തേടുകയാണെങ്കില്‍, ഇതിനേക്കാള്‍ കാലം അത് സംരക്ഷിക്കാന്‍ താങ്കള്‍ക്ക് കഴിയുമെന്നും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്.
ദൈവിക കാരുണ്യത്തെ കുറിച്ച് നിരാശപ്പെടാതെ, സദ് വൃത്തയായൊരു സഹധര്‍മ്മിണിയെ അന്വേഷിച്ചു കൊണ്ടേയിരിക്കണമെന്നും, സുകൃതങ്ങളിലൂടെയും വിനയത്തിലൂടെയും രക്ഷിതാവുമായുള്ള ബന്ധം സുദൃഡമാക്കണമെന്നും ഞങ്ങള്‍ ഉപദേശിക്കുകയാണ്.
അല്ലാഹു വിശ്വാസം താങ്കള്‍ക്ക് പ്രിയങ്കരമാക്കുകയും ഹൃദയത്തില്‍ അത് ഭംഗിയാക്കുകയും ചെയ്യട്ടെ! അവിശ്വാസവും ദുര്‍നടപടികളും പാപങ്ങളും തങ്കള്‍ക്ക് വെറുക്കപ്പെട്ടതാകട്ടെ! സച്ചരിതരില്‍ അല്ലാഹു താങ്കളെ ഉള്‍പ്പെടൂത്തട്ടെ!

അവലംബം : http://islamweb.org
വിവ: കെ.എ. ഖാദര്‍ ഫൈസി

Related Articles