Current Date

Search
Close this search box.
Search
Close this search box.

ആളുകളുടെ സ്‌നേഹം പിടിച്ചുപറ്റാം

goodness.jpg

എങ്ങനെ നമ്മെ സ്‌നേഹിക്കുന്നവരാക്കി ആളുകളെ മാറ്റാം എന്ന ചോദ്യവുമായിട്ടാണ് അവന്‍ വന്നത്. ഞാന്‍ പറഞ്ഞു: ആളുകളുടെ സ്‌നേഹം വലിയൊരു അനുഗ്രഹമാണ്. അത് നേടാന്‍ രണ്ട് മാര്‍ഗമാണുള്ളത്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളും പെരുമാറ്റവും കാരണം ആളുകള്‍ ഇഷ്ടപ്പെടുകയാണ് ഒന്നാമത്തേത്. രണ്ടാമത്തേത് അല്ലാഹു താങ്കള്‍ക്ക് ഈ ലോകത്ത് സ്വീകാര്യത നല്‍കലാണ്, അപ്പോള്‍ ആളുകള്‍ നിങ്ങളെ സ്‌നേഹിക്കും. ‘ജനങ്ങളുടെ സ്‌നേഹം എനിക്കാവശ്യമാണ്’ എന്നവന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു: മനസ്സിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ പെട്ടതാണ് സ്‌നേഹം, നിനക്കത് സ്വസ്ഥതയും ആത്മവിശ്വാസവും പകരുന്നു. എന്നാല്‍ ജനങ്ങളുടെ സ്‌നേഹത്തെയും അവരുടെ തൃപ്തിയെയും രണ്ടായി വേര്‍തിരിച്ച് കാണേണ്ടത് അനിവാര്യമാണ്. ജനങ്ങളുടെ സ്‌നേഹം നേടാനുള്ള നിങ്ങളുടെ ശ്രമം ഒരിക്കലും അവരുടെ തൃപ്തി നേടിത്തരണമെന്നില്ല. ജനങ്ങളുടെ തൃപ്തി എത്തിപ്പിടിക്കാന്‍ കഴിയാത്ത ലക്ഷ്യമാണെന്നതാണ് കാരണം. എന്നാല്‍ അവരുടെ സ്‌നേഹം എത്തിപ്പിടിക്കാവുന്ന ലക്ഷ്യം തന്നെയാണ്.

അവന്‍ ചോദിക്കുന്നു: ആളുകളുടെ സ്‌നേഹം നേടാന്‍ ഞാനെന്താണ് ചെയ്യേണ്ടത്? ഞാന്‍ പറഞ്ഞു: ആറ് കാര്യങ്ങള്‍ ചെയ്താല്‍ അവര്‍ നിന്നെ സ്‌നേഹിക്കും. ഒന്ന്, മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുന്നവനായി നീ മാറണം. ഒരാള്‍ക്ക് എന്തെങ്കിലും ആവശ്യമുള്ളതായി മനസ്സിലാക്കുകയോ സഹായം തേടുകയോ ചെയ്താല്‍ അവന് ആവശ്യമായ സേവനം ചെയ്യാന്‍ മുന്നിട്ടിറങ്ങണം. നിങ്ങളുടെ സാമൂഹികാവബോധം ചുറ്റുപാടുമുള്ളവരെ സേവിക്കാന്‍ പ്രേരിപ്പിക്കുന്നതിനാല്‍ അവര്‍ നിങ്ങളെ സ്‌നേഹിക്കും. രണ്ട്, ചുറ്റുമുള്ളവര്‍ക്ക് പോസിറ്റീവ് എനര്‍ജി പകര്‍ന്നു കൊടുക്കുക. ആവലാതിയുമായി ഒരാള്‍ വന്നാല്‍ ‘താങ്കള്‍ക്ക് അല്ലാഹു ഈ വിപത്തില്‍ വല്ല നന്മയും കണക്കാക്കിയിട്ടുണ്ടാവും’ എന്ന തരത്തിലുള്ള ആശ്വാസവാക്കുകള്‍ പകര്‍ന്നു കൊടുക്കാന്‍ സാധിക്കണം. അപ്രകാരം ജീവിതത്തിലും സമൂഹത്തിലും കടുത്ത പ്രയാസം നേരിടുന്ന ഒരാള്‍ക്ക് അയാളുടെ ജീവിതത്തിന്റെ ശോഭിക്കുന്ന വശങ്ങള്‍ കാണിച്ചു കൊടുത്ത് ആശ്വാസം നല്‍കാന്‍ കഴിയണം. മൂന്ന്, സ്‌നേഹം പ്രകടിപ്പിക്കുക. ഉദാഹരണത്തിന് കൂട്ടുകാരനെ കാണുമ്പോള്‍ ‘നിന്നെ കാണാനാഗ്രഹിച്ചിരിക്കുകയായിരുന്നു.’, അധ്യാപകനെ കാണുമ്പോള്‍ ‘താങ്കളാണ് എന്റെ ജീവിതത്തെ മാറ്റിയത്’ എന്നൊക്കെ പറയുന്നതിലൂടെ അവരുടെ സ്‌നേഹം നമുക്ക് കരസ്ഥമാക്കാം. അതുപോലെയാണ് നേരത്തെ നമുക്കറിയാത്ത ഒരു നല്ല പെരുമാറ്റം ഒരാളില്‍ കാണുമ്പോള്‍ ‘അതെനിക്കിഷ്ടമായി’ എന്ന് പ്രകടിപ്പിക്കുന്നതും. നാല്, ആളുകളോട് പുഞ്ചിരിക്കുന്നവനും സന്തോഷവാനുമായിരിക്കുക. സംസാരത്തില്‍ അല്‍പം നര്‍മം കലര്‍ത്തുന്നത് ആളുകളുടെ മനസ്സുകളെ കൂടുതല്‍ സ്വാധീനിക്കും. ഇറ്റലിയില്‍ ക്ലാസ്സെടുക്കുന്നതിനിടെയുണ്ടായ ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. കുടുംബത്തോടും സഹാബിമാരോടുമുള്ള പ്രവാചകന്‍(സ)യുടെ പെരുമാറ്റത്തിലുണ്ടായിട്ടുള്ള നര്‍മത്തിന്റെ പത്തിലേറെ സന്ദര്‍ഭങ്ങള്‍ ഞാന്‍ സദസ്സിന് മുന്നില്‍ വെച്ചു. ക്ലാസിന് ശേഷം ഒരു അമുസ്‌ലിം സഹോദരന്‍ എന്നോട് പറഞ്ഞു: മുഹമ്മദിനെ എനിക്ക് ഇഷ്ടമായിരുന്നില്ല, നര്‍മത്തോടുള്ള അദ്ദേഹത്തിന്റെ പ്രിയം എന്നില്‍ അദ്ദേഹത്തോട് ഇഷ്ടമുണ്ടാക്കിയിരിക്കുന്നു. അഞ്ച്, രൂപവും ഭാവവും വസ്ത്രധാരണവും വൃത്തിയും സൗന്ദര്യവും മനസ്സുകളിലേക്കുള്ള മാന്ത്രിക കവാടമാണ്. ആറ്, ആളുകളെ പരിഗണിക്കുക. അവരോട് സംസാരിക്കുമ്പോള്‍ അവരെ നോക്കികൊണ്ടാവുകയും അവര്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്യുക. ഈ ആറ് ഗുണങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ആളുകള്‍ നിങ്ങളെ സ്‌നേഹിക്കുമെന്നതില്‍ സംശയം വേണ്ട.

അവന്‍ പറഞ്ഞു: മനോഹരമായ തത്വങ്ങള്‍ ഞാന്‍ ജീവിതത്തില്‍ പകര്‍ത്തുക തന്നെ ചെയ്യും. മറ്റൊരാളോട് ‘താങ്കള്‍ എന്നെ സ്‌നേഹിക്കണം’ എന്ന് പറഞ്ഞ ഒരാളെ എനിക്കറിയാം. അതിനെ കുറിച്ച് എന്തുപറയുന്നു? ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: കല്‍പിച്ചോ ചോദിച്ചോ നേടിയെടുക്കാവുന്നതല്ല സ്‌നേഹം. ഒരാളുടെ ഉള്ളില്‍ നിന്നുണ്ടാവുന്നതാണത്. ജനങ്ങളോട് സ്‌നേഹം ചോദിച്ചുവാങ്ങുകയെന്നത് സ്‌നേഹത്തെ കുറിച്ച തെറ്റായ ധാരണയാണ്. സ്‌നേഹം പണമല്ല എന്നതു തന്നെയാണ് കാരണം.

അല്ലാഹുവിനാല്‍ സ്വീകാര്യനായി അവന്റെ സ്‌നേഹം നേടുന്നതിലൂടെ ജനങ്ങളുടെ സ്‌നേഹം നേടാമെന്ന രണ്ടാമത്തെ മാര്‍ഗം എങ്ങനെയാണ്? ഞാന്‍ പറഞ്ഞു: ജനങ്ങളുടെ സ്‌നേഹം നേടാനുള്ള സുപ്രധാന മാര്‍ഗമാണത്. ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ‘അല്ലാഹു ഒരു അടിമയെ സ്‌നേഹിച്ചാല്‍ ജിബ്‌രീലിനെ വിളിച്ച് പറയും: ഇന്ന വ്യക്തിയെ അല്ലാഹു സ്‌നേഹിക്കുന്നു അതുകൊണ്ട് അവനെ സ്‌നേഹിക്കണം. അപ്പോള്‍ ജിബ്‌രീല്‍ അവനെ സ്‌നേഹിക്കും. തുടര്‍ന്ന് ജിബ്‌രീല്‍ ആകാശലോകത്ത് വിളിച്ചു പറയും: അല്ലാഹു ഇന്ന വ്യക്തിയെ സ്‌നേഹിക്കുന്നു അതുകൊണ്ട് നിങ്ങളും അവനെ സ്‌നേഹിക്കണം. അപ്പോള്‍ ആകാശലോകത്തുള്ളവരെല്ലാം അവനെ സ്‌നേഹിക്കുകയും അവന് ഭൂമിയില്‍ സ്വീകാര്യത നല്‍കുകയും ചെയ്യും.’ അല്ലാഹുവിന്റെ സ്‌നേഹത്തിനായി നിങ്ങള്‍ പരിശ്രമിക്കുക, അതിലൂടെ ആകാശലോകത്തുള്ളവര്‍ നിങ്ങളെ സ്‌നേഹിക്കും. ഭൂമിയിലുള്ള മനസ്സുകളും നിങ്ങള്‍ക്ക് കീഴ്‌പ്പെടും. ‘അല്ലാഹുവിനോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരോട് കാരുണ്യത്താലും ചായുന്നതാക്കി വിശ്വാസികളുടെ മനസ്സുകളെ മാറ്റും.’ എന്നൊരു റിപോര്‍ട്ടുണ്ട്. (أثَر)

ജനങ്ങളോടുള്ള സ്‌നേഹത്തില്‍ ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തുക. നിങ്ങളോടുള്ള അവരുടെ സ്‌നേഹവും വര്‍ധിക്കും. അവന്‍ പറഞ്ഞു: ജനഹൃദയങ്ങളെ അടുപ്പിക്കാനുള്ള ആറ് കാര്യങ്ങള്‍ക്കൊപ്പം അല്ലാഹുവിനോടുള്ള എന്റെ ബന്ധവും ഞാന്‍ ശരിപ്പെടുത്തും. ഞാന്‍ പറഞ്ഞു: ഒരാള്‍ നിങ്ങളെ സ്‌നേഹിക്കുന്നില്ലെന്ന് തോന്നിയാല്‍ അവന് സമ്മാനം നല്‍കുക. സ്‌നേഹത്തിന്റെ പ്രവാചകന്‍ പറഞ്ഞിട്ടുള്ളത് ‘നിങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കുക, നിങ്ങള്‍ പരസ്പരം സ്‌നേഹിക്കും.’ എന്നാണല്ലോ. ജീവിതത്തിലെ ലക്ഷ്യങ്ങളെയും മുന്‍ഗണനാക്രമങ്ങളെയും അവഗണിക്കാതെ ആളുകള്‍ക്ക് ഉപകാരവും നന്മകളും ചെയ്യുക. അതിലൂടെ ജനങ്ങളുടെയും അല്ലാഹുവിന്റെയും സ്‌നേഹം നേടി സന്തോഷത്തിന്റെ പൂര്‍ണതയിലെത്താം.

മൊഴിമാറ്റം: നസീഫ്‌
 

Related Articles