Current Date

Search
Close this search box.
Search
Close this search box.

അല്ലാഹു കൂടെയുണ്ടെങ്കില്‍ പിന്നെയെന്തിന് ദുഃഖിക്കണം?

sad-man.jpg

‘ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തിന്റെ ഫലത്തെ കുറിച്ച് ആശങ്കാകുലനാവുകയും തുടര്‍ന്ന് അല്ലാഹുവില്‍ അഭയം തേടുകയും അന്നേരം എല്ലായ്‌പോഴും അല്ലാഹു തന്റെ കൂടെയുണ്ടെന്ന് അനുഭവവേദ്യമാവുകയും, ഉദ്ദേശിച്ച കാര്യം ശുഭകരമാവുകയും ചെയ്ത സന്ദര്‍ഭം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ?’ എന്ന് ഇപ്പോള്‍ ഒരു വായനക്കാരനോട് ചോദിച്ചാല്‍, അത്തരത്തിലുള്ള അനേകം സന്ദര്‍ഭങ്ങള്‍ എണ്ണിപ്പറയാന്‍ ഓരോരുത്തര്‍ക്കും സാധിക്കും. കാരണം ‘ദുഃഖിക്കേണ്ട, അല്ലാഹു നമ്മോടൊപ്പമുണ്ട്’ എന്നതൊരു ജീവിത ശൈലിയാണ്. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള ഹിജ്‌റ വേളയില്‍ സൗര്‍ ഗുഹയിലായിരിക്കെ അബൂബക്‌റിനോട് പ്രവാചകന്‍ പറഞ്ഞതും അതുതന്നെയാണ്. സമുദ്രത്തിന്റെയും ഫറോവയുടെ സൈന്യത്തിന്റെയും ഇടയിലകപ്പെട്ട സന്ദര്‍ഭത്തില്‍ മൂസായുടെ കൂടെയുള്ള ചിലര്‍ പറഞ്ഞു: ‘നാം പിടിക്കപ്പെട്ടതുതന്നെ’. അതിന് മറുപടിയായി മൂസാ അവരോട് പറഞ്ഞു: ‘ഒരിക്കലുമില്ല, എന്റെ കൂടെ എന്റെ റബ്ബുണ്ട്. അവന്‍ ഒരു രക്ഷാമാര്‍ഗം കാണിച്ചു തരും’. അതിനുമുമ്പ് ഫറോവയുടെ മുന്നിലെത്തി ഇസ്‌ലാമിന്റെ സന്ദേശം കൈമാറാന്‍ അല്ലാഹു ആവശ്യപ്പെട്ടപ്പോള്‍ മൂസാ നബിക്ക് അല്‍പം ഭയം തോന്നി. ഹാറൂനെ തന്റെ സഹായിയായി നിശ്ചയിക്കാന്‍ അദ്ദേഹം അപേക്ഷിച്ചു. തുടര്‍ന്ന് ഇരുവരോടുമായി അല്ലാഹു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട, തീര്‍ച്ചയായും ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. ഞാന്‍ എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്. പലവിധ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും അല്ലാഹുവിന്റെ സാമീപ്യത്തില്‍, ഒരാള്‍ക്കെങ്ങനെ രാപ്പകല്‍ സ്വസ്ഥനായി കഴിയാന്‍ സാധിക്കും? അല്ലാഹുവിന്റെ സാമീപ്യം അനുഭവിച്ചറിയാന്‍ കഴിയും വിധം ഈ ആശയം എങ്ങനെ തന്റെ സുഹൃത്തുക്കള്‍ക്കും മക്കള്‍ക്കും അവന്‍ കൈമാറും?

അല്ലാഹുവിന്റെ കൂടെ ജീവിക്കുകയും ജീവിതത്തിലുടനീളം അവന് പരമപ്രധാന സ്ഥാനം നല്‍കുകയും ചെയ്യുന്നവന്‍ ഒരിക്കലും ജനങ്ങളെ ഭയപ്പെടുകയില്ല. അല്ലാഹുവിനെ കുറിച്ച ദൃഢബോധ്യവും ദൈനംദിന കര്‍മങ്ങളില്‍ സദാ അല്ലാഹുവിന്റെ കൂടെ ചരിക്കുകയും ചെയ്യുമ്പോഴേ ഈ തലത്തിലേക്കെത്താന്‍ ഒരാള്‍ക്ക് സാധിക്കുകയുള്ളൂ. ഫജ്ര്‍ നമസ്‌കാരം, നമസ്‌കാരാനന്തരമുള്ള ദിക്ര്‍, ആയത്തുല്‍ കുര്‍സിയ്യ് പാരായണം എന്നിവ പതിവാക്കുകയും അങ്ങനെ ആരംഭിക്കുന്ന ദിവസം വിവിധ ഇബാദത്തുകളിലൂടെയും സല്‍കര്‍മങ്ങളിലൂടെയും കടന്നുപോയി ഒടുവില്‍ വിത്‌റ് നമസ്‌കാരവും ഉറങ്ങുന്നതിനുമുമ്പുള്ള ദിക്‌റുകള്‍ ചൊല്ലി അവസാനിക്കുകയും ചെയ്യണം. സച്ചരിതരായ സുഹൃത്തുക്കള്‍ക്ക്, അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെയും അത് നിരന്തരം നിലനിര്‍ത്തേണ്ടതിന്റെയും ആവശ്യകത ഇടക്കിടെ ഓര്‍മപ്പെടുത്തിക്കൊണ്ട് അവനെ സഹായിക്കാന്‍ കഴിയും. സോഷ്യല്‍ മീഡിയ പോലുള്ളവയും അതിന് ഉപയോഗപ്പെടുത്താം.

അല്ലാഹുവുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ രീതി പ്രവാചകന്‍ നമുക്ക് ചുരുക്കിവിവരിച്ചുതന്നിട്ടുണ്ട്. അല്ലാഹുവിന്റെ സാമീപ്യം അനുഭവിച്ചറിയാന്‍ അതുപകരിക്കും. അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെക്കുറിച്ച് വിചാരിക്കുന്നേടത്താണ് ഞാന്‍. അവന്‍ എന്നെ സ്മരിക്കുമ്പോഴൊക്കെ ഞാന്‍ അവന്റെ കൂടെയുണ്ടാവും. അവന്‍ എന്നെ മനസ്സില്‍ ഓര്‍ത്താല്‍ ഞാന്‍ അവനെയും മനസ്സില്‍ ഓര്‍ക്കും. അവന്‍ എന്നെ ഒരു സദസ്സില്‍വെച്ച് ഓര്‍ത്താല്‍ ഞാന്‍ അതിനേക്കാള്‍ മികച്ച ഒരു സദസ്സില്‍ അവനെ അനുസ്മരിക്കും. അവന്‍ എന്നിലേക്ക് ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മുഴം അടുക്കും. അവന്‍ എന്നിലേക്ക് ഒരു മുഴം അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മാറ് അടുക്കും. അവന്‍ എന്നിലേക്ക് നടന്നടുത്താല്‍ ഞാന്‍ അവനിലേക്ക് ധൃതിയില്‍ ചെല്ലും. എല്ലായ്‌പോഴും അല്ലാഹുവിന്റെ കൂടെ ജീവിക്കണമെങ്കില്‍ സല്‍കര്‍മങ്ങളിലൂടെ അവനിലേക്ക് അടുക്കാന്‍ അവന്‍ നമ്മോട് ആവശ്യപ്പെടുന്നു. ഉദാഹരണമായി പരീക്ഷാഹാളിലേക്ക് പ്രവേശിക്കുമ്പോള്‍ നാം അല്ലാഹുവിനോട് സഹായം അര്‍ഥിക്കണം. രോഗംബാധിച്ചാല്‍ അവനോട് ശമനം തേടണം. ദാമ്പത്യപരമോ ശിക്ഷണസംബന്ധമോ കുടുംബപരമോ ആയ എന്തെങ്കിലും പ്രശ്‌നങ്ങളില്‍ അകപ്പെടുമ്പോള്‍ അത് പരിഹരിക്കാനുള്ള ഉതവി നല്‍കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. നീ അനാഥകളെ സന്ദര്‍ശിക്കുമ്പോള്‍ ദിവ്യകാരുണ്യത്തിന്റെ പ്രതിഫലനങ്ങള്‍ അവരില്‍ കാണാം. ഏതെങ്കിലും സാഹചര്യത്തില്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചുനില്‍ക്കുമ്പോഴായിരിക്കും തീര്‍ത്തും അപരിചിതനായ ഒരാള്‍ നിന്നെ സഹായിക്കാനെത്തുന്നത്. ലോകത്ത് എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നും നീ മറ്റൊരാളെ സഹായിച്ചതുപോലെ, അവന്‍ നിനക്ക് കാര്യങ്ങള്‍ എളുപ്പമാക്കിത്തരുന്നുവെന്നും അപ്പോള്‍ നീ അനുഭവിച്ചറിയും. കര്‍മത്തിനുസരിച്ചായിരിക്കുമല്ലോ പ്രതിഫലം.

അല്ലാഹുവിന്റെ സാമീപ്യം അനുഭവിച്ചറിയുന്നവനില്‍ നിന്ന് ഒറ്റപ്പെടലിന്റെ ആശങ്കകള്‍ അകലും; പ്രവാസത്തിന്റെ പ്രയാസങ്ങളും. കാരണം, ‘ഞങ്ങളിലും സച്ചരിതരായ ദാസന്മാരിലും ശാന്തിയും സമാധാനവും വര്‍ഷിക്കേണമേ’ എന്ന് ഓരോ നമസ്‌കാരത്തിലും അവന്‍ ആവര്‍ത്തിച്ച് പ്രാര്‍ഥിക്കുന്നുണ്ട്. താന്‍ സച്ചരിതരോടൊപ്പം ആണെന്നതില്‍ അവന്‍ സന്തുഷ്ടനാവുന്നു. അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കുന്നതോടെ സത്യത്തില്‍ അവന്‍ കൂടുതല്‍ ഉറച്ചുനില്‍ക്കും. ജീവിതത്തെ കുറിച്ച അവന്റെ കാഴ്ചപ്പാടിന് കൂടുതല്‍ വ്യക്തത കൈവരും. കാരണം അവന്‍ ദിനംപ്രതി നമസ്‌കാരത്തിലൂടെ പതിനേഴിലധികം തവണ സൂറത്തുല്‍  ഫാതിഹ പാരായണം ചെയ്യുന്നു. ഫാതിഹ ഇഹത്തിന്റെയും പരത്തിന്റെയുമായ രണ്ട് ജാലകങ്ങള്‍ അവന് മുന്നില്‍ തുറന്നിടുന്നു. എങ്ങോട്ടാണ് പോകേണ്ടത്, എവിടെയാണ് ചെന്നെത്തേണ്ടത് എന്ന് അപ്പോഴവന്‍ ഗ്രഹിക്കുന്നു. അങ്ങനെ സഹനത്തിലൂടെയും നമസ്‌കാരത്തിലൂടെയും അവന്‍ അല്ലാഹുവിനോട് സഹായം തേടുന്നു. തല്‍ഫലമായി അല്ലാഹു തന്റെ സാമീപ്യം അവന് പ്രദാനം ചെയ്യും. ഖുര്‍ആന്‍ പറയുന്നു: ‘വിശ്വസിച്ചവരേ, നിങ്ങള്‍ സഹത്തിലൂടെയും നമസ്‌കാരത്തിലൂടെയും സഹായം തേടുവിന്‍. നിശ്ചയം അല്ലാഹു സഹനശീലരോടൊപ്പമാണ്.’ ചുരുക്കത്തില്‍ അല്ലാഹുവിന്റെ സാമീപ്യം മനുഷ്യന് ധന്യത നല്‍കുന്നു; അവന്‍ ദരിദ്രനാണെങ്കിലും. അവന് ധൈര്യവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നു; അവന്‍ ഒറ്റക്കാണെങ്കിലും. എല്ലാം നഷ്ടപ്പെട്ടാലും അല്ലാഹുവിന്റെ സാമീപ്യമുണ്ടെങ്കില്‍ നീ എല്ലാം ഉള്ളവനെപ്പോലെയാണ്. അതേസമയം മറ്റെല്ലാമുണ്ടായിട്ടും അല്ലാഹുവിന്റെ സാമീപ്യമില്ലെങ്കില്‍ യഥാര്‍ഥത്തില്‍ നീ ഒന്നും ഇല്ലാത്തവനെപ്പോലെയാണ്. അതിനാല്‍ നീ ദുഃഖിക്കേണ്ട, അല്ലാഹു നമ്മോടൊപ്പമുണ്ട്.

മൊഴിമാറ്റം: അബൂദര്‍റ്‌

Related Articles