Current Date

Search
Close this search box.
Search
Close this search box.

അഡിക്ഷനില്‍ നിന്നുള്ള മോചനം

addiction47m.jpg

ഒരാള്‍ എന്തിനെങ്കിലും അടിമപ്പെട്ടാല്‍ അതയാളുടെ മനസ്സിന്റെ സങ്കല്‍പ്പങ്ങളെയും ഭാവനകളെയും അടിമപ്പെടുത്തുന്നു. ആ പ്രവര്‍ത്തനത്തെ മനസ്സ് വര്‍ണാഭമായി തുടരെതുടരെ മനസ്സിലേക്ക് കൊണ്ടുവരുന്നു. എന്നാല്‍ അതേ ഭാവനാശേഷിയെ തന്നെ ഉപയോഗിച്ച് അഡിക്ഷനെ മറികടക്കാന്‍ ശ്രമിക്കാം.

ഒന്നു ചിന്തിച്ചുനോക്കുക. നിങ്ങള്‍ അടിമപ്പെട്ട പ്രവൃത്തി ചെയ്താല്‍ എന്തൊക്കെ സംഭവിക്കാം. ഇത് നിങ്ങള്‍ക്കൊരു തല്‍ക്കാലിക വിരാമം നല്‍കാന്‍ സഹായിക്കും. നല്ല ഓര്‍മകള്‍ ഭാവിയില്‍ നിങ്ങള്‍ക്കായി സമ്മാനിക്കാന്‍ ഉതകുന്ന നല്ല പ്രവര്‍ത്തികള്‍ ചെയ്യുക. പള്ളികളില്‍ പോയി നമസ്‌കാരങ്ങളില്‍ പങ്കെടുക്കുക. പിന്നെ കുറച്ചുസമയം പരിചയമുള്ള, മതനിഷ്ഠ പുലര്‍ത്തുന്നവരുമായി ഇടപഴകുക. സുന്നത്ത് നോമ്പുകളും സുന്നത്ത് നമസ്‌കാരങ്ങളും എടുക്കുക. ഖുര്‍ആന്‍ പാരായണം ചെയ്യുക, മതബോധമുള്ള ആളുകളോടൊപ്പം സഹവസിക്കുക, സമൂഹത്തിലെ താഴെത്തട്ടിലുള്ള ആളുകളെ കണ്ടറിഞ്ഞു സഹായിക്കുക, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, പഴയ സുഹൃത്തുക്കളുമായി ടെലഫോണ്‍ ബന്ധം സ്ഥാപിക്കുക തുടങ്ങിയവയെല്ലാം ജീവിതത്തിന്റെ ഭാഗമായി മാറ്റാം. എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് തോന്നിയാലുടനെ ഒരു നന്മ ചെയ്ത് അത് നികത്താന്‍ ശ്രമിക്കുക. ഗുണകരമല്ലാത്ത വല്ല കാര്യത്തിലും കുറച്ചുസമയം മുഴകിയെന്ന് തോന്നിയാല്‍ എന്തെങ്കിലും ഫല്ര്രപദമായ കാര്യം ചെയ്യുക. ഉല്ലാസപരവും ആനന്ദം നല്‍കുന്നതുമായ യാത്രകളില്‍ ഏര്‍പ്പെടുക.

ഒരു ചീത്തകാര്യം നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ അതിനോട് പൊരുതാനായി ഒരു നല്ല കാര്യം ചെയ്യുക, നന്മ ചീത്തയെ മറികടക്കുന്നതുവരെയെങ്കിലും. അഡിക്ഷനുമായി ബന്ധപ്പെട്ട ഉന്മാദാസ്വാദനം മനസ്സ് വീണ്ടും വീണ്ടും നിങ്ങളില്‍ വര്‍ണാഭമായി കാണിക്കുക തന്നെ ചെയ്യും. അതൊരു പാപമാണെങ്കിലും, ഇത് പിശാചിന്റെ പ്രവര്‍ത്തനമാണ്. ചീത്തയെ മനോഹരമാക്കി കാണിക്കുക എന്നത് പൈശാചികതയാണ്. ആയതിനാല്‍ നിങ്ങളുടെ ഭാവനയെ നിയന്ത്രിക്കേണ്ടതും അടക്കിനിര്‍ത്തേണ്ടതും നിങ്ങളുടെ ഉത്തരവാദിത്വമാണ്. പ്രാര്‍ഥന സ്വീകരിക്കപ്പെടുന്ന ഒരു ദൈവഭക്തനായും ചുറ്റുപാടുമുള്ളവര്‍ക്കൊരു അനുഗ്രഹമായും സ്വന്തത്തെ സ്വന്തത്തെ സങ്കല്‍പിക്കാന്‍ നിങ്ങള്‍ സാധിക്കണം. അപ്രകാരം മക്കള്‍ക്ക് മാതൃകയാക്കാവുന്ന അറിവും വിവരവുമുള്ള ഒരാളായി സ്വന്തത്തെ കാണണം.

ചികിത്സയോ പ്രതിരോധമോ?
അഡിക്ഷനില്‍ നിന്നുള്ള മോചനം എത്രത്തോളം സാധ്യമാണെന്നതാണ് നാം വിലയിരുത്തേണ്ടത്. മറ്റെന്തെങ്കിലും കാര്യത്തില്‍ വ്യാപൃതനാവാണമെന്ന് പറയാന്‍ വളരെ എളുപ്പമാണ്. എന്തു കാര്യം? ആരാണ് അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടത്?രക്ഷിതാക്കള്‍? സമൂഹം? സര്‍ക്കാര്‍? മനുഷ്യന്‍ എന്നും സ്വന്തം കാര്യങ്ങളില്‍ മാത്രം മുഴുകി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവനാണ്. അതിനിടയില്‍ മറ്റുള്ളവര്‍ക്കായി ചെലവഴിക്കാന്‍ അവന് സമയമില്ല. അതുകൊണ്ടു തന്നെ അഡിക്ഷന്‍ ഒരു പ്രശ്‌നമായി നിലനില്‍ക്കുന്നു. അതിനാല്‍ തന്നെ അഡിക്ക്ഷന് ഇരയായവര്‍ അങ്ങനെതന്നെ തുടരേണ്ടുന്ന അവസ്ഥ വരുന്നു.

അഡിക്ഷന്‍ ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത്? എന്തിനോടെങ്കിലും അടിമപ്പെട്ടവന്‍ തളര്‍ച്ചയും പ്രയാസവും മറക്കുന്നു. ജീവിതത്തെപ്പറ്റിയും മരണത്തെപ്പറ്റിയും അവന് ചിന്തയില്ലാതാകുന്നു. മറ്റെന്തിനെക്കാളും എന്തിനാണോ അവന്‍ അടിമപ്പെട്ടത് അതിനോടുള്ള ആസക്തിഅവനെ കീഴ്‌പ്പെടുത്തുന്നു. ചികിത്സിച്ചു മാറ്റാവുന്ന രോഗമേ ഉള്ളുവെന്ന് അവന് മനസ്സിലാക്കാന്‍ സാധിക്കാതെ വരുന്നു. നിയന്ത്രിക്കാനാവാത്ത ഒരുതരം അസുഖത്തിന് അടിമപ്പെട്ട ഇരയായി അവന്‍ സ്വയം കാണാന്‍ തുടങ്ങുന്നു. നിരാശയില്‍ അവര്‍ പെട്ടെന്ന് വീഴുന്നു. ചിലര്‍ സ്വന്തത്തെ ശപിക്കപ്പെട്ടവരായി കാണുന്നു. ചിലര്‍ സാഹചര്യങ്ങളെ കുറ്റപ്പെടുത്തുന്നു. കുടുംബത്തെയും സാമ്പത്തിക സ്ഥിതിയെയും സാമൂഹിക സാഹചര്യത്തെയും മാനസിക പിരിമുറുക്കത്തെയും മറ്റും പഴിചാരാന്‍ ശ്രമിക്കുന്നു. ഇതൊന്നും ഒരുകാലത്തും മാറാത്തിടത്തോളം അവരുടെ അഡിക്ഷനും മാറില്ലെന്നവര്‍ വിശ്വസിക്കുന്നു. നിരാശ അടിമത്താവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. പലരും ഒരു പരിഹാരവും കാണാന്‍ ശ്രമിക്കാതെ അഡിക്ഷനില്‍ തന്നെ മുഴുകി ജീവിതം തള്ളിനീക്കുന്നു.

പരിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ മുത്വഫിഫീനില്‍ പറയുന്നു. ”സംശയമില്ല; കുറ്റവാളികളുടെ കര്‍മ്മരേഖ സിജ്ജീനില്‍ തന്നെ.സിജ്ജീന്‍ എന്നാല്‍ എന്തെന്ന് നിനക്കെന്തറിയാം അതൊരു ലിഖിത രേഖയാണ്.” (83: 7-9) തടവിലാക്കപ്പെട്ട അവസ്ഥയാണ് സിജ്ജീന്‍ എന്ന വാക്കിലൂടെ അല്ലാഹു ഇദ്ദേശിക്കുന്നത്. പിന്നീട് അല്ലാഹു പറയുന്നു ‘അല്ല അവര്‍ ചെയ്തുകൂട്ടന്ന കുറ്റങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ന്മേല്‍ കറയായി പറ്റിപ്പിടിച്ചിരിക്കും.(83: 14)

ലഹരിക്കും മറ്റും അടിമപ്പെട്ടവന്റെ വീണ്ടും വീണ്ടും തെറ്റുചെയ്യാനും തിന്മ ആവര്‍ത്തിക്കാനും അതിനടിമപ്പെട്ട് ജീവിക്കാനുമുള്ള മാനസികാവസ്ഥയെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ദൈവവുമായുള്ള അകല്‍ച്ചക്കും ഈമാന്റെ മാധുര്യം ആസ്വദിക്കാനാവാത്ത അവസ്ഥയിലേക്കും ഇതു കൊണ്ടെത്തിക്കുന്നു. വിശ്വാസം ഹൃദയത്തിന് പ്രചോദനം നല്‍കുകയും വിശ്വാസിയെ കൂടുതല്‍ അറിവുള്ളവനാക്കി മാറ്റുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ”തങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചുവെന്നത് നിന്നോടുള്ള ഔദാര്യമായി അവര്‍ എടുത്തു കാണിക്കുന്നു. പറയുക: നിങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചത് എന്നോടുള്ള ഔദാര്യമായി എടുത്ത് കാണിക്കരുത്. യഥാര്‍ഥത്തില്‍ നിങ്ങളെ വിശ്വാസത്തിലേക്ക് വഴികാണിക്കുക വഴി അല്ലാഹു നിങ്ങളോട് ഔദാര്യം കാണിച്ചിരിക്കുകയാണ്. നിങ്ങള്‍ സത്യവാന്മാരെങ്കില്‍ ഇതംഗീകരിക്കുക.” (83: 4-6)

നിരന്തരം പരാജയപ്പെട്ടാലും നിരാശരാവരുതെന്നാണ് അല്ലാഹു നമ്മോട് പറയുന്നത്. മാത്രമല്ല അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുന്നവരുടെ മനസ്സുകള്‍ക്ക് അവന്‍ കരുത്തുപകരും. തെറ്റുകളെ അംഗീകരിക്കുന്നത് തന്റെ ദൗര്‍ഭല്യങ്ങള്‍ വെളിവാക്കുമെന്ന് ചിലര്‍ കരുതുന്നു. ആരും തന്നെ ദുര്‍ബലരാണെന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ അവന്‍ സ്വന്തം തെറ്റുകളെ സമ്മതിക്കാനും മടിക്കുന്നു. പക്ഷേ നിങ്ങളുടെ തെറ്റുകള്‍ നിങ്ങളുടെ ദൗര്‍ബല്യങ്ങളാണെങ്കില്‍ അവയെ അംഗീകരിക്കുന്നത് നിങ്ങളുടെ ശക്തിയെയാണ് എടുത്തുകാട്ടുന്നത്. പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിനെ മറികടക്കാനായി തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ ജീവിതത്തില്‍ തന്നെ വലിയ മാറ്റമാണ് നാമുണ്ടാക്കുന്നത്.

പുകവലി ഒഴിവാക്കല്‍ വലിയ പ്രയാസമുള്ള കാര്യമായി ആളുകള്‍ കാണുന്നതെന്തുകൊണ്ടാണ്? കാരണം നിങ്ങള്‍ ഉപേക്ഷിക്കാന്‍ പോവുന്നൊരു കാര്യത്തെക്കുറിച്ച് ചിന്തിച്ചു വേവലാതിപ്പെടുന്നു. അവധിദിനങ്ങളില്‍ യാത്രക്കൊരുങ്ങുമ്പോള്‍ ട്രാവല്‍ ഏജന്റിനോട് നിങ്ങള്‍ പറയുക ഞാന്‍ വീടൊഴിയുകയാണെന്നല്ല. മറിച്ച് എത്തിച്ചേരാനുദ്ദേശിക്കുന്ന ലക്ഷ്യസ്ഥാനത്തെപ്പറ്റിയാണ്. ഒരു ദിവസം 60ഓളം സിഗരറ്റുകള്‍ വലിക്കുകയും പെട്ടെന്ന് ആ ശീലം ഒഴിവാക്കുകയും ചെയ്തഒരാളെപ്പറ്റി എനിക്കറിയാം. ബുദ്ധിമുട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം പോസീറ്റീവായി ചിന്തിക്കുകയാണ് അതിനുള്ള മാര്‍ഗം.

അഡിക്ഷനെ അതിജയിക്കാന്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഒന്ന്, ക്രമേണെ കുറച്ചുകൊണ്ടുവരല്‍. നിരന്തരമുള്ള പ്രവര്‍ത്തനത്തിലൂടെ അതില്‍ പുരോഗതി പ്രാപിക്കുന്ന Kaizen എന്നറിയപ്പെടുന്ന ജപ്പാന്‍ രീതിയാണിത്. Kaizen: The Key to Japan’s Competitive Success എന്ന പുസ്തകത്തിലൂടെമസാകി ഇമാമിയാണ് ഈ രീതി ലോകത്തിന് പരിചയപ്പെടുത്തിയത്. ദൃഢമായ ഇച്ഛാശക്തിയിലൂടെ ഒറ്റയടിക്ക് ഉപേക്ഷിക്കുന്നതാണ് രണ്ടാമത്തെ രീതി. Dr Alen Car തന്റെ The Essay Way To Stop Smoking എന്ന പുസ്തകത്തില്‍ അവതരിപ്പിച്ച രീതിയാണിത്. പതിയെപതിയെയുള്ള പിന്‍വാങ്ങല്‍ അത് നേടണമെന്നുള്ള മാനസികാവസ്ഥയെ വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് Alen Care ഇതില്‍ അഭിപ്രായപ്പെടുന്നു. ഇതിലെല്ലാമുപരിയായി വേണ്ടത് സ്വന്തമായി മാറമണമെന്നുള്ള ചിന്തയാണ്. ഒന്നുകില്‍ രോഗത്തിന് കീഴ്‌പ്പെട്ട് മരിക്കുക അല്ലെങ്കില്‍ ചികിത്സയിലൂടെ അതിനെ മറികടക്കുക എന്നീ രണ്ട് സാധ്യതകളുള്ള ഒരു രോഗം നിങ്ങളെ പിടികൂടിയതായിട്ടാണ് നിങ്ങള്‍ സങ്കല്‍പിക്കേണ്ടത്.

പുകവലി ഉപേക്ഷിക്കുന്ന ഒരാളെ സംബന്ധിച്ചടത്തോളം മൂന്നാഴ്ചക്കാലം പുകവലിക്കാനുള്ള ആഗ്രഹം അതിശക്തമായിരിക്കും. സിഗരറ്റിനോടുള്ള ഒരാര്‍ത്തിപോലെ അത് തോന്നാം. പക്ഷേ പെട്ടെന്നുതന്നെ ഏന്തോ ഒരു പ്രചോദനം ഉള്‍ക്കൊണ്ട് എല്ലാം എന്നത്തേക്കാളും ശാന്തമാവുന്നത് പോലെയും എല്ലാം വളരെ സുന്ദരമായും തോന്നാം. അപ്പോഴാണ് നിങ്ങള്‍ ശരിക്കും അടിമത്തത്തില്‍ നിന്നും മോചിതരാവുന്നത്.
പ്രാര്‍ഥനയിലൂടെ അല്ലാഹുവിന്റെ സഹായം തേടല്‍ അനിവാര്യമാണ്. തീര്‍ച്ചയായും മെച്ചപ്പെട്ടതും നാം ഉദ്ദേശിച്ചതും കൊണ്ട് അല്ലാഹു നമ്മെ തൃപ്തിപ്പെടുത്തും.

വിവ: ഫെബിന്‍ ഫാത്വിമ

Related Articles