Counselling

സ്‌നേഹം തേടുന്ന പണ്ഡിതനോടൊപ്പം

ദീനീ വിജ്ഞാനങ്ങളില്‍ അറിവുള്ള, ജനങ്ങളെ ദീനിന്റെ അധ്യാപനങ്ങള്‍ പഠിപ്പിക്കുന്ന ഒരാളുമായി കുറച്ച് സമയം ചെലവഴിക്കാന്‍ എനിക്കൊരിക്കല്‍ അവസരം ലഭിച്ചു. ഇക്കാലത്ത് വളരെ വ്യാപകമായിരിക്കുന്ന വൈകാരിക പ്രശ്‌നങ്ങളെ കുറിച്ചായിരുന്നു ഞങ്ങള്‍ സംസാരിച്ചത്. സ്‌നേഹം തേടിയുള്ള അന്വേഷണം വാര്‍ധക്യത്തിലെത്തിയവരുടെയും കുട്ടികളുടെയും ജീവിതത്തിന്റെ അടയാളമായി മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയകള്‍ക്കുണ്ടായ പ്രചാരത്തോടെയാണ് ഈ പ്രതിഭാസം വളരെയധികം അധികരിച്ചത്. കുട്ടികളും പ്രായമായവരും വീടിന് പുറത്ത് സോഷ്യല്‍ മീഡിയകളില്‍ സൗഹൃദം തേടുന്നവരായി മാറി. സ്‌നേഹത്തിന്റെ നാമ്പുകള്‍ കണ്ടെത്തിയാല്‍ അത് സത്യമാണോ മിഥ്യയാണോ എന്നതൊന്നും അവരെ സംബന്ധിച്ച് പ്രശ്‌നമേയല്ല. സ്‌നേഹത്തോടൊപ്പം ജീവിക്കുകയും സ്‌നേഹവചനങ്ങള്‍ കേള്‍ക്കലുമാണ് പ്രധാനം.

ഇങ്ങനെ പല കാര്യങ്ങളും സംസാരിച്ചിരിക്കുന്നതിനിടയില്‍ ആ പ്രായം ചെന്ന വ്യക്തി എന്നോട് പറഞ്ഞു : എന്റെ മനസ്സിലുള്ള ഒരു കാര്യം ഞാന്‍ പറയാനാഗ്രഹിക്കുകയാണ്. ഞാന്‍ ഒന്നും പറയാതെ മിണ്ടാതിരുന്നപ്പോള്‍ പറയണോ വേണ്ടയോ എന്ന സംശയമായി അദ്ദേഹത്തില്‍. ഞാന്‍ പറഞ്ഞു : നിങ്ങള്‍ ശാന്തനായി നിങ്ങളുടെ ഉള്ളിലുള്ളത് പറഞ്ഞോളൂ, അത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. അദ്ദേഹം പറഞ്ഞു : പക്ഷെ, വിഷയം വളരെ വേദനാജനകവും വൈകാരികവുമാണ്. വൈകാരികമാണോ നിങ്ങളുടെ പ്രശ്‌നം എന്ന് ഞാന്‍ ചോദിച്ചു. അതെയെന്ന് മറുപടി നല്‍കിയപ്പോള്‍ ഞാന്‍ പറഞ്ഞു : എന്നാല്‍ നിങ്ങള്‍ സംസാരിക്കൂ, അതിലൂടെ ആശ്വാസം കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കും. സ്‌നേഹം ഒരിക്കലും ഒരു ന്യൂനതയല്ല. പ്രകൃതിപരമായ മനുഷ്യന്റെ ഉള്ളില്‍ തന്നെയുള്ള ഒരാവശ്യമാണത്. മനുഷ്യനെ പ്രവര്‍ത്തനത്തിനും വിജയത്തിനും പ്രേരിപ്പിക്കുന്ന ഒന്നാണത്. സ്‌നേഹമില്ലായിരുന്നുവെങ്കില്‍ ലോകം തന്നെ കറുത്തിരുണ്ട് ആളുകള്‍ മരിച്ചു പോകുമായിരുന്നു. ഇത് കേണ്ട് ഒരു പുഞ്ചിരിയോടെ അദ്ദേഹമെന്നെ നോക്കി. എന്നിട്ട് പറഞ്ഞു : താങ്കള്‍ പറഞ്ഞത് സത്യമാണ്.

ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു : നിങ്ങള്‍ സമൂഹത്തില്‍ അറിയപ്പെടുന്ന ഉയര്‍ന്ന സ്ഥാനമുള്ള വ്യക്തിയായി നിങ്ങളെ കാണുന്നതിന് പകരം താങ്കളൊരു മനുഷ്യനാണെന്ന അര്‍ത്ഥത്തില്‍ സ്വന്തത്തിലേക്ക് നോക്കുക. അദ്ദേഹം പറഞ്ഞു : വിവാഹിതനും പിതാവുമായ ഞാന്‍ ദീനിലെ നിര്‍ബന്ധവും ഐശ്ചികവുമായ കര്‍മങ്ങളൊക്കെ നിര്‍വഹിക്കുന്നതില്‍ ജാഗ്രത കാണിക്കുന്ന ഒരാളാണ്. ജനങ്ങളെ ഞാന്‍ ദീന്‍ പഠിപ്പിക്കുന്നുമുണ്ട്… ഇത്രയും പറഞ്ഞ് അദ്ദേഹം നിശ്ശബ്ദനായി. ഞാന്‍ അദ്ദേഹത്തിന്റെ നിശ്ശബ്ദതയില്‍ പങ്കാളിയായി. പിന്നെ അല്‍പം ആശങ്കയോടെ അദ്ദേഹം തുടര്‍ന്നു : എനിക്ക് സ്‌നേഹം ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു. പുഞ്ചിരിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു : അതിനെന്തിനാണിത്ര ആശങ്കപ്പെടുന്നത്? നിങ്ങളുടേത് ന്യായമായ ഒരാവശ്യമാണ്, അതൊരു തെറ്റല്ല. പ്രകൃതിപരമായ ആവശ്യം മാത്രമാണത്. എന്നെ നോക്കി ഒന്നു നിശ്വസിച്ചു കൊണ്ട് തലയുയര്‍ത്തി അദ്ദേഹം തുടര്‍ന്നു : അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും സ്‌നേഹം മറ്റെല്ലാം സ്‌നേഹത്തിനും മുന്നില്‍ അപ്രസക്തമാണെന്നിരിക്കെ എന്റെ ഈ ആവശ്യം എങ്ങനെ ചോദിക്കുമെന്നത് എന്നെ ലജ്ജിപ്പിക്കുന്നു.

ഞാന്‍ പറഞ്ഞു : നിങ്ങള്‍ പറഞ്ഞത് ശരിയാണ്. സ്‌നേഹത്തിന്റെ അടിസ്ഥാനം അല്ലാഹുവോടും അവന്റെ ദൂതനോടുമുള്ള സ്‌നേഹമാണ്. എന്നാല്‍ അതൊരിക്കലും  മറ്റുള്ളവരില്‍ നിന്നും ലഭിക്കേണ്ട സ്‌നേഹമെന്ന ആവശ്യത്തെ ഇല്ലാതാക്കുന്നില്ല. നിങ്ങളുടെ സ്‌നേഹം അല്ലാഹുവിന്റെയും പ്രവാചകന്റെയും സ്‌നേഹത്തില്‍ നിന്നും ഉറവയെടുക്കുന്നതായിരിക്കെ പിന്നെ സ്‌നേഹം ആസ്വദിക്കുന്നതിന് എന്താണ് തടസ്സം. നാടിന്റെയും നാട്ടുകാരുടെയും മാതാപിതാക്കളുടെയും ഭാര്യാ സന്താനങ്ങളുടെയും സ്‌നേഹം മനുഷ്യന് ആവശ്യമാണ്. കളികളോടും വിനോദങ്ങളോടും ഭക്ഷണ വിഭവങ്ങളോടുമെല്ലാമുള്ള സ്‌നേഹം അവന്റെ ആവശ്യങ്ങളില്‍ പെട്ടതാണ്. ഇതൊന്നും മനുഷ്യന് ഒഴിച്ചു കൂടാനാവാത്ത കാര്യങ്ങളാണ്. അല്ലാഹുവിന്റെയും പ്രവാചകന്റെയും സ്‌നേഹത്തിന് ഇവയൊന്നും വൈരുദ്ധ്യമാകുന്നുമില്ല.

താങ്കള്‍ സ്‌നേഹത്തെ തെറ്റായിട്ടാണ് മനസ്സിലാക്കിയിട്ടുള്ളത്. മനുഷ്യസ്‌നേഹത്തെയും വിശ്വാസത്തിന്റെ പേരിലുള്ള സ്‌നേഹത്തെയും കൂട്ടികലര്‍ത്തിയിരിക്കുകയാണ് താങ്കള്‍. പ്രവാചക ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ അല്ലാഹുവെയും അവന്റെ ദീനിനെയും അങ്ങേയറ്റം സ്‌നേഹിച്ചിരുന്നതോടൊപ്പം തന്നെ ഐഹിക വിഭവങ്ങളില്‍ സ്ത്രീയും സുഗന്ധവും തനിക്ക് ഏറെ പ്രിയപ്പെട്ടവയാണെന്ന് നബി(സ) പറഞ്ഞതായി നമുക്ക് കാണാം. തന്റെ പ്രിയ പത്‌നി ഖദീജ(റ)വിന്റെ വേര്‍പാടില്‍ അദ്ദേഹം വളരെയധികം ദുഖിച്ചിരുന്നു. കാരണം വലിയ വലിയ പ്രയാസങ്ങള്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന തുണയെയാണ് നഷ്ടപ്പെട്ടത്. ഇത്തരത്തില്‍ രണ്ട് തരത്തിലുള്ള സ്‌നേഹവും ഉണ്ടാകുന്നതില്‍ എന്ത് പ്രശ്‌നമാണുള്ളത്? പിന്നെ എന്തിന് താങ്കളുടെ വികാരം പ്രകടിപ്പിക്കുന്നതിന് അസ്വസ്ഥപ്പെടണം? പ്രകൃതിക്ക് വിരുദ്ധമായ ഒരു തെറ്റല്ല താങ്കള്‍ ആവശ്യപ്പെടുന്നത്. അല്ലാഹു താങ്കളില്‍ സൃഷ്ടിച്ച പ്രകൃതിപരമായ ആവശ്യത്തെയാണ് താങ്കള്‍ തേടുന്നത്.

അദ്ദേഹം എന്നിലേക്ക് തിരിഞ്ഞ് പറഞ്ഞു : സ്‌നേഹത്തെ കുറിച്ച് ഞാന്‍ വളരെയേറെ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ വിശ്വാസ സ്‌നേഹം മാനുഷിക സ്‌നേഹം എന്ന തരത്തിലുള്ള വേര്‍തിരിവിനെ കുറിച്ച് ഇതുവരെ ഞാന്‍ ചിന്തിച്ചിരുന്നില്ല. ഞാന്‍ തമാശയായി ചോദിച്ചു : ജീവിതത്തില്‍ ദീനീ നിഷ്ഠ പുലര്‍ത്തുന്നവര്‍ക്ക് സ്‌നേഹം ആവശ്യമില്ലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ദീനിനോട് പ്രതിപത്തിയില്ലാത്തവര്‍ക്ക് വേണ്ടി ഉണ്ടാക്കപ്പെട്ട ഒന്നാണോ സ്‌നേഹം? അല്ലെങ്കില്‍ അനിസ്‌ലാമികമായ ഒന്നാണോ സ്‌നേഹം? അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു : നിങ്ങള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. ഞാനതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടേയില്ല. ഞാന്‍ പറഞ്ഞു: അതുകൊണ്ട് നിങ്ങള്‍ സ്‌നേഹിക്കുന്നവരോട് നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കണം. നിങ്ങള്‍ക്ക് സ്‌നേഹം ലഭിക്കുന്നില്ലെങ്കില്‍ നിങ്ങളെ സ്‌നേഹിക്കുന്നവരെ അന്വേഷിക്കണം, അവര്‍ നിങ്ങള്‍ക്ക് സ്‌നേഹം തരും. നിങ്ങളുടെ സ്‌നേഹം നിര്‍ജ്ജീവമാണെങ്കില്‍ അതിനെ ജീവിപ്പിക്കാന്‍ ശ്രമിക്കുക. സ്‌നേഹമില്ലാത്ത ജീവിതം വെള്ളമില്ലാത്ത അരുവി പോലെയാണ്. സ്‌നേഹത്തെ കുറിച്ചുള്ള സംസാരവും സ്‌നേഹം തേടലും അല്ലാഹുവും അവന്റെ ദൂതനും കല്‍പിച്ച പ്രകാരമാണെങ്കില്‍ അതൊരിക്കലും തെറ്റാകുന്നില്ല. ഈ സന്ദര്‍ഭത്തില്‍ ശൈഖ് അലി തന്‍ത്വാവിയുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് ഞാന്‍ ഓര്‍ക്കുന്നത്. അദ്ദേഹം ഒരിക്കല്‍ സ്‌നേഹത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ പണ്ഡിതനും ഖാദിയുമായ താങ്കള്‍ എങ്ങനെയാണ് സ്‌നേഹത്തെ കുറിച്ച് സംസാരിക്കുകയെന്ന് അദ്ദേഹത്തിന് നേരെ ആരോ വിമര്‍ശനമുന്നയിച്ചു. ‘മിന്‍ ഗസലില്‍ ഫുഖഹാഹ്’ എന്ന പുസ്തകമെഴുതിയാണ് അദ്ദേഹം അതിന് മറുപടി നല്‍കിയത്. അനുവദനീയമായ സ്‌നേഹം തേടുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണിത് വ്യക്തമാക്കുന്നത്.

വിവ : നസീഫ്‌

Facebook Comments
Related Articles

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Close
Close