Counselling

സോഷ്യല്‍ മീഡിയകളിലെ ചതിക്കുഴി

‘ഞാനിനി എന്തുചെയ്യും, ഒരു നിശ്ചയവുമില്ല’ അയാള്‍ ഭാര്യയോട് വികാരാധീതനായി.
‘ജോലി സംബന്ധമായ വല്ല പ്രശ്‌നവുമാണോ’ ഭാര്യ കാര്യമന്യേഷിച്ചു.
‘അല്ല, അല്ല പ്രശ്‌നം അല്‍പം ഗുരുതരമാണ്.’
‘നിങ്ങളുടെ ഉമ്മക്കോ ഉപ്പക്കോ വല്ലതും സംഭവിച്ചോ’
അയാളൊന്നും പറഞ്ഞില്ല.
‘കാര്യമെന്തായാലും എന്നോട് പറയൂ’ അവളുടെ കണ്ണില്‍ വെള്ളം നിറഞ്ഞു.
‘കുറച്ച് കാശ് വേണം’
‘ഒന്ന് തെളിച്ച് പറയൂ, നിങ്ങള്‍ക്കെന്തുപറ്റി’ ഭര്യക്ക് ടെന്‍ഷനായി.
അയാള്‍ സംഭവം പറഞ്ഞു, ‘ഒരു മെസേജില്‍ നിന്നാണ് എല്ലാം തുടങ്ങിയത്’
‘മെസേജോ?!’
അയാള്‍ പറഞ്ഞു തുടങ്ങി
‘വാട്ട്‌സപ്പ് വഴി എനിക്കൊരു മെസേജ് വന്നു. മോശമായ രീതിയില്‍ വസ്ത്രംധരിച്ച ഒരു പെണ്ണിന്റെ ഫോട്ടോയുണ്ടായിരുന്നു അതില്‍. കൂടെ അവളുടെ ഫോണ്‍ നമ്പറും. ഞാനത് അവഗണിച്ചു.
ഒരാഴ്ചക്ക് ശേഷം വീണ്ടും അതേ സന്ദേശം ലഭിച്ചു. ഞാനത് കാര്യമാക്കിയില്ല. മൂന്നാമതും ആ മെസേജ് വന്നപ്പോള്‍ ഞാനത് തുറന്നുനോക്കി. പിന്നെ ആ നമ്പറിലേക്കൊന്ന് വിളിച്ചാലൊ എന്നായി. അവളുമായി സംസാരിച്ചു. അതാണ് ഈ പുകിലെല്ലാം ഉണ്ടാക്കിയത്. അയാള്‍ പറഞ്ഞുനിര്‍ത്തി.’

‘പിന്നെയെന്ത് സംഭവിച്ചു’
അയാള്‍ തുടര്‍ന്നു
‘നിന്നോടെന്ത് പറയണമെന്നെനിക്കറിയില്ല. പക്ഷെ എനിക്കിതിവിടെ അവസാനിപ്പിച്ചേ പറ്റൂ. ഞങ്ങള്‍ ഫോണ്‍വിളി തുടര്‍ന്നു. തുടര്‍ന്നത് വീഡിയോകോളിലേക്ക് പുരോഗമിച്ചു. ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടാന്‍ തുടങ്ങി.’
‘പിന്നെയെന്താണ് സംഭവിച്ചത്. നിരന്തരം വീണ്ടും ബന്ധപ്പെട്ടിരിന്നോ?’
‘അതെ, ഫോണ്‍ വഴി അന്നേവരെ ചെയ്യാത്ത പലതും പിന്നീട് ഞാന്‍ ചെയ്തു.’
അവള്‍ സ്വരം കടുപ്പിച്ചു ‘ഇപ്പോള്‍ തന്നെ ഒരു തീരുമാനം എടുത്തേ പറ്റൂ. അവളുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിക്കുക. അവളെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഡിലീറ്റ് ചെയ്യുക. അതോടെ എല്ലാ പ്രശ്‌നങ്ങളും തീരും.’
‘അത്ര എളുപ്പമല്ല കാര്യങ്ങള്‍’ അയാള്‍ പറഞ്ഞു
‘അതെന്താ?’
‘അവളുടെ പക്കല്‍ ഞങ്ങളുടെ കുറെ സ്വകാര്യ ഫോട്ടോകളുണ്ട്. അത് വെച്ച് അവളെന്നോട് വിലപേശുന്നു. പണം നല്‍കിയില്ലെങ്കില്‍ ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. പണം ആവശ്യപ്പെട്ടപ്പോഴക്കെ ഞാനവള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്തുകൊടുത്തു. തുടക്കത്തില്‍ തന്നെ നിന്നോടിത് പറഞ്ഞാലോ എന്നാലോചിച്ചു. നിനക്കേ എന്നെ മനസ്സിലാക്കാനാകൂ. എന്തെങ്കിലും ചെയ്‌തേപറ്റൂ’
ഭാര്യ പറഞ്ഞു: ‘ഈ കാര്യം എനിക്ക് വിട്ടേക്കൂ. ഇതെങ്ങനെ തീര്‍പ്പാക്കാമെന്നെനിക്കറിയാം’
അവള്‍ പ്രസ്തുത സ്ത്രീക്കെതിരെ സൈബര്‍സെല്ലില്‍ പരാതി നല്‍കി. അല്ലലില്ലാതെ തന്നെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും അവര്‍ ബ്ലോക്ക് ചെയ്തു.’

സംഭവം വിശദമായി വിവരിച്ച് ഈ ലേഖനം ദീര്‍ഘിപ്പിക്കാന്‍ ഇവിടെ അവസരമില്ല. സമാനമായ ഒരുപാട് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. വഞ്ചിതരാകുന്നത് ഒരുപക്ഷെ പെണ്‍കുട്ടികളുമാകാം. വ്യാപകമായതിനാല്‍ ഇത്തരം തട്ടിപ്പുകളെ സംബന്ധിച്ച് എല്ലാവര്‍ക്കും നല്ല ബോധ്യമുണ്ടാകും. എങ്കിലും ഫേസ്ബുക്ക്, വാട്ട്‌സപ്പ് തുടങ്ങി സോഷ്യല്‍ മീഡിയയിലൂടെയുള്ള സമാനമായ ചൂഷണങ്ങള്‍ ദിവസവും കേട്ടുകൊണ്ടിരിക്കുന്നു. യുവാക്കളുടെ വൈകാരിക ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യാന്‍ ഇത്തരം തട്ടിപ്പുകള്‍ക്കായി ധാരാളം റാക്കറ്റുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

രണ്ട് തരക്കാരാണ് യുവാക്കള്‍. ഇത്തരം കാര്യങ്ങളെ വകവെക്കാതെ മുന്നോട്ട് പോകുന്നവരാണ് ഒരു കൂട്ടര്‍. എന്നാല്‍ മറ്റൊരു കൂട്ടര്‍ ഈ ചതിക്കുഴികളില്‍ വീണുപോക്കുന്നു. യുവാക്കള്‍ മാത്രമല്ല അമ്പതും അറുപതും പ്രായം പിന്നിട്ടവര്‍ പോലും ഈ പ്രലോഭനങ്ങളില്‍ ചെന്നുചാടാറുണ്ട്. അങ്ങനെ അവരുടെ നിസ്സഹായത പലരും വിറ്റുകാശാക്കുന്നു. ഇത്തരം ചതിക്കുഴികളെയും വഞ്ചിക്കപ്പെട്ടാല്‍ സൈബര്‍സെല്ലില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങളെയും സംബന്ധിച്ച് നമ്മുടെ യുവാക്കളെ ബോധവാന്മാരാക്കേണ്ടിയിരിക്കുന്നു. ഈമാനിന്റെയും തഖ്‌വയുടെയും അഭാവമാണ് ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്നതിന്റെ മൂലകാരണം; അതിനെയാണ് ആദ്യം പരിഹരിക്കേണ്ടത്.

മൊഴിമാറ്റം: ഹാബീല്‍ വെളിയങ്കോട്‌

Facebook Comments
Related Articles

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Close
Close