Counselling

സന്തുഷ്ട ദാമ്പത്യത്തിന്റെ രഹസ്യം

വാര്‍ധക്യത്തിലും ഭര്‍ത്താവിന്റെ സ്‌നേഹം പിടിച്ചുപറ്റുന്ന വിവേകമതിയായ ഒരു വൃദ്ധയെ ഞാന്‍ കണ്ടുമുട്ടി. അവര്‍ക്ക് വേണ്ടി അദ്ദേഹം പ്രേമഗാനങ്ങള്‍ പോലും പാടാറുണ്ടെത്രെ. അവരുടെ നിത്യസന്തോഷത്തിന് പിന്നിലെ രഹസ്യത്തെ കുറിച്ച് ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു. സൗന്ദര്യമാണോ അത്? രുചികരമായി ആഹാരം ഒരുക്കാനുള്ള കഴിവാണോ അത്? മക്കള്‍ക്ക് ജന്മം നല്‍കിയതാണോ? അതൊന്നുമല്ലാത്ത മറ്റെന്തെങ്കിലുമാണോ ആ രഹസ്യം?

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ദാമ്പത്യത്തിന്റെ സന്തോഷം സ്ത്രീയുടെ കൈകളിലാണെന്ന മറുപടിയാണ് അവര്‍ നല്‍കിയത്. വീടിനെ ഒരു സ്വര്‍ഗമാക്കി മാറ്റാന്‍ അവള്‍ക്ക് സാധിക്കും. കത്തിജ്ജ്വലിക്കുന്ന നരകമാക്കി അതിനെ മാറ്റാനും അവര്‍ക്ക് കഴിയും. സന്തുഷ്ട ദാമ്പത്യത്തിന്റെ രഹസ്യം പണമാണെന്ന് ഒരിക്കലും പറയരുത്. ദാമ്പത്യത്തില്‍ ദുരിതം പേറുന്ന എത്രയെത്ര സമ്പന്ന വനിതകളുണ്ട്! മക്കളുമല്ല അതിന്റെ അടിസ്ഥാനം. പത്ത് മക്കളുണ്ടായിട്ടും ഭര്‍ത്താവിനാല്‍ അവഗണിക്കപ്പെടുന്ന ഭാര്യമാരുണ്ട്. നല്ല രുചികരമായി ആഹാരം പാകാന്‍ ചെയ്യാനുള്ള കഴിവുമല്ല അത്. വളരെ നന്നായി ഭക്ഷണം ഒരുക്കിയിട്ടും ഭര്‍ത്താവിന്റെ മോശം പെരുമാറ്റത്തിന് ഇരയാക്കപ്പെടുന്ന ഭാര്യമാരും ഇല്ലേ?

പിന്നെ എന്താണ് ആ രഹസ്യം?
അവര്‍ പറഞ്ഞു: എന്റെ ഭര്‍ത്താവ് ദേഷ്യപ്പെടുമ്പോള്‍, -പെട്ടന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരനാണ് അദ്ദേഹം- എല്ലാ ആദരവോടെയും ഞാന്‍ മൗനം പാലിക്കും. എന്നാല്‍ പരിഹാസം കലര്‍ന്ന നോട്ടത്തോടെയുള്ള മൗനം നീ കരുതിയിരിക്കണം. കണ്ണുകൊണ്ടാണെങ്കിലും ബുദ്ധിയുള്ള പുരുഷന്‍ അത് തിരിച്ചറിയും.

ഞാന്‍ ചോദിച്ചു: ആ സമയത്ത് എന്തുകൊണ്ട് നിങ്ങള്‍ മുറിയില്‍ നിന്നും ഇറങ്ങിപ്പോകുന്നില്ല?
അവര്‍ പറഞ്ഞു: വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണത്. ഞാന്‍ ഒളിച്ചോടുകയാണെന്നും അദ്ദേഹത്തെ ശ്രവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് അപ്പോള്‍ അയാള്‍ കരുതുക. അതുകൊണ്ട് അദ്ദേഹം ശാന്തനാകുന്നത് വരെ നിശബ്ദയായി ഇരിക്കണം. അദ്ദേഹം ശാന്തനായാല്‍ ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി വീട്ടുജോലികളും മക്കളുടെ കാര്യങ്ങളുമെല്ലാം പൂര്‍ത്തീകരിക്കും. അതുകൊണ്ടു മാത്രം എനിക്കെതിരെയുള്ള ആ പടപ്പുറപ്പാട് അവസാനിക്കും.

ഞാന്‍ ചോദിച്ചു: ദിവസങ്ങളോ ഒരാഴ്ച്ചയോ മിണ്ടാതിരിക്കുന്ന പിണക്കത്തിന്റെ ശൈലി നിങ്ങള്‍ സ്വീകരിക്കാറുണ്ടോ?
അവര്‍ പറഞ്ഞു: ഇല്ല, ഇരുതല മൂര്‍ച്ചയുള്ള ആയുധം പോലെ അപകടകരമായ ഒരു രീതിയാണത്. നിങ്ങള്‍ ഭര്‍ത്താവിനോട് ഒരാഴ്ച്ച പിണങ്ങി നില്‍ക്കുമ്പോള്‍ തുടക്കത്തില്‍ അദ്ദേഹത്തിനത് പ്രയാസകരമായിരിക്കും. ദിവസങ്ങള്‍ കഴിയുമ്പോള്‍ അദ്ദേഹം അതിനോട് പൊരുത്തപ്പെടും. നീ ഒരാഴ്ച്ചയാണ് പിണങ്ങി നിന്നതെങ്കില്‍ അദ്ദേഹം രണ്ടാഴ്ച്ച നിന്നോട് പിണങ്ങിനില്‍ക്കും. അദ്ദേഹം ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും നിന്റെ സാന്നിദ്ധ്യം അദ്ദേഹത്തിന് ശീലമാക്കണം. നിന്നെ മാറ്റി നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയാത്ത ഒരവസ്ഥയാണ് അതുണ്ടാക്കുക. നൈര്‍മല്യമുള്ള ഇളംകാറ്റായി നീ മാറണം. കൊടുങ്കാറ്റായി മാറുന്നത് നീ കരുതിയിരിക്കുകയും വേണം.

പിന്നെ എന്താണ് നിങ്ങള്‍ ചെയ്യാറുള്ളത്? അവര്‍ തുടര്‍ന്നു: ഒന്നോ രണ്ടോ മണിക്കൂറുകള്‍ കഴിയുമ്പോള്‍ ഒരു ഗ്ലാസ് ജ്യൂസോ ഒരു കപ്പ് ചായയോ ഉണ്ടാക്കി അത് കുടിക്കാനായി അദ്ദേഹത്തെ വിളിക്കും. കാരണം അദ്ദേഹത്തിന് അപ്പോള്‍ അത് ആവശ്യമാണ്. ഒന്നും സംഭവിക്കാത്ത മട്ടില്‍ സാധാരണ പോലെ ഞാന്‍ സംസാരിക്കുകയും ചെയ്യും. ”നിനക്കെന്നോട് ദേഷ്യമുണ്ടോ?” എന്ന് ചോദിക്കാന്‍ അപ്പോള്‍ അദ്ദേഹം നിര്‍ബന്ധിതനാവും. ഞാന്‍ ‘ഇല്ല’ എന്നു പറയും. അതുകേള്‍ക്കുന്നതും അദ്ദേഹം തന്റെ കടുത്തവാക്കുകള്‍ക്ക് ക്ഷമാപണം നടത്താന്‍ തുടങ്ങുകയും നല്ലവാക്കുകള്‍ പറയുകയും ചെയ്യും.

അദ്ദേഹത്തിന്റെ ക്ഷമാപണവും നല്ലവാക്കുകളും നിങ്ങള്‍ വിശ്വാസത്തിലെടുക്കുമോ?
അവര്‍ പറഞ്ഞു: സ്വാഭാവികമായും, കാരണം എന്നെ എനിക്ക് വിശ്വാസമുണ്ട്, ഞാനൊരു വിഡ്ഢിയല്ല. അദ്ദേഹം ദേഷ്യപ്പെട്ട് പറയുന്നത് ഞാന്‍ വിശ്വാസത്തിലെടുക്കുകയും ശാന്തമായി പറയുന്നതിനെ ഞാന്‍ കളവാക്കുകയും ചെയ്യണമെന്നാണോ നിങ്ങള്‍ പറയുന്നത്? പെട്ടന്ന് തന്നെ ഞാന്‍ അദ്ദേഹത്തോട് ക്ഷമിക്കും. കാരണം എല്ലാ ശകാരങ്ങളും ഞാന്‍ മറന്നിരിക്കുന്നു.

ദാമ്പത്യത്തിലെ സന്തോഷത്തിന്റെ രഹസ്യം സ്ത്രീയുടെ ബുദ്ധിയാണ്. അവളുടെ നാവുമായിട്ടാണ് ആ സന്തോഷത്തെ ബന്ധിച്ചിരിക്കുന്നത്.

Facebook Comments
Related Articles

ഡോ. ഹസ്സാന്‍ ശംസി പാഷ

1951ല്‍ സിറിയയിലെ ഹിംസില്‍ ജനിച്ച ഹസ്സാന്‍ വസ്ഫി ശംസി പാഷ ജന്മനാട്ടില്‍ വെച്ച് തന്നെ പ്രാഥമിക വിദ്യാഭ്യാസം നേടി. 1975ല്‍ അലപ്പോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. 1978ല്‍ ദമസ്‌കസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആന്തരിക രോഗങ്ങളെ സംബന്ധിച്ച് ഉന്നത പഠനം നടത്തി ഉയര്‍ന്ന റാങ്കോടെ പാസ്സായി. തുടര്‍ന്ന് ഉപരിപഠനത്തിനായി ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റണ്‍ എന്നിവിടങ്ങളില്‍ പത്തുവര്‍ഷത്തോളം ചെലവഴിച്ച അദ്ദേഹം മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ മൂന്ന് വര്‍ഷത്തോളം ഹൃദ്‌രോഗം സംബന്ധിച്ച ഗവേഷണം നടത്തി. 1988ല്‍ സൗദി അറേബ്യയില്‍ എത്തിയ അദ്ദേഹം കിംഗ് ഫഹദ് ആംഡ് ഫോഴ്‌സസ് ഹോസ്പിറ്റലില്‍ ഹൃദ്‌രോഗ വിഭാഗത്തില്‍ സേവനം ചെയ്യുന്നു. വൈദ്യശാസ്ത്ര രചനകള്‍ക്കൊപ്പം തന്നെ പ്രവാചക വൈദ്യം, വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട കര്‍മശാസ്ത്രം, വൈദ്യാശാസ്ത്ര രംഗത്തെ ധാര്‍മികത, ചരിത്രം, സാഹിത്യം, കുടുംബം തുടങ്ങിയ വിഷയങ്ങളിലും ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

Close
Close