Counselling

വൈകാരികത നഷ്ടപ്പെടുന്ന വീടുകള്‍

സ്വന്തത്തോടും സമൂഹത്തോടും ക്രിയാത്മകമായി ഇടപഴകുന്ന വ്യക്തിയായി മാറണമെങ്കില്‍ അവനില്‍ നിരവധി ഘടകങ്ങള്‍ പരസ്പരം ഉള്‍ച്ചേരേണ്ടതുണ്ട്. സമൂഹത്തിലെ സമപ്രായക്കാരായ കുട്ടികളില്‍ നിന്നും മക്കളെ വേര്‍പെടുത്തുക എന്നതാണ് ശിക്ഷണത്തിനുള്ള പോംവഴിയായി മിക്ക രക്ഷിതാക്കളും കാണുന്നത്. പഠന രംഗത്തെ മികവ് മാത്രമാണ് ജീവിത വിജയത്തിന്റെ നിദാനമായി മിക്ക രക്ഷിതാക്കളും കരുതുന്നത്. വ്യക്തിയുടെ ജീവിത വിജയത്തിന് 20% മാത്രമേ പഠനരംഗത്തെ മികവ് സ്വാധീനിക്കുന്നുള്ളൂ എന്നാണ് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നത്.

ബുദ്ധിയുടെ രണ്ട് രീതിയിലുള്ള വളര്‍ച്ച സന്തുലിതമായി നടക്കേണ്ടതുണ്ട് എന്നതിനെ കുറിച്ച് മിക്ക രക്ഷിതാക്കളും അജ്ഞരാണ്. ചിന്തക്കും ആലോചനകള്‍ക്കും സഹായകമാകുന്ന ബുദ്ധി ശക്തിയാണ് ഇതില്‍ ഒന്നാമത്. വൈകാരികവും മാനസികവുമായ ബുദ്ധിയാണ് രണ്ടാമത്തേത്. ഇവ രണ്ടും പരസ്പരം യോജിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു വ്യക്തിയുടെ മാനസികവും ചിന്താപരവുമായ വളര്‍ച്ച പൂര്‍ണമാകുന്നത്. ഇവയില്‍ ഒന്നു മറ്റൊന്നിന്റെ മേല്‍ ആധിപത്യം ചെലുത്തുമ്പോഴാണ് വ്യക്തിയില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നത്. ഈ രണ്ടു ബുദ്ധികള്‍ക്കിടയില്‍ ആനന്ദം സാക്ഷാല്‍കരിക്കാനായി മാതാപിതാക്കളുടെ സംരക്ഷണത്തിലും പരിഗണനയിലും വളര്‍ന്നുവരേണ്ട മറ്റൊരു തരം ബുദ്ധി ശക്തി ഉണ്ട്. അതാണ് വൈകാരിക ബുദ്ധി ശക്തി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ഹവാര്‍ഡ് ജാര്‍നര്‍ മനുഷ്യ ബുദ്ധിയെ ഏഴ് മുഖ്യ ഇനങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്. 1. ഭാഷാപരമായ നിപുണത 2.യുക്തിപരവും ഗണിതപരവുമായ നിപുണത, 3.നിര്‍മാണാത്മകമായി നിപുണത 4.ചലനാത്മകമായ ബുദ്ധിശക്തി, 5. ശ്രദ്ധിച്ചു കേള്‍ക്കാനുള്ള ശക്തി 6.ജനങ്ങള്‍ക്കിടയില്‍ പരസ്പരബന്ധം ശക്തമാക്കാനുള്ള ശേഷി, 7.വ്യക്തിക്ക് തന്റെ യഥാര്‍ഥ വികാരങ്ങളുമായി ഇണങ്ങാനുളള മികവ് എന്നിവയാണത്.

ഇതിനു പുറമെ ഉള്ള ഒരു തരം ബുദ്ധിശക്തിയെ കുറിച്ചാണ് നാം വിവരിക്കുന്നത്. അത് സാങ്കേതികമായി വൈകാരിക ബുദ്ധി ശക്തി എന്നാണ് വിളിക്കപ്പെടുക. ദയ, സ്‌നേഹം, അനുകമ്പ, ദേഷ്യം, രോഷം തുടങ്ങിയ വ്യക്തിയുടെ വൈകാരിക അനുഭൂതികളോട് ഇടപഴകാനുള്ള കഴിവ് നേടിയെടുക്കലാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. വൈകാരികതകളെ സ്വീകരിക്കലും ഉള്‍ക്കൊള്ളലും മനസ്സിലാക്കലും നിയന്ത്രിക്കലുമാണ് ഇതിന് ആവശ്യമായിട്ടുള്ളത്. ഇത്തരത്തിലുള്ള ബുദ്ധിശക്തി നേടിയെടുക്കുന്ന കുട്ടിയുടെ വൈകാരികതകള്‍ക്കിടയിലും മൂല്യങ്ങള്‍ക്കിടയിലും മാനസികമായ സംതൃപ്തിയുടെയും മനശ്ശാന്തിയുടേതുമായ ഒരു യോജിപ്പ് കാണാന്‍ സാധിക്കും. അതിനാല്‍ തന്നെ ജീവിതത്തില്‍ ഓരോ കാര്യങ്ങളിലും അനുയോജ്യമായ തീരുമാനം എടുക്കാന്‍ അവന് എളുപ്പത്തില്‍ സാധിക്കുന്നു. മറ്റുള്ളവരുമായി ഇണങ്ങാനും വ്യക്തിത്വം പ്രകടിപ്പിക്കാനും കൂടുതല്‍ എനര്‍ജറ്റിക്കായിരിക്കും അവന്‍. നല്ല ഭര്‍ത്താവും പരിശീലകനനുമാവാന്‍ സാധിക്കും. അപ്രകാരം തന്നെ ഔദ്യോഗികവും പ്രായോഗികവുമായ തലങ്ങളില്‍ അവന് വിജയവും പുരോഗതിയും കൈവരിക്കാന്‍ സാധിക്കുന്നു.

വൈകാരിക നിരക്ഷരത
മിക്ക വീടുകളിലും കുട്ടികള്‍ക്ക് പരിഗണന കൊടുക്കുന്നതോടൊപ്പം വൈകാരിക ബുദ്ധിശക്തി പകര്‍ന്നു നല്‍കുന്നതില്‍ നിരക്ഷരത പാലിക്കുന്നത് കാണാം. ഈ നിരക്ഷരത വ്യക്തിയിലും സമൂഹത്തിലും നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ഒരു വ്യക്തി തന്റെ ബുദ്ധി ശക്തിയും പ്രവണതകളുമായി സംഘട്ടനത്തിലേര്‍പ്പെട്ടു ജീവിക്കുന്നതു മൂലം മാനസികമായ രോഗങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും വിധേയമാകുകയും പശ്ചാത്യന്‍ സമൂഹത്തില്‍ വ്യാപൃതമായതു പോലെ ആത്മഹത്യക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള മാനസികമായ സംഘര്‍ഷം വ്യക്തിയുടെ അക്കാദമികമായ മികവിനെയും ബാധിക്കും. ജോലിയില്‍ പരാജിതനാകും ഇത് വഴിയൊരുക്കും. കുടുംബപരമായ ജീവിതത്തിലും ശിക്ഷണങ്ങളിലും ദൗര്‍ബല്യം നേരിടുകയും കുടുംബ ഛിദ്രതക്ക് വഴിയൊരുക്കുകയും ചെയ്യും.

വൈകാരിക ബുദ്ധിശക്തിയുടെ മേഖലകള്‍
1, ഒരു വ്യക്തി തന്റെ യഥാര്‍ഥ വികാരങ്ങള്‍ തിരിച്ചറിയുക : നമ്മുടെ യഥാര്‍ഥ വികാരങ്ങളെ നാം തിരിച്ചറിയുന്നത് മൂലം അതിനെ ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കും
2.വൈകാരികതയെ നിയന്ത്രിക്കല്‍: യഥാര്‍ഥ വികാരങ്ങളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെങ്കില്‍ പിന്നീട് അത്തരം വൈകാരികതകളെ നിയന്ത്രിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. കോപത്തിന്റെ സന്ദര്‍ഭത്തില്‍ മനസ്സിനെ ശാന്തമാക്കാനുള്ള കഴിവ് ഇതിന് ഉദാഹരണമാണ്.
3.വൈകാരികതയെ തിരിച്ചുവിടുക. ഇത് മൂന്നാമത്തെ സ്റ്റെപ്പാണ്. വികാരങ്ങളെ നിയന്ത്രിക്കാനാകാതെ പരാജിതനാകുന്നതിനു പകരം നിര്‍മാണാത്മകമായ മറ്റൊരു ലക്ഷ്യം കണ്ടെത്തുക.
4. മറ്റുള്ളവരുടെ വികാരങ്ങളോടൊപ്പം ചേരുക: തന്റെ വികാരങ്ങളെ മാറ്റിനിര്‍ത്തി മറ്റുള്ളവരുടെ വികാരങ്ങളോടൊപ്പം ചേരലാണ്.
5.മനുഷ്യ ബന്ധങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക: മററുള്ളവരുടെ വികാരങ്ങളെ ഉള്‍ക്കൊള്ളുകയാണ് ഇതിന്റെ രീതി. മിക്ക കരിശ്മാറ്റിക് പേഴ്‌സണാലിറ്റിയുള്ളവരും ശ്രദ്ധിക്കുന്ന മേഖലയാണിത്.

കുടുംബത്തില്‍ വൈകാരിക ബുദ്ധിശക്തി എപ്രകാരം വളര്‍ത്തിയെടുക്കാം
– വൈകാരികത വ്യക്തമാക്കുക :
മാതാപിതാക്കള്‍ കുടുംബത്തിലെ അവരുടെ ഇടപഴകലുകളിലൂടെ വളര്‍ത്തിയെടുക്കേണ്ട ഒരു ചിഹ്നമാണിത്. നമ്മുടെ മിക്ക വീട്ടകങ്ങളിലും ഇത്തരത്തില്‍ ഓരോരുത്തരുടെയും അഭിരുചിയും ടേസ്റ്റും പ്രകടിപ്പിക്കാനുള്ള പ്രോല്‍സാഹനമോ സഹായമോ നല്‍കാറില്ല. ഇതിനു സാധിക്കാത്ത പക്ഷം വൈകാരികതകളെ നിയന്ത്രിക്കാന്‍ നമുക്ക് കഴിയണം. അതിനാല്‍ നിരന്തരം നിന്റെ മക്കളുടെ മുമ്പില്‍ ലക്ഷ്യം വെക്കുന്ന വികാരം വെളിപ്പെടുത്തണം. നീ വല്ലപ്പോഴും അവനോട് ദേഷ്യപ്പെടേണ്ടി വന്നാല്‍ അതിനുശേഷം അവനെ മനസ്സിലാക്കിക്കൊടുക്കണം. ‘നീ ഇപ്രകാരമൊക്കെ ചെയ്തിട്ടാണ് നിന്റെ ഉപ്പ ദേഷ്യപ്പെട്ടത്’. നിന്റെ നെഗറ്റീവായ ചില വികാരങ്ങളെ അവരുടെ മുമ്പില്‍ വെളിപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ചില ജീവികളോട് നിനക്ക് പ്രത്യേക ഭയമുണ്ടെങ്കില്‍ അത് കുട്ടിയോട് വെളിപ്പെടുത്തിയാല്‍ അത് അവന്റെ ജീവിതത്തെയും സ്വാധീനിക്കും.
-മകന്റെ വികാരങ്ങളെ പരിഗണിക്കുകയും മാനിക്കുകയും ചെയ്യുക. ഒരിക്കലും അവനെ പരിഹസിക്കുകയോ അവഗണിക്കുകയോ ചെയ്യരുത്.
-കുട്ടിയുടെ വികാരങ്ങളെ തിരിച്ചറിയുക. അത് ഉള്‍ക്കൊള്ളാനും നിയന്ത്രിക്കാനും നല്ല ദിശയിലേക്ക് തിരിച്ചുവിടാനും നിനക്ക് സാധിക്കും.
-വികാരങ്ങളെ പരിഗണിക്കുന്നതിലും നിയന്ത്രിക്കുന്നതിലും മക്കളുടെ വികാരങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിലും നീ ഉത്തമ മാതൃകയാകുക.
-മക്കളുടെ വികാരങ്ങള്‍ ശ്രദ്ദിച്ചു കേള്‍ക്കുക. അവര്‍ അത് പ്രകടിപ്പിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ നീ എന്താണ് ദുഖിതയായി കാണപ്പെടുന്നത് തുടങ്ങിയ ചോദ്യങ്ങളിലൂടെ അത് മനസ്സിലാക്കിയെടുക്കുക.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Facebook Comments
Related Articles
Close
Close