Counselling

ലൈംഗികാസക്തികളെ നിയന്ത്രിക്കുന്നതെങ്ങനെ?

‘അമിതമായ ലൈംഗികാസക്തി എന്നെ വല്ലാതെ ആകുലപ്പെടുത്തുന്നു. എങ്ങനെ അതിനെ നിയന്ത്രിച്ചു നിര്‍ത്താം?’ പതിനേഴ് വയസ്സുള്ള ഒരു അമേരിക്കന്‍ യുവതിയുടെ ചോദ്യമാണിത്. വളരെ പ്രസക്തമായ ചോദ്യമാണ് യുവതി ചോദിച്ചിരിക്കുന്നത്. എന്നാല്‍ അത്ര ലളിതമായി മറുപടി പറയാന്‍ കഴിയുന്ന ഒന്നല്ല ഇത്. കഴിയുന്നതും വേഗത്തില്‍ വിവാഹം കഴിക്കണമെന്നാണ് ആദ്യമായി സൂചിപ്പിക്കാനുള്ളത്. ലൈംഗിക ഭ്രമത്തില്‍ നിന്ന് നിന്ന് മുക്തിനേടാനുള്ള അനുവദനീയവും മികച്ചതുമായ മാര്‍ഗ്ഗം അതുതന്നെയാണ്. അതുകൊണ്ടുതന്നെ മുസ്‌ലിം യുവതീയുവാക്കള്‍ വൈകാരികമായും മാനസ്സികമായും സാമ്പത്തികമായും വിവാഹത്തിന് തയ്യാറെടുത്ത് തുടങ്ങണമെന്ന് ആമുഖമായി സൂചിപ്പിക്കട്ടെ.

അല്‍പം ഗൗരവപൂര്‍വ്വം കാണേണ്ട കര്‍മ്മം തന്നെയാണ് വിവാഹം. ലൈംഗികാസക്തി ശമിപ്പിക്കാനായി മാത്രമല്ല വിവാഹം കഴിക്കേണ്ടത്. സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായ പ്രായപൂര്‍ത്തിയായ രണ്ടാത്മാക്കള്‍ തമ്മിലുള്ള കരാറാണ് വൈവാഹിക ബന്ധം. വിവാഹമാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടിത്തറ. സുരക്ഷിത സമൂഹത്തിന് ആരോഗ്യപൂര്‍ണ്ണമായ കുടുംബങ്ങളാണാവശ്യം. ആരോഗ്യപൂര്‍ണ്ണമായ വിവാഹബന്ധങ്ങളില്‍ നിന്നേ അതു സാധ്യമാകുകയുള്ളൂ. അതിനായി വിവാഹത്തിന് എങ്ങനെ തയ്യാറെടുക്കണം, എങ്ങനെ നല്ല ജീവിതപങ്കാളിയാകാം എന്നതിനെ സംബന്ധിച്ച്  ഇസ്‌ലാമികവും ഇതരവുമായ കൃതികളെ അവലംബിച്ച് തയ്യാറെടുത്ത് തുടങ്ങേണ്ടതാണ്.

രണ്ടാമതായി, ലൈംഗികാസക്തിയില്‍ നിന്ന് എങ്ങനെ മുക്തി നേടാം എന്നതല്ല ഇവിടത്തെ പ്രശ്‌നം. ലൈംഗികത എന്നത് പ്രകൃതിപരവും അത്ഭുതപരവുമായ ദൈവത്തിന്റെ വരദാനമാണ്. അനുവദനീയ മാര്‍ഗ്ഗത്തിലേ അത് വിനിയോഗിക്കാവൂ എന്ന് മാത്രം. മനുഷ്യര്‍ അത്തരം അനുവദിക്കപ്പെട്ട പരിധികള്‍ ലംഘിക്കുമ്പോഴാണ് ഈ ലോകത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ദൃശ്യമാകുന്നത്. വഴിവിട്ട ലൈംഗിക ബന്ധങ്ങള്‍ പരലോകത്തേക്ക് എന്താണ് ബാക്കിവെക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ലൈംഗികത വാണിജ്യവല്‍ക്കകരിക്കപ്പെട്ട കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ട് തന്നെ പവിത്രമായൊരു സംഗതിയായല്ല അത് കണക്കാക്കപ്പെടുന്നത്. ലൈംഗികത എങ്ങും വ്യാപിച്ചിരിക്കുന്നു. അതിനെ ഒരു വാണിജ്യ ആയുധമായി ഉപയോഗിക്കുന്നവര്‍  നാമേവരുടെയും മനസ്സില്‍ ലൈംഗികാഭിനിവേശം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. താമസിയാതെ നാമതിന് അടിപ്പെട്ടുപോകുന്നു. പിന്നീട് നമ്മുടെ പ്രധാന ശ്രദ്ധ അതുമാത്രമായി മാറുന്നു. അവസാനം ദുര്‍ബലവും മ്ലേഛവുമായ വൈകാരികാവസ്ഥയിലേക്ക് നാമെത്തിപ്പെടുന്നു.

ആത്മനിയന്ത്രണമാണ് ആദ്യം വേണ്ടത്. ദിവാസ്വപ്നങ്ങളിലും തന്നെ വിസ്മയിപ്പിക്കുന്ന ഏത് കാര്യങ്ങളിലും മനസ്സ് എളുപ്പത്തില്‍ ചെന്നുചാടുന്നു. അവിടെയാണ് നമ്മുടെ ആസക്തികള്‍ വിസ്മയത്തിന്റെയും ദിവാസ്വപ്‌നത്തിന്റെയും രൂപത്തില്‍ വര്‍ത്തിക്കുന്നത്. വിസ്മയിപ്പിക്കുന്നവ യാഥാര്‍ത്ഥ്യങ്ങളല്ല എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രശ്‌നവും. നമ്മുടെ മനസ്സില്‍ മാത്രമാണവ കുടികൊള്ളുന്നത്. അവിടെ സംഭവിക്കുന്നതില്‍ വിശ്വസിക്കാന്‍ നാം പ്രേരിതരാകുന്നു. അതുകൊണ്ട് തന്നെ വാസ്തവ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കുന്നേടത്തേക്ക് അത് നമ്മെ കൊണ്ടെത്തിക്കുന്നു. വളരെ വൈകിമാത്രമേ നാം ഈ യാഥാര്‍ത്ഥ്യം  തിരിച്ചറിയാറുള്ളൂ. പിന്നീട് ഖേദിക്കേണ്ടിവരുന്ന അത്തരം ഒരുപാട് കാര്യങ്ങള്‍ അതിനകം നാം ചെയ്തുകഴിഞ്ഞിട്ടുണ്ടാകും. ആയതിനാല്‍ മായാലോകത്ത് അനന്തമായി വിഹരിക്കാന്‍ നമ്മുടെ മനസ്സിനെ കയറൂരി വിട്ടുകൂടാ. മനസ്സ് നമ്മുടെ അധീനതയിലാകണം. എന്നാല്‍ അധികമാളുകളും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാറില്ല. നിര്‍മ്മാണാത്മകമായ കാര്യങ്ങളില്‍ മനസ്സിനെ വ്യാപൃതമാക്കുകയും ദൈവസ്മരണകൊണ്ട് മനസ്സിനെ സദാ അലങ്കരിക്കുകയും ചെയ്യലാണ് അതിനുള്ള മാര്‍ഗ്ഗം. മാനസ്സിക ദൗര്‍ബല്യം അനുഭവപ്പെട്ടാല്‍ ദൈവസ്മരണകൊണ്ട് അത്തരം ദൗര്‍ബല്യത്തില്‍ നിന്ന് രക്ഷപ്രാപിക്കാനാണ് നാം ശ്രമിക്കേണ്ടത്. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മെയും നമ്മുടെ മനസ്സിനെയും തിരിച്ചറിയാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. എത്രയും വേഗം നമ്മുടെ ശ്രദ്ധയെ വഴിതിരിച്ച് വിടുകയും വേണം. അല്ലാഹുവിനെ സംബന്ധിച്ച ചിന്തയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കലായിരിക്കും ഏറ്റവും നല്ലത്. ദൈവത്തെ സ്മരിക്കുന്ന മനസ്സ് ഏത് ബാഹ്യദുര്‍മന്ത്രണങ്ങളില്‍ നിന്നും സുരക്ഷിതവും ശാന്തമായിരിക്കും. മനസ്സ് നിന്റേതാണ്, അതിനെ നിയന്ത്രിക്കേണ്ടവന്‍ നീ തന്നെയാണ്. അത് നിന്നെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് നീ അധപതിച്ച് പോകരുത്.

മൂന്നാമതായി, അത്തരം മായാലോകത്തേക്ക് നമ്മെ കൊണ്ടത്തിക്കുന്ന അന്തരീക്ഷങ്ങളില്‍ നിന്ന് ബോധപൂര്‍വം മാറിനില്‍ക്കുക. അത്തരം വൃത്തികെട്ട ദൃശ്യങ്ങളുള്ള ചാനല്‍ പരിപാടികളും ചലചിത്രങ്ങളും കാണുന്നത് ഉപേക്ഷിക്കുകയാണ് വേണ്ടത്. ലൈംഗികാസക്തികളെ ഉദ്ദീപിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ ബഹിഷ്‌കരിക്കുക. ലൈംഗിക ബന്ധിതമല്ലാത്ത വിനോദങ്ങളില്‍ മനസ്സിനെ വ്യാപൃതമാക്കുക.

ലൈംഗികത പ്രധാനവും എന്നാല്‍ സസൂക്ഷ്മം കൈകാര്യം ചെയ്യേണ്ടതുമായ കാര്യമാണ്. മായിക വിസ്മയങ്ങള്‍ വ്യാജമാണ്, നമ്മുടെ ആഗ്രഹചാപല്യങ്ങളില്‍ മാത്രം കുടികൊള്ളുന്ന വിസ്മയലോകം മാത്രം. അപ്രകാരം തന്നെ അതിനെ മനസ്സിലാക്കാന്‍ കഴിയേണ്ടതുണ്ട്. അതിനുള്ള മികച്ച മാര്‍ഗ്ഗം  എങ്ങനെ എവിടെ നിന്ന് അത്തരം ചിന്തകള്‍ കടന്നുവരുന്നു എന്ന് മനസ്സിലാക്കുകയും ജ്ഞാനത്തിലൂടെയും ദൈവികസ്മരണയിലൂടെയും അച്ചടക്കപൂര്‍ണ്ണമായ ജീവിതത്തിലൂടെയും മനസ്സിന്റെ നിയന്ത്രണം തന്റെ വരുതിയിലാക്കാന്‍ വേണ്ടത് ചെയ്യുകയുമാണ്.

മൊഴിമാറ്റം: ഹാബീല്‍ വെളിയങ്കോട്‌

Facebook Comments
Related Articles
Close
Close