Counselling

രക്ഷിതാക്കളുടെ അവഹേളനം സഹിക്കാനാവുന്നില്ല

ആളുകളുടെ മുന്നില്‍ വെച്ച് രക്ഷിതാക്കള്‍ അവഹേളിക്കുന്നതാണ് എന്റെ പ്രശ്‌നം. അതുകാരണം ഞാന്‍ വളരെ പ്രയാസം അനുഭവിക്കുന്നു. അവരുടെ ഈ പെരുമാറ്റം എനിക്കിഷ്ടമല്ലെന്ന് ഞാന്‍ തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും അവരത് വിലക്കെടുക്കുന്നില്ല. ഞാന്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തുടങ്ങിയതാണിത്. എനിക്കിപ്പോള്‍ 22 വയസ്സായി. സ്വന്തത്തിലുള്ള എന്റെ മതിപ്പ് ഇല്ലാതാക്കിയിരിക്കുകയാണ് ഈ സമീപനം. ഇതിലൂടെ എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സഹനം കൈക്കൊള്ളാനും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കാനും ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്. എങ്കിലും ചിലപ്പോഴെല്ലാം ക്ഷമിക്കാന്‍ കഴിയാതെ ഞാനവരോട് മോശമായി പെരുമാറാറുണ്ട്. അവരെ കുറിച്ച് ഞാന്‍ ബന്ധുക്കളോട് പരാതി പറയാറുമുണ്ട്. ഞാന്‍ ചെയ്യാന്‍ പാടില്ലാത്തതാണ് അതെന്ന് എനിക്കറിയാം. പക്ഷേ ചിലപ്പോഴെല്ലാം ഞാന്‍ തീര്‍ത്തും മറ്റൊരാളായി മാറിയതായി അനുഭവപ്പെടുന്നു. അല്ലാഹുവിനോട് ഞാന്‍ ആവലാതിപ്പെടാറുണ്ട്. എന്തിനാണ് അല്ലാഹു എന്നോടിങ്ങനെ പെരുമാറുന്നത്? 70 മാതാക്കളുടെ സ്‌നേഹത്തേക്കാള്‍ മനുഷ്യനെ സ്‌നേഹിക്കുന്നവനാണ് അവന്‍ എന്നാണല്ലോ പറയപ്പെടുന്നത്. ഇതുകാരണം അല്ലാഹുവിനോട് തന്നെ എനിക്ക് നീരസ്സം തോന്നുകയാണ്. എനിക്കൊരു പരിഹാരം നിര്‍ദേശിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു.

മറുപടി: നിങ്ങളുടെ ഈ അവസ്ഥയില്‍ ഏറെ ദുഖമുണ്ട്. തീര്‍ച്ചയായും എഴുപത് മാതാക്കളുടെ സ്‌നേഹത്തേക്കാള്‍ അല്ലാഹുവിന് മനുഷ്യരോട് സ്‌നേഹമുണ്ട്. അതുകൊണ്ട് തന്നെ അവന്റെ സ്‌നേഹത്തെയും കാരുണ്യത്തെയും സംശയത്തോടെ കാണരുത്.  ഓര്‍ക്കുക, കാര്യങ്ങള്‍ എല്ലായ്‌പ്പോഴും നാം വിചാരിച്ച പോലെയല്ല, കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിലാണ് നടക്കുക. അവക്ക് പിന്നിലുള്ള യുക്തി നമുക്ക് കണ്ടെത്താനായില്ലെങ്കിലും അല്ലാഹുവിനത് അറിയാം. ”അല്ലാഹു ആകാശഭൂമികളിലെ എല്ലാ രഹസ്യങ്ങളും അറിയുന്നു. നിങ്ങള്‍ ചെയ്യുന്നതെന്തും അവന്റെ ദൃഷ്ടിയിലുണ്ട്.” (ഖുര്‍ആന്‍ 49: 18)

അല്ലാഹു പല രൂപത്തിലും നമ്മെ പരീക്ഷിക്കും. ക്ഷമ പാലിക്കലാണ് നമ്മുടെ ഉത്തരവാദിത്വം. ജീവിതത്തില്‍ വലിയ പ്രയാസങ്ങളുണ്ടെങ്കിലും ജീവിതത്തില്‍ അല്ലാഹുവിനോട് നന്ദി കാണിക്കേണ്ട എത്രയോ അനുഗ്രഹങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ട്. നിങ്ങളുടെ പ്രയാസങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍ തിട്ടപ്പെടുത്തി നോക്കുക. (വേണമെങ്കില്‍ ഒരു നോട്ട്ബുക്കില്‍ അത് കുറിച്ചു നോക്കാം.) ക്രമേണ ഇത് അല്ലാഹുവിലുള്ള വിശ്വാസവും ആത്മവിശ്വാസവും വര്‍ധിപ്പിക്കും. മറ്റൊരാളുടെ വാക്ക് നിങ്ങള്‍ക്ക് ആവശ്യമില്ല. നിങ്ങളുടെ കഴിവുകളെ കുറിച്ച് നിങ്ങള്‍ക്ക് ബോധ്യമുണ്ടായിരിക്കുകയും അതില്‍ അഭിമാനിക്കുകയുമാണ് വേണ്ടത്.

മാതാപിതാക്കളുടെ നിങ്ങളോടുള്ള പെരുമാറ്റത്തിന് എന്തെങ്കിലും കാരണമുണ്ടാകാം. അവരുമായി സംസാരിക്കണം. നിങ്ങള്‍ മുമ്പ് ചെയ്തിട്ടുള്ള കാര്യമാണതെന്ന് എനിക്കറിയാം. എങ്കിലും ഒരിക്കല്‍ കൂടി അത് ചെയ്യുന്നതിന് കുഴപ്പമില്ല. എന്തെങ്കിലും വലിയ വിഷമങ്ങളോ ബന്ധത്തിലെ പ്രശ്‌നങ്ങളോ അവര്‍ക്കുണ്ടാവാം. ഒരുപക്ഷേ നിങ്ങളോടത് തുറന്നു പറയാന്‍ അവര്‍ക്ക് കഴിയുന്നുണ്ടാവില്ല.

ബന്ധുക്കളുമായി നിങ്ങളുടെ പ്രശ്‌നം പങ്കുവെച്ചിട്ടുണ്ടെന്ന് പറഞ്ഞു. നല്ലത് തന്നെ, എന്നാല്‍ രക്ഷിതാക്കളോടാണ് ആദ്യം സംസാരിക്കേണ്ടത്. അതിന് സാധിക്കുന്നില്ലെങ്കില്‍ മുതിര്‍ന്ന സഹോദരങ്ങളുടെ സഹായം തേടണം. ഒരുപക്ഷേ മാതാപിതാക്കളുമായി സംസാരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും. അതിന് സാധിക്കാതെ വരുമ്പോള്‍ മാതാപിതാക്കളുമായി വിഷയം സംസാരിക്കാന്‍ പറ്റിയ ഒരാളുടെ സഹായം തേടാവുന്നതാണ്.

അതോടൊപ്പം തന്നെ മാതാപിതാക്കളോട് സ്‌നേഹം പ്രകടിപ്പിക്കണം. അവര്‍ നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്. ഒരുപക്ഷേ മറ്റൊരു കോണില്‍ നിന്നായിരിക്കാം അവര്‍ വിഷയത്തെ കാണുന്നത്. ഉദാഹരണത്തിന്, രക്ഷിതാക്കള്‍ കുട്ടിയോട് ഒരു പ്രത്യേക സ്ഥലത്തേക്ക് പോകരുതെന്ന് പറയുമ്പോള്‍ കുട്ടി തന്നോടുള്ള മോശമായ പെരുമാറ്റമായിട്ടായിരിക്കും അതിനെ കാണുക. രക്ഷിതാക്കളുടെ പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ കുട്ടിക്ക് സാധിക്കാത്തതാണ് കാരണം. നിങ്ങളുടെ വിഷയത്തിലും അത് തന്നെയായിരിക്കും സംഭവിക്കുന്നത്. മാതാപിതാക്കളോട് നല്ല നിലയില്‍ പെരുമാറുകയും അവര്‍ക്ക് ചെറിയ സമ്മാനങ്ങള്‍ നല്‍കുകയും അവരോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുക. കാര്യങ്ങളെല്ലാം ശരിയാകും ഇന്‍ശാ അല്ലാഹ്…

വിവ: നസീഫ്‌

Facebook Comments
Related Articles
Close
Close