Counselling

നിങ്ങളുടെ കോപം അനുകരിക്കപ്പെടുകയാണ്

 

ദേഷ്യവും മുന്‍ശുണ്ഠിയും വളരെ പ്രകടമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിന്റെയും മറ്റും ഭാഗമായി നമുക്ക് കിട്ടിയതാണോ അത്? ഇന്നത്തെ വളര്‍ന്നു വരുന്ന തലമുറ നമ്മുടെ കുട്ടിക്കാലത്തേക്കാള്‍ ദേഷ്യപ്പെടുന്നവരാണോ? കുട്ടിയുടെ പ്രകൃതത്തില്‍ രക്ഷിതാക്കളുടെ ദൈനംദിനചര്യകള്‍ സ്വാധീനിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ‘കുട്ടികള്‍ കാണുന്നു, കുട്ടികള്‍ ചെയ്യുന്നു.’ എന്നു പറയുന്നത് വളരെ ശരിയാണ്.
കുട്ടികളോടുള്ള നമ്മുടെ പ്രകോപനപരമായ സമീപനത്തിന്റെ ചില പ്രതിഫലനങ്ങള്‍ നമുക്ക് അവരില്‍ നിരീക്ഷിക്കാവുന്നതാണ്. ടീച്ചറും കുട്ടികളുമായി അഭിനയിക്കുന്ന കുട്ടികളെ ഞാന്‍ കണ്ടു. ഒരു പെണ്‍കുട്ടിയാണ് ടീച്ചര്‍. പാവപ്പെട്ട രണ്ട് ആണ്‍കുട്ടികളുടെ കൈ മുന്നോട്ട് പിടിച്ച് അടിക്കുകയും ശക്തമായി ശകാരിക്കുകയും ചെയ്യുകയാണ് ടീച്ചര്‍. യഥാര്‍ത്ഥത്തില്‍ തീഷ്ണമായ ചുറ്റുപാടിന്റെ ഇരകളായിരുന്നു അവരെല്ലാം. ആ ചുറ്റുപാട് ഒരു ടീച്ചറുടെ യഥാര്‍ത്ഥ ചിത്രം അവരില്‍ നിന്ന് കവര്‍ന്നെടുത്തിരിക്കുന്നു.
ഒരു കുട്ടിയോട് തന്റെ ഉമ്മയെയോ ഉപ്പയെയോ വരച്ച് കാണിക്കാന്‍ പറഞ്ഞാല്‍ കണ്ണുരുട്ടി പേടിപ്പെടുത്തുന്ന ഒരു രൂപം വരക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കുട്ടികള്‍ക്ക് കുറച്ച് പാവകള്‍ നല്‍കുകയാണെങ്കില്‍ എങ്ങനെ ഒരു രക്ഷിതാവായി അവര്‍ നടിക്കുന്നു എന്ന്് നമുക്ക് കാണാവുന്നതാണ്. രക്ഷിതാക്കള്‍ കുട്ടികളോട് കാണിക്കുന്ന തീഷ്ണമായ പെരുമാറ്റങ്ങള്‍ അവര്‍ നന്നായി അഭിനയിച്ച് കാണിക്കും.

സ്വപ്‌നവും യാഥാര്‍ത്ഥ്യവും ഏറ്റുമുട്ടുമ്പോള്‍
കുട്ടികളെ നന്നായി വളര്‍ത്തുന്നതിനെയും നല്ല ഒരു രക്ഷിതാവാകുന്നതിനെയും കുറിച്ച് വിവാഹത്തിന് മുമ്പ് സ്വപ്‌നം കണ്ടിരുന്ന ധാരാളം കൂട്ടുകാരെ എനിക്കറിയാം. ഇസ്‌ലാമിക ചരിത്രത്തില്‍ തിളങ്ങി നിന്ന സലാഹുദ്ദീന്‍മാരെ പുനസൃഷ്ടിക്കുന്നതിന് സ്വപ്‌നം കണ്ട ആളുകള്‍ അവരിലുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് അവസരം വന്നെത്തിയപ്പോള്‍ അവരുടെ സ്വപ്‌നങ്ങളെല്ലാം എങ്ങനെ തകര്‍ന്ന് പോയി? അവരില്‍ പലരെയും നിരാശരും പരാതിക്കാരുമായിാണ് ഇന്ന് കാണുന്നത്.
ഒരു കുട്ടി ജനിക്കുന്നതോടെ, മാതാവിന് അതുവരെ ശീലിച്ചിരുന്ന പതിവുകള്‍ നഷ്ടപ്പെടുന്നു. കുട്ടിയെ കുളിപ്പിക്കുന്നതിനും ഭക്ഷണം കൊടുക്കുന്നതിനും പുറമെ വീട്ടിലെ സാധാരണ ജോലികളും ചെയ്യേണ്ടി വരുന്നു. അതൊടൊപ്പം തന്നെ ഭര്‍ത്താവിനോടുള്ള കടമകളും അവര്‍ക്ക് നിര്‍വഹിക്കേണ്ടതുണ്ട്. അതേസമയും പിതാവ് തന്റെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. അവരിരുവരും കുട്ടികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെകുറിച്ച് മറക്കുന്നു.

കര്‍ക്കശമായ അച്ചടക്കമാണ് നല്ല സ്വഭാവമുള്ള കുട്ടികളെ സൃഷ്ടിക്കുന്നതെന്നത് വളരെ സാധാരണമായ ഒരു തെറ്റിധാരണയാണ്. അതിന്റെ നേര്‍വിപരീതമാണ് യാഥാര്‍ത്ഥ്യമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അടിയോ ശകാരമോ ഏല്‍ക്കാത്ത കുട്ടികളാണ് ഏറ്റവും നല്ല സ്വഭാവം കാണിക്കുന്നതെന്നാണ് അവ വെളിപ്പെടുത്തുന്നത്. കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്ന രക്ഷിതാക്കളില്‍ ഉദ്ദേശ്യപൂര്‍വം അത് ചെയ്യുന്ന രക്ഷിതാക്കള്‍ വളരെ അപൂര്‍വമാണ്. കുട്ടിയെ അച്ചടക്കകാരനാക്കുന്നതിനായി ചെയ്യുന്ന ഉദ്ദേശ്യപരമല്ലാത്ത പ്രവര്‍ത്തനമായാണത് സാധാരണയായി അത് സംഭവിക്കാറ്. നിങ്ങള്‍ കുട്ടിയെ അടിക്കാന്‍ തീരുമാനിക്കുന്ന നിമിഷത്തില്‍ നിങ്ങളറിയാതെ തന്നെ അവനെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. അതിനോടുള്ള അവന്റെ പ്രതികരണം അക്രമവാസനായി പ്രതിഫലിച്ചേക്കാം.
കുട്ടികാലത്ത് അനുഭവിക്കുന്ന വ്യത്യസ്തങ്ങളായ ആക്ഷേപങ്ങളും പ്രായപൂര്‍ത്തിയെത്തിയ ശേഷമുണ്ടാകുന്ന ഉത്കണ്ഠ പോലുള്ള മാനസിക സമ്മര്‍ദ്ധങ്ങളും തമ്മില്‍ ശക്തമായ ബന്ധം നില്‍ക്കുന്നുണ്ടെന്നാണ് പഠനങ്ങളും ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ കുട്ടിയോട് ദേഷ്യപ്പെടുമ്പോള്‍ നിങ്ങളറിയാതെ തന്നെ മാനസിക പ്രശ്‌നങ്ങള്‍ അവരില്‍ ഉണ്ടാക്കുന്നതിന് കാരണമാവുകയാണ്. ഏറ്റവും ചുരുങ്ങിയത് ദേഷ്യക്കാരനായ നിങ്ങളുടെ പതിപ്പാണ് നിങ്ങള്‍ സൃഷ്ടിക്കുന്നത്. മതമൂല്യങ്ങള്‍ മുറുകെ പിടിക്കുന്നതിന് ചില രക്ഷിതാക്കള്‍ കുട്ടികളോട് വളരെയധികം കാര്‍ക്കശ്യത്തോടെ പെരുമാറുന്നത് കാണാം. എന്നാല്‍ മതങ്ങളെല്ലാം ആവശ്യപ്പെടുന്നത് എല്ലാ ജീവികളോടും ദയ കാണിക്കുന്നതിനാണ്. അവയെങ്ങനെ കുട്ടികളെ അടിക്കുന്നതിനും ക്ഷോഭിക്കുന്നതിനും ആവശ്യപ്പെടുമെന്നത് പുനപരിശോധനക്ക് വിധേയമാക്കേണ്ട കാര്യമാണ്.

ക്ഷമ പരിശീലിക്കുക
രക്ഷിതാക്കള്‍ക്ക് തങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കാന്‍ സാധിക്കുകയെന്ന് അത്യധികം പ്രാധാന്യമുള്ള കാര്യമാണ്. അത് പരിശീലിക്കുന്നതിനുള്ള ലളിതമായി ചില സൂത്രങ്ങളുണ്ട്.
1. ദേഷ്യം നിങ്ങളനുഭവിക്കുന്ന പശ്‌നമാണെന്ന് തിരിച്ചറിയുകയെന്നതാണ് അതിനെ കൈകാര്യം ചെയ്യുന്നതിന്റെ ആദ്യ പടി.
2. ദേഷ്യത്തിന്റെ തോത് നിയന്ത്രിക്കാവുന്നതാണ്. ‘ഞാനൊരു ചൂടന്‍ പ്രകൃതക്കാരനാണ്’ എന്നു ചിലയാളുകള്‍ പറയാറുണ്ട്. തങ്ങളുടെ പ്രകൃതത്തിന്റെ മാറ്റാന്‍ കഴിയാത്ത ഭാഗമായിട്ടാണവരതിനെ കാണുന്നത്. എന്നാല്‍ ദേഷ്യം നിങ്ങളുടെ കൈപിടിയില്‍ ഒതുങ്ങുന്നത് തന്നെയാണ്, നിങ്ങള്‍ക്കതിനെ നിയന്ത്രിക്കാനും സാധിക്കും. എന്നാല്‍ കഠിനമായ ശ്രമം അതിന് ആവശ്യമാണ്.
3. എന്താണ് ദേഷ്യമെന്നും ഏതൊക്കെ രൂപങ്ങളാണ് അതിനുള്ളതെന്നും എങ്ങനെ അത് നിയന്ത്രിക്കാമെന്നതിനെയും കുറിച്ച് കൂടുതല്‍ അവബോധം ഉണ്ടായിരിക്കണം. അതിനായി കൂടുതല്‍ വായിക്കുകയും പ്രത്യേക പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യാവുന്നതാണ്.
4. ധ്യാനത്തിന് സമാനമായ ഫലമുണ്ടാക്കുന്ന ഒന്നാണ് പ്രാര്‍ത്ഥന. ദീനീ അധ്യാപനങ്ങള്‍ മുറുകെ പിടിക്കുന്നത് സഹനം, വിട്ടുവീഴ്ച പോലുള്ള സാമൂഹിക ഗുണങ്ങള്‍ വളര്‍ത്തുന്നതിന് സഹായിക്കുന്നവയാണ്.
5. നിശ്ചയദാര്‍ഢ്യം കൈകൊള്ളാന്‍ പരിശീലിക്കുക. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ അനുയോജ്യമായ വാക്കുകളും ഭാവങ്ങളും സ്വീകരിക്കുക. എന്നാല്‍ അവര്‍ ചെയ്ത പ്രവൃത്തിയില്‍ നിങ്ങള്‍ അസ്വസ്ഥനാണെന്ന് അവരോട് തുറന്ന് പറയുകയാണ് വേണ്ടത്.
6. ശരീര പേശികള്‍ക്കും മനസിനും അയവ് വരുത്തുന്ന പരിശീലന രീതികള്‍ പഠിക്കുക.
7. നിങ്ങളുടെ കുട്ടിയെ എങ്ങനെ സല്‍സ്വഭാവിയും അച്ചടക്കമുള്ളവനുമാക്കുമെന്ന് പഠിക്കുക. അമൂല്യമായ വരുംതലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ ഒരു രക്ഷിതാവെന്ന നിലയിലുള്ള നിങ്ങളുടെ ഗൃഹപാഠമാണത്. നിങ്ങളുടെ രക്ഷിതാവ് ക്ഷുഭിതനായ ഒരാളായിരിക്കാം. എന്നാല്‍ ക്ഷോഭം നിങ്ങളുടെ മക്കളിലേക്ക് പകര്‍ന്ന് നല്‍കാതെ നിങ്ങളില്‍ വെച്ച് അവസാനിപ്പിക്കുക.
8. നിങ്ങള്‍ മറ്റുള്ളവരെ സഹായിക്കുകയും അവര്‍ക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ സന്തോഷം അനുഭവിക്കും എന്നത് അത്ഭുതകരമായ കാര്യമാണ്. സ്വന്തത്തിന് വേണ്ടി ജീവിക്കുന്നതിന് വേണ്ടി ജീവിക്കുന്നിനേക്കാള്‍ സന്തോഷം ലഭിക്കുക മറ്റുള്ളവര്‍ക്കായി ജീവിക്കുമ്പോഴാണ്.
9. നിങ്ങള്‍ സന്തോഷവാനായിരിക്കുകയെന്നത് വളരെ പ്രധാനമാണ്. ഒരു രക്ഷിതാവെന്ന നിലയില്‍ നിങ്ങള്‍ ആനന്ദവും സന്തോഷവും അനുഭവിക്കണം എന്നാല്‍ മാത്രമേ കുട്ടികളെ സന്തോഷിക്കുന്നവരായി വളര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ.
10. കുടുംബത്തോടൊപ്പം കളിക്കാന്‍ പഠിക്കുകയെന്നത് വളരെ പ്രധാനമാണ്. അത് കുടുംബത്തില്‍ ചിരിയും സന്തോഷവും കൊണ്ട് വരികയും ബന്ധങ്ങള്‍ ശക്തമാക്കുകയും ചെയ്യും.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

 

Facebook Comments
Related Articles
Close
Close