Counselling

തെറ്റില്‍ നിന്ന് മടങ്ങിയവന്‍ പാപമുക്തനോ?

ഞാന്‍ ഒരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണ്. ശാരീരികമായി പലപ്പോഴും ഞങ്ങള്‍ അടുത്ത് ഇടപഴകുകയും ചെയ്തിട്ടുണ്ട്. വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കാനാണ് ഞങ്ങളിരുവരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ അവളുടെ വീട്ടുകാരുടെ ശക്തമായ എതിര്‍പ്പ് കാരണം വിവാഹം ഇനി നടക്കില്ലെന്ന അവസ്ഥയിലാണുള്ളത്. ചെയ്ത തെറ്റില്‍ അല്ലാഹുവോട് വളരെയധികം പശ്ചാത്തപിച്ചിട്ടുണ്ട്. എന്നാല്‍ സൂറത്തു നൂറിലെ 3 -ാം സൂക്തത്തില്‍ പറയുന്ന കാര്യം ഞങ്ങളെ അസ്വസ്ഥപ്പെടുത്തുകയാണ്. വേര്‍പിരിഞ്ഞ് മറ്റൊരാളെ വിവാഹം ചെയ്യേണ്ടി വന്നാല്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന പങ്കാളി വ്യഭിചാരിയായിരിക്കുമെന്നതിനെ ഞങ്ങള്‍ ഭയപ്പെടുന്നു. കഴിഞ്ഞതെല്ലാം മറച്ചു വെച്ച് മറ്റൊരാളുടെ കൂടെ ജീവിക്കുന്നത് ഇസ്‌ലാമികമായി ശരിയാണോ?

മറുപടി : തനിക്ക് അന്യയായ സ്ത്രീയുമായി അടുപ്പം പുലര്‍ത്തുന്നത് ഗുരുതരമായ തെറ്റായിട്ടാണ് ഇസ്‌ലാം കാണുന്നത്. അവളെ തന്നെയാണ് വിവാഹം ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത് എന്നത് തെറ്റിന്റെ ഗൗരവം ഒട്ടും കുറക്കുന്നില്ല. ശറഇയായ രീതിയില്‍ നികാഹ് നടക്കുന്നത് വരെ മറ്റേത് പെണ്‍കുട്ടിയെയും പോലും അവളും അന്യസ്ത്രീ തന്നെയാണ്. ഇനി അവളെ തന്നെയാണ് വിവാഹം ചെയ്യുന്നതെങ്കിലും അതിന് മുമ്പ് ചെയ്ത തെറ്റ് തെറ്റല്ലാതെയാവുന്നില്ല. വന്നു പോയ തെറ്റില്‍ അല്ലാഹുവോട് പശ്ചാത്തപിച്ചിട്ടുണ്ടെന്ന് ചോദ്യത്തില്‍ സൂചിപ്പിച്ചു. ചെയ്ത് പോയ തെറ്റിലുള്ള ആത്മാര്‍ത്ഥമായ ഖേദത്തോടും ഇനി ഒരിക്കലും അത് ആവര്‍ത്തിക്കില്ലെന്ന ദൃഢനിശ്ചയത്തോടും കൂടിയുള്ള പശ്ചാത്താപം അല്ലാഹു സ്വീകരിക്കുമെന്നാണ് വിശുദ്ധ ഖുര്‍ആനും ഹദീസുകളും പഠിപ്പിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹു പശ്ചാത്തപിക്കുന്നവരെ സ്‌നേഹിക്കുന്നു. ശുചിത്വം പാലിക്കുന്നവരെയും അവനിഷ്ടപ്പെടുന്നു.’ (അല്‍-ബഖറ : 222)

മറ്റൊരിടത്ത് പറയുന്നു : ‘വിശ്വസിച്ചവരേ, അല്ലാഹുവിനോട് പശ്ചാത്തപിക്കുവിന്‍ നിഷ്‌കളങ്കമായ പശ്ചാത്താപം. നാഥന്‍ നിങ്ങളുടെ പാപങ്ങള്‍ ദൂരീകരിക്കുകയും നിങ്ങളെ, താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കും.’ നിഷ്‌കളങ്കമായി പശ്ചാത്തപിക്കുന്നവരുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുമെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

അല്ലാഹുവോട് ചെയ്ത തെറ്റില്‍ പാപമോചനം തേടുന്നതോടൊപ്പം ഉണ്ടാവേണ്ട ഒന്നാണ് കൂടുതല്‍ നന്മകള്‍ ചെയ്യുകയെന്നത്. സര്‍ക്കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ അവ മുഖേനെ മുമ്പ് ചെയ്ത് പോയ തെറ്റുകള്‍ അല്ലാഹു മായ്ച്ചു കളയുമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു : ‘സത്യത്തില്‍, നന്മകള്‍ തിന്മകളെ ദൂരീകരിക്കുന്നു. ഇത് ദൈവവിചാരമുള്ളവര്‍ക്ക് ഒരു ഉദ്‌ബോധനമാകുന്നു.’

മറ്റൊരാളെ വിവാഹം ചെയ്യേണ്ടി വന്നാല്‍ വ്യഭിചാരിയെ ആയിരിക്കുമോ പങ്കാളിയായി ലഭിക്കുക എന്നത് നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന മറ്റൊരു കാര്യമാണ്. സൂറത്തുന്നൂറിലെ മൂന്നാമത്തെ സൂക്തത്തിന് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി നല്‍കിയ വിശദീകരണം നിങ്ങളുടെ ആശങ്കക്ക് അറുതിയുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ‘വ്യഭിചാരി, വ്യഭിചാരിണിയെയോ ബഹുദൈവാരാധകയെയോ അല്ലാതെ വിവാഹംചെയ്യരുത്. വ്യഭിചാരിണി, വ്യഭിചാരിയോ ബഹുദൈവാരാധകനോ അല്ലാതെ അവളെയും വിവാഹംചെയ്യരുത്. സത്യവിശ്വാസികള്‍ക്ക് അത് നിരോധിക്കപ്പെട്ടിരിക്കുന്നു.’ ഇതിനെ വിശദീകരിച്ചു കൊണ്ട് അദ്ദേഹം തഫ്ഹീമുല്‍ ഖുര്‍ആനില്‍ വിവരിക്കുന്നു: ‘അതായത്, പശ്ചാത്തപിച്ചു മടങ്ങാത്ത വ്യഭിചാരിക്ക് ആരെങ്കിലും അനുയോജ്യമാവുമെങ്കില്‍ അത് വ്യഭിചാരിണിയോ അല്ലെങ്കില്‍ ബഹുദൈവവിശ്വാസിനിയോ ആണ്. സദ്‌വൃത്തയായ ഒരു സത്യവിശ്വാസിനിക്ക് അവനൊരിക്കലും അനുയോജ്യനല്ല. ഇത്തരം ദുര്‍മാര്‍ഗികള്‍ക്ക് തങ്ങളുടെ പെണ്‍കുട്ടികളെ ബോധപൂര്‍വം നല്‍കുന്നത് സത്യവിശ്വാസികള്‍ക്ക് നിഷിദ്ധമാണ്. അതേപോലെ, പശ്ചാത്തപിച്ചു മടങ്ങാത്ത വ്യഭിചാരിണിക്കും അവളെപ്പോലുള്ള വ്യഭിചാരിയോ അല്ലെങ്കില്‍ ബഹുദൈവവിശ്വാസിയോ മാത്രമാണനുയോജ്യം. സല്‍ക്കര്‍മിയായ സത്യവിശ്വാസിക്ക് അവളൊരിക്കലും അനുയോജ്യയല്ല. സ്ത്രീകളുടെ ദുര്‍നടപ്പിനെ കുറിച്ചറിഞ്ഞുകൊണ്ട് അവരുമായി വൈവാഹികബന്ധം സ്ഥാപിക്കാന്‍ സത്യവിശ്വാസികള്‍ക്ക് പാടില്ല. തങ്ങളുടെ ദുര്‍നടപടികളില്‍ ഉറച്ചുനില്‍ക്കുന്ന സ്ത്രീപുരുഷന്മാര്‍ക്കാണ് ഈ നിയമം ബാധകമാവുന്നത്. പശ്ചാത്തപിച്ച് ആത്മസംസ്‌കരണം സാധിക്കുന്നവര്‍ക്ക് അത് ബാധകമല്ല. കാരണം, പശ്ചാത്താപത്തിനും സംസ്‌കരണത്തിനും ശേഷം `വ്യഭിചാരി’ എന്ന വിശേഷണം അവന് ചേരുകയില്ല.’

വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്ത പശ്ചാത്തലത്തില്‍ മറ്റൊരാളെ പങ്കാളിയായി സ്വീകരിക്കുമ്പോള്‍ മുമ്പ് കഴിഞ്ഞ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നത് ദാമ്പത്യ ജീവിതത്തെ ദോഷകരമായി ബാധിച്ചേക്കും. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ മറച്ചു വെക്കുകയാണ് ഉത്തമമെന്ന് ഡോ. യൂസുഫുല്‍ ഖറദാവിയെ പോലുള്ള പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

Facebook Comments
Related Articles
Show More
Close
Close