Counselling

കൗമാരക്കാരിലെ കോപം

രക്ഷിതാക്കള്‍ക്ക് പലപ്പോഴും ഏറ്റവും വലിയ തലവേദനായി മാറുന്ന ഒന്നാണ് കൗമാരക്കാരായ മക്കളുടെ കോപം. മാതാപിതാക്കളുമായുള്ള ബന്ധത്തില്‍ അത് വിള്ളലുകള്‍ സൃഷ്ടിക്കുന്നു. അധ്യാപകരോടും ചുറ്റുവട്ടത്തുള്ളവരോടുമുള്ള പെരുമാറ്റത്തിലും അത് സ്വാധീനിക്കുന്നു. എന്നാല്‍ എല്ലാ കൗമാരക്കാരും കോപാകുലരാണെന്ന് നിങ്ങള്‍ തെറ്റിധരിക്കേണ്ടതില്ല. നിരവധി കാരണങ്ങളുടെ ഫലമായി അവരില്‍ ഉണ്ടായി തീരുന്ന ഒന്നാണത്. അക്കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് വിശദമായി പരിചയപ്പെടാം.

1) കോപത്തിന്റെ മാതൃകകള്‍
നാം അറിഞ്ഞു കൊണ്ടോ ബോധപൂര്‍വമോ ചില മാതൃകള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടായിത്തീരാറുണ്ട്. അത് കൂടുതല്‍ ശക്തമാകുന്ന കാലഘട്ടമാണ് കൗമാരം. അധ്യാപകനോ രക്ഷിതാവോ അവരുദ്ദേശിക്കുന്ന കാര്യം നടപ്പാക്കാന്‍ കോപിക്കുന്നത് കാണുന്ന കൗമാരക്കാരന്‍ അവരില്‍ അതിന്റെ ശക്തി കാണുന്നു. ക്രമേണ അവനും കോപമെന്ന സ്വഭാവത്തിന് അവരില്‍ നിന്ന് മാതൃക സ്വീകരിക്കുന്നു. രക്ഷിതാക്കള്‍ തങ്ങളുടെ ഓരോ പ്രവര്‍ത്തനത്തിലും സൂക്ഷ്മത പാലിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. തങ്ങളില്‍ നിന്നും മക്കളത് പകര്‍ത്തിയെടുക്കുമെന്ന ബോധം എപ്പോഴുമുണ്ടാകണം. അധ്യാപകരോ രക്ഷിതാക്കളോ അവരോട് കോപിച്ചാല്‍ കോപിക്കാനിടയാക്കിയ സാഹചര്യത്തെ കുറിച്ച് അവരുമായി ചര്‍ച്ച ചെയ്യുകയും കോപം ഒരു നല്ല ഗുണമല്ലെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

2. ഉള്ളിലുള്ളത് പ്രകടിപ്പിക്കാന്‍ കഴിയാതിരിക്കല്‍
ഉള്ളിലുള്ള ദേഷ്യം പോലുള്ള വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അനുവദിക്കാതിരിക്കപ്പെടുന്നത് ലോകത്തിന്റെ പല ഭാഗത്തുമുള്ള കുട്ടികള്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണിന്ന്. പ്രത്യേകിച്ചും ആണ്‍കുട്ടികളാണ് ഇതനുഭവിക്കേണ്ടി വരുന്നത്. നീ ഒരു ആണല്ലേ, അതുകൊണ്ട് കരയുന്നത് മോശമാണ്, നിന്റെ ആവലാതികള്‍ പങ്കുവെക്കുന്നതും നിന്നെ ബാധിച്ചിരിക്കുന്ന നിരാശയെയും ദുഖത്തെയും കുറിച്ച് സംസാരിക്കുന്നതും നിനക്ക് അനുയോജ്യമല്ലെന്നാണ് അവന്‍ പഠിപ്പിക്കപ്പെടുന്നത്. പ്രവാചകന്‍ മുഹമ്മദ്(സ)യുടെ മാതൃകയാണ് നാം പിന്തുടരുന്നതെങ്കില്‍ അദ്ദേഹം കരയുകയും ദുഖിക്കുകയും ചെയ്തിട്ടുണ്ടെന്ന് കാണാം. പ്രവാചകാനുചരന്‍മാരും അവരുടെ ദുഖം പ്രകടിപ്പിച്ചിരുന്നു. അവരതില്‍ നിന്ന് വിലക്കപ്പെടുകയോ അതിന്റെ പേരില്‍ അവരുടെ വിശ്വാസം ചോദ്യചെയ്യപ്പെടുകയോ ചെയ്തിട്ടില്ല. മറിച്ച് ദുഖത്തിനും വിഷമത്തിനുമുള്ള മന്ത്രം അവര്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയാണ് ചെയ്തത്.

പെണ്‍കുട്ടികളോടുള്ള പെരുമാറ്റവും വളരെ ദുഖകരമാണ്. ദുഖവും വേദനകളും കടിച്ചമര്‍ത്തുന്നവരാക്കിയിട്ടാണ് പലപ്പോഴും അവര്‍ വളര്‍ത്തപ്പെടുന്നത്. തങ്ങളുടെ വികാരങ്ങള്‍ എങ്ങനെ ശരിയായി പ്രകടിപ്പിക്കണമെന്ന് അവരെ ആരും പഠിപ്പിക്കുന്നില്ല. എങ്ങനെ സ്വന്തത്തെ പ്രകടിപ്പിക്കാമെന്ന് ചില കാര്യങ്ങളിലൂടെ നമുക്കവരെ പഠിപ്പിക്കാവുന്നതേ ഉള്ളൂ. മനസ്സിലുള്ളത് എഴുത്തിലൂടെ പ്രകടപ്പിക്കുന്നതിന് അവരുടെ ചിന്തകളും ആശയങ്ങളും എഴുതാന്‍ അവര്‍ക്ക് പരിശീലനം നല്‍കാം. അതോടൊപ്പം  സാധ്യമാകുന്നത്ര പോസിറ്റീവായ അന്തരീക്ഷം ഒരുക്കുകയും ചെയ്യാം.

3. ശാരീരികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാതിരിക്കല്‍
മാതാപിതാക്കളും കൗമാരക്കാരെ പരിപാലിക്കുന്നവരും അങ്ങേയറ്റം പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണിത്. ആഹാരം, വെള്ളം, ഉറക്കം പോലുള്ള ശാരീരികാവശ്യങ്ങളില്‍ വരുന്ന കുറവ് കോപത്തിന് കാരണമായി തീരാറുണ്ട്. അതുകൊണ്ട് അവര്‍ ഇഷ്ടപ്പെടുന്ന ആരോഗ്യകരമായ ഭക്ഷണം മതിയായ ഉറക്കത്തിനും രക്ഷിതാക്കള്‍ സൗകര്യം ചെയ്യേണ്ടതുണ്ട്.

മൊഴിമാറ്റം : നസീഫ്‌

Facebook Comments
Related Articles
Show More
Close
Close