Current Date

Search
Close this search box.
Search
Close this search box.

ബി ബി സി ലേഖികയുടെ ഒരു അഭിമുഖം

മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ – ബ്രിട്ടനിലെ വലിയ ഇസ്ലാമിക സംഘമാണ്. പള്ളികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവക്ക് അവർ നേതൃത്വം നൽകുന്നു.. ഈ രണ്ടു വർഷത്തിൽ ജനാധിപത്യ രീതിയിലാണ്‌ സംഘടനയുടെ തിരഞ്ഞെടുപ്പ് നടക്കാറ്. ചരിത്രത്തിൽ ആദ്യമായി അതിന്റെ ജനറൽ സിക്രട്ടറി സ്ഥാനത്തേക്ക് ഒരു സ്ത്രീ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സ്കോട്ടിഷ് മുസ്ലിമായ സാറാ മുഹമ്മദാണ് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത. ഇവരുടെ സ്ഥാനക്കയറ്റം ബ്രിട്ടിഷ് മുസ്ലിം സ്ത്രീകൾക്കിടയിൽ നല്ല അനുരണനങ്ങൾ ഉണ്ടായിക്കിയിട്ടുണ്ട്.

അവരുമായി ബി ബി സി ലേഖിക Emma Barnett ഒരു അഭിമുഖം നടത്തുകയുണ്ടായി. മുസ്ലിം സ്ത്രീകൾ ആധുനിക ലോകത്ത് പല രംഗത്തും മുന്നേറ്റം പ്രകടിപ്പിക്കുമ്പോൾ ഈ അഭിമുഖത്തിനു വലിയ പ്രാധാന്യം ലോകം കൽപ്പിച്ചിരുന്നു. പക്ഷെ മല എലിയെ പ്രസവിച്ചു എന്നത് പോലെ ഒന്നുമല്ലാത്ത അവസ്ഥയിലാണ് പ്രസ്തുത പരിപാടി കലാശിച്ചത്. മുസ്ലിം സ്ത്രീയുമായി ബന്ധപ്പെടുത്തി ലോകത്തിനു ചർച്ച ചെയ്യാനുള്ളത് വളരെ കുറച്ചു കാര്യങ്ങൾ മാത്രം. മുസ്ലിം സ്ത്രീ നേരിടുന്ന വലിയ വിഷയം മുത്തലാഖ് എന്ന രീതിയിലുള്ള ചർച്ചകളും തീരുമാനങ്ങളും നമ്മുടെ നാട്ടിൽ നാം കണ്ടതും കേട്ടതുമാണ്.

ബി ബി സി ലേഖികയും അത് തന്നെ ആവർത്തിച്ചു. ലോക പ്രശസ്തമായ ഒരു സംഘത്തിന്റെ നേത്രുത്വ സ്ഥാനത് ഒരു സ്ത്രീ എത്തി എന്നത് ഒരു ചർച്ചയാക്കി മാറ്റാൻ ശ്രമിക്കാതെ ലേഖികക്ക് ചോദിക്കാനുണ്ടായിരുന്നത് “ ബ്രിട്ടനിൽ എത്ര വനിതാ ഇമാമുമാർ ഉണ്ട്” എന്നതിനെ കുറിച്ചായിരുന്നു. അതും വളരെ അരോചകമായി തന്നെയായിരുന്നു അവരുടെ ചോദ്യം. സാധാരണ പോലെ ചോദ്യം ചോദിച്ച ലേഖിക ഒരു ഉത്തരം മനസ്സിൽ കണ്ടിരുന്നു. അതിലേക്കു ഉത്തരം വരുത്തിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ചോദ്യങ്ങൾ. മുസ്ലിം സ്ത്രീകൾ പൊതു മണ്ഡലത്തിലേക്ക് ഉയർന്നു വന്നാൽ അതിനെ അംഗീകരിക്കാൻ കഴിയാതിരിക്കുക എന്നത് ഒരു ആഗോള പൊതു ബോധമാണ്. ഇമാം എന്നത് കൊണ്ട് “ പള്ളിയിലെ ഇമാമിനെയാണോ ഉദ്ദേശിച്ചത് “ എന്ന് സാറാ ലേഖികയോട് തിരിച്ചു ചോദിക്കുന്നത് കാണാമായിരുന്നു. ഇമാം എന്നത് കൊണ്ട് ഒറ്റ ഉദ്ദേശമേ പുറത്തുള്ളവർ കാണൂ. അത് പള്ളിയിലെ ഇമാമാണ്. അതെ സമയം നേതാവ് എന്നർത്ഥത്തിലും ഇമാം ഉപയോഗിക്കാറുണ്ട് എന്നത് പലരും കാണാതെ പോകുന്നു.

ജൂത കൃസ്ത്യൻ മതങ്ങളുടെ പിന്തുടർച്ച എന്ന രീതിയിൽ ഇസ്ലാമിനെ കാണുന്ന ഓറിയൻറൽ ചിന്തയുടെ ബാക്കിയാണ് ഇത്തരം ചോദ്യങ്ങളുടെ പിന്നിലെ പ്രചോദനം. ഇസ്ലാമിന് സ്വന്തമായി ഒരു idendity അംഗീകരിച്ചു തരാൻ പടിഞ്ഞാറ് ഒരുക്കമല്ല. അവർ ഉണ്ടാക്കിവെച്ച അനുമാനങ്ങൾക്ക് സത്യത്തിന്റെ പരിമളം ചാർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ചോദ്യങ്ങൾ. അവരുടെ ഭാഷയിൽ ഇസ്ലാം മറ്റുള്ളവരിൽ നിന്നും വിശ്വാസം കടമെടുത്തവരാണ്. അത് കൊണ്ട് തന്നെ മറ്റു മതങ്ങളുടെ ഭാഷയിൽ ഇസ്ലാമിനെ ചോദ്യം ചെയ്യാനുള്ള ബി ബി സി ലേഖികയുടെ പരിശ്രമം പുതിയ കാര്യമായി കാണേണ്ടതില്ല. ഇസ്ലാമോഫോബിയ ഇസ്ലാമിന്റെ കാര്യത്തിൽ എന്ന പോലെ മുസ്ലിം സ്ത്രീയുടെ കാര്യത്തിലും നടപ്പാക്കാൻ പടിഞ്ഞാറ് ശ്രമം നടത്തുന്നു. പൊതു മണ്ഡലങ്ങളിൽ സ്ത്രീകൾ ഇടപെടണം എന്നത് പോലെ മുസ്ലിം സ്ത്രീ ഇടപെടണം എന്ന് അവർ പറയാറില്ല. അല്ലെങ്കിൽ മുസ്ലിം സ്ത്രീയുടെ സത്വം അതിനു പറ്റിയതല്ല എന്ന രീതിയിൽ അവർ തീരുമാനിച്ചിരിക്കുന്നു. അമേരിക്കൻ പ്രസിട്ന്റ്റ് ജോർജ് ബുഷ്‌ അഫ്ഗാനിസ്ഥാനിൽ യുദ്ധം പ്രഖ്യാപിച്ച സമയത്ത് ലോറാ ബുഷ്‌ ആവശ്യപ്പെട്ടത് അഫ്ഗാസ് സ്ത്രീകളെ മോചിപ്പിക്കുന്നതിനെ കുറിച്ചാണ്. മൊത്തത്തിൽ മുസ്ലിം സ്ത്രീ ലിംഗ അസമത്വത്തിനു കീഴിലാണെന്ന് പടിഞ്ഞാറ് സ്വയം തീരുമാനിച്ചിരിക്കുന്നു.

ചൊവ്വയിലേക്ക് എത്തിപ്പെട്ട ആദ്യ അറബ് രാജ്യവും ലോകത്തിലെ ആറാം രാജ്യവുമായ യു എ ഇ യുടെ പ്രസ്തുത പദ്ധതിക്ക് നേതൃത്വം നൽകിയത് ഒരു സ്ത്രീയായിരുന്നു. മുസ്ലിം സ്ത്രീകൾ പൊതു രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും മുന്നേറ്റം നടത്തുന്ന കാലമാണ്. ആണിനും പെണ്ണിനും അവരുടെ കഴിവുകൾ സമൂഹത്തിനു വേണ്ടി ചിലവഴിക്കാൻ ഇസ്ലാം അനുവാദം നൽകുന്നു. ഇസ്ലാം നിർദ്ദേശിച്ച മാർഗ നിർദ്ദേശങ്ങൾ പാലിച്ചു ആർക്കും പൊതു രംഗത്ത്‌ വരാൻ കഴിയും. ഒരു വിഭാഗം സ്ത്രീയെ വീടിനുള്ളിൽ തളച്ചിട്ടപ്പോൾ മറ്റൊരു വിഭാഗം അവളെ പരിധികളില്ലാതെ കയറൂരിവിട്ടു. അതെ സമയം ഇസ്ലാമിന്റെ സംസ്കാരത്തിൽ ചവിട്ടി നിന്ന് മുന്നോട്ടു പോകുന്ന വിശ്വാസികൾ തുലോം കുറവായിരുന്നു. അവിടെ നിന്നും ഒരു പുതിയ മാറ്റത്തിന് കാലം സാക്ഷിയാവുന്നു. സ്ത്രീയും പുരുഷനും കലഹിച്ചു കൊണ്ടും മോശമായ മൽസരത്തിലൂടെയുമല്ല അത് നടക്കേണ്ടത്‌ . പകരം സഹവർത്തിത്വത്തിലൂടെ അത് സംഭവിക്കണം.

വിശ്വാസം ജനതയെ സ്വാധീനിക്കുക എന്നിടത്തു നിന്നും ജനതകൾ വിശ്വാസത്തെ സ്വാദീനിക്കുക എന്നതാണ് പടിഞ്ഞാറൻ മതങ്ങളുടെ പ്രത്യേകത. കൃസ്ത്യാനിറ്റിയുടെ ജനനം പടിഞ്ഞാറല്ല. പക്ഷെ പടിഞ്ഞാറൻ സംസ്കാരം കൃസ്തു മതത്തെ കീഴ്പ്പെടുത്തി എന്നത് ചരിത്ര സത്യമാണ്. അബ്രാഹം മതങ്ങൾ എന്ന നിലയിൽ അറിയപ്പെടുന്ന ഇസ്ലാം ജൂത കൃസ്ത്യൻ മതങ്ങളിൽ ഇസ്ലാം ഒഴികെ മറ്റെല്ലാം സാമൂഹിക അവസ്ഥകൾക്ക് അനുസരിച്ച് ഭാവമാറ്റം സംഭവിച്ചിട്ടുണ്ട്. ആ രീതിയിൽ ഇസ്ലാമും മാറണമെന്ന് അവർ ആഗ്രഹിക്കുന്നു. ഇസ്ലാമിനെ മറ്റു മതങ്ങളിൽ നിന്നും ഭിന്നമാക്കുന്നത് അത് ജീവിതത്തിന്റെ എല്ലാ മേഖലകളേയും പരിഗണിക്കുന്നു എന്നത് കൊണ്ടാണ്. മതേതരത്വം പടിഞ്ഞാറിനെ സംബന്ധിച്ചിടത്തോളം പൂർണമായും മത നിഷേധമാണ്. അതിനാൽ തന്നെ മതത്തിനു അവർ കുറച്ചു കാര്യങ്ങൾ മാത്രമേ വകവെച്ചു കൊടുക്കുന്നുള്ളൂ. പള്ളിയിൽ ഇമാം നിന്നാൽ സ്ത്രീ സ്വതന്ത്രയായി എന്നത് ബി ബി സി ലേഖിക സ്വയം തീർത്ത ധാരണയാണ്. ഒരു വനിതാ പോപ്പ് വന്നാൽ കൃസ്ത്യാനിറ്റിയുടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും എന്നാരും പറയില്ല. മലാല ആഘോഷിക്കപ്പെട്ട ഒരു മുസ്ലിം പ്രതിരൂപമാണ്. മലാല നടത്തിയ സാമൂഹിക വിപ്ലവം എന്നതിനേക്കാൾ മലാല പ്രതി സ്ഥാനത് നിർത്തിയവരേ നോക്കിയാണ് അന്ന് കാര്യങ്ങൾ തീരുമാനിച്ചത്.

Related Articles