Sunday, November 16, 2025

Current Date

സംസം: ഉറവ വറ്റാത്ത അത്ഭുതം

zamzam well

ബുധനാഴച ആരംഭിച്ച് ജൂണ്‍ 8ന് അവസാനിക്കുന്ന ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 18 ലക്ഷം തീര്‍ത്ഥാടകരാണ് പുണ്യനഗരമായ മക്കയില്‍ ഒത്തുകൂടിയിരിക്കുന്നത്. ഇസ്ലാമില്‍ ശാരീരികമായും സാമ്പത്തികമായും യാത്ര ചെയ്യാനും ശേഷിയുള്ള പ്രായപൂര്‍ത്തിയായ എല്ലാ മുസ്‌ലിംകള്‍ക്കും ജീവിതത്തില്‍ ഒരിക്കല്‍ നിര്‍ബന്ധമായി ചെയ്യേണ്ട കര്‍മമാണ് ഹജ്ജ്. ഹജ്ജ് തീര്‍ത്ഥാടനവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് സംസം വെള്ളം. ഹജ്ജ് വേളയിലുടനീളം ഈ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ കുടിക്കാനുപയോഗിക്കുന്ന ഉറവ വറ്റാതെ 4,000 വര്‍ഷത്തിലേറെയായി തെളിനീരൊഴുക്കുന്ന സംസം ആധുനിക ലോകത്തിന് ഒരു ദൃഷ്ടാന്തം തന്നെയാണ്.

സംസം വെള്ളത്തിന്റെ ഉത്ഭവം എവിടെ നിന്നാണ് ? എന്തൊക്കെയാണ് സംസത്തിന്റെ പ്രാധാന്യം? സംസം കിണര്‍ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

കഅ്ബയില്‍ നിന്ന് ഏകദേശം 21 മീറ്റര്‍ (69 അടി) കിഴക്ക് മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ (മസ്ജിദുല്‍ ഹറാം) ആണ് സംസം കിണര്‍ സ്ഥിതി ചെയ്യുന്നത്. മതാഫ് പ്രദേശത്തിന് താഴെയാണ് സംസം കിണര്‍, തീര്‍ത്ഥാടകര്‍ ത്വവാഫ് ചെയ്യുന്ന കഅ്ബക്ക് സമീപത്ത് മാര്‍ബിള്‍ ടൈലുകള്‍ പാകിയ സ്ഥലമാണിത്. 1962-ല്‍, തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചുവരുന്നതിന്റെ ഭാഗമായി കിണര്‍ വിശാലമാക്കുന്നതിനായി സൗദി രാജാവ് മതാഫ് പ്രദേശത്തിന്റെ വികസന പദ്ധതി നടപ്പിലാക്കി. ഈ പദ്ധതിയുടെ ഭാഗമായി, സംസം കിണറിന്റെ അടപ്പ് താഴ്ത്തി മതാഫിന് താഴെ ഏകദേശം 2.7 മീറ്റര്‍ (9 അടി) ആഴമുള്ള ഒരു ബേസ്‌മെന്റില്‍ ആക്കി അടച്ചു. 2003-ല്‍, ഈ ബേസ്‌മെന്റിന്റെ പ്രവേശന കവാടങ്ങള്‍ അടച്ചു, കൂടുതല്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി കുടിവെള്ള ടാപ്പുകള്‍ മതാഫിന്റെ വശങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചു. ഇന്ന് ഹറമിലൂടനീളം വ്യാപിച്ചുകിടക്കുന്ന ഡിസ്‌പെന്‍സറുകളും ടാപ്പുകളും വഴിയാണ് തീര്‍ത്ഥാടകള്‍ക്ക് സംസം വെള്ളം ലഭ്യമാക്കുന്നത്.

zamzam

 

ഹജ്ജിലും ഉംറയിലും സംസത്തിന്റെ പ്രാധാന്യമെന്ത് ?

മക്കയുടെ ഉത്ഭവവുമായും പ്രവാചകന്‍ ഇബ്രാഹിം, അദ്ദേഹത്തിന്റെ ഭാര്യ ഹാജറ ബീവി, അവരുടെ മകന്‍ ഇസ്മാഈല്‍ എന്നിവരുടെ കഥയുമായും സംസം വെള്ളത്തിന് ആഴത്തില്‍ ബന്ധമുണ്ട്. അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം ഒരു പരീക്ഷണമായി ഇബ്രാഹിം നബിയോട് ഭാര്യ ഹാജറയെയും പിഞ്ചോമന മകന്‍ ഇസ്മാഈലിനെയും മക്കയിലെ മരുഭൂമിയില്‍ തനിച്ചാക്കി പോരാന്‍ കല്‍പ്പനയുണ്ടായി. അവരുടെ കൈയിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ തീര്‍ന്നുപോയപ്പോള്‍, ഹാജറ ബീവി ഭക്ഷണവും വെള്ളവും തേടി സഫ, മര്‍വ എന്നീ രണ്ട് ചെറിയ കുന്നുകള്‍ക്കിടയില്‍ ഏഴ് തവണ അങ്ങോട്ടും ഇങ്ങോട്ടും ഓടി. കുഞ്ഞ് ഇസ്മാഈല്‍ കരഞ്ഞുകൊണ്ട് കാലിട്ടടിച്ചപ്പോള്‍ കാലുകള്‍ക്ക് സമീപം ഉറവപൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങി. അവരുടെ അചഞ്ചലമായ വിശ്വാസത്തിനും നിശ്ചയാര്‍ഢ്യത്തിനും പകരമായി അല്ലാഹു നല്‍കിയ ദൃഷ്ടാന്തമായിരുന്നു ആ നീരുറവ. ഇതാണ് പിന്നീട് സംസം കിണര്‍ ആയി മാറിയത്. ഈ നീരുറവ അവരുടെ ജീവന്‍ രക്ഷിക്കുകയും ഇന്ന് ഏകദേശം 22 ലക്ഷം ജനസംഖ്യയുള്ള മക്കയുടെ വിവിധ സ്ഥലങ്ങളില്‍ കുടിക്കാനായി ഉപയോഗിക്കുകയും ചെയ്യുന്നു.

kaaba

 

ഹജ്ജിലും ഉംറയിലും, തീര്‍ത്ഥാടകര്‍ ഹാജറ ബീവി വെള്ളം തേടി അലഞ്ഞു നടന്നതിന്റെ പ്രതീകാത്മകമായി സഫയുടെയും മര്‍വയുടെയും കുന്നുകള്‍ക്കിടയില്‍ ഏഴ് തവണ സഅ്‌യ് ചെയ്യുകയും സംസം വെള്ളം കുടിക്കുകയും ചെയ്യുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയും സംസമിന്റെ പരിശുദ്ധിയെയും രോഗശാന്തി ഗുണങ്ങളെയും പ്രശംസിച്ച് പറഞ്ഞതായി ഹദീസുകളില്‍ കാണാം.

 

സംസം എന്ന പേരുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് ?

കുഞ്ഞു ഇസ്മാഈലിന്റെ കാലുകള്‍ക്ക് സമീപം സംസം നീരുറവ അത്ഭുതകരമായി പൊട്ടിപ്പുറപ്പെട്ടപ്പോള്‍, അത് തീര്‍ന്നുപോകുമെന്ന് ഭയന്ന് ഹാജറ ബീവി വെള്ളത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. അവള്‍ ‘സംസം’ എന്ന് വിളിച്ചുപറഞ്ഞതായി പറയപ്പെടുന്നു, അതിന്റെ അര്‍ത്ഥം ‘നിര്‍ത്തുക! നിര്‍ത്തുക!’ അല്ലെങ്കില്‍ ‘നില്‍ക്കൂ, നില്‍ക്കൂ!’ എന്നാണ്. നീരുറവയ്ക്ക് ചുറ്റും വെള്ളം ഒഴുകുന്നത് തടയാന്‍ ശ്രമിച്ചുകൊണ്ട് അവള്‍ അത് തടഞ്ഞു.

സംസം കിണറിന്റെ ഉറവിടം എവിടെയാണ്?

മക്കയിലെ ഗ്രാന്‍ഡ് മസ്ജിദിന് താഴെയുള്ള പ്രകൃതിദത്ത ഭൂഗര്‍ഭ സ്രോതസ്സില്‍ നിന്നാണ് സംസം വെള്ളം ഉത്ഭവിക്കുന്നത്. സമീപത്തെ വാദി ഇബ്രാഹിമില്‍ നിന്നും സമീപത്തെ കുന്നുകളില്‍ നിന്നും ഒഴുകുന്ന മഴവെള്ളമാണ് സംസം കിണറിലെത്തുന്നത്. കിണറിനടിയില്‍ വെള്ളം നിറയുന്ന പാറയുടെയും മണലിന്റെയും ഒരു പാളി ജലശുദ്ധീകരണ പ്രക്രിയയായി നിലകൊള്ളുകയും വെള്ളത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. സംസം കിണര്‍ ഏകദേശം 31 മീറ്റര്‍ (101 അടി) ആഴമുള്ളതാണ്, ഇത് ആദ്യം കൈകൊണ്ടാണ് കുഴിച്ചെടുത്തത്. മുകള്‍ ഭാഗത്തുള്ള ഇടതൂര്‍ന്ന മണലിലൂടെയും ചരലിലൂടെയും താഴെയുള്ള പാറയിലെ വിള്ളലുകളിലൂടെയും വെള്ളം കിണറിലേക്ക് പ്രവേശിക്കുന്നു. പഴയ കയര്‍-ബക്കറ്റ് രീതിക്ക് പകരം ഇന്ന് വൈദ്യുത പമ്പുകള്‍ ഉപയോഗിച്ചാണ് വെള്ളം മുകളിലേക്ക് പമ്പ് ചെയ്യുന്നത്. കിണറില്‍ നേരിട്ട് വെള്ളമെടുക്കാന്‍ ഇപ്പോള്‍ സാധിക്കില്ല. അവിടേക്ക് പൊതുജനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണമുണ്ട്. മസ്ജിദുല്‍ ഹറമിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ടാപ്പുകളിലൂടെയും ഡിസ്‌പെന്‍സറുകളിലൂടെയും സംസം ലഭ്യമാണ്.

zamzam

പ്രതിദിനം സംസം കിണര്‍ എത്ര അളവില്‍ വെള്ളം ഉത്പാദിപ്പിക്കുന്നു?

4,000 വര്‍ഷത്തിലേറെയായി സംസം തടസ്സമില്ലാതെ ഒഴുകുന്നു. ഹജ്ജിലും ഉംറയിലും തടസ്സമില്ലാതെ വെള്ളം തുടര്‍ച്ചയായി ഒഴുകുന്നുണ്ട്. ഇത് നൂറ്റാണ്ടുകളായി തുടരുന്നു. ഗ്രാന്‍ഡ് മസ്ജിദിന്റെയും പ്രവാചക പള്ളിയുടെയും കെയര്‍ & മാനേജ്‌മെന്റിനായുള്ള ജനറല്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം സംസമിന്റെ പമ്പ് ചെയ്യലും ഉപഭോഗവും ഓരോ സീസണനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു:

സാധാരണ ദിവസങ്ങളില്‍:

ജല വിതരണം: പ്രതിദിനം കുറഞ്ഞത് 950,400 ലിറ്റര്‍
ഉപഭോഗം: പ്രതിദിനം ഏകദേശം 7 ലക്ഷം ലിറ്റര്‍

തിരക്കുള്ള സീസണുകളില്‍ (ഹജ്ജ്, റമദാന്‍):

ജല വിതരണം: പ്രതിദിനം 16 ലക്ഷം ലിറ്റര്‍ വരെ
ഉപഭോഗം: തീര്‍ത്ഥാടകരുടെ എണ്ണത്തിലെ വര്‍ദ്ധനവ് കാരണം പ്രതിദിനം 20 ലക്ഷം ലിറ്റര്‍ വരെ എത്താം

സൗദി വിസ ഓഫീസിന്റെ കണക്ക് പ്രകാരം 2025ല്‍ 150 ലക്ഷം ഉംറ തീര്‍ത്ഥാടകര്‍ മക്കയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്രയും ആവശ്യകത കൈകാര്യം ചെയ്യുന്നതിനായി, സംസം കിണറിലെ ജലനിരപ്പ്, പി.എച്ച് മൂല്യം (ഹൈഡ്രജന്റെ സാധ്യത; ഒരു ദ്രാവകത്തിന്റെ അസിഡിറ്റി അല്ലെങ്കില്‍ ക്ഷാരത്വത്തിന്റെ അളവ്), താപനില, ചാലകത എന്നിവ ട്രാക്ക് ചെയ്യുന്ന ഡിജിറ്റല്‍ സെന്‍സറുകള്‍ ഉപയോഗിച്ച് സംസം കിണറിന്റെ തത്സമയ നിരീക്ഷണം നടത്തുന്നു. വാദി ഇബ്രാഹിമിലുടനീളമുള്ള നിരീക്ഷണ കിണറുകള്‍ ഉപയോഗിച്ചും കിണറിലെ വെള്ളത്തിന്റെ അളവ് വിലയിരുത്താന്‍ സഹായിക്കുന്നു.

മക്കയിലെ സംസം പഠന ഗവേഷണ കേന്ദ്രം (ZSRC) എത്ര അളവില്‍ വെള്ളം സുരക്ഷിതമായി വേര്‍തിരിച്ചെടുക്കാമെന്ന് കണക്കാക്കുകയും സുസ്ഥിര പമ്പിംഗ് ലെവലിനെക്കുറിച്ച് ഗ്രാന്‍ഡ് മോസ്‌ക് അതോറിറ്റിയോട് നിര്‍ദേശിക്കുകയും ചെയ്യുന്നു. എല്ലാ വര്‍ഷവും, സൗദി ജിയോളജിക്കല്‍ സര്‍വേ (SGS) ഒരു പമ്പിംഗ് ഷെഡ്യൂള്‍ പുറപ്പെടുവിക്കുന്നു. ഇത്പ്രകാരം റമദാന്‍, ദുല്‍ഹിജ്ജ മാസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കും മുഹറം മാസത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കുമാണ് പമ്പിങ് രേഖപ്പെടുത്തുന്നത്. ജലനിരപ്പ് ഒരു നിശ്ചിത പരിധിക്ക് താഴെയാണെങ്കില്‍, വെള്ളം പുനരുത്പാദനം ഉറപ്പാക്കാന്‍ പമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാറുണ്ട്.

 

സാധാണ വെള്ളവും സംസം വെള്ളവും തമ്മിലുള്ള വ്യത്യാസം ?

സംസം വെള്ളം ശുദ്ധവും മണമില്ലാത്തതുമാണ്, പക്ഷേ സമ്പന്നമായ ധാതുക്കളുടെ അളവ് കാരണം ഇതിന് ഒരു പ്രത്യേക രുചിയുണ്ട്. ഇത് അല്പം ക്ഷാരസ്വഭാവമുള്ളതാണ്, 7.9 നും 8.0 നും ഇടയില്‍ ആണ് പി.എച്ച്. ഇത് സാധാരണ കുടിവെള്ളത്തേക്കാള്‍ കൂടുതലാണ്. കിംഗ് സൗദ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ സംസം വെള്ളത്തില്‍ ജൈവ മലിനീകരണമോ പായലുകളോ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ മറ്റ് കിണറുകളില്‍ സാധാരണമാണ്, ഇത് രുചിയെയും ശുദ്ധിയെയും ബാധിക്കും.

സംസം വെള്ളത്തിലടങ്ങിയ ധാതുക്കള്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ്:

ഫ്‌ളൂറൈഡ്: ചൂടുള്ള കാലാവസ്ഥയില്‍ കണ്ടുവരുന്ന പല്ലിന്റെ ക്ഷയം തടയാന്‍ സഹായിക്കുന്നു.

കാല്‍സ്യം, മഗ്‌നീഷ്യം: ഇവ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നു. കാല്‍സ്യം അയോണിക് രൂപത്തിലാണ്, ഇത് ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ എളുപ്പമാക്കുന്നു.

സോഡിയം, പൊട്ടാസ്യം: ജലാംശം, നാഡികളുടെ പ്രവര്‍ത്തനം, പേശികളുടെ ആരോഗ്യം എന്നിവക്ക് മികച്ചതാണ്.

മൊത്തത്തില്‍, സംസം വെള്ളത്തിന്റെ ആകെ ധാതുക്കളുടെ അളവ് റിയാദിലെ 350mg/ലിറ്റര്‍ എന്ന ടാപ്പ് വെള്ളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 835mg/ലിറ്റര്‍ ആണ്.

zamzam water

സംസം എങ്ങനെയാണ് വിതരണം ചെയ്യുന്നത്?

സൗദി സര്‍ക്കാര്‍ വാണിജ്യ അടിസ്ഥാനത്തില്‍ സംസം വെള്ളം വില്‍ക്കുന്നത് നിരോധിക്കുകയും തീര്‍ഥാടകര്‍ക്ക് ഒരു പവിത്ര സമ്മാനമായി നല്‍കുന്നുണ്ടെന്നും ലാഭത്തിനായി അത് ചൂഷണം ചെയ്യുന്നില്ലെന്നും ഉറപ്പാക്കാന്‍ അതിന്റെ വിതരണം കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്യുന്നു.

ഹജ്ജ്, ഉംറ കഴിഞ്ഞ് മടങ്ങുന്ന തീര്‍ത്ഥാടകര്‍ പലപ്പോഴും നാട്ടിലെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം നല്‍കാനായി 5 ലിറ്റര്‍ കുപ്പി സംസം വെള്ളം കൊണ്ടുപോകാറുണ്ട്. സംസം വെള്ളം ഒരു പ്രത്യേക സമ്മാനമായി കണക്കാക്കപ്പെടുന്നതിനാല്‍, വിമാനക്കമ്പനികള്‍ സാധാരണയായി ഇത് സാധാരണ ലഗേജ് അലവന്‍സില്‍ ഉള്‍പ്പെടുത്താറില്ല, അതിനാല്‍ തീര്‍ത്ഥാടകര്‍ പലപ്പോഴും അത് പ്രത്യേകം കൊണ്ടുപോകുകയോ അതിനായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യുന്നു.

സംസം വെള്ളം സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി സൗദി ഭരണകൂടം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ മള്‍ട്ടിസ്റ്റേജ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇത് സംസം ശുദ്ധവും സുരക്ഷിതവും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്നതുമാണെന്ന് ഉറപ്പാക്കുന്നു. സംസം കിണറിന് 5 കിലോമീറ്റര്‍ തെക്ക് ഭാഗത്തുള്ള കുദായിയിലെ കിംഗ് അബ്ദുല്ല സംസം ജല ശുദ്ധീകരണ പ്ലാന്റിലേക്ക് പമ്പ് ചെയ്ത് സംസം വെള്ളം എത്തിക്കുകയും അവിടെ വെച്ച് വെള്ളം ശുദ്ധീകരിച്ച് ബോട്ടിലുകളില്‍ നിറക്കുകയും അവിടെ നിന്ന് വിതരണത്തിനായി കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. ഇവിടെ സംസ്‌കരണത്തിന് ശേഷം, സംസം വെള്ളം രണ്ട് പ്രധാന ജലസംഭരണികളിലാണ് സംഭരിച്ചു വെക്കുന്നത്:

കുദായി റിസര്‍വോയര്‍: 10,000 ക്യുബിക് മീറ്റര്‍ (100 ലക്ഷം ലിറ്റര്‍)
മദീനയിലെ കിംഗ് അബ്ദുല്‍ അസീസ് സബീല്‍ റിസര്‍വോയര്‍: 16,000 ക്യുബിക് മീറ്റര്‍ (160 ലക്ഷം ലിറ്റര്‍)

 

 

Related Articles