ബസ് സ്റ്റാന്‍ഡില്‍ സമര്‍ത്ഥമായി മോഷ്ടിക്കുകയായിരുന്ന ഒരു പോക്കറ്റടിക്കാരനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. സംഭവസ്ഥലത്ത് വലിയ ആള്‍ക്കൂട്ടമായി, ഉടമസ്ഥന് പേഴ്‌സ് തിരിച്ചു കിട്ടി. പോക്കറ്റടിക്കാരന്‍ നിസ്സഹായനായി ഇരിക്കുകയാണ്. എന്താണ് ഇനി ഇയാളെ ചെയ്യേണ്ടതെന്ന് ആളുകള്‍ പലവിധ അഭിപ്രായങ്ങളും പറഞ്ഞു. ചിലര്‍ മോഷ്ടാവിനെ മര്‍ദ്ദിക്കാന്‍ തുനിഞ്ഞു. മറ്റു ചിലര്‍ അത് തടഞ്ഞു. നിയമം കയ്യിലെടുക്കരുത്, ഇത്തരക്കാരെ പോലീസില്‍ ഏല്‍പ്പിക്കുകയാണ് വേണ്ടത് എന്ന ധാരണയില്‍ എല്ലാവരും യോജിച്ചു. പോലീസിനെ വിളിക്കാന്‍ ഒരാള്‍ ഫോണ്‍ എടുക്കവേ ഒന്നുമറിയാത്ത നിലയില്‍ നില്‍ക്കുകയായിരുന്ന വേറൊരാള്‍ പറഞ്ഞു ‘അല്ലെങ്കില്‍ ഇപ്പോള്‍ ആരാണ് നല്ലതുള്ളത് ?! എല്ലാവരും കണക്കാണ് പോലീസില്‍ ഏല്‍പ്പിച്ചിട്ടൊന്നും ഒരു കാര്യവുമില്ല.’ എല്ലാവരും കണക്കാണെന്നുള്ളത് ഒരു പുതിയ കണ്ടുപിടുത്തം പോലെ അവിടെ കൂടിയവരില്‍ തുടര്‍നടപടികളെ നിരുത്സാഹപ്പെടുത്തി. ഒന്നും രണ്ടും പറഞ്ഞ് ആളുകള്‍ പിരിഞ്ഞു പോയി എല്ലാവരും കണക്കാണെന്ന പ്രസ്താവനയില്‍ രക്ഷപ്പെട്ടത് യഥാര്‍ത്ഥ കുറ്റവാളി.
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോടുള്ള ചിലരുടെ പ്രതികരണങ്ങള്‍ കണ്ടപ്പോഴാണ് ഈ കഥ ഓര്‍മ്മ വന്നത്. ആര് തന്നെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയാലും അതില്‍ പ്രതിഷേധിക്കുന്നു എന്നാണ് പ്രതികരണം. അഥവാ വെള്ളാപ്പള്ളി നടേശന്‍ മാത്രമല്ല മറ്റു പലരും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നുണ്ട് എല്ലാവരും തിരുത്തണം എന്ന് ! ഇവിടെ ഇപ്പോള്‍ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ആണല്ലോ വിഷയം. എങ്കില്‍ ആ പ്രചരണത്തെ കൃത്യമായി ചൂണ്ടിക്കാട്ടി എതിര്‍ക്കാന്‍ എന്താണ് തടസ്സം ? ഇത്തരം പ്രവണതകള്‍ വിഷലിപ്തമായ അന്തരീക്ഷം സൃഷ്ടിക്കുകയും സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുകയും പരസ്പര വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. എന്താണ് വെള്ളാപ്പള്ളി നടേശന് സംഭവിക്കുന്നത് ! സഹജീവികളെക്കുറിച്ച് അത്യന്തം ഗുരുതരമായ മനോനില വെച്ച് പുലര്‍ത്തുക മാത്രമല്ല അത് പൊതുസമൂഹത്തില്‍ വിളിച്ചു പറയാനും മടിയില്ലെന്ന് വന്നാല്‍ ?!
ഇത്രയും മോശമായ രീതിയില്‍ വര്‍ഗ്ഗീയത പറയുന്നവര്‍ എന്തായിരിക്കും ലക്ഷ്യം വെക്കുന്നത്. ഇത് ഏതെങ്കിലും മതത്തിന്റെയോ തത്വസംഹിതയുടേയോ മാതൃക സ്വീകരിച്ചവരല്ല. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം സമൂഹത്തെ ദുരുപയോഗപ്പെടുത്താന്‍ തീരുമാനിച്ചവരാണ്. സമൂഹത്തില്‍ വളരെ കുറഞ്ഞ ആളുകള്‍ മാത്രമാണ് ഇത്രയും മോശമായി ചിന്തിക്കുന്നത് എങ്കിലും അവര്‍ക്കാണ് ദൃശ്യതയുള്ളത് എന്നതിനാല്‍ അങ്ങേയറ്റം അപകടകരമായ ഒരു അന്തരീക്ഷം നാട്ടില്‍ രൂപപ്പെടുകയാണ്. അപരമത വിദ്വേഷം പ്രചരിപ്പിച്ച് ശത്രുത വളര്‍ത്തി സമുദായങ്ങളെ തമ്മിലടിപ്പിച്ചാല്‍ അത്തരം വിദ്വേഷാഗ്‌നിയില്‍ നിന്ന് നാടിനെ രക്ഷപ്പെടുത്താന്‍ ആര്‍ക്ക് കഴിയും ? എന്ത് വിലകൊടുത്താലാണ് തീയണക്കാനാവുക!
മതം എന്നാല്‍ വര്‍ഗീയതയല്ല. മതവിശ്വാസത്തില്‍ സജീവമായി മുഴുകുന്നതും വര്‍ഗ്ഗീയതയല്ല തെറ്റുകളില്‍ സ്വന്തം മതത്തെയോ സമുദായത്തേയോ പാര്‍ട്ടിയേയോ ന്യായീകരിക്കാന്‍ തുനിയലും അപരമത സമൂഹങ്ങളോടോ സംഘടനകളോടോ അസഹിഷ്ണുതയും വിദ്വേഷവും വെച്ചു പുലര്‍ത്തലുമാണ് വര്‍ഗ്ഗീയത. കേരളത്തിന്റെ പ്രബുദ്ധതക്ക് എന്താണ് സംഭവിച്ചത്. തെറ്റിനെ തെറ്റാണെന്ന് പറയാനും ശരിയെ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാനുമാവാതെ എല്ലാം കിട്ടാനുള്ള വോട്ടനുസരിച്ച് വ്യാഖ്യാനിക്കപ്പെടുന്നത് മലയാളി സമൂഹത്തെ എവിടെയെത്തിക്കും.
വര്‍ഗീയതയുടെ പിന്നിലെ ലക്ഷ്യങ്ങള്‍ പലപ്പോഴും രാഷ്ട്രീയവും സാമ്പത്തികവുമാണ്. മത-ജാതി അടിസ്ഥാനത്തില്‍ വോട്ട് ബാങ്കുകള്‍ സൃഷ്ടിക്കുക എന്നതാണ് രാഷ്ട്രീയ ലാഭം. ഒരു പ്രത്യേക ഗ്രൂപ്പിന്റെ ആധിപത്യം ഉറപ്പിക്കുക, വിഭവങ്ങള്‍ കൈവശപ്പെടുത്തുക, സാമ്പത്തിക-സാമൂഹിക വിഭവങ്ങള്‍ ഒരു ഗ്രൂപ്പിന്റെ കൈവശം കേന്ദ്രീകരിക്കുക. എന്നിവയും ഉദ്ദേശമാവാം. സമൂഹത്തില്‍ വിദ്വേഷവും അവിശ്വാസവും വളര്‍ത്തുകയും സാമുദായിക കലാപങ്ങള്‍, അക്രമങ്ങള്‍, സാമൂഹിക അസ്ഥിരത. മനുഷ്യബന്ധങ്ങളുടെ തകര്‍ച്ച, സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ നാശം. എന്നിവ ഇതിന്റെ പ്രത്യാഘാതങ്ങളാണ്.
കേരളത്തില്‍, രാഷ്ട്രീയ പാര്‍ട്ടികളും മത-സാമുദായിക സംഘടനകളും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി വര്‍ഗീയതയെ ഉപയോഗിക്കുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്. ചില നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍, സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയ ധ്രുവീകരണം, തെരഞ്ഞെടുപ്പ് കാലത്തെ മത-ജാതി അടിസ്ഥാനത്തിലുള്ള പ്രചാരണങ്ങള്‍ എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്. കേരളത്തിന്റെ പ്രബുദ്ധത എന്നത്, വിദ്യാഭ്യാസത്തിന്റെയും സാമൂഹിക ഉണര്‍വിന്റെയും മത നവോത്ഥാന സംരംഭങ്ങളുടെയും ഫലമായി രൂപപ്പെട്ട ഒരു മൂല്യവ്യവസ്ഥയാണ്. എന്നാല്‍, ചില നേതാക്കള്‍, സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ വിഷലിപ്തമായ പ്രവര്‍ത്തനങ്ങള്‍, താല്‍ക്കാലിക ലാഭങ്ങള്‍ക്ക് വേണ്ടി മനുഷ്യബന്ധങ്ങളെ തകര്‍ക്കുകയാണ്. ഇത്തരം വിദ്വേഷാഗ്‌നി ആളിപ്പടര്‍ന്നാല്‍, അതില്‍ നിന്ന് രക്ഷപ്പെടാന്‍ ആര്‍ക്കും കഴിയില്ല. ഒരിക്കല്‍ തകര്‍ന്ന ഐക്യവും വിശ്വാസവും പുനഃസ്ഥാപിക്കാന്‍ വലിയ വില നല്‍കേണ്ടി വരും.
ഈ അവസ്ഥയില്‍, സമൂഹത്തിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ മുന്നോട്ട് വരേണ്ടതുണ്ട്. രാഷ്ട്രീയക്കാര്‍, സാമൂഹിക നേതാക്കള്‍, മതനേതാക്കള്‍, ബുദ്ധിജീവികള്‍എല്ലാവരും ഒന്നിച്ച്, സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടിത്തറയില്‍ മനുഷ്യബന്ധങ്ങളെ കോര്‍ത്തിണക്കാന്‍ ശ്രമിക്കണം. നമ്മുടെ മൗനവും നിഷ്‌ക്രിയതയും കാരണം, നാട് നശിക്കാനിടവരരുത്. നമ്മള്‍ ഒന്നിച്ച് നിന്ന് ഈ വര്‍ഗീയതയെ എതിര്‍ക്കണം. , സമൂഹത്തിന്റെ ഐക്യത്തിനായി പ്രവര്‍ത്തിക്കാന്‍ നാം ബാധ്യസ്ഥരാണ്. കേരളത്തിന്റെ പ്രബുദ്ധതയെ തിരിച്ചുപിടിക്കാന്‍, പരസ്പര സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, വിദ്വേഷത്തിന്റെ ശബ്ദങ്ങളെ മറികടക്കേണ്ട സമയമാണിത്. ഐക്യത്തോടെ നിലനില്‍ക്കുന്ന സൗഹൃദ കേരളത്തിനായി നമുക്ക് പ്രവര്‍ത്തിക്കാം.