Thursday, November 13, 2025

Current Date

യുദ്ധത്തിന്റെ രണ്ടാം ദിവസം, ജൂലൈ 8 ചൊവ്വ

ഫലസ്തീൻ എഴുത്തുകാരനായ ആതിഫ് അബൂ സൈഫിന്റെ 'ദ ഡ്രോൺ ഈറ്റ്സ് വിത്ത് മി' പുസ്തകത്തിൽ നിന്ന്

Palestinian writer Atef Abu Saif presents a deeply personal and haunting account of daily life under relentless bombardment in Gaza

ഇസ്രായേൽ റമദാനിൽ നടത്തുന്ന യുദ്ധങ്ങൾക്ക് വിചിത്രമായൊരു പ്രത്യേകതയുണ്ട്. നോമ്പിന് ഞങ്ങൾ ഭക്ഷണം കഴിക്കുന്ന രണ്ട് നേരങ്ങളിൽ- ഇഫ്താറിൻ്റെയും അത്താഴത്തിൻ്റെയും നേരങ്ങൾ – അക്ഷരാർത്ഥത്തിൽ ഗസ്സയിൽ തീമഴ പെയ്യും. ഓരോ സെക്കൻ്റിലുമെന്നോണം തുടരെത്തുടരെ ബോംബുകൾ പൊട്ടും. എങ്ങോട്ട് നോക്കിയാലും ഷെല്ലും ഡ്രോണുകളും ബോംബുകളും അവയുടെ കിടുക്കവും തീച്ചൂടും മാത്രം. നിറച്ചു വെച്ച കോപ്പകൾ തുളുമ്പിപ്പോകുമാറ് വീടും അതിലുള്ളവരും കെട്ടിടങ്ങളും മുഴുവൻ ഗസ്സ തന്നെയും നിന്ന് കുലുങ്ങും. നോമ്പുതുറക്കാൻ, അത്താഴത്തിന് ഒരുമിച്ചിരിക്കുകയായിരുന്ന അനേകം കുടുംബങ്ങൾ ഒന്നടങ്കം കൊല്ലപ്പെടും. കുഞ്ഞുങ്ങളും ഉമ്മമാരും എല്ലാവരും. 

ഇന്ന് പുലർച്ചെ ഞാനും ഹന്നയും കൂടി അത്താഴം തയാറാക്കുകയായിരുന്നു. പുലർച്ചെ 3.30 ഒക്കെ ആയിക്കാണും. പെട്ടെന്ന്, തൊട്ടടുത്ത് അതുവരെ ഉണ്ടായതിനേക്കാൾ ഒക്കെ അതിശക്തമായ ഒരു ബോംബാക്രമണമുണ്ടായി. ഒന്നാകെ കിടുങ്ങുന്ന കെട്ടിടത്തിൽ നിന്ന് വീഴാതിരിക്കാൻ കൈയിൽ കിട്ടിയ എന്തിലോ പിടിച്ചു നിന്നു.  ബോംബിൻ്റെ ഇടിമുഴക്കം കേട്ട് മുസ്തഫ എഴുന്നേറ്റു വന്നു. യുദ്ധം തുടങ്ങിയതിൽ പിന്നെ ബോംബുകളാണ് മുസാഹറാതികളുടെ ജോലി ചെയ്യുന്നത്. അവൻ ജഫ മോളെ ഒഴികെ മറ്റുള്ളവരെയെല്ലാം സുഹൂറിനായി വിളിച്ചുണർത്തി.

ഗസ്സയിലെ കുഞ്ഞുങ്ങൾ എത്ര ചെറുപ്പത്തിലാണ്, എത്ര പെട്ടെന്നാണ് യുദ്ധത്തിൻ്റെ അവസ്ഥകളിൽ ജീവിക്കാൻ പഠിക്കുന്നത്!! ഡ്രോണുകളുടെ നിർത്താതെയുള്ള മുരൾച്ചാ ശബ്ദം കൊണ്ട് തീരെയും ഉറങ്ങാൻ പറ്റാതെ കിടക്കുമ്പോൾ ഞാൻ ഓർത്തു കൊണ്ടിരുന്നത് അതേക്കുറിച്ചായിരുന്നു. സ്കൂളിലോ മൈതാനത്തോ ഒന്നും പോകാനാകാതെ, പുറത്ത് തന്നെ ഇറങ്ങാനാവാതെ കുടുങ്ങിപ്പോയ മക്കളെ ഏതെങ്കിലുമൊക്കെ തരത്തിൽ സന്തോഷിപ്പിക്കേണ്ടതുണ്ടായിരുന്നു ഞങ്ങൾക്ക്. അതുകൊണ്ട് ഉച്ചയ്ക്ക് ശേഷം എല്ലാവരും വട്ടം കൂടിയിരുന്ന് കുറെ നേരം കാർഡ് കളിച്ചു. 

ഇന്ന് ഇസ്രായേൽ സൈന്യം ഉന്നംവെക്കുന്നത് റസിഡൻഷ്യൽ ഏരിയകളാണ്, മസ്ജിദുകളെയും. ഗസ്സ സിറ്റിയിലെയും റഫായിലെയും ജബലിയയിലെയും ഒരുപാട് വീടുകൾ വീടിൻ്റേതായ ഒരടയാളവും ബാക്കി വെക്കാതെ നിമിഷ നേരം കൊണ്ട് വെറും കോൺക്രീറ്റ് കൂനകൾ മാത്രമായി മാറി. ഖാൻ യൂനിസിലെ അബ്ദുല്ല കുടുംബത്തിൻ്റെ വീടുമുണ്ടായിരുന്നു ആ കൂട്ടത്തിൽ. അറിഞ്ഞപ്പോൾ ഭയങ്കര സങ്കടം തോന്നി. അദ്ദേഹം എത്ര സ്വപ്നങ്ങൾ കൂട്ടിവെച്ചാണ്, എത്ര കാലം അധ്വാനിച്ചാണ്, എത്ര പ്രതീക്ഷയോടെയാണ്, എത്ര ആശ വെച്ചാണ് ആ വീട് സ്വന്തമാക്കിയതെന്ന് എനിക്കറിയാം. എല്ലാം, എല്ലാം ഇസ്രായേൽ തകർത്തു കളഞ്ഞു. 

അതിനേക്കാളും വേദന തോന്നിയത് കവാരി കുടുംബത്തിലെ മുഴുവൻ അംഗങ്ങളും കൊല്ലപ്പെട്ടു എന്ന വാർത്ത കേട്ടപ്പോഴാണ്. മക്കളോടൊപ്പം ഇഫ്താറിന് തയ്യാറെടുക്കവെ, ഒരിറ്റ് വെള്ളം കുടിക്കാനുള്ള സാവകാശം പോലും കിട്ടാതെ കുഞ്ഞുങ്ങളടക്കം എല്ലാവരെയും ഇസ്രായേലിൻ്റെ F16 യുദ്ധ വിമാനം കൊന്നു. 

ടേബിളിൽ ഭക്ഷണം എടുത്തുവെക്കുന്ന മുസ്തഫയുടെ ഓമനത്തമുള്ള  മുഖത്തേക്ക് നോക്കി. അവൻ പുഞ്ചിരിച്ചു കൊണ്ട്, സ്വയം മറന്നാണ് ഓരോ ചെറിയ പണികളും ചെയ്യുന്നത്. കവാരി കുടുംബത്തിലെ കുഞ്ഞുങ്ങളും അതുപോലെ തന്നെ ആയിരുന്നിരിക്കും. തീ വന്ന് വിഴുങ്ങുന്നതിൻ്റെ തൊട്ട് മുന്നത്തെ നിമിഷം വരെയും അവരും പുഞ്ചിരിച്ചിട്ടുണ്ടാവും. അൽപ സമയം കൂടി കഴിഞ്ഞാൽ നോറ്റ നോമ്പുകളുടെ എണ്ണത്തിൽ ഒന്നു കൂടി ആയല്ലോ എന്ന് സന്തോഷിക്കുകയായിരിക്കും. ഗസ്സയുടെ സന്തോഷമാണ് ഇസ്രായേലിൻ്റെ ഏറ്റവും വലിയ ശത്രു. അതിനുള്ള എല്ലാ സാദ്ധ്യതകളും ഏതു വിധേനയും അവർ ഇല്ലാതെയാക്കും. 

വൈകുന്നേരം ഇതേപോലെ മറ്റൊരു സംഭവമുണ്ടായി. ഷെയ്ഖ് സായിദ് ഹൗസിംഗ് പ്രൊജക്ടിനടുത്ത് ഉന്തുവണ്ടിയിൽ കുട്ടികൾക്കുള്ള സ്വീറ്റ്സും ചൊക്ലേറ്റുകളും ഭക്ഷണ സാധനങ്ങളും വിൽക്കുകയായിരുന്ന ഒരു ചെറുപ്പക്കാരനെ ഉന്നംവെച്ച് വന്ന ഒരു റോക്കറ്റ് അതി ക്രൂരമായി കൊന്നു കളഞ്ഞു. ഇടിയുടെ ആഘാതത്തിൽ അദ്ദേഹം നിന്നിരുന്ന സ്ഥലത്ത് വലിയൊരു ഗർത്തമുണ്ടായി. പോയി നോക്കിയവർ കണ്ടത് ചിന്നിത്തെറിച്ച അദ്ദേഹത്തിൻ്റെ ഇറച്ചി കഷ്ണങ്ങൾ മാത്രമാണ്.

ഗസ്സയിലുള്ളവർ – അവർ ആരോ ആയിക്കോട്ടെ,- കാർ ഓടിച്ചു പോകുന്ന ഡ്രൈവറോ കച്ചവടം ചെയ്യുന്നയാളോ സ്കൂളിൽ പോകുന്ന കുട്ടികളോ ഉപ്പയോടൊപ്പം അങ്ങാടിയിലേക്കിറങ്ങിയ ചെറിയ ബാലനോ, വീട്ടിൽ ഇരിക്കുകയായിരുന്ന ഉമ്മയും കുഞ്ഞുമോ, പ്രായമുള്ളവരോ – ഇസ്രായേലിൻ്റെ കണ്ണിൽ ശത്രുക്കളാണ്. കാണുന്ന മാത്രയിൽ കൊന്നു കളഞ്ഞില്ല എങ്കിൽ അവരുടെ രാജ്യത്തിന് ഭീഷണി ആയേക്കാവുന്ന ഭീകരരാണ്. നിരപരാധികളാണ് എന്ന് തെളിയിക്കപ്പെടുന്നത് വരെ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാൻ വിധിയുള്ളവർ. യുദ്ധത്തിൽ മരിക്കാതിരിക്കുക എന്നത് അവനവൻ്റെ മാത്രം  ബാധ്യതയായവർ!! 

നോമ്പു തുറന്നതിന് ശേഷം ഉപ്പയുടെ വീട്ടിൽ പോയപ്പോൾ അദ്ദേഹം തറാവിഹ് നമസ്കരിക്കുകയായിരുന്നു. അതിൻ്റെ തൊട്ടടുത്താണ് എൻ്റെ കളിക്കൂട്ടുകാരൻ ഫറാജിൻ്റെ വീട്.  “ഇന്ന് ജർമ്മനി x ബ്രസീൽ സെമി ഫൈനൽ അല്ലേ? അയ്മൻ്റെ വീട്ടിൽ കളി കാണാൻ പോയാലോ?” അവൻ ചോദിച്ചു. 

അയ്മനാണ് ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിയ ഫുട്ബാൾ പ്രാന്തൻ. നാട്ടിൽ യുദ്ധമാണ് എന്നല്ല – മൂന്നാം ലോക യുദ്ധം തന്നെ പൊട്ടിപ്പുറപ്പെട്ടാലും ടി.വിയിൽ ഫുട്ബോൾ മാച്ച് ഉണ്ടെങ്കിൽ അവനത് കണ്ടിരിക്കും. അയ്മൻറെ വീട്ടിൽ പത്ത് മുപ്പത്തഞ്ച് പേർക്ക് ഇരിക്കാവുന്ന വലിയൊരു ഹാളുണ്ട്. അതിലാണ് ടി.വിയുള്ളത്. ഞങ്ങൾ ചെല്ലുമ്പോഴേക്കും ഹാളിൽ നിറയെ ആൾക്കാരുണ്ട്. സ്വന്തം ടീം ഗോൾ അടിക്കുമ്പോൾ ആർത്ത് വിളിച്ചും എതിർ ടീമിൻ്റെ ഫാൻസിനെ കളിയാക്കിയും ആർപ്പു വിളിച്ചും നല്ല മേളമായിരുന്നു അവിടെ. 

മുസ്തഫക്ക് ഫുട്ബോൾ കാണാൻ പോവാൻ നല്ല പൂതിയുണ്ടായിരുന്നു. പക്ഷേ ഒട്ടും സുരക്ഷിതമല്ല അതെന്നതിനാൽ ഞാനവനെ കൊണ്ട് വന്നില്ല. ഈ യുദ്ധം തുടങ്ങുന്നതിന് മുമ്പ് ലോകകപ്പ് കാണാൻ വേണ്ടി വലിയ സ്ക്രീൻ സജ്ജീകരിച്ച തൊട്ടടുത്ത കഫേയിലേക്ക് ഞങ്ങൾ നാലാളും പോയിരുന്നു. പിള്ളേർ അൾജീരിയ ഫാൻസ് ആണ്. അവർ ഗോൾ അടിച്ചപ്പോ മുസ്തഫ തുള്ളിച്ചാടുന്നത് കണ്ടു. സെമി ഫൈനലും ലോകകപ്പ് ഫൈനലും ഒക്കെ കാണിക്കാൻ കൊണ്ടുപോവാമെന്ന് അന്ന് ഞാനവർക്ക് വാക്ക് കൊടുത്തതാണ്. എനിക്കറിയാം അത് മക്കളുടെ തീരെ ചെറിയ, ഏത് രക്ഷിതാക്കൾക്കും നിറവേറ്റിക്കൊടുക്കാവുന്ന ആഗ്രഹമാണ്. പ്രത്യേകിച്ച് ലോകകപ്പ് നടക്കുമ്പോൾ. എന്ത് ചെയ്യാം , ഞങ്ങൾ ജീവിക്കുന്നത് ഗസ്സയിലായിപ്പോയി.

കളി കഴിഞ്ഞ് മടങ്ങുന്ന വഴി നാട്ടിലെ കൂട്ടുകാരൻ സൊഹ്ദിയുടെ ബാർബർ ഷോപ്പിലൊന്ന് കയറി. ചുമ്മാ അവനെയൊന്ന് കാണാൻ.  “എന്ത് കോലമാടാ ഇത്? താടിയും മുടിയുമൊക്കെ നീണ്ട്…ഇങ്ങോട്ടിരിക്ക് ഞാൻ വെട്ടിത്തരാം.” -അവൻ പറഞ്ഞു. “വേണ്ടെടാ. യുദ്ധം അവസാനിച്ചിട്ടേ ഞാനിനി മുടി വെട്ടുന്നൊള്ളൂ.” “അതിന് യുദ്ധവും മുടിയും തമ്മിൽ എന്ത് ബന്ധം?” സൊഹ്ദി ഉറക്കെച്ചിരിച്ചു. “അതൊക്കെയുണ്ട്.” ഞാനും അവൻ്റെ ചിരിയിൽ കൂടി.

വിവ: ഷഹ് ല പെരുമാൾ

Summary: In The Drone Eats with Me: A Gaza Diary, Palestinian writer Atef Abu Saif presents a deeply personal and haunting account of daily life under relentless bombardment in Gaza. Written during the 2014 Israeli assault, the book captures the day-to-day experiences of war — the fear, uncertainty, and resilience of ordinary people trapped in an extraordinary nightmare. Through vivid diary entries, Abu Saif describes how drones buzz overhead like constant reminders of death, how families huddle in cramped apartments unsure whether they will survive the night, and how moments of humanity — sharing food, comforting children, helping neighbors — become quiet acts of resistance

Related Articles