Sunday, November 16, 2025

Current Date

ദുക്ക: പട്ടിണിയെ അതിജീവിക്കുന്ന ഗസ്സക്കാരുടെ പൈതൃക ഭക്ഷണം

DUKKA

ഫലസ്തീനികളുടെ ഒരു പാരമ്പര്യ ഭക്ഷണക്കൂട്ടാണ് ‘ദുക്ക’. വെറുമൊരു പ്രഭാത ഭക്ഷണം മാത്രമല്ല ഇത് ഫലസ്തീനികളുടെ ഹൃദയത്തില്‍ ആഴംകൊണ്ട പൊതുവികാരമാണത്. ഒരിക്കല്‍ പഴയ വീടുകളില്‍ കര്‍ഷകര്‍ക്കായി ഒരുക്കുന്ന പ്രധാന പ്രഭാത ഭക്ഷണമായിരുന്ന ദുക്ക ഇന്ന് യുദ്ധത്തിന്റെ ഭക്ഷണമാണ്, ഉപരോധത്തിന്റെ റൊട്ടിയാണ്. കുടിയിറക്കപ്പെട്ട ഒരു ദശലക്ഷത്തിലധികം ഫലസ്തീനികളുടെ ദാരിദ്ര്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയുമാണത്.

യഫ മുതല്‍ ഗസ്സ വരെ

ദുക്ക വളരെക്കാലമായി അഭയാര്‍ഥിയുടെ കഥയാണ് പറയുന്നത്. 1948 നക്ബ മുതല്‍ യഫ, ഹൈഫ, മജ്ദല്‍ എന്നിവിടങ്ങളിലെ അടുക്കളയില്‍ നിന്ന് ഗസ്സയിലെ വിവിധ ക്യാമ്പുകളിലേക്ക് സഞ്ചരിച്ച ഇവ തുണിസഞ്ചികളിലും പൊടിപിടിച്ച അലമാരകളിലും കണ്ണീരണിഞ്ഞ് കിടന്നു. 1949ല്‍ ജഫ്ഫയില്‍ നിന്ന് പലായനം ചെയ്‌തെത്തിയ തന്റെ പിതാവ് ഗസ്സയിലെ ആദ്യത്തെ ദുക്ക മില്‍ ആരംഭിച്ച കാര്യം ഫലാഹ് അലൂഷ് ഓര്‍ത്തെടുക്കുന്നുണ്ട്. ‘വറുത്ത ഗോതമ്പ്, ഷാബത്, മുളക്, മല്ലി, ജീരകം, ഉപ്പ് എന്നിവയിട്ട് മിക്‌സ് ചെയ്തുണ്ടാക്കുന്ന ഇത് സാതറിനും കോഫിക്കും ഒപ്പമാണ് വില്‍ക്കാറുള്ളത്. അതായിരുന്നു ഞങ്ങള്‍ തിരിച്ചുപിടിച്ച മാതൃരാജ്യത്തിന്റെ ആദ്യ ഗന്ധം’ അലൂഷ് പറയുന്നു.

യുദ്ധത്തിന്റെ ഒരേയൊരു ഭക്ഷണം

ഇപ്പോള്‍, ഗോതമ്പിന് പകരം പയര്‍, ധാന്യങ്ങള്‍ക്ക് പകരം പാസ്തയെല്ലാമാണ് കഴിക്കുന്നത്. വിലക്കയറ്റമാണ് ഇപ്പോള്‍ ഈ പാരമ്പര്യ രുചികളെ നശിപ്പിക്കുന്നത്. ഒരു കിലോ ദുക്ക ഒരിക്കല്‍ 12 ഷെക്കലിനാണ് വിറ്റിരുന്നത്. ഇപ്പോള്‍ അതിന്റെ വില 140 ഷെക്കല്‍ ആയി വര്‍ധിച്ചു. ഇത് ചേരുവകള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മാത്രമല്ല, മറിച്ച് വിശപ്പിന് അതിരുകളില്ല എന്നാണ് സൂചിപ്പിക്കുന്നത്. ‘ഞങ്ങള്‍ എല്ലാ ദിവസവും ദുക്ക കഴിക്കുന്നു, ഇത് ഒരു തെരഞ്ഞെടുപ്പല്ല, മറിച്ച് ഇവിടെ ഒരു ആവശ്യകതയാണ്. വൈവിധ്യമാര്‍ന്ന ആഢംബര വിഭവങ്ങളൊന്നും നമുക്കില്ല. നമ്മള്‍ ദുക്ക റൊട്ടിയിലും പച്ചക്കറിയിലും വെജിറ്റബിള്‍ ഓയില്‍ ഉപയോഗിച്ചും കഴിക്കുന്നു. ഓരോ തവണയും അത് പുതിയ വിഭവമാണെന്ന് കരുതി കഴിക്കുന്നു.’ ഷുജൈയ്യ ക്യാംപില്‍ നിന്നുള്ള റംസി ഷഹീന്‍ പറയുന്നു. ‘ഇതിന്റെ രുചി ഇഷ്ടപ്പെടാത്ത എന്റെ കുഞ്ഞുങ്ങള്‍ കരയുന്നു, എന്റെ ഉമ്മക്ക് ഇത് കഴിച്ചിട്ട് വയറുവേദനയുണ്ടായി, പക്ഷേ ആരും പരാതി പറയില്ല, കാരണം ഭക്ഷ്യക്ഷാമം നേരിടുന്ന സമയത്ത് ഉപ്പിന് പോലും ഇവിടെ മധുരമാണ്’ ഷഹീന്റെ ഭാര്യ ബസ്മ പറഞ്ഞു.

ഭക്ഷണം വേദനിപ്പിക്കുമ്പോള്‍

കടുത്ത ദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്ന കുടുംബങ്ങള്‍ക്ക്, അവരുടെ ആരോഗ്യം കൂടുതല്‍ ത്യജിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഇത് അപകടകരമായ ഭക്ഷണമാണെന്നാണ് പോഷകാഹാര വിദഗ്ദനായ ഹിഷാം ഹസൂന മുന്നറിയിപ്പ് നല്‍കുന്നത്. ‘ദുക്ക സ്വാഭാവികമായും ഉയര്‍ന്ന ഉപ്പ് അടങ്ങിയതും കുറഞ്ഞ പ്രോട്ടീന്‍ ഉള്ളടങ്ങിയതുമായ ഭക്ഷണമാണ്. ഇന്ന് ഇത് മലിനമാക്കപ്പെട്ട പകര്‍ച്ചവ്യാധി അന്തരീക്ഷത്തില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്, അത് ശുചിത്വമില്ലാത്ത തെരുവുകളില്‍ വെച്ചാണ് വില്‍ക്കുന്നത്. ഇതൊരു പോഷകാഹാര ടൈം ബോംബാണ്’ ഹിഷാം പറയുന്നു. ‘ഇതിനെ വളരെയധികം ആശ്രയിക്കുന്നവരില്‍ വയറ്റില്‍ വീക്കം, വന്‍കുടലില്‍ അസ്വസ്ഥത എന്നിവ ഉണ്ടാക്കുന്നു, പ്രത്യേകിച്ച് കുട്ടികള്‍, മുതിര്‍ന്നവര്‍, വൃദ്ധര്‍ എന്നിവരില്‍. ഇതിന് ചികിത്സയോ ശുദ്ധജലമോ ഇവിടെ ലഭ്യവുമല്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗസ്സയാണ് ദുക്ക

ദുക്ക ഇന്ന് ഭക്ഷണമല്ല, മറ്റൊന്നാണ്. ഇതൊരു ദരിദ്ര ഭക്ഷണമാണ്. ഇത് പലായനത്തിന്റെയും ദീര്‍ഘകാല ചരിത്രത്തിന്റെയും ഉപരോധത്തിന്റെയും കൈയേറ്റത്തിന്റെയും ഭക്ഷണമാണ്. ഇന്ന്, ഇത് അഭയാര്‍ത്ഥി ടേബിളുകളില്‍ വിളമ്പുന്നു, അതേ കഥ തന്നെ ആവര്‍ത്തിക്കുന്നു. ഗസ്സയില്‍ ഒന്നും മരിക്കുന്നില്ല, പകരം അത് വീണ്ടും ഉയര്‍ന്നുവരുന്നു, പ്രതിരോധമായി പുനര്‍ജനിക്കുന്നു. ഉപരോധിക്കപ്പെട്ടതും പട്ടിണി കിടക്കുന്നതുമായ ഒരു നാട്ടില്‍, ‘ദുക്ക’ ഒരു വലിയ കഥയുടെ ഒരു ചെറിയ പ്രതീകമായി തുടരുന്നു. ആക്രമണത്തിനും ഉപരോധത്തിനും ഇടയില്‍ തകര്‍ന്നുവീഴുന്ന ഒരു ജനതയുടെ കഥ, ഒരിക്കലും തകര്‍ക്കപ്പെടാത്ത കഥ.

 

അവലംബം: palinfo.com
വിവ: സഹീര്‍ വാഴക്കാട്

 

English Summary:

‘Duka’ is a traditional food of the Palestinians. It is not just a breakfast food but also is deep public sight to the Palestinians. Theast morning food that once preparing for farmers in the old houses is the food of war, today is the food of the battle, and the bread of sanctions. It is a mirror reflecting the poverty of the Palestinian poverty.

Related Articles