എന്താണ്, എങ്ങനെയാണ് ഫലസ്തീന്‍ പ്രശ്‌നത്തിന്റെ പരിഹാരം? കഴിഞ്ഞ എഴുപത് വര്‍ഷമായി ലോകം ഏറിയും കുറഞ്ഞും ഈ വിഷയം ചര്‍ച്ചക്കെടുത്തു കൊണ്ടിരിക്കുന്നു. ഒരിക്കലും പരിഹാരമുണ്ടാവരുതേ എന്ന നിഗൂഢമായൊരു പ്രത്യാശ ഈ ചര്‍ച്ചകളുടെയെല്ലാം അടിയൊഴുക്കായി ഉണ്ടെന്ന് സ്വാഭാവികമായും സംശയിച്ചു പോവുന്നു. ഇസ്രയേലിന്റെ സ്ഥാപനത്തിനൊപ്പം ഫലസ്തീന്‍ പ്രശ്‌നത്തിനും തുടക്കം കുറിക്കപ്പെടുന്നത് ഏതെങ്കിലും ഒരു കാലത്ത് അത് പരിഹരിക്കപ്പെടാന്‍ വേണ്ടിയായിരുന്നില്ല. നിലക്കാത്തൊരു സംഘര്‍ഷമായി എന്നെന്നേക്കുമായി മേഖലയില്‍ അത് ഏറിയും കുറഞ്ഞും ഉരുണ്ടുകൂടി നില്‍ക്കുക എന്ന ലക്ഷ്യത്തിലേക്കായിരുന്നു.
തല്‍പരര്‍ മാറിയാലും താല്‍പര്യം അവിടെ സ്ഥായിയായിരിക്കും എന്നതാണ് ഫലസ്തീനെ പരിഹരിക്കപ്പെടാത്ത ഒരു സമസ്യയാക്കുന്നത്. ചെറുത്തു നില്‍പ്പുകള്‍ക്ക് നേര ഒരു ലജ്ജയും കൂടാതെ ഇത്രയധികം കാലം നീണ്ടു നിന്ന ഒരധിനിവേശം മാനവചരിത്രത്തില്‍ അത് ഫലസ്തീന് മേല്‍ ഇസ്രയേലിന്റേതായിരിക്കും! എന്ത് കൊണ്ടതിങ്ങനെയെന്നതിലേക്കുള്ള കൃത്യമായ ഉത്തരമാണ്, ഫലസ്തീന് നേര്‍ക്ക് ഇസ്രയേല്‍ അധിനിവേശമെന്നത് ഒരു ഇസ്രയേല്‍ താല്‍പര്യത്തിന്റെ മാത്രം ഉല്‍പന്നമല്ല എന്നത്. ഫലസ്തീന്‍ പോരാടുന്നത് ഇസ്രയേലിനെ കൂടാതെ തന്നെ അതിനെ ചുറ്റപ്പെട്ട പല വിധ താല്‍പര്യങ്ങളോടാണ്. അത്‌കൊണ്ടാണ് ആ ചെറുത്ത് നില്‍പ് പോരാട്ടത്തിന് സ്ഥായിയായ വിരാമമാവാത്തത്.
ഇസ്രയേല്‍ എന്ന പ്രത്യക്ഷ ശത്രുവിനെ തീര്‍ത്താല്‍ തീരുന്ന പ്രശ്‌നവുമല്ല ഫലസ്തീന്‍ പ്രശ്‌നം. മറ്റൊരര്‍ത്ഥത്തില്‍, ചിലര്‍ക്ക് തീരാതെ നിലനില്‍ക്കേണ്ട ഒരു സാധ്യതയാണത്. ജൂത വംശീയതയുടെ കാര്യസാധ്യങ്ങള്‍ക്കപ്പുറം ഇതര താല്‍പര്യങ്ങള്‍ക്ക് കൂടി ഉപകരിക്കുന്ന ഒരുത്തോലകമെന്നതിനാലാണ് ഫലസ്തീന്‍ ഒരു പ്രശ്‌നമായി ചിരസ്ഥായിയാകുന്നത്. ഇപ്പോള്‍ അത് ഫലസ്തീന്റെയാകെ എന്നതില്‍ നിന്ന് ഗസ്സയിലേക്ക്, വ്യക്തമായി പറഞ്ഞാല്‍ ഗസ്സ നെഞ്ചേറ്റുന്ന പ്രത്യേകമായ രാഷ്ട്രീയത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു.
മുമ്പ് ഫലസ്തീന്റേത് ജൂത അധിനിവേശത്തിന്റേതായ ഒരു ഭൗമിക പ്രശ്‌നമായിരുന്നെങ്കില്‍, ഇന്നത് കൃത്യമായൊരു രാഷ്ട്രീയ പ്രശ്‌നം കൂടിയാണ്. അതിലെ ആ രാഷ്ട്രീയമാണ് പുതിയ താല്‍പര്യങ്ങളെ ഫലസ്തീന്‍ പ്രശ്‌നത്തിലേക്ക് കണ്ണി ചേര്‍ക്കുന്നത്. ഈജിപ്തില്‍ കുഴിച്ചുമൂടി എന്ന് കരുതപ്പെടുന്ന ആ ‘പ്രശ്‌ന’ രാഷ്ട്രീയം ഗസ്സയില്‍ ഉയിര്‍ത്തെണീക്കുമോ എന്നതാണ് ഇപ്പോഴത്തെ ഫലസ്തീന്‍ പ്രശ്‌നം! അതൊരു ഭയത്തില്‍ നിന്ന് ഉളവായത് കൂടിയാണ്. അറബ് മേഖലയുടെ സുസ്ഥിരതയെ, എന്ന് വെച്ചാല്‍, അറബ് രാജാധികാരങ്ങളുടെ സുസ്ഥിതിയെ ആ ഉയിര്‍പ്പ് അപകടപ്പെടുത്തുമോ എന്നതാണ് ഭയം! ആ രാഷ്ട്രീയത്തെ എങ്ങനെയെങ്കിലും തീര്‍ത്തേക്കുക എന്നൊരു ഉപയസന്ധിയാണ് ഗസ്സക്ക് മേല്‍ ഇപ്പോള്‍ പ്രാവര്‍ത്തികമാവുന്നത്!
ഫലസ്തീനികള്‍ക്ക് ഫലസ്തീന്‍ രാഷ്ട്രം എന്ന ലോകം ആവശ്യപ്പെടുന്ന പ്രശ്‌ന പരിഹാരത്തെ അതിനകത്ത് വളരുവാന്‍ സാധ്യതയുള്ള രാഷ്ട്രീയത്തെ ഭയക്കുന്നവര്‍ അംഗീകരിക്കുന്നില്ല എന്നതാണ് ഗസ്സ ഒരു കുരുതിക്കളമായി ഇപ്പോഴും തുടരുന്നതിന്റെ നാരായ കാരണം. ഹനിയ്യയും സിന്‍വാറും മാത്രമല്ല, ഗസ്സയുടെ ഭാവിയും വര്‍ത്തമാനവും വാര്‍ദ്ധക്യവുമെല്ലാം ഇസ്രയേലിനാല്‍ രക്തസാക്ഷികളാവുമ്പോള്‍ ഒരു രോമം പോലും കരിയാതെ ഫലസ്തീന്‍ പ്രസിഡന്റായി മഹ്‌മൂദ് അബ്ബാസ് അവിടെ സുരക്ഷിതനാണ്! ആ തല തകര്‍ക്കുവാന്‍ പോന്ന ഒരു മിസൈലും രാമള്ളയിലേക്ക് പറക്കുന്നില്ല! മഹ്‌മൂദ് അബ്ബാസ്സുമാര്‍ക്ക് തങ്ങള്‍ വിരിച്ചു കൊടുത്ത സുഖശയ്യയാവണം ഫലസ്തീന്‍ രാഷ്ട്രവും രാഷ്ടീയവുമെന്നത് ഒരു ബാഹ്യ നിശ്ചയമാണ്; അബുല്‍ ഫതാഹ് അല്‍സീസിക്ക് ഈജിപ്ത് മെത്തയായത് പോലെ!
വസ്തുതാപരമായ യാഥാര്‍ഥ്യങ്ങളെ മുന്നിര്‍ത്തി വിശകലനം ചെയ്താല്‍ മാത്രമേ വിശകലനത്തിലെങ്കിലും നാം ഫലസ്തീന്‍ വിഷയത്തില്‍ സത്യസന്ധമായ ഒരു പരിഹാരത്തിലേക്ക് എത്തിയിരിക്കുന്നു എന്ന് ആശ്വസിക്കാനാവുകയുള്ളൂ. രണ്ട് താല്‍പര്യങ്ങള്‍ മേഖലയില്‍ നിന്ന് തിരോഭവിക്കുക എന്നതാണ് ഫലസ്തീന്‍ പ്രശ്‌നത്തിനുള്ള ഒരേയൊരു പരിഹാരം. ഒന്ന് പ്രത്യക്ഷമെങ്കില്‍ മറ്റേത് ഒളിഞ്ഞതാണ്. ഫലസ്തീന് ഒരു പ്രത്യക്ഷ ശത്രു ഉള്ളതോടൊപ്പം ഒളിഞ്ഞിരിക്കുന്നൊരു ശത്രുവുണ്ട്. പ്രത്യക്ഷ ശത്രുവിനെ നിലപാട് കൊണ്ട് ശാക്തീകരിക്കുയും കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നു ഈ ഒളിഞ്ഞ ശത്രു! ഫലസ്തീന്‍ ഫലസ്തീനികള്‍ക്ക് എന്നതോടൊപ്പം ഫലസ്തീന്റെ രാഷ്ട്രീയവും ഫലസ്തീനികള്‍ക്ക് എന്നതായിരിക്കണം പ്രശ്‌ന പരിഹാരത്തിന്റെ ഉള്ളടക്കം. ഇതില്‍ ഒന്നാമത്തെ ആവശ്യം പ്രത്യക്ഷ ശത്രുക്കളോടുള്ളതാണെങ്കില്‍ രണ്ടാമത്തേത് ഒളിഞ്ഞിരിക്കുന്ന ശത്രുക്കളോടാണ്. അവരാണ് ഫലസ്തീന്റെ, പ്രത്യേകിച്ചും ഗസ്സയുടെ രാഷ്ട്രീയ ശത്രുക്കള്‍!
സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന ഭൗമികമായ താല്‍പര്യങ്ങളല്ല ഇന്നത്തെ അധിനിവേശങ്ങളുടെ മുഖ്യമായ ചാലക ശക്തി. പകരം വംശീയമോ രാഷ്ട്രീയമോ ആയ താല്‍പര്യങ്ങളാണ്. ഈ രണ്ട് തല്‍പരതകളും ഇഴചേര്‍ന്നാണ് ഗസ്സക്ക് മേല്‍ തീമഴയാവുന്നത്. ഇതൊരു തുടര്‍ച്ചയാണ്. നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇതൊരു ലോക ക്രമമാണ്; അത്ര പെട്ടന്നൊന്നും തകര്‍ക്കാന്‍ പറ്റാത്ത ഒരു ക്രമം. അക്രമം ക്രമബന്ധിമാവുകയാണ് ഇവിടെ! പരസ്പരം വെച്ചു മാറാവുന്ന താല്‍പര്യങ്ങളുടെ വിഹാര ഭൂമികയാണ് എന്നുമെപ്പോഴും ആഗോള രാഷ്ട്രീയം. ആ വസ്തുതാപരമായ യാഥാര്‍ഥ്യത്തില്‍ നിന്ന് പറിച്ചു മാറ്റി ഫലസ്തീനും ഗസ്സക്കും മാത്രമായൊരു ചരിത്രമോ വര്‍ത്തമാനമോ ഇനി ഭാവിയോ ഇല്ല. ആധുനിക കാലത്തെ യുദ്ധങ്ങളുടേയും സംഘര്‍ഷങ്ങളുടേയും പൊതുവായ ഒരു സ്വഭാവം അവ പ്രത്യക്ഷത്തില്‍ ആര്‍ക്കിടയിലാണോ അവരുടേതിനോളമോ ചിലപ്പോള്‍ അവരിലും അധികമായോ ആ യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും പുറമെയുള്ളവരുടെ താല്പര്യങ്ങളും ഭാഗഭാക്കാകുന്നു എന്നതാണ്. തങ്ങളുടെ സാധ്യതകള്‍ അവിടെ എന്ത് എത്രത്തോളം എന്നേടത്താണ് അപ്പോഴത്തെ ആഗോള ചേതോവികാരം!
താല്‍പര്യങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങളില്‍ ധര്‍മ്മത്തിനും അധര്‍മ്മത്തിനും പക്ഷം പതിച്ചു നല്‍കുക എന്നത് ശുദ്ധ അസംബന്ധമാണ്. അവിടെ അങ്ങനെ ഒരു പക്ഷവുമില്ല. ശരിയായാലും തെറ്റായാലും തങ്ങളുടെ താല്‍പര്യം എന്നതാണ് അവിടുത്തെ ഒരേയൊരു ചാലകശക്തി. മാനവികതയുടെ പേരിലോ മനുഷ്യത്വത്തിന്റെ പേരിലോ ധാര്‍മികതയുടെ പേരിലോ പക്ഷം പിടിച്ച് ആധുനിക ലോകത്ത് ഒരു യുദ്ധവും നടന്നിട്ടില്ല. ഹിറ്റ്‌ലറെ പോലെയും മൊസ്സോളനിയെ പോലെയും വല്ല വംശീയ ഏകാധിപത്യങ്ങളും തകര്‍ന്നിട്ടുണ്ടെങ്കില്‍ അത് ചക്ക വീണപ്പോള്‍ ചത്ത മുയലുകള്‍ മാത്രമാണ്! ആഗോള സാമ്പത്തിക സാമ്രാജ്യത്വങ്ങള്‍ സഖ്യകക്ഷിയായും അച്ചുതണ്ട് ശക്തിയായും ചേരിതിരിഞ്ഞ് സ്വന്തം താല്‍പര്യങ്ങളെ പ്രതിരോധിച്ചപ്പോള്‍ കൂടുതല്‍ സൈനിക സായുധ ശക്തികളായ സഖ്യകക്ഷി വിജയിച്ചു. തങ്ങളുടെ മുറത്തിലേക്ക് മറ്റവര്‍ കേറിക്കൊത്തുമോ എന്ന ഭയാശങ്കകളില്‍ നിന്നാണ് പ്രത്യാക്രമണങ്ങള്‍ ഉണ്ടാകുന്നത്. ഒരേ താല്‍പര്യങ്ങള്‍ അവിടെ സഖ്യങ്ങളായി സമാന്തരപ്പെട്ട് പോരടിക്കുന്നു!
ധാര്‍മികതയുടേയും മനുഷ്യത്വത്തിന്റെയും പേരിലായിരുന്നു രണ്ടാം ലോകയുദ്ധമെങ്കില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ആവശ്യം വരില്ലായിരുന്നു. കാരണം, ധാര്‍മികതയും മാനവികതയും സന്ദര്‍ഭാനുസാരം ആഗോള സഖ്യങ്ങളെ സ്വയം രൂപപ്പെടുത്തുന്നുവെങ്കില്‍ അവിടെ അക്കാര്യത്തിന് ഐക്യപ്പെടാന്‍ പിന്നെ ഒരു ആഗോള സംവിധാനത്തിന്റെയും ആവശ്യമില്ല. വന്‍ ശക്തികളുടെ യുദ്ധപൂര്‍വ താല്‍പര്യങ്ങളെ യുദ്ധാനന്തരവും സാധ്യമാക്കുവാനുള്ള ഒരു ആഗോള ഏര്‍പ്പാടായിരുന്നു യുഎന്‍. രണ്ടാം ലോകയുദ്ധം ഉണ്ടായിട്ടില്ല എങ്കില്‍ പോലും അങ്ങനെയൊരു ആഗോള സംവിധാനം വന്‍ ശക്തികളുടെ ഒരു സഹകരണ കമ്മറ്റിയായി നിലവില്‍ വരുമായിരുന്നു.
ലോകം പകുത്തെടുക്കുവാനുള്ള താല്‍പര്യങ്ങളെ പരിരക്ഷിച്ചു നിര്‍ത്തുന്ന ഒരു ഡീപ് വേള്‍ഡുണ്ട്. ഡിപ്‌സ്റ്റേറ്റുകളുടെ ഗൂഢനിഗൂഢതകളെ ചുറ്റിപ്പറ്റി തന്നെ നേരം കഴിക്കാനുള്ളതിനാല്‍ നമ്മുടെ നിരീക്ഷണ ബുദ്ധികള്‍ക്ക് ആ പരിസരത്തേക്ക് അത്രക്ക് എത്തിനോക്കാനായിട്ടില്ല. എങ്കിലും, ചില പഠനങ്ങളും സമര്‍ത്ഥനങ്ങളുമെല്ലാം അവഴിക്കും നടന്നിട്ടുണ്ട്. അതില്‍ മുഖ്യമായ ഒരു നിരീക്ഷണമാണ് തിരശ്ശീലക്ക് മേല്‍ നാം കാണുന്ന ആട്ടമല്ല പുറകിലേതെന്നത്. ഒരര്‍ത്ഥത്തില്‍ ഡീപ്‌സ്റ്റേറ്റുകളുടെ പരസ്പര സഹകരണത്തിന്റെ നീള്‍ച്ച തന്നെയാണ് ഡീപ് വേള്‍ഡ്. ഈ ഡീപ് വേള്‍ഡ് പടച്ച് വിടുന്ന വേള്‍ഡോര്‍ഡറില്‍ ആരുടെയൊക്കെ എന്തൊക്കെ താല്‍പര്യങ്ങളാണ് അന്തര്‍ധാരകളായി ഉള്ളതെന്നത് ഒരു പക്ഷെ തലമുറകള്‍ പിന്നിടുമ്പോള്‍ മാത്രമാണ് ചരിത്രത്തിലെ വന്‍ചതികളായി ചുരുളഴിയുക. അപ്പോഴേക്കും പതിനായിരങ്ങളും ലക്ഷങ്ങളും കുരുതി കൊടുക്കപ്പെട്ടിരിക്കും!
മുതലാളിത്തത്തിന്റെയും കമ്യൂണിസത്തിന്റെയും ചേരിപ്പോരുകളില്‍ ലോകം വീറോടെ പക്ഷം പിടിച്ചു നില്‍ക്കെയാണ് അമേരിക്കയുടെ വിയറ്റ്‌നാം ആക്രമണം ഉണ്ടാവുന്നത്. ആധുനിക യുദ്ധചരിത്രത്തില്‍ മനുഷ്യരെ മാത്രമല്ല, കാര്‍ഷിക ആവാസ വ്യവസ്ഥകളേയും ഇത്ര വ്യാപകമായി തകര്‍ത്തൊരു യുദ്ധം വേറെയില്ല. വാസ്തവത്തില്‍, അമേരിക്ക അടപടലം കുടുങ്ങിപ്പോയ ഒരു യുദ്ധമായിരുന്നു അത്. പക്ഷെ യുദ്ധത്തില്‍ കമ്യൂണിസ്റ്റ് ചൈനയുടെ താല്‍പര്യങ്ങളെ സമര്‍ഥമായി ചെറുക്കാന്‍ കഴിഞ്ഞെന്നതും കമ്യൂണിസ്റ്റ് നിയറ്റ്‌നാമിന്റെ വിജയമായിരുന്നു!
യുദ്ധാനന്തരം ദില്ലിയില്‍ സ്വീകരിക്കപ്പെട്ട വിയറ്റ്‌നാം വിദേശകാര്യ മന്ത്രി മാഡം ബിന്‍, സാമ്രാജ്യത്വങ്ങളുടെ ഈ താല്‍പര്യ സമസ്യയുടെ ചുരുള്‍ നിവര്‍ത്തുന്നുണ്ട്. മാവോയുടെ തന്ത്രങ്ങളൊക്കെയും പണ്ട് മുതലേ പരാജയമായിരുന്നു എന്ന് അവര്‍ പരിഹസിക്കുമ്പോഴാണ് തൊള്ളായിരത്തി അമ്പത്തിനാല് മുതല്‍ കമ്യൂണിസ്റ്റ് വിയറ്റ്‌നാമിന്റെ സ്വാതന്ത്ര്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ചൈനീസ് കമ്യൂണിസം ഉണ്ടായിരുന്നെന്ന് അസന്ദിഗ്ദമായി സ്ഥാപിക്കപ്പെടുന്നത്. ഒരേ പ്രത്യയശാസ്ത്രത്തിലെ ബദ്ധവൈരികള്‍ എന്ന ഈ സമസ്യയെ ചുരുളഴിക്കാനാവാതെ വിയറ്റ്‌നാമിലേത് ഒരു ചൈനീസ് കമ്യൂണിസ്റ്റ് പദ്ധതിയായി എടുത്തതാണ് ആ യുദ്ധം അമേരിക്കക്ക് ഊരാക്കുടുക്കായത്.
വിശ്വാസ ധാരയോ പ്രത്യയശാസ്ത്ര ഇസങ്ങളോ ഒന്നായി എന്നതിനാല്‍ അതുമാത്രമായൊരു ശുദ്ധ ശാക്തിക സഖ്യവും രൂപപ്പെടുന്നില്ല. രാഷ്ട്രീയവും അധികാര പരവുമായ താല്‍പര്യങ്ങളാണ് യഥാര്‍ഥ സഖ്യങ്ങളെ നിര്‍ണ്ണയിക്കുന്നത്. വിരചിതമായ ഈ ചരിത്ര പശ്ചാത്തലത്തില്‍ നാം ഫലസ്തീനിലേക്ക് വരിക. ആഗോള മുസ്ലിംകളുടെ താല്‍പര്യമാണ് ഫലസ്തീന്‍ എന്നത് കേവലം പുറം വായന മാത്രമാണ്. വിശ്വാസപരമോ പ്രത്യയശാസ്ത്രപരമോ ആയ ഒരു ഏകത ഫലസ്തീന്‍ വിഷയത്തില്‍ മുസ്ലിം ലോകത്തുണ്ട് എന്ന് ആരെങ്കിലും ധരിച്ചാല്‍ അത് കലര്‍പ്പറ്റ തെറ്റിദ്ധാരണ മാത്രമാണ്. അതാണ് അടച്ചുപൂട്ടപ്പെട്ട ഗസ്സയും അവിടെ തുടര്‍ന്നു കൊണ്ടിരിക്കുന്ന, തടയപ്പെടാത്ത മനുഷ്യക്കുരുതിയും തെളിയിക്കുന്നത്. ലോകം മുഴുവന്‍ സാധാരണ മനുഷ്യര്‍ ഗസ്സക്ക് വേണ്ടി തെരുവില്‍ ശബ്ദഘോഷങ്ങളാവുമ്പോള്‍ അറബ് ലോകത്ത്, വിശിഷ്യ അതിലെ ഏറ്റവും സമ്പന്നവും ശക്തവുമായ ഭൂമികയില്‍ എവിടെയെങ്കിലും ഗസ്സക്ക് വേണ്ടി നാലാള്‍ കൂടിയ ഒരു മൗനജാഥ പോലും നാം കണ്ടില്ല. ഒരു പൊതു കോസിനോട് നിസ്സംഗരായിരിക്കാന്‍ മാത്രം ഗസ്സയുടെ രാഷ്ടീയം അറബ് സമൂഹത്തെ ഭിന്നരാക്കുക മാത്രമല്ല, അവിടങ്ങളിലെ സ്വാച്ഛാധികാരങ്ങള്‍ക്ക് വിനീതരായി വിധേയപ്പെടുത്തുകയും ചെയ്തിരിക്കുന്നു!
ആയുധമില്ലാത്ത ആള്‍ക്കൂട്ടങ്ങളുടെ ഐക്യദാര്‍ഢ്യങ്ങള്‍ ഒരു പക്ഷെ ലോക മനസ്സാക്ഷിയെ അനുകൂലമാക്കിയേക്കാം. ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള ആഗോള പ്രക്ഷോഭങ്ങള്‍ക്കിതൊരു ഉത്തേജകവുമായിരിക്കാം. ചുണ്ടങ്ങ സിദ്ധാന്തങ്ങള്‍ക്കപ്പുറത്തേക്ക് ഫലസ്തീന്റെ അസ്തിത്വ പോരാട്ടങ്ങള്‍ക്ക് സാധുത നല്‍കാനും ഈ ഐക്യദാര്‍ഢ്യ തെരുവുകള്‍ക്ക് തീര്‍ച്ചയായും കഴിയുകയും ചെയ്‌തേക്കാം. എന്നാല്‍, ബൃട്ടന്റെയും യൂറോപ്പിന്റെയും ഇനിയൊരു പക്ഷെ അമേരിക്കയുടെ തന്നെയും താല്‍പര്യങ്ങള്‍ അവിടങ്ങളിലെ ജനാഭിപ്രായങ്ങളുടെ സമ്മര്‍ദ്ദഫലമായി ഫലസ്തീന്‍ രാഷ്ട്രത്തിന് അനുകൂലമായി വന്നാലും വിലങ്ങുതടിയായി നില്‍ക്കുക ഇസ്ലാമിന്റെ പേരില്‍ സമഗ്രാധിപത്യ സ്വേച്ഛാധികാരങ്ങള്‍ക്ക് വേണ്ടി അറബ് അമരകോശങ്ങള്‍ മറിച്ചുള്ള രാഷ്ട്രീയ വ്യാഖ്യാന തര്‍ക്കങ്ങളായിരിക്കും!
അത്തരം തര്‍ക്കങ്ങളില്‍ തരിമ്പും ജനാധിപത്യമോ സഹിഷ്ണുതയോ അഭിപ്രായങ്ങളെ മാനിക്കലോ ഇല്ലെന്ന് മാത്രമല്ല, അനങ്ങിയാല്‍ കൊലക്കയറോ ആജീവനാന്ത കാരാഗൃഹമോ ആണ്. മുഫ്തിമാര്‍ രാജാധികാരങ്ങള്‍ക്ക് വേണ്ടി ഇസ്ലാം രാഷ്ട്രീയത്തെ വിധേയപ്പെടുത്തിക്കൊണ്ടിരിക്കും. ഇസ്ലാമിന്റെ തനത് രാഷ്ട്രീയ ഉയിര്‍പ്പിന് വധശിക്ഷയും വിധിക്കും! അതിലേക്കുള്ള അഭിപ്രായാന്തരങ്ങളുടെ നിഴല്‍ യുദ്ധം കൂടിയാണ് ഗസ്സയിലേത്. അഥവാ, ലോകം ഫലസ്തീന്‍ വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിലേക്കെത്തുമ്പോള്‍ മേഖലയിലെ അറബ് രാഷ്ട്രീയം കൂടുതല്‍ സങ്കീര്‍ണമായ പുതിയ സമസ്യകളെ രൂപപ്പെടുത്തുകയാണ്.